Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കണ്ടറിഞ്ഞ കൊൽക്കത്ത

Bridge

എന്റെ പ്രിയപ്പെട്ട രവീന്ദ്ര നാഥ ടാഗോറിന്റെ നാട്, സത്യജിത് റായിയുടെ, അപർണ്ണ സെന്നിന്റെ നാട്. ഒരുപാടു ബംഗാളി  നോവലുകളുടെ വിവർത്തനങ്ങൾ വായിച്ചിട്ട് ഞാൻ കാണാൻ കൊതിച്ചിരുന്ന നാട്.

വീട് നല്ല സുഖമുള്ള, തണുപ്പുള്ള ഒരു ഫെബ്രുവരി മാസത്തിലാണ് ഞാൻ കൊൽക്കത്തയിലെത്തിയത് .കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഞാൻ ഒരുപാടിഷ്ടപ്പെട്ട കൊൽക്കത്ത.  ബ്രിട്ടിഷുകാരുടെ കാലത്തേയുള്ള ഒരു ഫ്ലാറ്റിലെ മുകൾ  നിലയിലായിരുന്നു ഞാൻ താമസിച്ച വീട്. അഞ്ചു  ബെഡ്റും ഉള്ള വലിയൊരു വീട്. ജനാലകളടക്കാനായി    ഓരോന്നിനും മൂന്നു പാളികൾ വീതമുണ്ടായിരുന്നു. ഗ്രില്ലിന്റെ തടിയുടെ, പിന്നെ ഗ്ലാസ്സിന്റെയും പാളികൾ. കള്ളനെയും കാലവസ്ഥയെയും പേടിച്ചിട്ടാകാം. പുറകിലെ ജനാലയിലൂടെ നോക്കിയാൽ കാണുന്നത് ഒരു ചേരി ആയിരുന്നു. ഒരുപാടു ബഹളം കേട്ട ഒരു ദിവസം താഴേക്കു നോക്കിയപ്പോൾ കണ്ടത് ഒരു തടിയൻ  മറ്റൊരാളെ കുത്തിയിട്ട് അലറുന്നതാണ് , പിന്നെ മടങ്ങുന്ന വരെ അങ്ങോട്ട്‌ നോക്കിയിട്ടേയില്ല. കടലിനടുത്തുള്ള സ്ഥലമായിരുന്നത് കൊണ്ടാണോ എന്നറിയില്ല പൈപ്പിൽ നിന്നും കിട്ടുന്ന വെള്ളത്തിനു ഉപ്പു രസമായിരുന്നു. അപ്പോഴൊക്കെ ഏറ്റവും കൊതിച്ചതു നമ്മുടെ നാട്ടിലെ പച്ച വെള്ളത്തിനു വേണ്ടി ആയിരുന്നു.

*പുറം കാഴ്ചകൾ * റോഡിലിറങ്ങിയാൽ എപ്പോഴും തിരക്ക് തന്നെയായിരുന്നു. സാധാരണ വാഹനങ്ങൾക്ക് പുറമെ റോഡിൽ തന്നെയുള്ള പാളത്തിൽ കൂടെ ഓടുന്ന ട്രാം അന്ന് കൽക്കട്ടയിലുണ്ടായിരുന്നു, ഇന്നുണ്ടോ എന്നറിയില്ല. വഴിയോരത്തെ തട്ടു കടകളിൽ എല്ലായ്പ്പോഴും ചായയും, മീൻ വറുത്തതും കഴിക്കുന്ന ബംഗാളികളുടെ ബഹളമായിരുന്നു. ബീഹാറിൽ നിന്നും കുടിയേറിയവരെ കൊണ്ട്  അന്നു കൊൽക്കത്തയുടെ തെരുവുകൾ നിറഞ്ഞിരുന്നു. സായാഹ്നങ്ങളിൽ സുഭാഷ്‌ പാർക്കിൽ കാറ്റു കൊള്ളാൻ പോയി ഇരുന്നപ്പോൾ കണ്ട കാഴ്ചകൾ പലതും അരോചകമായിരുന്നു, പറയാൻ കൊള്ളില്ലാത്തതും. ഹൌറ ബ്രിഡ്ജും, മെട്രോ ട്രെയിനും, മൃഗശാലയിലെ വെള്ള കടുവയും ഒക്കെ കൽക്കത്തയിലെ മറക്കാനാവാത്ത കാഴ്ചകളാണ്.ദസ്സറ ആഘോഷ കാലത്ത്  എവിടെയും പൂജകളും ഘോഷയാത്രകളും. മധുരപലഹാര വിതരണവും ഒക്കെയായി വളരെ രസകരമായിരുന്നു.  രസഗുളയുടെ മധുരം ഇന്നും നാവിലുണ്ട്.

ദേവദാസിയെ കണ്ടതും... ഒരു വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു, അലങ്കരിച്ച ഒരു കുതിര വണ്ടിയിൽ സുന്ദരിയായ ഒരു സ്ത്രീ, ചുവന്ന പട്ടു സാരിയും, ചുവന്ന ലിപ്സ്റ്റിക്കും വലിയ വട്ടപ്പൊട്ടും തൊട്ട്  മനോഹരമായ ആഭരണങ്ങളും അണിഞ്ഞ് മുടിയിൽ പൂവും ചൂടി ഒരു തരം ധാർഷ്ട്യ ഭാവത്തോടെ യാത്ര ചെയ്യുന്നു . വണ്ടി ഓടുന്നതിനൊപ്പം മണി നാദവും കേൾക്കുന്നുണ്ട്. ബംഗാളിലെ ഏതോ രാജാവിന്റെ മകളായിരിക്കുമെന്നു കരുതി ഞാൻ ആരാധനയോടെ നോക്കി നിന്നു പോയി. പിന്നെയാണറിയാൻ കഴിഞ്ഞത് അതൊരു ദേവദാസി യാണെന്നും  ഇതൊക്കെ അവിടെ സാധാരണ  കാഴ്ചകളാണെന്നും .

