Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹിനിയാട്ടം തിരനോക്കുമ്പോൾ

mohiniyattam1 ഡോ.നീനാ പ്രസാദ് ദുബായിൽ അവതരിപ്പിച്ച മോഹിനിയാട്ടം.

പരിത്യക്തയായ ശൂർപ്പണഖയുടെ വിലാപത്തിൽ ചോര വാർന്നൊലിയ്ക്കുന്ന വേദനയ്ക്കൊപ്പം നിരാകരണത്തിന്റെ കടുംനോവും കലർന്നിരുന്നു. ആര്യവംശത്തിന്റെ ക്രൂരതയ്ക്കിരയാകേണ്ടി വന്ന ശൂർപ്പണഖയുടെ ദുരന്താഖ്യാനം മോഹിനിയാട്ടത്തിന്റെ രംഗഭാഷയിലേക്ക് ഡോ. നീനാപ്രസാദ് അനായാസം പകർത്തുന്ന ചേതോഹരമായ അനുഭവത്തിന് ഇത്തവണ ദുബായിൽ നടന്ന തിരനോട്ടത്തിന്റെ ഉത്സവവേദി സാക്ഷിയായി. അന്യൂനമായ ഭാവനയും അതിമനോഹരമായ സാങ്കേതികതികവും തികഞ്ഞ രണ്ട് അവതരണങ്ങളും സോദാഹരണക്ലാസുകളും ചേർന്നതായിരുന്നു നീനാപ്രസാദ് നിർവ്വഹിച്ച തിരനോട്ടത്തിലെ അരങ്ങ്.

കലാരംഗത്ത്‌ മോഹിനിയാട്ടവുമായി ബന്ധപ്പെട്ടു കേട്ട് വന്നിരുന്ന സംവാദങ്ങൾ മിക്കതും വേഷത്തിലും മുടിക്കെട്ടിലുമൊതുങ്ങി നിൽക്കുന്നതു കൊണ്ടുകൊണ്ടാവണം, മോഹിനിയാട്ടം സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു കലാമാദ്ധ്യമം ആയി ഇതുവരെ പലർക്കും തോന്നിയിരുന്നില്ല. സംഗീതത്തിന്റെ ശൈലീകൃതമായ ചുവടുകൾ കോർ ത്തിണക്കിയ ദൃശ്യമാണ് മോഹിനിയാട്ടം എന്നാണ് കലാസ്വാദകരിൽ തന്നെ പലരും ധരിയ്ക്കുന്നത്. ഇത്തരം മുന്‍വിധികൾ എല്ലാം തകിടം മറിക്കുന്ന ഒരു കണ്‍തുറക്കലായിരുന്നു ദുബായിൽ നടന്ന എട്ടാമത് ഉത്സവത്തിന്റെ(IKKF)രണ്ടാംഭാഗം. മോഹിനിയാട്ടത്തെ ഗൌരവതരമായ അഭിനയസങ്കേതങ്ങള്‍ ഉള്ള ആത്മാവിഷ്കാരമായി തിരിച്ചറിയാനായി എന്നതാണ് ഇത്തവണത്തെ ഉത്സവത്തിലെ സുപ്രധാനനേട്ടം.

2007 മുതൽ പ്രവര്‍ത്തനം ആരംഭിച്ച തിരനോട്ടം എന്ന കലാസ്വാദന കൂടായ്മ വർഷം തോറും കേരളത്തിന്റെ ശാസ്ത്രീയ കലാ രൂപങ്ങളായ കഥകളിയും കൂടിയാട്ടവും തായമ്പകയും ദുബായിലെ ആസ്വാദകർക്കായി ഒരുക്കുന്നു. എട്ടു വര്‍ഷങ്ങളുടെ നിരന്തര പരിശ്രമ ഫലമായി ഈ കലകൾ ഗൌരവമായിതന്നെ ആസ്വദിക്കാൻ ത്രാണിയുള്ള ഒരു ആസ്വാദകവൃന്ദത്തെ വികസിപ്പിച്ചെടുക്കാനും വളര്‍ത്തിയെടുക്കാനും തിരനോട്ടത്തിന്റെ പ്രവര്‍ത്തനത്തിനു ആയിട്ടുണ്ട്‌. സാംസ്കാരികലോകത്ത്, പ്രത്യേകിച്ച് കേരളീയശാസ്ത്രീയ കലാലോകത്ത് അതൊരു ചെറിയ സംഭവം അല്ല. സാധാരണമായി പ്രവാസവേദികൾ ജനപ്രിയ സ്റ്റാർഷോകളിൽ മാത്രം അഭിരമിയ്ക്കുന്ന ഘട്ടത്തിലാണ് കഥകളിയും തായമ്പകയും കൂടിയാട്ടവും മോഹിനിയാട്ടവുമെല്ലാം അടങ്ങുന്ന കേരളീയശാസ്ത്രീയകലാപ്രകടങ്ങളുടെ ഗൌരവമുള്ളൊരു വേദിയായി തിരനോട്ടം ദുബായ് സാംസ്കാരികാന്തരീക്ഷത്തെ പരിണമിപ്പിയ്ക്കുന്നത്.

mohiniyattam2 ഡോ.നീനാ പ്രസാദ് ദുബായിൽ അവതരിപ്പിച്ച മോഹിനിയാട്ടം.

ശാസ്ത്രീയ കലകള്‍ ആസ്വദിക്കാന്‍ താല്പര്യം മാത്രം പോര, സാങ്കതികപരിജ്ഞാനം കൂടി വേണം. തിരനോട്ടം ആദ്യ അരങ്ങു മുതല്‍ കഥകളിയുമായി ബന്ധപ്പെട്ട ശില്പശാലകൾ ഇതിനായി നടത്തിവരുന്നു. 'നവരസം' എന്ന ഒമ്പത് ദിവസത്തെ ശിൽ‌പ്പശാല, 'തൗര്യത്രികം','മുദ്രായണം', 'ഭൈമീ-നൈഷധീയം' എന്നിങ്ങനെയുള്ള പുതുമയാർന്ന ആസ്വാദനക്കളരികൾ തിരനോട്ടം നടത്തിയിട്ടുണ്ട്. ഇതേസമയം തന്നെ കേരളത്തിലും പാരമ്പര്യ കലകളെ പരിപോഷിപ്പിക്കാനായി പഠനശിബിരങ്ങളും പഠന സഹായങ്ങളും മുദ്രാപീഡിയ പോലുള്ള പദ്ധതികളും തിരനോട്ടം ഏറ്റെടുത്തു നടത്തുന്നു. പുസ്തകപ്രസിദ്ധീകരണങ്ങൾ കലാകാരന്മാരുടെ സ്പോൺസർഷിപ്പ് പദ്ധതികൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കേരളത്തിലും തിരനോട്ടത്തിനുണ്ട്. മോഹിനിയാട്ടം തിരനോട്ടത്തിന്റെ അരങ്ങുകളിലേയ്ക്ക് ചേര്‍ക്കപ്പെട്ടത് രണ്ടു കൊല്ലം മുമ്പാണ്. 2013ല്‍തിരനോട്ടത്തിന്റെ ആദ്യ സമ്പൂർണ മോഹിനിയാട്ട അവതരണം ഇന്നത്തെ യുവനർത്തകികളിൽ ശ്രദ്ധേയയായ മേതിൽ ദേവികയുടേത് ആയിരുന്നു.

