Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിരി തൈരും ഒരു കുബൂസും

kuboos-poem

മിഴി മെല്ലെത്തുടച്ചവൾ ബസ്സിലേറി

വഴി നീളെ നിശ്ശബ്ദം കുനിഞ്ഞിരുന്നു

തഴുകിയാശ്വാസം പകരാൻ ശ്രമിച്ചിട്ടും

മുഖമുയർത്താനവൾ പാടുപെട്ടു

നോമ്പുമാസത്തിലൊരു പുണ്യദൗത്യത്തിൽ

കൂട്ടുകാരൊത്തല്ലോ ബസ്സിലവൾ പോയ്‌

താൻ പഠിക്കുന്നൊരൽ അമീർ സ്കൂളിൻ

കാരുണ്യപ്രവൃത്തിതൻ ഭാഗമായി

ഇക്കുറിയെത്രയും ഭക്ഷണപ്പൊതികൾ

നിർധനർ നരകിക്കും ലേബർ ക്യാമ്പിൽ

ഇഫ്ത്താർ കിറ്റാക്കിയെത്തിക്കുവാൻ

യജ്ഞമേറ്റെടുത്തു തന്റെ വിദ്യാലയം

ടീച്ചറാമമ്മയ്ക്കൊപ്പം കിറ്റൊരുക്കാൻ

കൂട്ടുകൂടീയവളുത്സാഹത്തിമിർപ്പിൽ

എന്തൊരാവേശത്തിൽ പ്രിൻസിപ്പാളും

ടീച്ചർമാർക്കൊപ്പം പൊതികൾ കെട്ടി

ബാങ്കിനു മുൻപേ ക്യാമ്പിലെത്താൻ

ബസ്സു പുറപ്പെട്ടു കൃത്യമായ്ത്തന്നെ

ഇത്തിരി ദൂരമുണ്ടെല്ലാരും നിശ്ശബ്ദം

കർത്തവ്യനിരതരായ് കാത്തിരുന്നു

ബസ്സെത്തി നിർത്തുന്നതിൻ മുൻപേ

ചുറ്റുമണകയായ് പാവം തൊഴിലാളികൾ

ഒട്ടു തളർന്നവർ കണ്ണു കുണ്ടിൽപ്പോയ്

കഷ്ടപ്പാടിൻ തള്ളിൽ വിമ്മിട്ടം പൂണ്ടോർ

വരികൾ ശരിയാക്കി നിർത്തുന്നതിൻ മുൻപേ

പൊതികൾ തട്ടിയെടുത്തത്തകത്തേക്കു പായുവോർ

കണ്ടുനിൽക്കാനായില്ലവൾക്കധികധികനേരം

നെഞ്ചു പൊട്ടുമ്പോലൊരുൾക്കിടിലമുള്ളിൽ

തന്റെയുള്ളിലെ പിടച്ചിലിൻ സാദൃശ്യങ്ങൾ

മുറ്റി നിൽപ്പതായ് തോന്നിയോരോ മിഴിയിലും

രഹസ്യമായവൾ കണ്ടു പ്രിൻസിപ്പാൾ ടവലിനാൽ

രണ്ടു കണ്ണും മെല്ലെ തുടയ്ക്കുന്ന കാഴ്ച്ച

പിന്നെയവൾക്കായില്ല പിടിച്ചുനിൽക്കാൻ

മുഖം പൊത്തിയവൾ പാഞ്ഞു ബസ്സിന്നു നേരെ

ഇനിയുമുണ്ടെത്രയോ നീളുന്ന കൈകൾ ദൈന്യമായ്

നാളെയും വരാമെന്നോതി മടങ്ങുന്നു സംഘം

വീട്ടിലെത്തുംവരെ മിണ്ടിയില്ലവൾ മൗനത്തിൽ

വീർപ്പടക്കിയിരുന്നൊരു കോണിലേകാകിയായ്‌

വീട്ടുപടിക്കൽ ബസ്സു നിർത്തവേ ചാടിയിറങ്ങി

വീണുചിതറിയൊരു പൊട്ടിക്കരച്ചിലായ് സോഫയിൽ

അമ്മയെ കെട്ടിപ്പിടിച്ചവൾ തേങ്ങിയൊത്തിരി

''എത്രയഹങ്കാരി താൻ നിത്യവും തന്നിഷ്ട

ഭക്ഷണത്തിനായ്‌ വാശി പിടിക്കുവോൾ

കഷ്ടമപ്പാവങ്ങൾക്കില്ലിറ്റു വെള്ളംപോലും നേരാനേരം

ഇനിയമ്മയെന്തു തന്നാലുമമൃതായ് വിശപ്പടക്കും ഞാൻ

കിനിയില്ലൊരുതുള്ളി കണ്ണീരും തീൻമേശയിൽ

കനിവാർന്നിത്തിരി തൈരു മാത്രം തരികിപ്പോൾ

നനച്ചു ഞാൻ കഴിച്ചോളാം വെറും കുബൂസതിൽ മുക്കി"


(അജ്‌മാൻ അൽ അമീർ സ്കൂളിൽനിന്ന് ഇഫ്താർകിറ്റുമായി ലേബർ ക്യാംപിൽ പോയപ്പോൾ ഉണ്ടായ ഹൃദയസ്പർശിയായ ഒരനുഭവം)

Your Rating: