Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഴിനീരുകൾ

shyam ശ്യാംകുമാര്‍

രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. നനുത്ത കാറ്റില്‍ മഴത്തുള്ളികള്‍ ജനലഴികളില്‍ പതിച്ച് അവ തേരട്ടകളെ പോലെ പതിയെ താഴേയ്ക്കിറങ്ങി. അതയാളുടെ കൈകള്‍ക്കിടയിലൂടെ വീണ്ടും താഴേയ്ക്ക് ഇഴഞ്ഞു. എന്തോ അതൊന്നും അറിയാതെ അയാള്‍ ജനല്‍ അഴികളില്‍ പിടിച്ചു പുറത്തേയ്ക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. ഇടയ്ക്കിടയ്ക്കുള്ള മിന്നല്‍ വെളിച്ചത്തില്‍ അയാളുടെ കണ്ണുകളില്‍ ഈറന്‍ അണിഞ്ഞിരിക്കുന്നത്‌ കാണാമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ മകന്‍ തന്നെ വൃദ്ധസദനത്തിലേക്കു മാറ്റും. അത് അയാളുടെ മനസ്സിനെ വല്ലാതെ തളര്‍ത്തിയിരിന്നു. ഒരു കൂട്ടായി അവള്‍ ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍. ഭാര്യയുടെ മരണത്തിനു മുന്‍പുള്ള എല്ലാ യാത്രകളും അവര്‍ ഒരുമിച്ചായിരുന്നു. അയാളുടെ മനസ്സ് തേങ്ങുകയാണ്.

അടുത്ത ആഴ്ചയില്‍ അയാളുടെ മകനും കുടുംബവും മുംബൈയിലേക്ക് താമസം മാറുകയാണ്. അതിന്‍റെ മുന്നോടിയാണു മകന്‍ അയാള്‍ക്കായ്‌ ഒരുക്കി കൊടുത്ത വൃദ്ധസദനം. അയാളുടെ മകന്‍ വളരെ തിരക്കുള്ള ഒരു ഉദ്യോഗസ്ഥനും, അതിലുപരി ഒരു വലിയ മൃഗസ്നേഹിയും ആ സംഘടനയുടെ ഒരു സ്ഥാനം വഹിക്കുന്ന ആളുകൂടിയാണ്. ആദ്യമെല്ലാം തന്‍റെ മകന്‍റെ പ്രവർത്തനങ്ങളെ വളരെ സന്തോഷത്തോടെ കാണുകയും, പിന്നിട് മനുഷ്യജീവനു തന്നെ ഭീഷിണി ഉയര്‍ത്തുന്ന തെരുവ് നായ പ്രശ്നത്തില്‍ മകനും അവരുടെ സംഘടനയും സ്വീകരിച്ച നിലപാടുകള്‍ അയാളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. പിഞ്ചു കുഞ്ഞുങ്ങളുടെ കടിച്ചു കീറിയ മുഖങ്ങളും, അമ്മമാരുടെ ദീനരോദനങ്ങളും അയാളുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും എപ്പോളും അസ്വസ്ഥത നല്‍കി കൊണ്ടേയിരുന്നു. പലപ്പോഴും അച്ഛന്റെയും മകന്‍റെയും ഇടയില്‍ ഇതിനെ ചൊല്ലി എതിര്‍പ്പുകളും തര്‍ക്കങ്ങളും ഉണ്ടായി. അതു പിന്നീടു അയാള്‍ക്ക്‌ നേടിക്കൊടുത്തതു വൃദ്ധസദനം ആയിരുന്നു.

രണ്ടു ദിവസം പൊടുന്നനെ കടന്നുപോയിരിക്കുന്നു. അയാള്‍ വളരെ നേരത്തെ എഴുന്നേറ്റു.അല്ല അയാള്‍ ഉറങ്ങിയിട്ടുണ്ടയിരുന്നില്ല. കൊച്ചു മക്കളുമായ് അൽപനേരം നേരം ഇരിക്കണം. അല്ലെങ്കില്‍ അവര്‍ സ്കൂളില്‍ പോയി വരുമ്പോള്‍ അപ്പാപ്പനെ കണ്ടില്ലെങ്കിലോ. അയാളുടെ മനസ്സ് നീറുകയാണ്. അയാള്‍ വേഗം മുറിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങി. ഇല്ല കുട്ടികള്‍ എഴുന്നേറ്റിട്ടില്ല. അല്ല ആരും എഴുന്നേറ്റിട്ടില്ല. അയാളുടെ കണ്ണുകള്‍ നേരെ ക്ലോക്കിലേയ്ക്ക്, സമയം മൂന്നു മണിയോട് അടുക്കുന്നതെയുള്ളൂ. അയാള്‍ ജനല്‍ പാളികള്‍ തുറന്നിട്ട്‌ അഴികളിലൂടെ പുറത്തേയ്ക്ക് നോക്കി നിന്നു. മഴ പെയ്തൊഴിഞ്ഞ മുറ്റം. നനുത്ത കാറ്റ് അഴികള്‍ക്കിടയിലൂടെ അയാളുടെ മുഖത്തെ തഴുകി മുറികളിലേയ്ക്ക് കയറി. കാറ്റില്‍ മൂവാണ്ടന്‍ മാവിന്‍ ഇലകളില്‍ പറ്റിയിരിക്കുന്ന മഴത്തുള്ളികള്‍ താഴേയ്ക്ക് പതിക്കുന്നുണ്ടായിരുന്നു. ക്ലോക്കില്‍ സമയം 3.30 കഴിഞ്ഞു. സമയം ഒച്ചുകളെ പോലെ ഇഴയുന്നതായ് അയാള്‍ക്ക്‌ തോന്നി. അയാള്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായ് നടന്നു.

സമയം ആറു കഴിഞ്ഞു കുട്ടികള്‍ എഴുന്നേറ്റിരിക്കുന്നു. അയാള്‍ അവരുടെ അടുത്തേയ്ക്ക് വളരെ വേഗത്തില്‍ നടന്നു. കുട്ടികള്‍ വന്നു അപ്പാപ്പനെ കെട്ടിപിടിച്ചു. “അപ്പാപ്പ ആ പ്രാവിന്‍റെ മുട്ട വിരിഞ്ഞോ?” കുട്ടികള്‍ വളരെ ആകാംക്ഷയോടെ ചോദിച്ചു. “അറിയില്ല മക്കളെ വാ പോയി നോക്കാം” അയാള്‍ പറഞ്ഞു. അവര്‍ പുറത്തേയ്ക്ക് ഇറങ്ങി. “ഏയ്‌ ബ്രഷ് ചെയ്തോ നിങ്ങള്‍ വേഗമാകട്ടെ ടൈം പോകുന്നു”. “അപ്പാപ്പ അമ്മ വിളിക്കുന്നു ടൈം പോകുന്നു നമുക്ക് ഈവനിങ്ങ് നോക്കാം” അവര്‍ അകത്തേയ്ക്ക് ഓടി...കുട്ടികളുമൊന്നിച്ചുള്ള ഈ കളികളും കാഴ്ചകളും തനിക്കു നഷ്ടമാകുവാന്‍ പോകുന്നുവെന്ന സത്യം അയാളെ വേദനിപ്പിച്ചു.
“അപ്പാ ഞാന്‍ പറഞ്ഞതല്ലേ നേരത്തെ റെഡിയാകണമെന്ന്”മകന്‍റെ ഉയര്‍ന്ന ശബ്ദത്തിലുള്ള സംസാരം അയാളെ അതിനു നിര്‍ബന്ധിതന്‍ ആക്കി തീര്‍ത്തു.അയാള്‍ നേരെ മുറിയിലേക്ക് നടന്നു.

അയാള്‍ പോകുവാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. താന്‍ പതിവായി ഇരിക്കാറുള്ള തന്‍റെ കസേരയില്‍ പോയിരുന്നു. കുട്ടികള്‍ പതിവുപോലെ അപ്പാപ്പനു ടാറ്റാ പറഞ്ഞ് സ്കൂള്‍ ബസ്സിലേക്ക് ഓടി. അയാള്‍ പൊടുന്നനെ കസേരയില്‍ നിന്നും ധൃതി പിടിച്ച് എഴുന്നേറ്റു. അവരെ കെട്ടിപിടിച്ചു ഒരു ഉമ്മകൊടുക്കുവാന്‍ അയാള്‍ കൊതിച്ചിരുന്നു...ബസ്സ് തന്‍റെ കണ്ണുകളില്‍ നിന്നും മറയുംവരെ അയാള്‍ നോക്കിനിന്നു. “കുട്ടികള്‍ തന്നില്‍ നിന്നും എന്നന്നെയ്ക്കുമായ് മറയുകയാണോ”?അറിയില്ല!.
“അപ്പാ കാറിലേക്ക് കയറിക്കോളു”. ലഗേജെല്ലാം ഞാന്‍ എടുത്ത് വച്ചോളാം.

അയാള്‍ അനുസരണയോടെ കാറിനുള്ളിലേയ്ക്ക് കയറി ഇരുന്നു. ലഗേജ് കയറ്റുന്നതിനിടയില്‍ മകനും ഭാര്യയും തമ്മിലുള്ള സംസാരം അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. നാളെ വീട്ടില്‍ വച്ച് നടത്തുന്ന മൃഗസംരക്ഷണ സമിതിക്കാരുടെ ഒത്തുചേരലില്‍ വിളമ്പുന്ന വിഭവങ്ങളെ കുറിച്ചായിരുന്നു. “അച്ചായാ കോഴി നമ്മള്‍ ഉദേശിച്ചത് കിട്ടിയില്ലല്ലോ”....
“ഓ അത് മതിയെടി നമ്മള് വളര്‍ത്തുന്ന രണ്ടെണ്ണത്തെ കൂടി കൊല്ലാം”.. “പിന്നെ ബീഫ് പറഞ്ഞിട്ടുണ്ടല്ലോ....” “ഇന്ന് വെട്ടുന്ന പോത്താ അപ്പോള്‍ ഫ്രഷ്‌ ആയിരിക്കും”. ഇത് കേട്ട അയാളുടെ മനസ്സ് പറഞ്ഞു “ഹും മൃഗസ്നേഹികള്‍.....”. അയാള്‍ ആ വചനങ്ങള്‍ ഓര്‍ത്തു “കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും കല്ല്‌ ഉരുട്ടുന്നവന്‍റെമേല്‍ അത് തിരിഞ്ഞ് ഉരുളും”.. കാര്‍ മുന്നോട്ടു നീങ്ങിത്തുടങ്ങി . ആകാശം ഇരുണ്ടിരുന്നു. ചാറ്റല്‍മഴ കാറിന്‍റെ വിന്‍ഡോ ഗ്ലാസ്സിലൂടെ മിഴിനീര്‍തുള്ളിപോല്‍ താഴേയ്ക്ക് ഒഴുകി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.