Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഫലമീ യാത്ര

my crative angadiyath 1

അറബ് ഭാഷയിൽ ഒരു പഴമൊഴിയുണ്ട് ‘ഒരു പക്ഷി ഓരോ പ്രാവശ്യം വെള്ളം കുടിക്കുമ്പോഴും നന്ദിപൂർവ്വം ആകാശത്തേയ്ക്ക് തലയുയർന്നു’ വെന്ന്. സഫലമായ തന്റെ എഴുപതു വർഷത്തെ ജീവിതത്തിനിടയിൽ അങ്ങാടിയത്ത് പിതാവും ഒരുപാട് തവണ ആകാശത്തേയ്ക്ക് തന്റെ കണ്ണുകൾ ഉയർത്തിയിട്ടുണ്ടാവണം. കാരണം, ആ ജീവിതം മുഴുവനും തന്റെ നാഥനായ ദൈവത്തിനുള്ള നന്ദിയർപ്പണമായിരുന്നു; തന്നെ കൈപിടിച്ച് നടത്തിയവനുള്ള സ്തുതിപ്പുകളായിരുന്നു. അന്നും ഇന്നും എന്നും.

ഘടികാരസൂചികൾ മുപ്പതു കൊല്ലം പിറകിലേക്ക് തിരിച്ചുകൊണ്ട് ചരിത്രത്തിലേക്ക് നമുക്കൊന്ന് എത്തിനോക്കാം. എൺപതുകളുടെ ആദ്യപാദത്തിൽ അമേരിക്കയിലുള്ള സിറോ മലബാർ വിശ്വാസികളെ അവരുടെ പാരമ്പര്യത്തിലും തനിമയിലും ഒന്നിപ്പിക്കുന്നതിനുള്ള നിയോഗവുമായി പാലാ രൂപതയിലെ പെരിയപ്പുറത്തുനിന്നും ഒരു വൈദീകൻ ഡാലസിൽ വണ്ടി ഇറങ്ങുന്നു. മനസ്സിൽ നിറയെ സ്വപ്നങ്ങളുമായി. ഒരു സിറോ മലബാർ സമൂഹം അമേരിക്കയിൽ കെട്ടിപ്പെടുക്കുന്നതിനെക്കുറിച്ചായിരുന്നു ആ സ്വപ്നങ്ങൾ മുഴുവനും. തുണയായി ഉണ്ടായിരുന്നത് സന്തതസഹചാരികളായിരുന്ന നിശ്ചയദാർഢ്യവും ദൈവീക പദ്ധതിയിലുള്ള വിശ്വാസവും മാത്രം. പ്രതിസന്ധികളിൽ അടിപതറാതെ മുന്നോട്ടുപോകുവാൻ ദൈവം തന്നെ നിദാനമായി നൽകിയ ആ താലന്തുകൾകൊണ്ടാണ് അമേരിക്കയിൽ ഇന്നു കാണുന്ന സിറോ മലബാർ സമൂഹം അങ്ങാടിയത്ത് പിതാവ് കെട്ടിപ്പെടുത്തത്.

my creative angadiyath 2

ചരിത്രത്തിന്റെ ആ പിൻവഴികളിൽ നിന്നും നേരിന്റെ വെളിച്ചം വീശുന്ന വർത്തമാനകാലത്തിലേക്കു നോക്കുമ്പോൾ എന്തെല്ലാമാണ് നമുക്ക് കാണാൻ കഴിയുന്നത്? അമേരിക്കയിൽ അങ്ങോളമിങ്ങോളമായി 36 ഇടവകകളും അത്രത്തോളം തന്നെ മിഷനുകളും. അടിവരയിട്ടുതന്നെ പറയേണ്ടുന്ന ഒരു കാര്യമാണിത്. കാരണം, അങ്ങാടിയത്ത് പിതാവ് കെട്ടിപ്പെടുത്തത് 36 പള്ളികളായിരുന്നില്ല; മറിച്ച് 36 ഇടവക സമൂഹങ്ങളായിരുന്നു. ചിതറി കിടന്നിരുന്ന ഒരു ജനതയെ ഒരു വിശ്വാസത്തിന്റെ കീഴിൽ, അക്ഷയമായ ഒരു സംസ്കാരത്തിന്റെ കീഴിൽ ഒന്നിപ്പിച്ചു നിർത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. ഭൗതീക പുരോഗതിയേക്കാൾ എത്രയോ മടങ്ങ് പ്രകാശമാനമായ ആത്മീയ പുരോഗതിയാണ് ഇതിലൂടെ പിതാവ് നേടിയെടുത്തത്. രൂപത സ്ഥാപിതമായി ഒരു പതിറ്റാണ്ട് തികയുന്നതിനിടയിൽ തന്നെയാണ് അത്ഭുതാവഹമായ ഈ നേട്ടങ്ങളെല്ലാം കൊയ്തെടുത്തതെന്നോർക്കുമ്പോൾ നമിക്കാതിരിക്കാൻ കഴിയില്ല, അതിന്റെ പിന്നിലുള്ള കഠിനാദ്ധ്വാനത്തേയും, നിശ്ചദാർഢ്യത്തേയും.

ഇന്ന് ഷിക്കാഗോ സിറോ മലബാർ രൂപതയ്ക്ക് പാശ്ചാത്യ-പൗരസ്ത്യ രൂപതകളുടെ ഇടയിൽ തനതായ ഒരു സ്ഥാനമുണ്ട്. സിറോ മലബാർ സഭയുടെ ചൈതന്യവും സംസ്കാരവും ഭാരതത്തിനു പുറത്തും കെടാതെ നിലനിർത്തിയതുകൊണ്ടാണ് ഒട്ടും ചെറുതല്ലാത്ത ആ സ്ഥാനം നമുക്ക് നേടിയെടുക്കാനായത്. അതിനു നമ്മെ സഹായിച്ച എല്ലാ സന്യസിമൈരേയും അവർക്കു നേതൃത്വം നൽകിയ രൂപതയുടെ വലിയ ഇടയനേയും നന്ദിയോടെ ഈ അവസരത്തിൽ സ്മരിക്കുന്നു.

പൗരോഹിത്യത്തെ പദവിയായി കാണാതെ ദൈവ നിയോഗമായി കണ്ട ഷിക്കാഗോ സിറോ മലബാർ രൂപതയുടെ ആ വലിയ ഇടയൻ ഇന്നു സപ്തതിയുടെ നിറവിലാണ്. മഹത്വത്തെക്കുറിച്ച് പറയുമ്പോൾ ഭൂതകാലം ഉപയോഗിക്കേണ്ടിവരുന്ന ദരിദ്രമായ ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ, അങ്ങാടിയത്ത് പിതാവിനെ പോലുള്ളവർ ഒരു ആശ്വാസം മാത്രമല്ല, ആത്മീയതിയിലേക്ക് നമ്മെ നയിക്കുന്ന ഒരു നക്ഷത്ര പ്രകാശം കൂടിയാണ്. തന്റെ സ്ഥാനാരോഹണത്തെ രണ്ടാമത്തെ ദൈവവിളിയായി കണ്ട ആ നക്ഷത്ര പ്രകാശത്തിന് സപ്തതിയുടെ എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.