Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ട സാന്താക്ലോസിന് നിറഞ്ഞ സ്നേഹത്തോടെ

jessy

ഡിസംബറിലെ ഈ തണുത്ത രാത്രിയിൽ ഞാനി വാക്കുകൾ എന്റെ പ്രിയപ്പെട്ട സാന്തായ്ക്കായി കോറിയിടുന്നു. പുറത്ത് വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം എന്നെ പേടിപ്പെടുത്തുന്നു. എങ്കിലും ഈ ജനാലയ്ക്കരികിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ നേരിയ മൂടൽ മഞ്ഞിനിടയിൽക്കൂടി മിന്നിത്തിളങ്ങുന്ന ദീപാലങ്കാരങ്ങൾ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. അടുത്തൊരു ക്രിസ്മസ് കൂടി ഇങ്ങുവന്നെത്തി എന്ന ചിന്ത എന്റെ ഹൃദയമിടുപ്പിനെ ധ്രുതഗതിയിലാക്കുന്നു.

എന്തുകൊണ്ടോ ക്രിസ്മസ് കാലം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഡിസംബർ 24 ന് വൈകുന്നേരം മുതൽക്കേ തുടങ്ങുന്ന ആഘോഷങ്ങൾ ഡിസംബറിന്റെ ആരംഭദിനങ്ങൾ മുതലേ ഒരുങ്ങി തുടരുകയായി ലോക ജനതയും ഒപ്പം പ്രകൃതിയും....

അങ്ങ് ദൂരെ നിരത്തിലൂടെ വാഹനങ്ങൾ വേഗത്തിൽ എങ്ങോട്ടൊക്കയോ പായുന്നു. ജനങ്ങളെല്ലാം തിക്കും തിരക്കുമിട്ട് സഞ്ചരിക്കുന്നു. തിരക്കിട്ടോടുന്ന ആ ജീവികളെപോലെ എനിക്കും അതിലൊന്നായി തീരണമെന്ന് വലിയൊരു ആശ. പക്ഷേ എനിക്കു ചുറ്റും അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്ന ഈ തണുപ്പ് എന്റെ ഉളളിലേക്കും കയറി തുടങ്ങിയോ എന്ന് തോന്നിപ്പോകുന്നു. ആകെ ഒരു മരവിപ്പ്, ഈ ജനാലയ്ക്കരികിൽ നിന്നും എഴുന്നേൽക്കാൻ കഴിയുന്നില്ല.

മനോഹരങ്ങളായ ഒരുപാട് കാഴ്ചകൾ എന്നെ ഇവിടെ പിടിച്ചിരുത്തുന്നു. പൈൻ മരങ്ങളുടെ മുകളിൽ വെച്ചുകെട്ടിയ ധാരാളം വാഹനങ്ങൾ അതു കണ്ടപ്പോഴാ ഓർത്തത്, പൈൻ മരങ്ങളുടെ ഗന്ധവും കുഞ്ഞു ദീപങ്ങളാൽ അലങ്കരിക്കപ്പെട്ട അവയുടെ മനോഹാരിതയും എനിക്കിഷ്ടപ്പെട്ടവയാണ്. ആഘോഷങ്ങൾക്കൊടുവിൽ വാടിത്തുടങ്ങിയ അവയുടെ ഇലകളെ വൃത്തിയാക്കാനുളള മടി കൊണ്ടാവാം എന്റെ ഇഷ്ടത്തെ വലിച്ചെറിഞ്ഞ് ഞാനും കൃത്രിമമരങ്ങളുടെ പിന്നാലെ പോകുന്നത്.

എന്റെ ചിന്തകൾ അനന്തമായി കാടു കയറുകയാണ്.... എന്റെ മടിയുമായി മല്ലുപിടിച്ച് അവസാനം ഞാനും പുറത്തെ തണുപ്പിലേക്കിറങ്ങാൻ തീരുമാനിച്ചു. കൊടും തണുപ്പിൽ നിന്നും രക്ഷപ്പെടാനായി കട്ടിയുളള കുപ്പായങ്ങളും കൈയുറകളും കഴുത്തിൽ സ്കാർഫും മുട്ടോളമെത്തുന്ന ചെരുപ്പും ഒക്കെയായി ഞാനും നിരത്തിലേക്കിറങ്ങി. എന്റെ പ്രിയപ്പെട്ട ക്രിസ്മസ് ദിനങ്ങളുടെ മനോഹാരിത നേരിട്ടു കാണാനായി. പണ്ട് ശൗലിന്റെ പടക്കച്ചയിട്ട് നോക്കിയ ദാവീദിനെ അറിയാതെ ഞാൻ ഓർത്തു പോയി.

നിരത്തിലെങ്ങും വർണ്ണ ശബളമായ ദീപാലങ്കാരങ്ങൾ, നേരിയ മൂടൽ മഞ്ഞിനിടയിലൂടെ അരിച്ചിറങ്ങുന്ന അവയുടെ കുഞ്ഞുപ്രകാശം മനസ്സിലും പ്രകാശം പരത്തുന്നു. കവാടങ്ങൾക്കു മുന്നിൽ വിവിധ നിറങ്ങളിലുളള ‘ബോ’ കളാൽ നിർമ്മിതമായ റീത്തുകൾ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. വർഷകാലത്തേക്ക് ആഹാരം ശേഖരിക്കാൻ ധൃതി കൂട്ടി പായുന്ന ഉറുമ്പിനെപ്പോലെ മനുഷ്യർ തിക്കും തിരക്കുമിട്ട് പായുന്നു.