ഇക്കൊല്ലം കൂടുതൽ വിപുലീകൃത നിലയിൽ മോഹിനിയാട്ടകച്ചേരിയും ചൊല്ലിയാട്ടവും IKKF ന്റെ ഭാഗമായി ദുബായി ഇന്ത്യന്‍ കൗണ്‍സിലെറ്റിൽ വച്ച് നടന്നു. ഏപ്രില്‍ 17 – 18 തീയതികളില്‍ ഡോ: നീന പ്രസാദ് നടത്തിയ ചൊല്ലിയാട്ടം മോഹിനിയാട്ടത്തെപ്പറ്റിയുള്ള നിരവധി മുൻ‌വിധികളെ പൊളിച്ചെഴുതുന്നതായിരുന്നു. സ്വാതി കൃതികള്‍ പോലെ ശൃംഗാരപ്രധാനമായ ലാസ്യ ആവിഷ്കാരങ്ങൾ ആകും മോഹിനിയാട്ടത്തിനു അനുയോജ്യം, മോഹിനിയാട്ടം സ്ത്രീകള്‍ക്ക് മാത്രമേ അവതരിപ്പിക്കാനാകൂ, ചൊല്‍ക്കെട്ട് , ജതിസ്വരം , തില്ലാന എന്നിവ ആവര്‍ത്തന വിരസതയുളവാക്കുന്ന അടവുകള്‍ നിറഞ്ഞതാണ്‌, എകാഹാര്യ മാതൃകയില്‍ നിന്നും മാറിയാല്‍ തനതു മോഹിനിയാട്ട മാര്‍ഗത്തില്‍ കലര്‍പ്പ് ആയേക്കാം എന്നിങ്ങനെ ആസ്വാദകസമൂഹത്തിൽ നിലനിൽക്കുന്ന നിരവധി മുൻ‌വിധികൾ തിരുത്തപ്പെട്ട അനുഭവം അവിസ്മരണീയമാണ്.

ഒരു വികാരത്തെ അഭിനയമുഹൂര്‍ത്തത്തിന്റെ സമയ പരിമിതിക്കുള്ളിൽ സ്ഫുടം ചെയ്തു മാറ്റ് കൂട്ടിയെടുക്കുന്ന രീതിയാണ് മോഹിനിയാട്ടത്തിന്റേത്. മോഹിനിയാട്ടത്തിന്റെ നൃത്യത്തില്‍ ഇന്ന് പ്രകടമായി കാണപ്പെടുന്ന സ്ത്രൈണപരിചരണം കളരി പാരമ്പര്യത്തിലൂടെ രൂപപ്പെട്ടു വന്നതാണെന്ന് ഡോ:നീന പ്രസാദ്‌ അഭിപ്രായപ്പെടുന്നു. നൃത്യത്തിന്റെ ഭംഗി കൂട്ടുവാന്‍ ഉപയോഗിക്കുന്ന നിലകളും സ്ഥാനകങ്ങളും സ്ത്രീ ശരീരത്തിനു നൈസർഗികമായി ചെയ്യാനാകുന്നവയാണ്. അതേസമയം നൃത്തം ലിംഗേതരമായ അസ്തിത്വമാർജ്ജിക്കേണ്ടതാണ്. പുരുഷനും സ്ത്രീയ്ക്കും സ്വന്തം സ്വത്വനിലയിൽ ആവിഷ്കരിയ്ക്കാനാവുമ്പോഴാണ് നൃത്തകല ഉദാത്തനിലയെ പ്രാപിയ്ക്കുന്നത്. നീനാപ്രസാദ് വിശദീകരിച്ച മർമ്മസ്പർശിയായ സൈന്ദര്യനിരീക്ഷണങ്ങൾ മോഹിനിയാട്ടത്തിന് സമകാലീനകലാരൂപങ്ങളിൽ ഉള്ള സവിശേഷ വ്യക്തിത്വത്തെയും ആഴത്തിലുള്ള അന്വേഷണങ്ങളേയും വ്യക്തമാക്കുന്നതായിരുന്നു.

