Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഗ്രാമത്തിലെ മോഷണം

kallan

എന്റെ ഗ്രാമം വളരെ സുന്ദരമായിരുന്നു. അന്യോന്യമുളള സ്നേഹത്തിൽ കഴിഞ്ഞിരുന്ന നല്ല നാളുകൾ ! ബാബുവും ജോസും സഹോദരന്മാർ ഏവർക്കും സഹായികൾ ആയിരുന്നു. സാമ്പത്തികമായി അല്പം പിന്നോക്കം ആയിരുന്നുവെങ്കിലും വിദ്യയിൽ അവർ മുമ്പിൽ ആയിരുന്നു. ഒരു ദിവസം എന്റെ ഗ്രാമത്തിൽ ഒരു മോഷണം നടന്നു. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ചിലരെ ചോദ്യം ചെയ്തു വിട്ടയച്ചു. എന്നാൽ കാര്യമായ തുമ്പുകൾ ഒന്നും പൊലീസിന് കിട്ടിയില്ല. ഈ ഗ്രാമത്തിൽ ഇങ്ങനെ ഒരു മോഷണമോ, മോഷണ ശ്രമമോ ഇതിനു മുൻപ് നടന്നിട്ടില്ല. അതുകൊണ്ട് ഇതിനു പുറകിൽ പ്രവർത്തിച്ചവരെ കണ്ടുപിടിക്കണമെന്ന് ഈ സഹോദരന്മാർ തീരുമാനിച്ചു.

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. സഹോദരന്മാരിൽ മൂത്തവൻ ബാബു കുർബാന കൂടുവാൻ ഫൊറോന പളളിയിൽ പോകുവാൻ ഇറങ്ങി വഴിയിൽ നിൽക്കുമ്പോൾ വലിയപറമ്പിലെ തോമാച്ചൻ തന്റെ ജീപ്പുമായി ആ വഴി വന്നു. പതിവില്ലാതെ തോമാച്ചൻ ബാബുവിനെ കണ്ടു അല്പം മുമ്പോട്ടു കടന്നുപോയ ജീപ്പ് പുറകിലോട്ട് എടുത്തു ബാബുവിനെ വിളിച്ചു. പളളിയിലെക്കല്ലേ ബാബു, കയറിക്കോ, ഞാനും പളളിയിലെക്യാ... ബാബു ചിന്തിച്ചു. ‘എന്താ തോമച്ചയാന് പതിവില്ലാത്ത ഒരു സ്നേഹം.

അപ്പോഴേക്കും തോമച്ചാന്റെ ശബ്ദം ഉയർന്നു. എവിടെയാടാ ഇന്ന് നിന്റെ മറ്റവൻ ജോസ് ?ബാബു ചെറിയൊരു ഞെട്ടലോടെ ‘ജോസ് നമ്മുടെ ഔസേപ്പച്ചന്റെ വീട്ടിൽ വരെ പോയി’. നീ വണ്ടിയിൽ കയറെടാ...തോമച്ചൻ പറഞ്ഞു തീർന്നതും ബാബു വണ്ടിക്കുളളിൽ ആയതും ഒരുപോലെ ആയിരുന്നു. തോമാച്ചന്റെ ഗൗരവം മുഴുവൻ കാട്ടി വണ്ടി മുന്നോട്ടെടുത്തു. എടാ, ജോസ് എന്തിനാടാ രാവിലെ ഔസേപ്പിന്റെ വീട്ടിൽ പോയത്... അത് അച്ചായ അവിടെ കളളൻ കയറി. പാവം ഔസേപ്പച്ചന്റെ മകളുടെ കല്യാണത്തിന് വാങ്ങിവച്ച മാലയും കുറെ പൈസയും കളളൻ കൊണ്ടുപോയി.

ഇന്നലെ എന്റെ വീട്ടിൽ നില്ക്കുന്ന ആലം എന്നോട് പറഞ്ഞു. ഔസേപ്പിന്റെ വീട്ടിൽ കളളൻ കയറി. പൊലീസ് ഒക്കെ വന്നു എന്ന്. അച്ചായാ ആലം ബംഗാളി അല്ലേ ? എടാ അവൻ നല്ല ഒരു പയ്യനാ....... എന്റെ വീട്ടിലെ സകല കാര്യവും അവനാ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ഔസേപ്പിന്റെ വീട്ടിൽ കഴിഞ്ഞ ആഴ്ച ഞാൻ അവനെ വിട്ടിരുന്നു. അതെന്തിനാ അച്ചായാ അവനെ അവിടെ വിട്ടത്...അതു പറയാം. പളളി എത്തി, വൈകി പളളിയിൽ കയറിയാൽ പുതിയ അച്ചൻ പിടിച്ചു നിർത്തി ചീത്ത പറയും. കഴിഞ്ഞ ആഴ്ചയിലെ ഭവന സന്ദർശനത്തിനു വന്നപ്പോൾ എന്നെ കുറെ ഉപദേശിച്ചിട്ടാ പോയത്.

ബാബു സമ്മത ഭാവത്തിൽ തല കുലുക്കി. സമാധാനമായി ഗായകസംഗം പാട്ട് പാടുന്നതെയുളളൂ. ആരാധനാ സമയം ബാബുവിന്റെ മനസ്സ് ഒട്ടും ശാന്തമല്ലായിരുന്നു... ‘തോമാച്ചായൻ എന്തിനാണ് ആലത്തെ ഔസേപ്പച്ചന്റെ വീട്ടിൽ വിട്ടത് ? ’ ആരാധന കഴിഞ്ഞ് പളളിയിൽ പതിവുപോലെ നിന്നില്ല... അല്പം ധൃതിയിൽ മുറ്റത്തിറങ്ങി.

ഞാൻ പോകുന്നുവെന്ന് പറയാതിരുന്നാൽ തോമാച്ചായൻ പിന്നെ കാണുമ്പോൾ നല്ലതുപറയും ’ ഇങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ, പുറകിൽ നിന്നും ഒരു വിളി എടാ ബാബൂ... നീ എന്തേ നേരത്തേ ഇറങ്ങിയോ ? ഇല്ല അച്ചായാ ഞാൻ ഇറങ്ങിയതെയുളളൂ...എന്താടാ നിനക്കിന്നു വലിയ ധൃതിയും ഒരു സന്തോഷമില്ലായ്മയും, എന്തേ ജോസ് കൂടെ ഇല്ലാത്തതുകൊണ്ടാണോ ?

അതൊന്നും ശ്രദ്ധിക്കാതെ ബാബു...അച്ചായാ എനിക്ക് അല്പം നേരത്തേ വീട്ടിൽ എത്തണം അതുകൊണ്ട് ഞാൻ പോകയാ... ശെടാ അതുകൊളളാമല്ലോ വണ്ടിയിൽ പോകുന്നതിലും നേരത്തെ നീ നടന്ന് വീട്ടിൽ എത്തുമോ ? എടാ ഞാനും വരുന്നു നീ വണ്ടിയിൽ കയറ്....

തോമാച്ചനെ നോക്കി അച്ചൻ വിളിച്ചു പറഞ്ഞു ‘തോമാച്ചോ ഞാൻ അങ്ങോട്ട് വരുന്നുണ്ട്’ അച്ചോ...വിളിച്ചാൽ മതി ഞാൻ വണ്ടികൊണ്ടു വരാം.... ഞാൻ അങ്ങ് വന്നേക്കാം അച്ചൻ പറഞ്ഞു. അച്ചോ വിളിച്ചിട്ടേ വരാവേ എനിക്ക് നമ്മുടെ ഔസേപ്പിന്റെ വീട് വരെ ഒന്നു പോകണം. അല്ല അവിടെ പൊലീസ് പോയിട്ട് ഒന്നും കിട്ടിയില്ലേ ? അച്ചോ കളളൻ പഠിച്ച കളളൻ തന്നെയാ, മോഷണം കഴിഞ്ഞു അവിടെയെല്ലാം മുളകുപൊടിയും വിതറിയിട്ടാ അവൻ പോയത്. ആകെ ഒരു സിനിമ ടിക്കറ്റ് മാത്രമാ തെളിവായി പൊലീസിന് കിട്ടിയത്.

തോമാച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തുകൊണ്ട് ബാബുവിനോട് ‘ എടാ ബാബു കയറെടാ നമുക്ക് പോകാം ’ തിരക്കിലൂടെ ജീപ്പ് പതുക്കെ ഓടിച്ചു മെയിൻ റോഡിൽ എത്തും വരെ രണ്ടുപേരും അന്യോന്യം ഒന്നും സംസാരിച്ചില്ല... ബാബു എന്തോ ഒന്ന് ചോദിക്കുവാൻ തുടങ്ങിയതും തോമാച്ചന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തതും ഒരു പോലെ ആയിരുന്നു. തോമാച്ചൻ ഫോൺ എടുത്തു ഹലോ പറഞ്ഞത് ഒരുമാതിരി വെടിപൊട്ടുന്ന ശബ്ദത്തിൽ ‘എടീ മറിയാമ്മേ’ ഞാൻ വീട്ടിലോട്ടു വരുന്ന വഴിയാ.... നീ എന്തിനാ വിളിച്ചത് ? അച്ചായാ വരുന്ന വഴി അല്പം ‘ബീഫ്’ വാങ്ങിച്ചു കൊണ്ടുവരാമോ ?... നീ ആ പയ്യനെ പറഞ്ഞു വിടെടീ ചന്തയിലോട്ടു.അല്ല അച്ചായാ അവൻ അവന്റെ കൂട്ടുകാരന്റെ വീട്ടിൽ പോവുകയാ എന്ന് പറഞ്ഞു രാവിലെ ഇവിടെ നിന്നും ഇറങ്ങി. ഞാൻ നോക്കട്ടെ. നിന്നെ മിക്കവാറും ഞാൻ മഹാരാഷ്ട്രക്ക് വിടും, അപ്പോൾ നിന്റെ ‘ബീഫ്’ ഭ്രാന്ത് മാറികിട്ടും. നീ ഫോൺ താത്തുവച്ചിട്ടു പോ.

തോമാച്ചൻ ഫോൺ താഴെവച്ചതും ബാബു ചോദ്യം ഉയർത്തി തോമാച്ചന്റെ മുഖത്തേക്ക് നോക്കി. എന്താടാ നിനക്ക് എന്തോ ചോദിക്കാൻ ഉളളതുപോലെ ? അച്ചയാ ആ ബംഗാളി പയ്യൻ പതിവായി പുറത്തു പോകാറുണ്ടോ ? അതെന്താടാ അവനെ നിനക്കൊരു സംശയം? അവൻ പുറത്തു പോകാറുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച അവൻ സിനിമ കാണാൻ പോയി വൈകിയാ വന്നത്. അവൻ അവന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയെന്നാ പറഞ്ഞത്. അച്ചായാ ഈ കൂട്ടുകെട്ടാണ് മിക്കവാറും പ്രശ്നങ്ങൾക്കും കാരണം ആവുന്നത്. ഞാൻ പറഞ്ഞില്ലേ അവൻ ഒരു പ്രശ്നകാരൻ അല്ലെന്ന് ? അല്ല എന്തായാലും അവന്റെ മേൽ ഒരു കണ്ണ് ഉളളത് നല്ലതാ അതാ എനിക്ക് പറയാനുളളത്. ചോറ് കൊടുത്തവനെ കൊന്നിട്ടു പോകുന്ന കുറെ എണ്ണം ഇപ്പോൾ നമ്മുടെ നാട്ടിൽ വന്നുപാർക്കുന്നുണ്ട്. എടാ നീ എന്നെ പേടിപ്പിക്കാതെടാ ബാബു. അച്ചായ ഞാൻ എതായാലും ഇന്നു ഔസേപ്പിന്റെ‌ അവിടെവരെ പോകുന്നുണ്ട്. ആലം വീട്ടിൽ നിന്നും പോകാതെ നോക്കണം. അവന്റെ പെങ്ങളുടെ കല്യാണത്തിന് അവൻ അടുത്തയാഴ്ച നാട്ടിൽ പോകാൻ ഇരിക്കയാ. അച്ചായാ എന്നെ ഇവിടെ ഇറക്കിയെരു എനിക്ക് അല്പം സാധനങ്ങൾ വീട്ടിലേക്കു വാങ്ങണം. തോമാച്ചൻ വണ്ടി നിർത്തി. ബാബു വണ്ടിയിൽ നിന്നും നന്ദി പറഞ്ഞു ഇറങ്ങി.

ബാബു വളരെ തിരക്കിട്ട് അല്പം ചില സാധനങ്ങൾ വാങ്ങി വീട്ടിലേക്കു തിരിച്ചു. വഴിയിൽ പോസ്റ്റ്മാൻ ശശിയെ കണ്ടു കുശലാന്വേഷണം നടത്തി. ശശി ഔസേപ്പച്ചന്റെ വീട്ടിൽ നടന്ന മോഷണം കളളനെ പൊലീസ് ഇതുവരെയും പിടിച്ചില്ലല്ലോ എന്ന പരിഭവത്തോടെയാണ് അവസാനിച്ചത്. ഇല്ല ഒട്ടും താമസിയാതെ കളളനെ പിടിക്കതന്നെ ചെയ്യും.ബാബു മനസ്സിൽ ഉറപ്പിച്ചു. വീട്ടിൽ എത്തിയുടനെ ജോസിനോടു ചോദിച്ചത് ഔസേപ്പന്റെ വീട്ടിൽ പോയിട്ട് എന്തായി എന്നാണ്. ജോസ് വളരെ ദുഃഖഭാവത്തിൽ പറഞ്ഞു ശരിക്കും കഷ്ടമാണ്. ത്രേസ്യാമ്മ ചേടത്തി അതിനുശേഷം കിടപ്പിൽ തന്നെയാ. കുറെ പൈസ കടംവാങ്ങിയാണ് അവർ സ്വർണം വാങ്ങിയത്. റബ്ബറിന് വിലയുണ്ടായിരുന്നെങ്കിൽ ഇത്രയും പ്രയാസം അവർക്ക് ഉണ്ടാവില്ലായിരുന്നു. അടുത്ത മാസം സിസിലിയുടെ കല്യാണം ഉറപ്പിക്കാൻ വാക്കുകൊടുത്തിരിക്കയാ.

