Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് കൊടുക്കാം നമുക്കൊരു താങ്ങുകൈ

water-help

"ഭാരതമെന്നു കേട്ടാല്‍ അഭിമാന

പൂരിതമാകണം അന്തരംഗം

കേരളമെന്നു കേട്ടാലോ തിളക്കണം

ചോര നമുക്ക് ഞെരമ്പുകളില്‍ " എന്നാണ് മഹത്തായ സംസ്കാരവും സംസ്കൃതിയും പേറുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിലെ സ്വര്‍ഗതുല്യമായ കേരളത്തെ പറ്റി മഹാകവി വള്ളത്തോള്‍ പാടിയിരിക്കുന്നത് .എന്നാല്‍ ഇന്ന് ഭാരതമെന്നു കേള്‍ക്കുമ്പോള്‍ അപമാനവും കേരളമെന്നു കേള്‍ക്കുമ്പോള്‍ ചോരപോലും ആവിയാകുന്ന കഠിനമായ ചൂടുമാണ് ഓര്‍മ്മ വരിക.കേരളത്തിന്റെ ചരിത്രത്തില്‍ പലതരം 'ചൂടുകള്‍' ഉണ്ടായിട്ടുണ്ട്. അത് രാഷ്ട്രീയ ചൂടായും സമരചൂടായും ജനങ്ങള്‍ ഏറ്റെടുത്തിട്ടുമുണ്ട്.ഒരര്‍ഥത്തില്‍ ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഓരോ ആളും തന്റെ ഭാവി പറയാന്‍ കഴിവുള്ള ജ്യോത്സ്യനായി മാറിക്കഴിഞ്ഞു. കാരണം വര്‍ത്തമാന കാലത്തിലെ കഠിന ചൂട് അനുഭവിക്കുന്നവന്റെ ഭാവി എത്രവരണ്ടതാണെന്ന് ഏതൊരാള്‍ക്കും നിഷ്പ്രയാസം പ്രവചിക്കാം..

കേരളത്തിന്റെ നിലങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത് നാല്‍പ്പത്തിനാല് നദികളാണ്. അവ കാലങ്ങളായി മണ്ണിനെയും മനസ്സിനെയും തണുപ്പിച്ച് അനസ്യൂതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. കാനന പാതകളിലൂടെ യാത്ര തുടങ്ങിയ അവ മനുഷ്യ സംസര്‍ഗമേറ്റ് വ്രണപ്പെട്ട പ്രകൃതിയെ തൊട്ടും തലോടിയും സുഖപ്പെടുത്തി ..എന്നാല്‍ ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക്‌ അവ നല്‍കുന്ന കുളിര്‍മ്മയാര്‍ന്ന ആശ്വാസം നഷ്ട്ടപ്പെട്ടിരിക്കുന്നു .നമ്മുടെ നിലങ്ങള്‍ വരണ്ടുണങ്ങിയതായി തീര്‍ന്നിരിക്കുന്നു .കാലം തെറ്റിയ കാലാവസ്ഥയും മനസ്സറിഞ്ഞു പെയ്യുന്ന മഴയും നമ്മെ കൊടും ചൂടിന്റെ ദിനങ്ങളിലേക്ക് തള്ളി വിട്ടിരിക്കുന്നു .ഇന്ന് കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്നത് മഹാഗായകരുടെ തേനൂറുന്ന ഗാനങ്ങളോ ബോബ് മാര്‍ലിയുടെ മത്ത് പിടിപ്പിക്കുന്ന പാശ്ചാത്യ സംഗീതമോ അല്ല .മറിച്ച് അത് കുറെ 'ഴ'കളുടെ ശബ്ദമാണ്. വരണ്ട വേനലില്‍ ആശ്വാസമായി പെയ്യുന്ന കുളിര്‍മഴയുടെ ശബ്ദം ..വളഞ്ഞു പുളഞ്ഞ് ഒഴുകി ഊഷരഭൂമികളെ ജീവജലം കൊണ്ട് തലോടുന്ന പുഴയുടെ ശബ്ദം.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭൂരിപക്ഷം കിണറുകളും ജലസ്രോതസ്സുകളും വറ്റിവരണ്ടു .ജനങ്ങള്‍ തൊണ്ട നനയ്ക്കാന്‍ ഒരു തുള്ളി ജലത്തിനായി നെട്ടോട്ടമോടിതുടങ്ങി. നെല്‍പ്പാടങ്ങളില്‍ പുതുമഴയുടെ വരവറിയിച്ചിരുന്ന മാക്രികൂട്ടങ്ങള്‍ ചത്തടിഞ്ഞു കഴിഞ്ഞു. കേരളത്തിനെ ഉത്പന്ന സംസ്ഥാനമാക്കിയ പാല്‍ ചുരത്തുന്ന നാല്‍ക്കാലികള്‍ വീണ് ചത്തു തുടങ്ങി. പത്തു മണിക്ക് ശേഷം വിവിധ ജോലികള്‍ക്കായി പുറത്തിരങ്ങുന്നവര്‍ക്ക് മാരകമായ സൂര്യതാപമേറ്റ് മരിച്ചു വീഴുന്നു .മണ്ണിന്റെ മക്കള്‍ മണ്ണില്‍ തന്നെ പിടഞ്ഞു വീണു മരിക്കുന്നു. രാഷ്ടീയ ചൂട് മാത്രം അനുഭവിച്ചു ശീതീകരിച്ച മുറികളുടെ ആഡംബരത്തില്‍ മനം മയങ്ങി ഇരിക്കുന്നവര്‍ സാധാരണ ജനങ്ങള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ സാധ്യത ഉള്ളതുകൊണ്ട്, ഓരോ വോട്ടും വിലപ്പെട്ടതായതുകൊണ്ട് അവരോട് പണിക്കിറങ്ങരുതെന്ന് കല്‍പ്പിക്കുന്നു. വരണ്ട തൊണ്ട നനയ്ക്കാന്‍ ദാഹജലം അന്വേഷിക്കുന്നവരോട് ജലസാഗരത്തെപറ്റിയല്ല തെരഞ്ഞെടുപ്പിന് പിന്തുണ പ്രഖ്യാപിക്കുന്ന ജനസാഗരത്തെപറ്റിയാണ് ഇവര്‍ വാചാലരാകുന്നത്.

ഈ സാഹചര്യത്തിലാണ് മത അധികാരികളുടെയും പ്രവാസി മലയാളികളുടെയും കൈത്താങ്ങ് കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടത്.ഫോമ ,ഫൊക്കാന,വേള്‍ഡ് മലയാളി കൌണ്‍സില്‍,മറ്റ് മലയാളി പ്രവാസി സന്നദ്ധ സംഘടനകള്‍ ,മാധ്യമ പ്രവര്‍ത്തകര്‍ ,മറ്റ് രാഷ്ടീയ സാംസ്കാരിക കലാ മേഖലയിലുള്ളവര്‍ എന്നിവരെല്ലാം കൈകോര്‍ത്തു പിടിച്ചാല്‍ മാത്രമേ ഈ ദുര്‍ഘടാവസ്ഥയില്‍ കേരളത്തെ മോചിപ്പിക്കാനാകൂ .അതിര്‍ത്തിയില്‍ സഹോദരങ്ങള്‍ക്കായി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്റെ ഉത്സാഹത്തോടെ നമുക്ക് നമ്മുടെ സഹോദരരുടെ ജീവന് കാവല്‍ നില്‍ക്കാം .   വന്‍കിട കമ്പനികള്‍ ജീവജലം ഊറ്റിയെടുത്ത് ഊഷരഭൂമിയാക്കിയ കേരളത്തിലെ ജനങ്ങള്‍ക്ക്‌ അതെ ജലം തിരിച്ച് അവരുടെ കയ്യില്‍ നിന്നും വാങ്ങാന്‍ നശിച്ച കൃഷിയും വരണ്ടുണങ്ങിയ പാടശേഖരങ്ങളും അനുവദിക്കുന്നില്ല .നമ്മള്‍ പിച്ച വെച്ച നമുക്ക് വേരുകളുള്ള കേരളത്തില്‍ ഇങ്ങനെയൊരു വിപത്തുണ്ടാകുമ്പോള്‍ സഹായിക്കേണ്ടത് നമ്മുടെ ബാധ്യത അല്ലേ?

മത- സാംസ്കാരിക-രാഷ്ട്രീയ  നേതാക്കള്‍ ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിനും മോടിപിടിപ്പിക്കുന്നതിനും സമ്മേളങ്ങള്‍ വിളിച്ചു കൂട്ടുന്നതിനും ചിലവഴിക്കുന്ന പണമെങ്കിലും ഈ പാവങ്ങള്‍ക്ക് തൊണ്ട നനയ്ക്കാന്‍ നല്‍കിയാല്‍ അതാകും ഏറ്റവും വലിയ ആത്മീയതയും പൊതുബോധവും ജനാധിപത്യവുമൊക്കെ.. 

Your Rating: