Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിത്രാസ് ഫെസ്റ്റിവൽ – ഒരാസ്വാദനം

mithras

ന്യൂജഴ്സി ∙ പേർഷ്യൻ ഐതീഹ്യപ്രകാരം സത്യത്തിന്റെയും വെളിച്ചത്തിന്റെയും കാലക്രമേണ സൂര്യന്റെയും ദൈവമാണ് മിത്രാസ്. റോമൻ സാമ്രാജ്യത്തിന്റെ വികസനപാതയിൽ ഒന്ന് മുതൽ നാലാം ശതകം വരെയും മിത്രാസ് സങ്കല്പം നിലനിന്നിരുന്നു. ഭാരതീയതയിലേക്ക് വന്നാൽ ഋഗ്വേദത്തിൽ പ്രകീർത്തിക്കപ്പെടുന്ന ദൈവമാണ് മിത്ര. ഇറാനിയൻ സംസ്കാരത്തിൽ കോൺട്രാക്ട്, എഗ്രിമെന്റ്, ഉടമ്പടി എന്നും വിവക്ഷണം.

ഐതീഹ്യമെന്തുമാവട്ടെ- ന്യൂജഴ്സിയിലെ കീൻ യൂണിവേഴ്സിറ്റിയുടെ വിൽകിൻസ് തിയേറ്റർ പെർഫോമിങ് ആ്‍ട്സ് െസന്ററിൽ മിത്രാസ് രാജന്റെയും മിത്രാസ് ഷിറാസിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ മിത്രാസ് ഫെസ്റ്റിവൽ വെളിച്ച – ശബ്ദ ദൃശ്യവിന്യാസങ്ങളുടെ സമ്മിശ്ര പ്രഭാപൂരങ്ങൾക്കാണ് വേദിയായത്. നിരവധി വീഴ്ചകൾ ചൂണ്ടിക്കാണിക്കാവുമെങ്കിലും സൂര്യാകൃഷ്ണമൂർത്തിയുടെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടുത്താവുന്ന വ്യക്തി പ്രഭാവങ്ങൾ അമേരിക്കയിലും ഉണ്ട് എന്ന് വെളിവാക്കുന്നതായി മിത്രാസ് ഫെസ്റ്റിവൽ 2015. കലാമൂല്യമുളള ഒരു പെർഫക്ട് എന്റർടെയിൻമെന്റ് പ്രോഗ്രാമിനായുളള കുതിച്ചു ചാടലിൽ ഗാനങ്ങൾക്ക് അതർഹിക്കുന്നതിലും കൂടുതൽ പ്രധാന്യം നല്കിയെന്നതൊഴിച്ചാൽ പൊതുവെ ആസ്വാദക ഹൃദയങ്ങളെ പിടിച്ചിരുത്താൻ പ്രാപ്തമായി എന്ന് കരുതുന്നതിലും തെറ്റില്ല.

ഒരു കാര്യം തീർച്ച – അമേരിക്കയിൽ പൊതുവെ കണ്ടു വരുന്ന സ്റ്റേജ് ഷോകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു മിത്രാസ് ഫെസ്റ്റിവൽ. രാജൻ ചീരന്റെ വിഷനെയും ഉദ്ദേശശുദ്ധിയേയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. സംഭവിച്ചതൊക്കെ നല്ലതിന് എന്ന് കരുതുവാനേ കഴിയൂ. അവസാന നിമിഷം സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്ന ആൾ കാലുമാറിയതിനും അവാർഡ് എറ്റുവാങ്ങേണ്ടവർ താമസിച്ച് എത്തിയതിനും രാജൻ ചീരനെ കുറ്റം പറയുന്നതിൽ അർത്ഥമില്ലല്ലോ.