ഇതോടൊപ്പം നടന്ന കൂടിയാട്ടത്തിന്റെ സോദാഹരണ പ്രഭാഷണങ്ങളൂം പുറപ്പാടും നിര്‍വഹണവും നാടകവും അടക്കമുള്ള കൂടിയാട്ട അവതരണവും തികച്ചും നവ്യമായ അനുഭവമാണ് ഉളവാക്കിയത്. രണ്ടു ദിവസങ്ങളിലായി നടന്ന അന്തര്‍ദേശീയ കൂടിയാട്ട കഥകളി ഉത്സവം IKKF രണ്ടാംഭാഗത്തിന്റെ വേദിയില്‍ അമ്മന്നൂര്‍ ഗുരുകുലത്തിലെ സൂരജും ഡോ: അപര്‍ണയും കൂടിയാട്ടത്തിന്റെ സാങ്കേത ബദ്ധമായ അഭിനയ സമ്പ്രദായം ശാസ്ത്രീയമായി വിശദീകരിച്ചു. കഥാപാത്രത്തിന്റെ സ്ഥായിയില്‍ നിന്നും സ്ഥല-കാല രൂപങ്ങളിലൂടെ വിവിധങ്ങളായി സഞ്ചരിക്കുന്ന രീതികള്‍ കൂടിയാട്ടത്തെ കുറച്ചു കൂടെ അടുത്തുനിന്ന് കാണുവാൻ സഹായകമായി.

ശാസ്ത്രീയ നാടക അവതരണ സങ്കേതത്തിന്റെ മഹനീയ മാതൃക നമ്മള്‍ രണ്ടായിരം കൊല്ലങ്ങളോളം ലോകത്തിനു വേണ്ടി കാത്തു സൂക്ഷിച്ച കൂടിയാട്ടത്തിന്റെ രീതി തികച്ചും വിസ്മയകരമാണ്. അഭിനയത്തെ ആറ്റി കുറുക്കി ഒരു നടന് നിര്‍വഹണം ചെയ്യാന്‍ പാകത്തിൽ ഒതുക്കിയിരിക്കുന്നു. അത് നിരന്തരമായ സാധനയിലൂടെ സ്ഫുടീകരിച്ച് ആസ്വദകരിലേക്കെത്തിയ്ക്കുന്നു. ആ പകര്‍ച്ച സ്വീകരിക്കാൻ പ്രേക്ഷകന്‍ ഒരുക്കപ്പെടെണ്ടതുണ്ട്. അതിന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു കൂടിയാട്ട ശില്പശാല. മൂന്നു ദിവസ്സങ്ങളിലായി പുറപ്പാടും നിര്‍വഹണവും നാടകവും അടക്കം ബാലി വധം കൂടിയാട്ടത്തിന്റെ സമ്പൂര്‍ണ്ണ അവതരണം കളിവിളക്കിന്റെ വെട്ടത്തില്‍ ഒതുങ്ങിയ സദസ്സിനെ ഒരു പ്രപഞ്ച വിശാലതയെ പ്രദാനം ചെയ്തു.

ഭൂരിഭാഗം പ്രവാസിസംഘടനകളും നടത്തുന്ന ഉപരിപ്ലവമായ താരനിശകൾകൊണ്ട് സര്‍ഗാത്മകതയ്ക്കോ സമൂഹ ഉന്നമനത്തിനോ പൊതുവില്‍ കലയ്ക്കോ കലാകാരന്മാര്‍ക്കോ പ്രയോജനം ഉണ്ടാകുന്നില്ല. തിരനോട്ടം ചെയ്യുന്ന തരത്തിലുള്ള ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനായുള്ള ഇടപെടലുകൾ ഇത്തരുണത്തില്‍ എല്ലാ കലാ സംഘങ്ങള്‍ക്കും അനുകരണീയമാണ്. ഗള്‍ഫിലെയും യൂറോപ്പിലെയും ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളിലെകേരള പ്രവാസി സംഘങ്ങള്‍ക്ക് നമ്മുടെ നാട്ടിന്റെ സാംസ്കാരിക രത്നങ്ങളായ പാരമ്പര്യ കലകളെ കൂടി പ്രദര്‍ശിപ്പിക്കുവാനുള്ള ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. ഗൃഹാതുരത്ത്വത്തിലൂടെ ഉടലെടുക്കുന്ന ഊര്‍ജ്ജം പലപ്പോഴും നിഷ്ക്രിയമായി പോകാതെ വളരെ ക്രിയാത്മകമായി തന്നെ സാര്‍ത്ഥകമാക്കേണ്ടതുമാണെന്ന് ഇത്തരം 'ഉത്സവങ്ങൾ' നമുക്ക് വെളിവാക്കിത്തരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.