ജോസേ ഞാനും അവിടെ വരെ പോവുകയാ. എടാ നീ ചോറ് കഴിച്ചിട്ട് ഇനി എങ്ങോട്ടും പോയാൽ മതി. അടുക്കളയിൽ നിന്നും അമ്മയുടെ ഓർഡർ. എന്തായാലും കഴിച്ചിട്ടേ പോകുന്നുളളൂ അമ്മേ, നല്ല വിശപ്പ്, എന്താമ്മേ സ്പെഷ്യൽ. എടാ ഇന്ന് കാര്യമായ സ്പെഷ്യൽ ഒന്നും ഇല്ല. നല്ല പുളിയിട്ടുവച്ച് അയലകറി ഉണ്ട്. അതുമതി അതല്ലേ എനിക്ക് ഊണിനു സ്പെഷ്യൽ. അച്ചായാൻ വന്നില്ലേ അമ്മേ? എനിക്കറിയില്ല അതിയാൻ ഇന്ന് എപ്പോഴാ വരവെന്ന്........ ഞായറാഴ്ച അല്ലേ ആഘോഷം കഴിഞ്ഞേ വരു..

ബാബു ബൈക്കും എടുത്തു പുറത്തേക്ക് പോയി. പോയ വഴിയിലൊക്കെ ആലം ഐസേപ്പന്റെ വീട്ടിൽ പോയതും സിനിമയ്ക്കു പോയതും ഒക്കെ തന്റെ മനസിലൂടെ കടന്നു പൊയ്കൊണ്ടിരുന്നു. ഏതായാലും പൊലീസിനു കിട്ടിയ തുമ്പും ഒത്ത് ചേർത്ത് വച്ചാലോ ? യാത്ര പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു. പുതിയ പൊലീസ് ഓഫീസർ അക്ബർ ബാബുവിന്റെ സുഹൃത്താണ്. അവർ ഒരുമിച്ചു കോഴിക്കോട്ട് കോളേ‍ജിൽ പഠിച്ചതാ. താൻ സ്റ്റേഷനിൽ എത്തി അക്ബർ സാറിനെ അന്വേഷിച്ചു. ഭാഗ്യം അക്ബർ സാർ തന്റെ ഓഫീസിൽ ഉണ്ടായിരുന്നു. അവർ തങ്ങളുടെ സ്നേഹബന്ധം പുതുക്കി അല്പസമയം ചിലവഴിച്ചു. കേസിന്റെ പുരോഗതിയും കൂടാതെ ഏതു തിയേറ്ററിലെ ടിക്കറ്റാണ് പൊലീസിനു ലഭിച്ചതെന്നും ബാബു ചോദിച്ചറിഞ്ഞു. തൽക്കാലം തന്റെ സംശയം ഉളളിൽ ഒതുക്കി താൻ ഓഫീസ് വിട്ടിറങ്ങി.

ബാബു അവിടെനിന്നും നേരെ പോയത് ഔസേപ്പച്ചന്റെ വീട്ടിലേക്കായിരുന്നു. മോഷണം പതിവില്ലാത്ത ഗ്രാമത്തിൽ നടന്ന മോഷണം. അത് ആ വീടിനെ ഒരു തിരക്കുളള വീടാക്കി മാറ്റി. എല്ലാവരോടും സംഭവം വിശദീകരിച്ചു വീട്ടുകാർ മടുത്തു. സന്ദർശകർ ഒഴിഞ്ഞ സമയമില്ല. ബാബു എത്തിയപ്പോഴും അവിടെ ചെറിയ ആൾകൂട്ടം ഉണ്ടായിരുന്നു. തോമാച്ചനും വന്നിട്ടുണ്ടല്ലോ ? ജീപ്പ് റോഡിൽ കിടക്കുന്നു. വഴിയിൽ നിന്നവരോടൊക്കെ ചെറിയ കുശലാന്വേഷണം നടത്തി വീട്ടിനുളളിലേക്ക് ബാബു കയറി, തിണ്ണയിൽ പളളിയിൽ നിന്നും വന്ന കപ്യാരും, കൈസ്താന സമിതിക്കാരിൽ ചിലരും ഇരിപ്പുണ്ടായിരുന്നു. ബാബുവിന് കൈകൊടുത്തു ഔസേപ്പച്ചൻ അവിടെ കിടന്ന കസേരയിൽ ഇരുത്തി. ഒന്നും പറയാതെ വിതുമ്പി ആ കണ്ണുകൾ നിറഞ്ഞു. ഒന്നും പറയാൻ യാൻ കഴിയാതെ ബാബുവും നിശബ്ദനായി അല്പ സമയം അവിടെ ഇരുന്നു.

ബാബു തോമാച്ചായാനെ വിളിച്ചുംകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. നമ്മുടെ പയ്യൻ എന്നാണ് നാട്ടിൽ പോകുന്നത് എന്ന് ഒക്കെ ആരാഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞാ അവന്റെ ട്രെയിൻ. അവന്റെ പെങ്ങളുടെ കല്യാണത്തിന് കൂടാൻ പോകയാ. അവൻ കുറെ പൈസ അഡ്വാൻസ് വേണം എന്നു പറഞ്ഞിട്ടുണ്ട്. ഔസേപ്പച്ചന്റെ കൊച്ചിന്റെ കല്യാണത്തിന് സ്വർണം വാങ്ങാൻ കുറച്ചു പൈസ എന്നോട് കടം വാങ്ങിയിരുന്നു. അത് ഇവിടെ കൊണ്ട് കൊടുത്തത് അവനായിരുന്നു. ബാബു അത്ഭുതത്തോടെ എടുത്തു ചോദിച്ചു. അവനായിരുന്നോ പൈസ ഇവിടെ കൊണ്ടു കൊടുത്തത് ? ‘ഞാനും, അവനും കൂടെയാ മുക്കിനുവരെ വന്നത്. ഞാൻ ചില അത്യാവശ്യ കാര്യങ്ങൾക്ക് അവിടെ നില്കേണ്ടി വന്നു. ഔസേഫ് ഇവിടെ അന്ന് ഇല്ലായിരുന്നതിനാൽ പൈസ ഇവിടെ കൊണ്ട് കൊടുത്തത് നമ്മുടെ പയ്യനാ. അതിനാ അവൻ ഇവിടെ വന്നത് അല്ലേ ?

ശരി അച്ചായ ഞാൻ അങ്ങോട്ട് ഇറങ്ങുകയാ. തിരിഞ്ഞു അകത്തുകയറി ത്രേസിയാമ്മ ചേടത്തിയെയും സിസിലിയേയും കണ്ടു ആശ്വാസവാക്കും പറഞ്ഞു ബാബു പുറത്തിറങ്ങി.

തിരികെ വരുന്ന വഴി അച്ചന്റെ ജീപ്പ് കണ്ട് ബാബു ബൈക്ക് റോഡ് അരികിൽ ചേർത്ത് തിർത്തി. കല്ലും കുഴിയും നിറഞ്ഞ വഴി ആയതുകൊണ്ട് ബൈക്കും ജീപ്പും മാത്രമേ ഔസേപ്പച്ചന്റെ വീടു വരെ പോവുകയുളളൂ. കുലുങ്ങി ചാടി വന്ന ജീപ്പ് ബാബുവിന്റെ ബൈക്കിനടുത്തു നിർത്തി അച്ചൻ ബാബുവിനോടു ‘നീ ഔസേപ്പിന്റെ വീട്ടിൽ പോയിട്ടുവരികയാണോയെന്നു ചോദിച്ചു. അച്ചോ ഞാൻ അവിടെ ഒന്ന് കയറി പെട്ടെന്ന് ഇങ്ങു പോന്നു, പളളിയിൽ നിന്നും ആൾക്കാർ അവിടെ ഉണ്ട്. ബാബു...... നമുക്ക് പളളിയിൽ നിന്നും എന്തെങ്കിലും ചെയ്തു സിസിലിയുടെ കല്യാണം പറഞ്ഞ സമയത്തു തന്നേ നടത്തണം. അത് ഒന്ന് ആലോചിക്കണം അതിനാ അവർ അവിടെ എന്നെയും കാത്തു ഇരിക്കയാണ്. അച്ചോ എന്റെ വിശ്വാസം ഈ ആഴ്ചയിൽ തന്നെ ആ കളളനെ പിടിച്ചു നഷ്ടപെട്ട രൂപയും സ്വർണവും ഒക്കെ തിരികെ കിട്ടുമെന്നാണ്. എടാ ബാബു, കളളനു നല്ല മനസ്സുണ്ടായി സ്വയമായി തൊണ്ടി തിരികെ നൽകിയാൽ തിരികെ കിട്ടും അല്ലാതെ കളളനെ പിടിച്ചു ഈ കാലത്ത് പോയതൊന്നും തിരിച്ചു വാങ്ങാൻ കഴിയുന്നില്ല. അച്ചോ അത് ഒരുതരം നിഷ്ക്രീയത്വം നമ്മുടെ എല്ലാ സംവിധാനങ്ങളിലും ആയിപോയി. രാഷ്ട്രീയവും പിടിപാടും ഒക്കെ ഉണ്ടെങ്കിൽ കളളനെയും പിടിക്കും കേസും തെളിയും. അത് ഔസേപ്പിന് ഇല്ല. മാത്രവും അല്ല അതിന്റെ പുറകെ ഇറങ്ങാനും ആരും ഇല്ല. ശരി അച്ചാ, ഞാൻ അങ്ങോട്ട് പോകട്ടെ എന്തെങ്കിലും ചെയ്തേ പറ്റൂ. എന്റെ ആവ‌‌ശ്യം വല്ലതും ഉണ്ടെങ്കിൽ എന്നെ വിളിക്കണം അച്ചോ. തീർച്ചയായും... അവർ അവിടെ നിന്നും പിരിഞ്ഞു.

ചന്ത മുക്കിനു എത്തിയപ്പോൾ നേരം വൈകി തുടങ്ങിയിരുന്നു. എങ്കിലും നല്ല തിരക്കാണ് എവിടെയും. കാലം മാറി ഈ ജനക്കൂട്ടം മുഴുവൻ ബംഗാളിയും നേപ്പാളിയും ഒറിയാക്കാരും ഒക്കെ ആണ്. പണിതേടി എത്തിയ ഇവർക്ക് കേരളം അവരുടെ ഗൾഫ് ആയി മാറി. കേരളത്തിലെ യുവാക്കൾ മറുനാട്ടിൽ പോയി കേരളത്തിൽ കിട്ടുന്നത്ര പോലും കൂലി കിട്ടാതെ കഷ്ടപെടുന്നു. എന്തൊരു വിരോധാഭാസം ! സഹദേവന്റെ മകൻ സുരേഷ് ഗൾഫിലെ പണി കളഞ്ഞു വന്നു തുടങ്ങിയ ‘തട്ടുകട’യ്ക്കു മുന്നിൽ വലിയ ക്യൂ ആണ്. അവിടെ ബൈക്ക് നിർത്തി സുരേഷിനോട് അല്പം ശബ്ദം ഉയർത്തി ഒരു ചായക്ക് ഓർഡർ കൊടുത്തു. സുരേഷ് ബാബുവിനോട് അല്പം ബഹുമാനത്തോടെ, ബാബുവേട്ട ഇപ്പോൾ തരാമേ വെളളം ഒന്ന് തിളച്ചോട്ടെ.... സുരേഷും തിരക്കിനിടയിൽ മോഷണകാര്യം ചോദിക്കുകയും തന്റെ ആകുലതയും മറച്ചു വെക്കാതെ പുറത്തെടുത്തു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കാര്യം ഞാൻ കേട്ടിട്ടുപോലും ഇല്ല. പണ്ട് അവറാച്ചന്റെ പറമ്പിലെ ‘ഏത്തകുല’ ഓരോന്ന് മോഷണം പോകുമായിരുന്നു. അത് കൊണ്ടുപോകുന്നവനെ അവർക്ക് അറിയുമായിരുന്നു... പോകട്ടെ പട്ടിണി ഒക്കെ ആയിരിക്കും എന്ന് പറഞ്ഞു അവറാച്ചൻ രണ്ടു തെറിയിൽ അതൊക്കെ ഒതുക്കുമായിരുന്നു. സുരേഷേ നമ്മുടെ തോമാച്ചായന്റെ വീട്ടിൽ നില്ക്കുന്ന ആ പയ്യനെ കണ്ടോ നീ എന്ന ബാബുവിന്റെ ചോദ്യത്തിന്, ചേട്ടാ അവൻ ഇപ്പോൾ ഇവിടെ വന്നു ചായ കുടി കഴിഞ്ഞു പോയതേയുളളൂ, അവൻ നാട്ടിൽ പോകാനുളള ഷോപ്പിങ്ങിലാ. കുറെ സാധനങ്ങൾ ഒക്കെ വാങ്ങിയാണ് ഇവിടെ വന്നത്. തോമാച്ചായൻ തിരികെ വരുമ്പോൾ ജീപ്പിൽ മടങ്ങാൻ ഇവിടെ എവിടെയോ അവൻ വെയിറ്റ് ചെയ്യുന്നുണ്ട്. ബാബു ചായയുടെ പൈസയും കൊടുത്തു അവിടെനിന്നും വീട്ടിലേക്കു തിരിച്ചു.

വീട്ടിലേക്കുളള വഴിതിരിയുമ്പോൾ പുറകിൽ നിന്നും ജോസിന്റെ വിളി, എടാ നിൽക്ക് ഞാനും വരുന്നു. ജോസ് ഓടി വന്നു ബൈക്കിൽ കയറി. നീ ഇവിടെ വന്നപ്പോൾ എന്തേ എന്നെ വിളിക്കാതിരുന്നത് എന്ന ബാബുവിന്റെ ചോദ്യത്തിന് ജോസ്, എടാ ഞാൻ ഇപ്പോഴാ ഇങ്ങോട്ട് ഇറങ്ങിയത്. നീ പോയിട്ട് ഔസേപ്പച്ചന്റെ വീട്ടിൽ കയറിയോ ? ഞാൻ അവിടെ ഒന്ന് ഓടി കയറി ഇറങ്ങി, അവിടെ നല്ല തിരക്കാണ്. പളളിക്കാർ എന്തോ ആലോചിക്കുവാൻ അവിടെ കൂടിയിട്ടുണ്ട്. ജോസേ ആ കല്യാണം മുടങ്ങാൻ പാടില്ല. അതിനു എന്തു സഹായം വേണമെങ്കിലും നമുക്ക് ചെയ്യണം. അവർ അങ്ങനെ സംസാരിച്ചു വീട്ടിൽ എത്തി. പിന്നെ അമ്മയുടെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുമ്പോൾ തിണ്ണയിൽ ഇരുന്നുകൊണ്ട് അച്ചായൻ, എടാ ബാബു. കളളനെ പിടിച്ചോടാ ? ഇല്ലെച്ചായാ പൊലീസ് അന്വേഷിക്കുന്നുണ്ട്.

അമ്മേ അത്താഴം റെഡി ആയോ ? എടാ നിങ്ങൾ ചെന്ന് കുളിച്ചു പ്രാർഥന ചൊല്ല്, അപ്പോഴേക്കും അത്താഴം റെഡി ആവും. അവർ പതിവുപോലെ സന്ധ്യാനമസ്കാരവും കഴിഞ്ഞു അത്താഴത്തിനു ഇരുന്നു. അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവർ പല വീട്ടുകാര്യങ്ങളും പതിവുപോലെ ചർച്ച ചെയ്തു. അമ്മ ഇന്നും വീട്ടിൽ ഒരു പെണ്ണ് വരാനുളള സമയം കഴിഞ്ഞുവെന്നുളള വിഷയത്തിനു തന്നെയാ മുൻതൂക്കം നല്കിയത്. അമ്മയുടെ ഒരു കാര്യം, അമ്മേ അതൊക്കെ ആ സമയത്ത് നടന്നുകൊളളും. അമ്മ അതോർത്തു വിഷമിക്കേണ്ട. എടാ മേനെ പെണ്ണ് കെട്ടേണ്ട സമയത്താ പെണ്ണു കെട്ടേണ്ടത്. തെങ്ങായാലും മാവായാലും നടേണ്ട സമയത്ത് നടണം. പിന്നെ അവിടെ ചിരിയുടെ ആഘോഷം. മഴ പെയ്യട്ടെ നമുക്ക് തെങ്ങ് നടാം ജോസിന്റെ കമന്റ്. നീ ഒന്ന് പോടാ, അമ്മയുടെ ശാസന.

രണ്ടു ദിവസങ്ങൾ വളരെ വേഗം കടന്നുപോയി. ബുധനാഴ്ച രാവിലെ തന്നെ ബാബു വീട്ടിൽ നിന്നും ഇറങ്ങി. നേരെ പോയത് പാഴ്സനേജിലേക്കാണ്. അച്ചൻ രാവിലെ പുറത്തോട്ടു പോകുവാനുളള തിരക്കിൽ ആയിരുന്നു. ബാബുവിനെ അകത്തേക്ക് വിളിച്ചിരുത്തിയിട്ടു അച്ചൻ ഡ്രസ്സ് മാറുവാനായി മുറിയിലേക്ക് കടന്നുപോയി. ബാബു നീ രാവിലെ എന്തു കഴിച്ചു, അച്ചൻ അകത്തുനിന്നും വിളിച്ചു ചോദിച്ചു. അച്ചോ ഞാൻ രാവിലെ കാപ്പികുടി ഒക്കെ കഴിഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ബാബു ഞാൻ രാവിലെ ഇപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഓട്സ് ആണ് കഴിക്കുന്നത്. കൊളസ്ട്രോൾ ആണെന്ന്. ഇപ്പോൾ എന്ത് കഴിച്ചാലും അസുഖമാ, തമിഴ്നാട്ടിൽ നിന്നും വിഷം അടിച്ച പച്ചക്കറികൾ, ആന്ധ്രായിൽ നിന്നും വിഷം ചേർത്ത് അരിയും അങ്ങനെ എല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നതേ കഴിക്കാൻ നമുക്കുളളൂ. എല്ലാവരും പച്ചക്കറി കൃഷി ഒക്കെ മതിയാക്കി റബ്ബർ കൃഷി മാത്രം ആക്കി. ഇപ്പോൾ റബർ വെട്ടാൻ ആളും ഇല്ല. വെട്ടിയാൽ ഒട്ടു വെട്ടുകാരന് കൊടുക്കാൻ പോലും കിട്ടാനുമില്ല. അച്ചൻ അടുക്കളയിൽ നിന്നും ചൂടോടെ ഓട്സ് എടുത്തുകൊണ്ടു വന്നു മേശപുറത്ത് വച്ചു. ബാബു...... ബാ അല്പം ഓട്സ് കഴിക്കാം. വേണ്ടച്ചോ ഞാൻ കഴിച്ചിട്ടാ വന്നത്. നീ എന്താ രാവിലെ വന്നത് എന്തെങ്കിലും പറയാനുണ്ടോ ? ഇല്ല അച്ചോ, അച്ചൻ പുറത്തു പോയി എപ്പോഴെക്കും തിരികെ വരും ? ഞാൻ ഒരു വിവാഹ നിശ്ചയം നടത്താൻ പോകയാ. രണ്ടുമണി ആകുമ്പോഴേക്കും തിരികെയെത്തും. ശരി അച്ചോ ഞാൻ ഉച്ചക്കുശേഷം വിളിക്കാം.

അവിടെ നിന്നും ബാബു പൊലീസ് ഓഫീസറുടെ അടുത്തേക്ക് പുറപ്പെട്ടു. പൊലീസ് ഓഫീസർ അക്ബർ തന്റെ ഓഫീസിൽ ഇല്ലെന്നു സ്റ്റേഷനിൽ നിന്നും അറിഞ്ഞു. കുഴപ്പം ഇല്ല അത്യാവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെടുവാൻ മൊബൈൽ നമ്പർ കൈവശം ഉണ്ടല്ലോ. റെയിൽവേ സ്റ്റേഷനിൽ എത്തി ഹൗറയ്ക്കുളള ട്രെയിൻ സമയവിവരം അന്വേഷിച്ച് അറിയാം. രണ്ടു നാല്പതാണ് പഴയ സമയം. ഇനി എന്തെങ്കിലും സമയമാറ്റം വന്നിട്ടുണ്ടോ ആവോ ? റെയിൽവേ സ്റ്റേഷൻ വലിയ ദൂരം അല്ലല്ലോ, സ്റ്റേഷൻ വരെ പോയി അന്വേഷിക്കുക തന്നെ ചെയ്യാം. അങ്ങനെ സ്റ്റേഷനിലേക്കുളള വഴിയിലൂടെ അല്പം മുമ്പോട്ടു ചെന്നപ്പോൾ തന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്യുവാൻ തുടങ്ങി. ജോസിന്റെ ഫോൺ ആണല്ലോ. എന്താടാ, എന്തുപറ്റി, നീ ഇപ്പോൾ എവിടെ ആണ് ? ഞാൻ റെയിൽവേ സ്റ്റേഷൻ വരെ പോകുന്നു. എടാ നിന്നെ തോമാച്ചായൻ അന്വേഷിച്ചിരുന്നു. ഓകെ. ഞാൻ തോമാച്ചായനെ കാണാൻ ശ്രമിക്കാം. ആലത്തിനെ സ്റ്റേഷനിൽ കൊണ്ടാക്കാൻ തോമച്ചയാൻ ഇറങ്ങുകയായിരിക്കും. നീ ഏതായാലും രണ്ടുമണി കഴിയുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വരെ വരണം. എന്തുപറ്റി ആരെങ്കിലും വരികയോ പോകയോ ചെയ്യുന്നോ ? നീ വാ അപ്പോൾ പറയാം. ബൈ പറഞ്ഞു ഫോൺ കട്ട് ചെയ്തു. സ്റ്റേഷനിലേക്കുളള യാത്ര തുടരുന്നു....

സ്റ്റേഷനിൽ എത്തി വടക്കോട്ടുളള ട്രെയിൻ സമയ വിവര പട്ടികയിൽ ട്രെയിൻ നമ്പർ 12515 പരതി. സമയത്തിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല 14:40 തന്നെ.

ഇപ്പോൾ സമയം 12 മണി ആവുന്നതേയുളളൂ. രണ്ടു മണിക്കൂറിൽ കൂടുതൽ വെയിറ്റ് ചെയ്യണം. ഏതായാലും ഇനി പോയിവരാൻ സമയം കളയേണ്ട. വന്ന ഉദ്ദേശം സാധിക്കണം. ‘എന്റെ സംശയം കേവലം സംശയമായി അവശേഷിക്കുമോ ? എന്തായാലും ആ അന്വേഷണം ആ വഴിക്കുതന്നെ നീങ്ങട്ടെ.’ കാന്റീനിൽ നിന്നും ഒരു ചായ വാങ്ങി അടുത്തുളള ബുക്ക് ഷോപ്പിനു മുന്നിലെത്തി. രക്തം പുരണ്ട കത്തിയും കൈയ്യിൽ പിടിച്ചു മുഖംമൂടി ധരിച്ച കൊലയാളിയും താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശവശരീരത്തിന്റെ കവർ ചിത്രവുമായി ക്രൈം മാഗസിൻ മുമ്പിൽ കിടന്നു കാറ്റിൽ ആടുന്നു. ഒരു ഞെട്ടൽ മനസ്സിൽ.... മനുഷ്യൻ പണത്തിനുവേണ്ടി ഏതു ക്രൂരതയും കാട്ടുന്നു. മനുഷ്യത്വം മനുഷ്യ മനസുകളിൽ നിന്നും അന്യമാവുകയാണോ ? അത് വാങ്ങി വായിക്കുവാനുളള മാനസികാവസ്ഥ ഇല്ല ഇപ്പോൾ.

‘അറിഞ്ഞിരിക്കേണ്ട ആയിരം കണ്ടു പിടുത്തങ്ങൾ’ എന്ന പുസ്തകം കൈയ്യിൽ എടുത്തു. സമയം പോകണം. വില 260 രൂപയോ ? എന്തൊരു വില ? ഒരുപക്ഷെ റെയിൽവേ സ്റ്റേഷനിൽ ആയതുകൊണ്ടാവാം. പുസ്തകം കയ്യിൽ എടുത്ത് പോക്കറ്റിൽ നിന്നും 500 രൂപയുടെ ഒരു നോട്ട് എടുത്തു നീട്ടി. ചില്ലറ ഇല്ലേ സാർ, ‘ചില്ലറയില്ല, കടക്കാരൻ തന്റെ പണപ്പെട്ടി തപ്പി ബാക്കി നൽകി. ഇനി എവിടെ എങ്കിലും ഒന്ന് ഇരിക്കണം. അപ്പോഴാണ് പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തില്ലെന്ന് ഓർത്തത്. ടിക്കറ്റ് കൗണ്ടറിൽ എത്തി പ്ലാറ്റ് ഫോം ടിക്കറ്റ് വാങ്ങി നേരെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ എത്തി കറങ്ങുന്ന ഫാനിനു കീഴിലുളള ബെഞ്ചു നോക്കി ഒന്നിൽ ഇരുപ്പുറപ്പിച്ചു.

ചൂളം വിളിച്ചുകൊണ്ട് ഒരു തീവണ്ടി തെക്കുഭാഗത്തേക്ക് ചീറി പാഞ്ഞുപോയി. ആരോടെന്നില്ലാതെ പ്ലാറ്റ് ഫോമിൽ നിന്നുകൊണ്ട് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പച്ചകൊടി വീശുന്നുണ്ടായിരുന്നു. എന്തോ വായനയിൽ തുടരുവാൻ കഴിയുന്നില്ല. കുറെ സമയം പ്ലാറ്റ് ഫോമിലൂടെ നെടുകയും കുറുകയും നടന്നു. സമയം രണ്ടോടടുത്തു. അച്ചൻ ശുശ്രൂഷ കഴിഞ്ഞു വീട്ടിൽ എത്തിക്കാണും. ഫോൺ ചെയ്ത് നോക്കാം. ഫോൺ കൈയ്യിൽ എടുത്തു ഡയൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ ജോസ് പ്ലാറ്റ് ഫോർമിൽ എത്തി. കൈ ഉയർത്തി ജോസിനെ വിളിക്കയും അച്ചനോട് ഹല്ലോ പറയുകയും ഒരുപോലെ നടന്നു. അച്ചൻ എപ്പോൾ എത്തി. അങ്ങനെ സംഭാഷണം തുടർന്നുകൊണ്ടിരുന്നു. തന്റെ വരവിന്റെ ഉദ്ദേശ്യം ഏറെകുറെ അച്ചനോട് പറഞ്ഞു. തൽക്കാലം അച്ചൻ ആരോടും പറയേണ്ടാ ഏതാണ്ട് ട്രെയിൻ സമയം അടുക്കുന്നു. അവർ മിക്കവാറും സ്റ്റേഷനിൽ എത്താറായി കാണും. ഞാൻ വിളിക്കാം ജോസ് ഇപ്പോൾ എന്റെ കൂടെ ഇവിടെ ഉണ്ട്. ജോസിനോട് വിവരങ്ങൾ പറഞ്ഞു. ജോസ് തീരെ ആ കാര്യത്തിൽ യോജിപ്പ് കാട്ടിയില്ല. തോമാച്ചായനുമായി നീ ഇത് സംസാരിച്ചുവോ ? ജോസ് ഞാൻ എന്റെ ഒരു സംശയം തോമാച്ചന്റെ അടുത്ത് അറിയിച്ചിരുന്നു. ഇപ്പോൾ നമുക്ക് പുളളിയോട് വിശദമായി സംസാരിക്കാം. ഇങ്ങനെ സംസാരിച്ചു നല്കുമ്പോൾ തോമാച്ചായൻ ആലത്തിനൊപ്പം പ്ലാറ്റ് ഫോർമിൽ എത്തി. എന്താ രണ്ടു പേരും ഉണ്ടല്ലോ ആരെങ്കിലും അതിഥികൾ വരുന്നുണ്ടോ ? ഇല്ല അച്ചായാ ഒരു കാര്യം അച്ചായനോട് പറയാനുണ്ട്. അച്ചായന്റെ സഹായം കൂടിയേ ഞങ്ങൾക്ക് അത് ചെയ്യുവാൻ കഴിയും. ’ പറയെടാ എനിക്ക് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്തുതരാം.’ അച്ചാ നമുക്ക് ആലത്തിനോട് ആ മോഷണ വിവരം ഒന്നു ചോദിച്ചാലോ ?

‘എടാ അവൻ അത്തരക്കാരൻ അല്ലെന്നു ഞാൻ പറഞ്ഞില്ലേ ? ’ എന്നാലും നമുക്ക് അവനോടു ഒന്ന് ചോദിച്ചു നോക്കാം അച്ചായാ.

അവനെ വിളിക്ക്, നിങ്ങൾക്ക് സംശയം ഉളളതുകൊണ്ട് അത് തീർത്തിട്ട് അവനെ വിട്ടാൽ മതി. അച്ചായൻ കൂടെ നിൽക്കണം, ഞാൻ ഒന്ന് ചോദിച്ചു നോക്കാം. വളരെ കുറച്ചു സമയമേ ഇനി ട്രെയിൻ എത്തുവാൻ ഉള്ളൂ. ആലത്തെ കൈ കാട്ടി അവരുടെ അരികിലേക്ക് വിളിച്ചു. എന്തോ പന്തികേട് പോലെയുളള ഒരു നോട്ടം അവന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. അച്ചായാ ആലം മലയാളം സംസാരിക്കുമല്ലോ അല്ലേ? അവനു എന്നെക്കാൾ നന്നായി മലയാളം അറിയാം. ഇപ്പോൾ അവൻ വായിക്കുവാനും പഠിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി അവൻ എന്റെ കൂടെയല്ലേ താമസം. ബാബു ആലത്തിനു കൈ കൊടുത്ത് ക്ഷേമാന്വേഷണം നടത്തി. എന്നെ അറിയുമോ ? പിന്നെ സാറിനെ ഞാൻ പലയിടത്തും കാണാറുണ്ട്. നിങ്ങൾ സാറുമ്മാർ രണ്ടു പേരും തമ്മിൽ എനിക്ക് തെറ്റി പോകാറുണ്ട്. രണ്ടുപേരെയും കണ്ടാൽ ഒരുപോലെ ആണല്ലോ. ‘ആലം എന്താണ് ഇപ്പോൾ പെട്ടെന്ന് നാട്ടിൽ പോകുന്നത് ? സാറെ എന്റെ സിസ്റ്ററിന്റെ കല്യാണമാ. ആലത്തിനു എത്ര സഹോദരങ്ങൾ ഉണ്ട് ? എനിക്ക് ഒരു ബ്രദറും ഒരു സിസ്റ്ററും ഉണ്ട്. വിവാഹത്തിനുളള സാധനങ്ങൾ ഒക്കെ വാങ്ങിയോ ? കുറെ സാധനങ്ങൾ വാങ്ങി, ബാക്കി നാട്ടിൽ എത്തി വാങ്ങണം.

നമ്മുടെ ഔസേപ്പച്ചന്റെ വീട്ടിൽ കളളൻ കയറിയത് ആലം അറിഞ്ഞോ ? അയ്യോ സാറെ ഞാനാ ആദ്യം വീട്ടിൽ വന്നു പറഞ്ഞത്. ആലം അല്ലേ അന്ന് അച്ചായൻ തന്ന പൈസ അവിടെ കൊണ്ടു കൊടുത്തത് ? സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആലത്തിന്റെ ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു. ഫോൺ എടുത്തു ബംഗാളി ഭാഷയിൽ താൻ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ബാബു ചോദ്യം തുടർന്നു, ആലം എവിടെയാണ് നിന്റെ കൂട്ടുകാർ? ചിലർ ചന്ത മുക്കിനാണ് താമസം. ആരാണ് ഇപ്പോൾ വിളിച്ചത്? അത് ഹരൂൺ ആണ്. നാട്ടിൽ അടുത്താണ് ഞങ്ങളുടെ വീടുകൾ. ഞങ്ങൾ ഒരുമിച്ചാണ് ഇവിടെ എത്തിയതും പുറത്തു പോകുന്നതും ഞങ്ങൾ ഒരുമിച്ചാണ്. ഹരൂൺ ഇപ്പോൾ എന്നെ യാത്ര അയക്കുവാൻ ഇവിടെ വരും. കഴിഞ്ഞ ആഴ്ചയിൽ സിനിമയ്ക്ക് പോയത് നിങ്ങൾ രണ്ടുപേരും കൂടെ ആണോ? അതെ എന്ന് അവൻ തല കുലുക്കി സമ്മതിച്ചു.

എന്നിട്ട് എപ്പോഴാണ് നിങ്ങൾ മടങ്ങി എത്തിയത് ? ഞങ്ങൾ രണ്ടുപേരും കൂടി സിനിമ കഴിഞ്ഞു ചന്ത മുക്കുവരെ ഒരുമിച്ചാ വന്നത്. പിന്നെ ഞാൻ അവിടെ നിന്നില്ല വൈകിയാൽ വീട്ടിൽ വഴക്ക് പറയും, അതുകൊണ്ട് വീട്ടിലേക്ക് പോന്നു. പ്ലാറ്റ് ഫോർമിൽ ട്രെയിൻ സമയം അനൗൺസ് ചെയ്തുകൊണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നും ഹൗറയിലേക്ക് പോകുന്ന ട്രെയിൻ നമ്പർ –12515 അരമണിക്കൂർ വൈകി ഓടികൊണ്ടിരിക്കുന്നു...

ആലത്തിനു ആരെയെങ്കിലും ഈ മോഷണത്തോടുളള ബന്ധത്തിൽ സംശയം ഉണ്ടോ? സാർ, എനിക്ക് അങ്ങനെ ആരെയും അറിയില്ല. നിങ്ങളുടെ കൂട്ടുകാർ ആരെങ്കിലും പൊലീസ് നിങ്ങളെ സംശയിക്കുന്നതായി പറഞ്ഞുവോ ? നിങ്ങളെ ചില ദിവസങ്ങളായി പൊലീസ് വാച്ച് ചെയ്തുകൊണ്ടിരികയാണ്. സാർ ഞാൻ ഒരിക്കലും ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഞങ്ങൾ നിന്റെ ബാഗ് ഒന്ന് പരിശോധിക്കുന്നതിൽ എതിർപ്പുണ്ടോ ? ഒരു പ്രശ്നവും ഇല്ല സാർ, ബാഗ് എടുക്കുവാൻ അവൻ തിരിയുമ്പോൾ തന്റെ സുഹൃത്ത് ഹരൂൺ കയ്യിൽ ഒരു ചെറുബാഗുമായി പ്ലാറ്റ് ഫോമിൽ എത്തി അവനെ തിരയുന്നുണ്ടായിരുന്നു. ഹരൂൺ.... എന്ന് നീട്ടി വിളിച്ചു തന്റെ അരികിലേക്ക് കൈകാട്ടി വിളിച്ചു. അപ്പോഴേക്കും അവരുടെ അടുത്തേക്ക് ബാബു മറ്റുളളവരെയും വിളിച്ചുകൊണ്ടു നടന്നു. ഹലോ പറഞ്ഞു ബാബു സംഭാഷണം ആരംഭിച്ചു. ഹരൂൺ ഇന്ന് ജോലിക്ക് പോയില്ലേ ? അല്പം ഹിന്ദി കലർന്ന മലയാളത്തിൽ ‘ഇന്ന് പണി ഇല്ലായിരുന്നുവെന്ന്’ പറഞ്ഞു.

ബാഗ് ബാബുവിന്റെ കയ്യിൽ കൊടുത്തിട്ട് അവർ എന്തൊക്കെയോ അവരുടെ ഭാഷയിൽ പറ‍ഞ്ഞു. ആലം ആ ചെറിയ ബാഗ് തന്റെ വലിയ ബാഗിനുളളിൽ തിരുകി കയറ്റുവാൻ ശ്രമിച്ചു. ബാബു ആ ബാഗ് കടന്നു പിടിച്ചു തന്റെ കൈയ്യിൽ ആക്കി. എന്താണ് ഈ ബാഗിനുളളിൽ ? ഹരൂൺ എന്തോ പറയുവാൻ ഒരുങ്ങിയെങ്കിലും അത് പറയാതെ അവരുടെ ബാംഗാളി ഭാഷയിൽ ആലത്തിനോടായി എന്തോ അല്പം പരുങ്ങലോടെ സംസാരിച്ചുകൊണ്ടിരുന്നു...

ബാഗ് കൈയ്യിൽ എടുത്ത് തോമാച്ചായനെ വിളിച്ചു മാറ്റി നിറുത്തി ചോദിച്ചു. അച്ചായ എന്റെ ബലമായ സംശയം ഇതിൽ നിന്നും എന്തെങ്കിലും കാര്യമായ തെളിവ് ലഭിക്കും എന്നാണ്. നമുക്ക് ഇത് പരിശോധിക്കണമോ അതോ പൊലീസ് വന്നു നോക്കിയാൽ മതിയോ? നമുക്ക് നോക്കി എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസിനെ വിളിച്ചാൽ പോരേയെന്നു തോമാച്ചായൻ.

അന്യോന്യം ഒരു തീരുമാനം ആവാതെ അവർ നിൽക്കുമ്പോൾ പൊലീസ് ഓഫീസർ അക്ബർ അടുത്തു വന്നു. ഞാൻ ബാഗ് തുറന്നു നോക്കി കൊളളാം, ഞങ്ങൾ ഇവിടെ എത്തിയിട്ട് കുറെ നേരം ആയി. ഹരൂൺ ചില ദിവസങ്ങളായി എന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബാഗ് ഇങ്ങു തന്നിട്ട് അവരെ ഇങ്ങു വിളിക്കൂ. ‘എടാ എന്താണ് ഈ ബാഗിൽ ? ഒന്നും പറയാതെ ഹരൂൺ കുനിഞ്ഞു തറയിലേക്ക് നോക്കി നില്ക്കുകയാണ്. കൂടെ ഉണ്ടായിരുന്ന പൊലീസുകാരനോട് തുറക്കടോ ബാഗ്. അപ്പോഴേക്കും അവിടെ നല്ല ജനക്കൂട്ടം ആയി. ജനത്തെ ഓടിച്ചു മാറ്റി അവർ അടുത്തുളള കാത്തിരുപ്പ് മുറിയിലേക്ക് കയറി. അവിടെ വച്ച് ബാഗ് തുറന്നു. ആദ്യം എടുത്തത് കുറെ പഴയ തുണികൾ. എല്ലാവരും മുഖത്തോട് മുഖം നോക്കി. പീസീ താൻ അതിലുളള സാധനങ്ങൾ എല്ലാം പുറത്തെടുക്കൂ. പിന്നെ ഒരു പേപ്പർ കെട്ടു പീസീ പുറത്തെടുത്തു. പേപ്പർ അഴിച്ചു മാറ്റുവാൻ തുടങ്ങിയപ്പോഴേ അവരുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അതു അഞ്ഞൂറ് രൂപയുടെ കെട്ടായിരുന്നു. ബാഗിന്റെ അകത്തെ ഉറയിൽ കയ്യിട്ട് എടുത്തത് ചെറിയൊരു പ്ലാസ്റ്റിക് ബോക്സ് ആയിരുന്നു. അതും തുറന്നു അതിൽ രണ്ടു മാലകൾ. പിന്നെ തോമാച്ചായന്റെ ഒരു ‘അയ്യോ’ വിളി ആയിരുന്നു. എന്റെ ഈശോയേ, ഇത് എന്റെ മറിയാമ്മയുടെ ‘കുണുക്കുകൾ’ ആണല്ലോ. ഇതും അവൻ മോഷ്ടിച്ചോ ? അച്ചായാ, ഞാൻ പറഞ്ഞില്ലേ ഇടുന്ന കൈയ്യിൽ കൊത്തുന്ന ഇനങ്ങൾ ആണ് ഇവറ്റകളെന്ന്. ഭാഗ്യം തല്ലി കൊല്ലാതെയാണല്ലോ മോഷണം നടത്തിയത്. ബാക്കി നമുക്ക് സ്റ്റേഷനിൽ ചെന്നിട്ടാവട്ടെ. പീസീ പിടിച്ചു കയറ്റെടാ രണ്ടിനെയും വണ്ടിയിൽ !

അപ്പോൾ പ്ലാറ്റ് ഫോമിൽ അനൗൺസ്മെന്റ് കേൾക്കാമായിരുന്നു. ട്രെയിൻ നമ്പർ –12515 ഏതാനും നിമിഷങ്ങൾക്കുളളിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തിചേരുന്നതായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.