പത്തമ്പതുപേരെ മേയിച്ചു നടത്തി ഇങ്ങനെയൊരു ഷോ നടത്താൻ സാധിച്ചത് രാജന്റെ ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ്. ഫ്രാങ്കോ, മന്യ, അക്കരക്കാഴ്ചകൾ ഫെയിം താരങ്ങൾ തുടങ്ങി ഒട്ടേറെപ്പേരെ ഒരു വേദിയിൽ സമ്മേളിപ്പിച്ചത് നന്നായി. അമേരിക്കയിൽ അറിയപ്പെടുന്നവരും തങ്ങളുടെ കഴിവുകൾ തെളിയിച്ചവരുമായവരെ വേദിയിൽ എത്തിച്ചതും നന്നായെന്നേ പറയാനാവൂ. യുവജനങ്ങൾക്ക് വേണ്ട പ്രോത്സാഹനം നല്കിയെന്നതും സ്വാഗതാർഹം തന്നെ. പരിമിതികൾക്കുളളിൽ നിന്നു കൊണ്ട് തന്നെ ഒരു താരനിശ സ്റ്റൈലിലെന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിൽ വൈഭവം പ്രകടിപ്പിച്ചതും ഗംഭീരമായി. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടവരുടെയും നാടകത്തിൽ അഭിനയിച്ച പ്രമുഖരുടെയും വേഷപകർച്ചകൾ കൗതുകമുണർത്തുന്നതായിരുന്നു. പ്രൊഫഷണൽ ഗായകരുടെ ആലാപന ശൈലി ഹൃദ്യമായെങ്കിലും അമച്വർ രംഗത്തുളളവരുടേത് എങ്ങനെയുണ്ടായിരുന്നുവെന്നത് ശ്രോതാക്കളുടെ അഭിപ്രായത്തിന് വിടുകയാണ്. ലൈറ്റിംഗിനും ബാക്ഡ്രോപ് സെറ്റിംഗിനും വ്യതിരക്തതയുണ്ടായിരുന്നുവെങ്കിലും ഉയർന്ന നിലവാരം പ്രതീക്ഷിച്ചെത്തിയവരെ നിരാശരാക്കിയോ എന്ന സംശയം അവശേഷിക്കുന്നു.

അമേരിക്കയിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവരെ ആദരിക്കാനുളള സന്മനസ് കാട്ടിയതിൽ മിത്രാസ് ടീം അഭിനന്ദനം അർഹിക്കുന്നു. ഡാൻസ് രംഗത്തുനിന്നും വിദ്യാ സുബ്രഹ്മണ്യം, ദൃശ്യമാധ്യമ രംഗത്തു നിന്നുളളള സജിനി സഖറിയാ, ജോസ്കുട്ടി വലിയകല്ലുങ്കൽ, അജയൻ വേണുഗോപാൽ എല്ലാവരുടേയും സുഹൃത്തും മികച്ച കലാസ്വാദകനുമായ ദിലീപ് വർഗീസ്, നാടകാചാര്യൻ 18 വയസിൽ തുടങ്ങി 84 വയസ് വരെ കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പി. ടി. ചാക്കോ എന്നിവരെ കണ്ടുപിടിച്ച് ആദരിച്ചത് സ്വാഗതാർഹം തന്നെ.

ഫ്രാങ്കോ എന്ന ഗായകന്റെ വിനയവും ശുദ്ധ ഹൃദയവും മിത്രാസിന് മിത്രതുല്യമായി എന്ന് കരുതുന്നതിൽ ഒരു തെറ്റുമില്ല. മലയാള സിനിമാ രംഗത്തെ മറ്റൊരു ഗായകനും അവകാശപ്പെടാൻ കഴിയാത്ത വിനയാന്വിതയും ഭൂമിയോളം താഴ്ന്ന വിശാലമനസ്കതയും മിത്രാസിന് തുണയായി എന്ന് പറയുന്നതിൽ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. അമച്വർ ഗായകർക്കൊപ്പം യാതൊരു വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ ചുറ്റും നടമാടിയ എല്ലാ ന്യൂനതകൾക്കുമൊപ്പം ഫ്രാങ്കോ പ്രസന്നവദനനായി പങ്കെടുത്തു എന്നത് മാത്രം മതി അദ്ദേഹത്തിന്റെ ഹൃദയ വിശാലത വെളിവാകുവാൻ.

മയൂരാ സ്കൂൾ ഓഫ് ആർട്സിലെ കലാകാരികൾ, സാരഥി ബിന്ദ്യാ പ്രസാദിനൊപ്പം ആടിത്തിമിർത്തു. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ മെറീന നന്നായി നൃത്തം ചെയ്തു. നോക്കു കുത്തിയെ പോലെ വിജുവിനെ കീബോർഡുമായി സ്റ്റേജിൽ നിർത്തിയത് അരോചകമായി. ബാക്ക് ഗ്രൗണ്ട് മ്യൂസിക് സ്കോർ ചെയ്യുന്നത് ഓഡിറ്റോറിയത്തിനു പിന്നിലുണ്ടായിരുന്ന സൗണ്ട് കൺസോളിൽ നിന്നുമാണെന്ന് വെളിവാക്കും വിധമായിരുന്നു ഗായകരുടെ അംഗവിക്ഷേപങ്ങൾ.

സ്റ്റേജിൽ മായാപ്രപഞ്ചം സൃഷ്ടിക്കുവാൻ ഫോഗ് മഷീന് കഴിയുമെന്നത് യാഥാർത്ഥ്യമാണെങ്കിലും വടിംബ്രേക്ക് പോലെ ഇടയ്ക്കിടെ പുകയൂതി വിടുന്നത് കാണുന്നത് ആത്മാർത്ഥമായി പറയട്ടെ, ബോറായി.

ശാലിനി രാജേന്ദ്രൻ, സുമാ നായർ എന്നിവരുടെ ഗാനാലാപനങ്ങൾ ഹൃദ്യമായി എന്ന് പറയാതിരിക്കാനാവില്ല. മെഡ് ലി പലേടത്തും കണ്ടിട്ടുണ്ടെങ്കിലും രാജൻ വിഭാവനം ചെയ്ത രീതി നന്നായിരുന്നു. മനസ്സിൽ പതിഞ്ഞിട്ടുളള പോപ്പുലറായ ഗാനങ്ങളുടെ ചരണങ്ങളിൽ തുടങ്ങി പിന്നീട് പല്ലവി പാടി അടുത്ത പാട്ടിലേക്ക് ട്രാൻസിഷനും അപ്പോഴത്തെ ബാക്ക് ഡ്രോപ്പും എല്ലാം മനോഹരമായി.

നാടകത്തിന്റെ ഇതിവൃത്തം, കേരളീയ ജീവിത യാഥാർത്ഥ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതായിരുന്നുവെങ്കിലും നാടക സങ്കല്പങ്ങളെപ്പറ്റി കുറെക്കൂടി ജാഗരൂകമാകാമായിരുന്നു. അഭിനേതാക്കൾക്കും സംവിധായകനും ന്യൂനതകളൊക്കെയും മാറ്റി നിർത്തി പറയട്ടെ. പത്തഞ്ഞൂറു പേരെ ഓഡിറ്റോറിയത്തിൽ കൊണ്ടു വരാനും ഒപ്പം പത്തമ്പതു പേരെ സ്റ്റേജിൽ ഒന്നിനു പുറകെ ഒന്നായി അണിനിരത്തുവാനും കഴിഞ്ഞതിൽ രാജൻ ചീരന് അഭിമാനിക്കുവാനേറെ. സാധാരണ മലയാള അസോസിയേഷനുകളിൽ കാണുന്ന അപ്രമാദിത്വവും നിസ്സഹകരണവും കാമ്പില്ലായ്മയും മൈക്ക് കടിച്ചു പറിച്ചു തിന്നുന്ന പ്രവണതയും എല്ലാം ഒഴിവാക്കിയെന്നത് മിത്രാസ് രാജന് അഭിമാനിക്കുവാൻ വക നല്കുന്നതാണ്.

5.30ന് പ്രോഗ്രാം തുടങ്ങുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. സമയത്തിനു മുൻപു തന്നെ കാണികൾ ഓഡിറ്റോറിയത്തിലെത്തി, ആദ്യ അനൗൺസ്മെന്റ് വരുന്നത് കാത്തിരിപ്പായിരുന്നു 5.15 മുതൽ ആറ് മണി വരെയും അടച്ചിട്ട കർട്ടന്റെ മധ്യഭാഗത്തു കൂടി ആൾക്കാർ നൂണ്ടു കയറിയും ഇറങ്ങിയും, ഇറങ്ങിയും കയറിയും കാഴ്ചക്കാർക്ക് വേദി അരോചകമാക്കി. ഒരു പ്രൊഫഷണൽ പ്രോഗ്രാം നടക്കുന്നിടത്ത് ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ്. 2014 ലെ കന്നി ഷോയ്ക്കുശേഷം അന്നു മുതൽ ഇന്നുവരെയും ഈ ഷോയ്ക്ക് വേണ്ട തയ്യാറെടുപ്പിലായിരുന്നു എന്നു രാജൻ തുടക്കത്തിൽ പറഞ്ഞിരുന്നുവെങ്കിൽ കാഴ്ചക്കാർ ചിലപ്പോൾ പല ന്യൂനതകളും മറന്നേനെ. ഒരു ചെറിയ കാര്യം കൂടി, സമയകൃത്യത ഒരു വലിയ ഘടകം തന്നെയാണ്. പറഞ്ഞാൽ പറഞ്ഞതുപോലെ സമയത്ത് തുടങ്ങുക എന്നത് ഏതൊരു പ്രോഗ്രാമിന്റെയും വിജയഘടം രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കു തന്നെ ചെയ്യും. അതിനു മിത്രാസിനു കഴിഞ്ഞില്ലായെന്നത് ഒരു ദുഃഖസത്യമായി തന്നെ നിലകൊളളുകയാണ്.

േപർഷ്യൻ ഐതീഹ്യത്തിൽ സൂര്യൻ പോലും ഉപാസിച്ചിരുന്ന ദൈവമാണ് മിത്രാസ്. ആ മിത്രാസിലേക്കുളള ദൂരത്തിലേക്ക് എത്താൻ ഇനിയും കല്ലും മുളളും നിറഞ്ഞ വഴികൾ രാജനു നടന്നു കയറേണ്ടതുണ്ട്. ഈ ഭഗീരഥപ്രയത്നത്തിന് അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ......

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.