എന്തെക്കെയോ വാങ്ങിക്കൂട്ടി എങ്കിലും മനസിനിഷ്ടപ്പെട്ട ഒന്നുമില്ല എന്ന തോന്നലായിരിക്കാം ചില മുഖങ്ങളിൽ ഒരു വൈക്ലബ്യത്തിന്റെ ലാഞ്ചന. മൃദുവായ ശബ്ദത്തിൽ മുഴങ്ങുന്ന ക്രിസ്മസ് ഗാനങ്ങൾ ഹൃദയത്തിൽ എന്തോ ഒരു കുളിര് അണിയിക്കുന്നു. ചുറ്റമുളള സെയിൽ ബോർഡിന് ഇടയിൽ കൂടി തപ്പി തടഞ്ഞ് ഞാനും എന്തൊക്കെയോ വാങ്ങികൂട്ടി. നിരത്തിന്റെ അറ്റത്ത് തല ഉയർത്തി നിൽക്കുന്ന ദേവാലയത്തിൽ നിന്നും ഗായക സംഘത്തിന്റെ മധുരമാർന്ന ശബ്ദം ഉയർന്ന് കേൾക്കാം. എന്തുകൊണ്ടോ ആഘോഷത്തിന്റെ ഒരു അലയടി എന്റെ ഉളളിൽ നുരഞ്ഞ് പൊങ്ങി.

ക്രിസ്മസ് പലഹാരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ വായിൽ വെള്ളം ഊറി.രുചിയാർന്ന അവയ്ക്ക് കാണാൻ എന്തുഭംഗി. വെളള നിറത്തിൽ പഞ്ചസാര പൊടിച്ച് അലങ്കരിച്ചിരിക്കുന്ന പലഹാരങ്ങൾ കാണുമ്പോൾ ഇവയുടെ മുകളിൽ മഞ്ഞ് പെയ്തതാണോ എന്നു തോന്നി പോകും.

എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങിയപ്പോൾ, പ്രിയപ്പെട്ടവർക്ക് വേണ്ടി വാങ്ങി കൂട്ടിയ സമ്മാനങ്ങളെക്കുറിച്ചാർത്തുപോയി ഞാൻ. അവയ്ക്കെല്ലാം കുപ്പായമിടീക്കണം, പേരെഴുതി വെയ്ക്കണം, അലങ്കരിച്ച ക്രിസ്മസ് ട്രീക്കിടയിൽ സമ്മാനങ്ങൾക്ക് സാധനം കണ്ടെത്തണം.. ചെയ്ത് തീർക്കാൻ ഇനിയും കുറെ കാര്യങ്ങൾ ബാക്കി.....

അറിയാതെ ഞാൻ ചിന്തിച്ചു പോകുന്നു. യേശു ദേവൻ യഥാർത്ഥത്തിൽ ഒരു ഡിസംബർ മാസത്തിൽ തന്നെയാണ് ജനിച്ചതെങ്കിൽ എത്രമാത്രം തണുപ്പ് ആ ശരീരത്തിൽ കൂടി കടന്നിരിക്കും. ഈ ലോകത്തെ സൃഷ്ടിച്ചവൻ, കാലഭേദങ്ങളെ ഉണ്ടാക്കിയവൻ, എന്റെ കർത്താവ് യാതൊരു ആഡംബരങ്ങളും ഇല്ലാതെ ഒരു കാലിതൊഴുത്തിൽ ഒരു വഴിയമ്പലത്തിൽ രാജാക്കന്മാരുടെ രാജാവായ എന്റെ കർത്താവ് എത്ര സാധാരണക്കാരനായി മാറി. എനിക്കു വേണ്ടി. എനിക്കു വേണ്ടിയല്ലേ അവൻ ഭൂജാതനായത്. എനിക്ക് വേണ്ടിയല്ലേ അവൻ ജീവനെ വെടിഞ്ഞത്. ആണികളാൽ തറക്കപ്പെട്ടത്. മുൾമുടിയേറ്റത്, ശപിക്കപ്പെട്ടവരെപോലെ ക്രൂശിന്മേൽ ഏറിയത്. അവസാന തുളളി രക്തം വരെയും ഊറ്റി തന്നത്. എന്റെ പാപങ്ങൾക്ക് വേണ്ടി അവൻ അങ്ങനെ മരണപ്പെട്ടു.

എങ്കിലും പാതാളത്തിന്റെയും മരണത്തിന്റെയും താക്കോലും ഏന്തി അവൻ ഉയർത്തെഴുന്നേറ്റു. അവൻ ഇന്നും എനിക്കായി ജീവിക്കുന്നു. ലോകം കണ്ട അനേക മഹാന്മാരുടെ അടഞ്ഞ കല്ലറകൾക്കുമുമ്പിൽ തുറക്കപ്പെട്ട കല്ലറയുടെ അവകാശിയായി അവൻ ഇന്നും ജീവിക്കുന്നു. അതിലും വലിയ എന്ത് ക്രിസ്മസ് ആണ് എനിക്ക് വരാനുളളത്....

ഒരുപിടി ഓർമ്മകളെ ചരിത്രത്തിൽ അവശേഷിപ്പിച്ചിട്ട് വിടപറയുന്ന നിമിഷങ്ങളെ നോക്കി നെടുവീർപ്പിടാതെ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെയായി പുതിയ ഒരു വർഷത്തെ വരവേല്ക്കാൻ ഞാനും തയ്യാറായി.

ഒരു പക്ഷേ ഈ കത്ത് അങ്ങ് നോർത്ത് പോളിൽ എത്തുമ്പോഴേക്കും പുതുവർഷം ഇങ്ങെത്തിയെന്ന് വന്നേക്കാം.

നിറഞ്ഞ സ്നേഹത്തോടെ, ഒരുപാട് പുത്തൻ പ്രതീക്ഷകളോടെ സാന്റോയുടെ സ്വന്തം കൂട്ടുകാരി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.