കൂട്ടുകാർ പാർവതി ശൈലജ ശർമ.. കൂട്ടുകാരി ആയിരുന്നു എങ്കിലും ...... കൽക്കട്ടയിൽ ഉയർന്ന ഓഫിസ്സർ ആയ അച്ഛനൊപ്പം കാശ്മീരിൽ നിന്നും വന്ന പെണ്‍കുട്ടി, അല്പം തടിച്ചു, വെളുത്തു സുന്ദരിയായ പാർവതി. ഷോപ്പിങ്ങിനു പോയിട്ട് വീട്ടിലേക്കു മടങ്ങാൻ വഴിയറിയാതെ, ടാക്സിയിൽ കയറിയ അവളെ ചുവന്ന തെരുവിലെത്തിക്കാൻ ശ്രമിച്ചു ടാക്സിക്കാരൻ. പോർട്ട്‌ ട്രസ്റ്റ്‌ ഗേറ്റിനടുത്തു വച്ച് ധൈര്യശാലിയായ ഒരു മലയാളി ഓഫീസർ അവളെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു . അതോടെ മലയാളികളെ എന്തെന്നില്ലാതെ അവൾ സ്നേഹിച്ചു, പ്രത്യേകിച്ചും രക്ഷകനെ. അയാളെ അവൾക്കു വിവാഹം കഴിക്കണമെന്ന് അച്ഛനോടാവശ്യപ്പെടുകയും, ഇഡലിയും, ദോശയും, സാമ്പാറും ഉണ്ടാക്കാൻ പഠിക്കയും ചെയ്തു. പക്ഷെ അവളുടെ ആഗ്രഹം നടന്നില്ല, അയാൾ സ്വന്തം നാട്ടിലെ പെണ്‍കുട്ടിയെ കല്യാണം കഴിച്ചു . അവൾക്കൊരു അനിഷ്ടം എന്നോടുണ്ടായിരുന്നു.....‌‌

സരസ്വതി കോളേജിൽ ഡിഗ്രിക്കു  പഠിച്ചിരുന്ന, അടുത്ത വീട്ടിലെ  തമിഴ് പെണ്‍കുട്ടി. ഹിന്ദി പറയാനറിയാത്ത എനിക്കു ഇംഗ്ലീഷിൽ സംസാരിക്കാൻ കിട്ടിയ കൂട്ടുകാരി. എന്നും കോളേജിലെ വിശേഷങ്ങളുമായി എന്റെയടുത്തേക്ക് അവൾ ഓടി വരുമായിരുന്നു. പറയാനുള്ളതു  മുഴുവൻ ദാസ്‌ എന്ന കൂട്ടുകാരനെ കുറിച്ചാണെന്നു  മാത്രം. വർഷങ്ങൾക്കിപ്പുറം ചിരഞ്ജീവി വിശ്വനാഥനുമായുള്ള, അവളുടെ വിവാഹക്ഷണ പത്രം എനിക്കു കിട്ടിയിരുന്നു.

പാട്ടീൽ ഭയ്യയുടെ  മകൻ നാലു വയസ്സിനു താഴെയുള്ള ഒരു പാട് കുട്ടികളുമായി ഞാൻ ചങ്ങാത്തം കൂടിയിരുന്നു. ഞങ്ങൾക്കിടയിൽ ഭാഷ ഒരു പ്രശ്നമായി വരില്ലല്ലോ. എന്നാൽ പാട്ടീൽ ഭയ്യ ടെ  മകനെ ഞാനൊരിക്കലും മറക്കില്ല , പക്ഷെ എത്ര ആലോചിച്ചിട്ടും പേരോർമ വരുന്നില്ല. മൂന്നു വയസ്സുകാരനായ അവനു എന്നോട് വലിയ സ്നേഹമായിരുന്നു . ഞാനവിടെ നിന്നും യാത്ര പറഞ്ഞു പോരുമ്പോൾ,കാറിന്റെ  പുറകെ ഊർന്നു  പോയ ട്രൗസറും  ഉയർത്തിപ്പിടിച്ച്, കരഞ്ഞു കൊണ്ടവനോടി വന്നത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. പിന്നീടെപ്പോഴോ കേട്ടു, പാട്ടീൽ ആത്മഹത്യ ചെയ്തു എന്ന്  എന്തിനെന്നറിയില്ല , അതുമൊരു വേദനയായി...

ഇനി എന്നെങ്കിലും കൊൽക്കത്തയിലേക്കു പോകാൻ കഴിയുമോ എന്നറിയില്ല, എന്നാലും ഞാൻ കാത്തിരിക്കുന്നു.. കൊൽക്കത്തയിലെ തെരുവോരങ്ങളിൽ കൂടി വീണ്ടും ഒന്ന്   നടക്കാനിറങ്ങാനായി...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.