Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനവൃത്താന്തങ്ങൾ

ഓരോരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും, മരണസംഖ്യ ഉയരുന്നത് ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും, സംവദിക്കപ്പെടുന്ന സന്ദേശംരേഖപ്പെടാതെ പോകുന്നത് ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരുപ്രത്യയശാസ്ത്രത്തിന്റെയോ, തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ചാര്‍ത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട് ഇവ ആവര്‍ത്തിക്കപ്പെടുന്നു? ഇത്തരം ഒരു തീവ്രത ഉണര്‍ത്തുന്ന രാഷ്ട്രീയകാഴ്ചപ്പാടുകള്‍, അഭ്യുതയകാംഷികള്‍, ഒളിച്ചിരിക്കുന്ന മുഖങ്ങള്‍ എന്തേ എപ്പോഴും അവ്യക്തമായിതന്നെ നിലനില്‍ക്കുന്നത്.

ഈ നിഴല്‍ യുദ്ധങ്ങളില്‍ മനുഷ്യയുഗം തന്നെഅവസാനിക്കുമോ എന്ന അങ്കലാപ്പിലെങ്കിലും ഒരു തപ്പിത്തടയലോ അന്വേഷണമോആവശ്യമാണ്. ലോകവിഷയങ്ങള്‍ തലപുകഞ്ഞു ആലോചിക്കുന്നതിനുപകരം നമ്മുടെ സമൂഹത്തിലൂടെ ഒന്നുനിരീക്ഷിച്ചാല്‍ മൂല്യകാരണങ്ങളുടെ ചുരുളഴിഞ്ഞേക്കാം. ചെറിയ മനുഷ്യകൂട്ടങ്ങളാണ് സാമ്രാജ്യങ്ങളായി മാറപ്പെടുന്നത്. അടിസ്ഥാനപരമായി, എല്ലാ സമൂഹത്തിലും മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിരന്തരം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരേ ദിശയില്‍ പതിവായി യാത്രചെയ്യുന്നവര്‍ തങ്ങളുടെ ഇരിപ്പിടം മാറി മാറി തെരഞ്ഞെടുത്തേക്കാം. എന്നാലും യാത്ര ഒരേ ദിശയില്‍ തന്നെ.

ബോധപൂര്‍വ്വം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന നുണകളും അതു ഉതിര്‍ത്തുവിടുന്ന മാരക പ്രതിഫലനങ്ങളും എന്നും ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. സോക്രട്ടീസിനു വിഷം കൊടുക്കുവാനും ക്രിസ്തുവിനെ ക്രൂശിലേറ്റുവാനും ജര്‍മനിയില്‍ നാസികളെ പ്രകോപിച്ച് ജൂതഹത്യ നടത്തുവാനും 'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' എന്ന ഓമനപ്പേരില്‍ മദ്ധ്യകിഴക്കന്‍ രാജ്യങ്ങളെ അനാഥമാക്കുവാനും, ഭീകരരുടെ പാലായനങ്ങളെ മറചാര്‍ത്തി യൂറോപ്യന്‍ യൂണിയനില്‍ ബ്രെക്‌സിറ്റും ചൈനക്കടലിലെ കൃത്രിമ ദ്വീപുനിര്‍മ്മാണവും തുടങ്ങി നിരവധി നുണക്കഥകളിലെ പേരറിയാത്ത കഥാപാത്രങ്ങളായി മാറുകയാണ് നാം.

