Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ കഥ

ഒരു പക്ഷേ ഇന്നു നിങ്ങൾ എന്നെ കാണുന്നത് പുതിയൊരു രൂപത്തിലായിരിക്കും - ക്ര എന്ന പോലെ ഒരു ന-റ സങ്കരമായി. പക്ഷേ ഇതെന്റെ ഏറ്റവും പുതിയ അവതാരം മാത്രം. 

എവിടെയാണ്,  എന്നാണ്  ഞാനും എന്റെ സഹോദരങ്ങളും പിറന്നതെന്നു ശബ്ദശാസ്ത്രജ്ഞന്മാർക്കിടയിൽ ഒത്തുതീർപ്പായിട്ടില്ല. ഒരുകാലത്ത്  ഞങ്ങൾ അഞ്ചു പേരുണ്ടായിരുന്നു.  കാലക്രമത്തിൽ ഞങ്ങളിൽ രണ്ടോ മൂന്നോ  പേർ മാത്രമേ ശേഷിച്ചുള്ളൂ. അതും സ്വന്തമായി ശരീരമില്ലാതെ, മറ്റു വർണ്ണങ്ങളിൽ  ആവസിക്കുന്ന പ്രേതങ്ങൾ കണക്കെ. 

നിങ്ങൾക്കറിയാമോ, പനയിലെ ന എന്റെ അനുനാസികസഹോദരിയാണ്. കുറ്റിയിലെ റ്റ എന്റെ ജ്യേഷ്ഠസഹോദരനാണ്.  ഞാൻ തന്നെ പനയിലെ നയും, ഇരട്ടിക്കാത്ത റ്റയും ചേർന്നതാണ്.  "ട  ഠ ഡ ഢ ണ" എന്ന പോലെ ഇരട്ടിക്കാത്ത റ്റയിൽ തുടങ്ങി നിങ്ങൾ തന്നെ ഉച്ചരിച്ചു നോക്കൂ, പനയിലെ നയിൽ വന്നെത്തും. 

അക്ഷരങ്ങളുടെയും ശബ്ദങ്ങളുടെയും അഗാധങ്ങളിൽ മുങ്ങിത്തപ്പി ഞങ്ങളുടെ കുടുംബാങ്ങളെ കണ്ടെടുത്തു ഒരുമിപ്പിച്ചത് കേരളപാണിനി എന്നറിയപ്പെടുന്ന ഏ ആർ രാജരാജവർമ്മ സാറാണ്. അദ്ദേഹത്തോടുള്ള കടപ്പാടു മലയാളത്തിനെന്നപോലെ ഞങ്ങൾക്കും തീരാത്തതാണ്.  അദ്ദേഹം തന്റെ കേരളപാണിനീയം എന്ന പുസ്തകത്തിൽ ഞങ്ങളെ തിരിച്ചറിയാൻ  ചില രൂപങ്ങൾ ശുപാർശ ചെയ്തിരുന്നു. (ആ പുസ്തകത്തിന്റെ  പീഠികയിലെ 12-ആം ഖണ്ടികയിലെ ആറാം വിഭാഗം നോക്കുക.)  അച്ചുകളുടെ ദാരിദ്യം കൊണ്ടോ എന്നറിയില്ല, ആ രൂപങ്ങൾ പിന്നീടാരും ഉപയോഗിച്ചുകണ്ടില്ല. 

ഞങ്ങളിന്നും മലയാളികളുടെ മനസ്സിലാണു  ജീവിക്കുന്നത്. 'നനയുക' എന്നെഴുതിയാൽ അതിലാദ്യത്തേത് നമ്മളിലെ നയാണെന്നും, രണ്ടാമത്തേത് പനയിലെ നയാണെന്നും മലയാളിക്കറിയാം. വിചിത്രമെന്നു പറയട്ടെ, ചെറുപ്പം മുതൽ ഈ ശബ്ദങ്ങൾ  കേട്ടുവളരാത്തവർക്ക് ഈ രണ്ടക്ഷരങ്ങളും  ഒരുപോലെ ശബ്ദിക്കുന്നതായി തോന്നും. അതുപോലെതന്നെ 'കുററി' എന്നെഴുതിയാൽ 'കുറ്റി' എന്നു വായിക്കാനും മലയാളികൾക്കറിയാം.

പക്ഷേ ചില വാക്കുകളിൽ ഒരിത്തിരി സംശയം ഇല്ലാതില്ല. ഉദാഹരണത്തിനു, സ്വപ്നത്തിലെ ന ഏതാണു? നമ്മളിലേതോ പനയിലേതോ? രത്നത്തിലേതോ? 

എന്തിനാണു എന്റെ കഥ പറഞ്ഞു നിങ്ങളെ മുഷിപ്പിക്കുന്നതു എന്നു നിങ്ങൾ ചോദിച്ചേക്കാം. 

കാര്യം ഇതാണ് - എനിക്കും എന്റെ കൂട്ടുകാർക്കും ന-റ സങ്കരവും റ-റ സങ്കരവുമായ രൂപങ്ങൾ നല്കുന്ന ഫോണ്ടുകളെ ശരിയാക്കാമോ?

കൂട്ടക്ഷരങ്ങളെ അപഗ്രഥിച്ചു അക്ഷരശകലങ്ങളായി സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന 'ആൽഗോരിഥം ' അറിയാഞ്ഞിട്ടല്ല. പക്ഷേ, അതിനിത്തിരി മാറ്റം വരുത്താൻ അത്രയ്ക്ക് വിഷമമാണോ? ഏ ആറിന്റെ കാലത്തെപ്പോലെ അച്ചുകളുടെ ചെലവും ഇന്റർനെറ്റിനില്ലല്ലോ? 

ഇനിയും ഇങ്ങനെ അശരീരികളായി,  ആശയക്കുഴപ്പമുണ്ടാക്കി കഴിയേണ്ട വല്ല കാര്യവുമുണ്ടോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.