ബാര്‍കോഴയും, സരിതയും ഇപ്പോള്‍ ചര്‍ച്ചപോലും ചെയ്യപ്പെടുന്നില്ല, അന്വേഷണവുമില്ല.
വ്യവസായവല്‍ക്കരണത്തിന്റെ പ്രതിവിപ്ലവത്തിന് കുറച്ചൊന്നുമല്ല സമൂഹമെന്ന നിര്‍വ്വചനത്തെ മാറ്റി മറിക്കാനായത്. ചെറുസമൂഹത്തിലായി ഉണ്ടായിരുന്ന അടിസ്ഥാന ഉത്പാദന ക്ഷമതയും സാങ്കേതികതയും വിസ്മൃതിയിലായി. ചന്തകള്‍ക്കു പകരം കൂറ്റന്‍മാളുകളായി ഷോപ്പിംഗ് സംസ്‌കാരം. മൊട്ടു സൂചിവരെ ലോകത്തിന്റെ ഒരു കോണില്‍ നിന്നും മാത്രം ഉണ്ടാക്കി എല്ലാ മുക്കിനും മൂലയിലും വിതരണം ചെയ്യപ്പെടുമ്പോള്‍ ചെറിയ ചന്തകളിലെ ലാഭങ്ങള്‍ ലോകത്തിലെ ഒരു ചെറുകൂട്ടത്തിന്റെ കീശയില്‍ മാത്രം എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചെറുകൂട്ടങ്ങളായി തൊഴില്‍ തേടിയുള്ള പാലായനങ്ങൾ, കുടിയേറ്റങ്ങൾ, പുതിയ തലമുറക്കു തൊഴില്‍ തേടി പോകേണ്ട പാഠ്യപദ്ധതികൾ, എല്ലാംചേര്‍ത്ത് ചെറുസമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ അനാഥമാക്കി. ഇവരുടെ അധ്വാനത്തിന്റെ വിയര്‍പ്പും മുന്‍പറഞ്ഞ ഒരു ശതമാനത്തിന്റെ ലാഭത്തിനുവേണ്ടി മാത്രമായിത്തീരുകയാണ്.

നല്ല ജോലിക്കുവേണ്ടിയുള്ള അലച്ചിലും എത്ര ജോലി ചെയ്താലും സംതൃപ്തമാക്കാനാവാത്ത ജീവിത നിലവാരവും തന്റേതെന്ന അഭിമാനിച്ചതൊന്നും തൊട്ടുനോക്കാന്‍ പോലും തയ്യാറാവാത്ത പുതിയ തലമുറ, പുതിയ രീതികള്‍, പുതിയ കാഴ്ചപ്പാടും എത്ര അസ്വസ്ഥമാണീ കടന്നുപോക്കലുകള്‍. ഏതങ്കിലും തൊഴിലിടങ്ങളില്‍ ദീര്‍ഘകാലം ജോലി ചെയ്തു എന്ന് അഭിമാനത്തോടു പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് അത് കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കപ്പെടുന്നത്. കൂടെകൂടെ തൊഴില്‍ മാറിക്കൊണ്ടേയിരിക്കണം. അതിനുള്ള പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറാറെടുപ്പും അതിനിടയില്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദവും, പിരിമുറുക്കങ്ങളും, എപ്പോഴും ആരെയെങ്കിലും ഭയന്നുളള തൊഴില്‍ ചുറ്റുപാടുകളും സമൂഹത്തിന്റെ അസ്ഥിവാരം തകര്‍ക്കുകയാണ്.

പൊതുമേഖലയിലെ സേവന ശൃംഖലകള്‍ ഓരോന്നായി സ്വകാര്യ മേഖല കയ്യടക്കുകയാണ്.
സമൂഹത്തിലെ കരുതല്‍ സംവിധാനങ്ങള്‍ അപ്പാടെ അപ്രത്യക്ഷമാക്കുകയാണ്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ഏറ്റവും കൂടുതല്‍ അധ്വാനം, മുന്‍ പറഞ്ഞതുപോലെ കേവലം ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനവും ഹോമിക്കപ്പെടുന്ന നവകൊളോണിയല്‍ വ്യവസ്ഥ ഇവിടെ പിരിമുറുക്കം കൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ടു. വിദ്വേഷവും, അവജ്ഞയും നീരസവും ക്രൂരമായ മതഭ്രാന്തും പിടിച്ച ഒരു വലിയ കൂട്ടം എങ്ങോട്ടെന്നില്ലാത്ത പാലായനത്തിലാണ്. ഇത്തരം ഉറഞ്ഞുകൂടിയ കാര്‍മേഘങ്ങള്‍ ലോകത്തിന്റെ വിവിധ സമൂഹങ്ങളില്‍ നിറഞ്ഞു നില്‍ക്കയാണ്. സ്വന്തമായി ഉയരാന്‍ യാതൊരു പ്രതീക്ഷയുമില്ലാത്തിടത്ത് താനുള്‍പ്പെടുന്ന ചെറുകൂട്ടത്തിന്റെ അന്തസ്സില്‍ കയറിപ്പിടിച്ച് ഒരു കൂട്ട അഹങ്കാരമെന്ന വികാരത്തില്‍ എത്തപ്പെടുകയാണ് പിന്നെയുള്ള പോംവഴി.

തന്റെ സമുദായത്തോടും കൂട്ടത്തോടും മാത്രമാണ് പിന്നെ കടപ്പാടുകള്‍. അതു വളര്‍ന്ന് മറ്റു കൂട്ടങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമായി മാറ്റപ്പെടുന്നു. കാഴ്ചയിലും പെരുമാറ്റത്തിലും, സംസാരത്തിലും തന്റെ കൂട്ടല്ലാത്ത എല്ലാവരും തനിക്കുമുമ്പിലെ അപകടമാണെന്ന് വിശ്വസിക്കുകയാണ്. ഇവരെ ഉന്മൂലനം ചെയ്താലേ താനുള്‍പ്പെടുന്ന കൂട്ടത്തിനു നില നില്‍ക്കാനാവൂ. അതിനായി സ്വയം ഹോമിക്കുവാനും തയ്യാറാകണം.

പണമില്ലാത്തവന്‍, കനത്ത പരാജയം. അതാണ് ലോകത്തിലെ വിജയത്തിന്റെ സമവാക്യം. വിജയത്തിനു വിലയുണ്ടാവുന്നത് ഏറ്റവും കൂടുതല്‍ വേദനയും അപമാനവും അവനു സമ്മാനിക്കാനാവുമ്പോഴാണ്.

തുറന്ന ലോകത്തില്‍ നിന്നും പഴയ ചെറുകൂട്ടങ്ങളിലേക്ക് മടങ്ങിപ്പോകാനാവുമോ? തനതായ വിശ്വാസ കേന്ദ്രങ്ങളിലേക്കും ചെറുകൂട്ടങ്ങളുടെ സ്വയമൂല്യത്തിനും ആത്മാഭിമാനത്തിനും സാമ്പത്തിക അസ്ഥിരതയും പിരിമുറുക്കവും കുറഞ്ഞ ഒരു സാമൂഹിക നിലയിലേക്കും ചുരുങ്ങാനാവുമോ? 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. നമുക്ക് അതിരാവിലെ മുന്തിരത്തോടത്തിലേക്കു പോകാം. മുന്തിരിവള്ളികള്‍ തളിര്‍ത്തുവോ എന്നും മുന്തിരിപ്പൂക്കള്‍വിടര്‍ന്നോ എന്നും നോക്കാം.' ഇത് ശലോമോന്‍ രാജാവിന്റെ ഒരു വ്യാമോഹം മാത്രം ആയിരുന്നിരിക്കാം.

സമൂഹത്തിന്റെ നിലനില്‍പ്പിന് ആധാരശിലയാകേണ്ട സംവിധാനങ്ങള്‍ നിഷ്‌കൃയരാണ് എന്നതാണ് വിചിത്രം. മാദ്ധ്യമങ്ങള്‍ ആരേയാണു ഭയക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത്? സ്വസ്ഥമായി സംവദിക്കേണ്ട അക്കാദമിക്ക് ഉറവിടങ്ങള്‍. സമൂഹത്തിന്റെ, നിറദീപമാകേണ്ട കലാസാംസ്‌കാരിക പ്രതിഭകള്‍, ചാവേറുകളെ മഹത്വപ്പെടുത്തിയും സഹനത്തെ ഘോഷിച്ചും കൊണ്ട് മതവും, ചിതലരിച്ച മണ്‍കൂനയായി നിലനില്‍ക്കുന്നത് വിധിവൈചിത്രം. 

Your Rating: