Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം മുഖാമുഖം കണ്ട ഒരു പ്രവാസിയുടെ അവധിക്കാലം

pic

ആ ദിവസം എനിക്കെന്നല്ല ആർക്കും തന്നെ മറക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്ക്കും ഭയാനകരവും ഭീകരകരവും ആയിരുന്നു. ഗൾഫിൽ നിന്നും നീണ്ട ഒരു വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആ അവധി ദിനം വന്നെത്തി. ഗൾഫുകാരെ സംബന്ധിച്ചിടത്തോളം വർഷത്തിൽ കിട്ടുന്ന ഒരു മാസത്തെ അവധി അവന് ഏറ്റവും പ്രിയപ്പെട്ടതാണ്. നാടിന്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം ഒരിക്കൽ കൂടി ആസ്വദിക്കാനും മനസ്സിൽ നിറയ്ക്കാനും കിട്ടുന്ന ഒരു സുദിനം. കുടുംബത്തെയും നാട്ടുകാരെയും ബന്ധുക്കളെയും ഒരിക്കൽ കൂടി കണ്ട് സ്നേഹം പുതുക്കുവാൻ കിട്ടുന്ന വളരെ തിരക്കേറിയ ഒരു മാസം വളരെ പെട്ടെന്ന് തന്നെ കടന്നു പോകുകയും ചെയ്യും. പിന്നീട് ഒരു നൊമ്പരത്തോടെ വീണ്ടും തിരികെ മരുഭൂമിയിലെ മണലാരണ്യത്തിലേയ്ക്ക് മടങ്ങി വരേണ്ടി വരികയും ചെയ്യുന്ന ഗൾഫ് മലയാളികളിൽ ഒരാളാണ് ഞാനും. ഒരു മാസത്തെ അവധി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നിനും തികയാറില്ല. അവധി കൂട്ടിയെടുക്കാമെന്ന് വിചാരിച്ചാൽ വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയോ ചിലപ്പോൾ ജോലി തന്നെ നഷ്ടപ്പെടുകയോ ചെയ്യും. പിന്നെ ഒരു മാർഗ്ഗം മെഡിക്കൽ ലീവാണ്. ഇങ്ങനെ എല്ലാവർഷവും അവധി നീട്ടി എടുക്കാറുമുണ്ട്. ഇത്തവണയും അവധി നീട്ടിയെടുക്കണമെന്ന ചിന്തയോടെ ആണ് നാട്ടിലേയ്ക്ക് വിമാനം കയറിയത്. വായുവിലൂടെ കിലോ മീറ്ററുകളോളം പറന്ന് വിമാനം ലക്ഷ്യസ്ഥാനം കണ്ടു. വിമാനത്തിനുളളിൽ നിന്നും ചെറിയ കിളിവാതിലിൽ കൂടി താഴേയ്ക്കു നോക്കിയപ്പോൾ താഴെ പച്ചത്തുരുത്തുകൾ കണ്ടു തുടങ്ങി. വിമാനം താഴേയ്ക്ക് പതിയെ താഴ്ന്നിറങ്ങിയപ്പോൾ പുഴകളും, പാടങ്ങളും, അരുവികളും, കുറ്റിക്കാടുകളും വ്യക്തമായി തെളിഞ്ഞ് വന്നു. ഏതാനും നിമിഷങ്ങൾക്കകം വിമാനം നിലത്തിറങ്ങി വിമാനത്താവളത്തിന് പുറത്ത് കടന്നപ്പോൾ വീട്ടുകാര് എന്റെ വരവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരെയും കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർ മഴ പെയ്തു. ഇളയ മകളെ ആദ്യമായി കാണുകയാണ്. കഴിഞ്ഞ തവണ ഞാൻ തിരികെ പോന്നപ്പോൾ അവൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ അവൾക്ക് ഒരു വയസ് കഴിഞ്ഞിരിക്കുന്നു. രക്തബന്ധം തിരിച്ചറിഞ്ഞ അവൾ എന്നോട് പെട്ടെന്ന് അടുത്തു. മൂത്ത മകൾ നാണം കൊണ്ട് അമ്മയുടെ പുറകിൽ ഒളിച്ച് നിന്ന് എന്നെ എത്തിനോക്കി. താമസിയാതെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. ആദ്യ ദിനങ്ങൾ വളരെ പെട്ടെന്ന് കടന്നു പോയി. ആ മറക്കാനാവാത്ത ദിനം വന്നെത്തി. രാവിലെ ഭാര്യയും കുട്ടികളെയും കൂട്ടി ഒരു വിവാഹത്തിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് സുഹൃത്തിന്റെ ഫോൺ കോൾ വന്നത്. വൈകിട്ട് ടൗണിൽ ഒരു വലിയ പരിപാടി നടക്കുന്നു. മോഹൻലാൽ വരുന്നുണ്ട്. ഒരു ടിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും വരണം. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി പരിപാടിയിൽ പങ്കെടുക്കാമെന്ന് ഉറപ്പ് നല്കി. വിവാഹത്തിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ വീട്ടിലേയ്ക്ക് സ്കൂട്ടറിൽ യാത്ര തിരിച്ചു. പൊടിക്കുഞ്ഞിനേയും കൊണ്ടുളള സ്കൂട്ടർ യാത്ര ദുരിതമായതിനാൽ ഭാര്യയെയും ഇളയ കുട്ടിയെയും ബസ്സിൽ കയറ്റി വീട്ടിലേയ്ക്ക് അയച്ചു. ഞാനും മൂത്ത മകൾ അഞ്ജിതയും കൂടി പരിപാടി സ്ഥലത്തേയ്ക്ക് യാത്രയായി. വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങൾ പരിപാടി നടക്കുന്ന മുനിസിപ്പൽ മൈതാനിയിൽ എത്തിച്ചേർന്നു. എന്നാൽ വൻ ജനത്തിരക്ക് മൂലം സുഹൃത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ ബാറ്ററിയുടെ ചാർജ്ജ് തീർന്നിരുന്നു. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചപ്പോഴാണ് പഴയ ഒരു സുഹൃത്തിനെ ശ്രദ്ധയിൽ പെട്ടത്. പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം. പഴയ സുഹത്തിനോട് സങ്കടം പറഞ്ഞു. മറ്റാർക്കോ വേണ്ടി കരുതി വെച്ചിരുന്ന ഒരു പാസ് തനിക്ക് നേരേ നീട്ടി ആ സുഹൃത്ത് പറഞ്ഞു. നിനക്ക് പാസ് തരപ്പെടുത്തി തന്നില്ലെങ്കിൽ പിന്നെ ഞാൻ സുഹൃത്താണെന്ന് പറയുന്നതിൽ എന്താണർത്ഥം. സുഹൃത്തിനോട് നന്ദി പറഞ്ഞ് ഞങ്ങൾ ടിക്കറ്റുമായി സ്റ്റേഡിയത്തിന് ഉളളിലേക്ക് കടന്നു. അപ്പോഴേയ്ക്കും സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. സ്റ്റേഡിയത്തിന് മുമ്പിലേയ്ക്ക് ഞാൻ മകളെ തോളിലേറ്റി നടന്നടുത്തു. കുട്ടി കൈയ്യിലുണ്ടായിരുന്നതിനാൽ സംഘാടകരിൽ ഒരാൾ ഒരു കസേര തരപ്പെടുത്തി തന്നു. ഞങ്ങൾ കസേരയിൽ ഇരിപ്പുറച്ചു. പ്രസംഗത്തിനുശേഷം കലാപരിപാടികൾ ആരംഭിച്ചിരുന്നു. അപ്പോഴാണ് ദാഹിക്കുന്നതായി മകൾ പറഞ്ഞത്. പക്ഷേ പുറത്തേയ്ക്ക് കടക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. മോഹൻ ലാലിനെ കാട്ടിത്തരാമെന്ന ഉറപ്പോടെ കുട്ടിയെ അവിടെ പിടിച്ചിരുത്തി. അപ്പോഴാണ് മോഹൻ ലാൽ ചില സാങ്കേതിക കാരണങ്ങളാൽ എത്തില്ലെന്ന് അറിയിച്ചത്. അതോടെ ജനക്കൂട്ടത്തിന്റെ നല്ലൊരു ഭാഗം കസേരയിൽ നിന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് പോകുവാൻ തുടങ്ങി. മകൾ വെളളത്തിനായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അതോടെ പരിപാടി കഴിയും മുമ്പേ നിവൃത്തിയില്ലാതെ ഞാനും കുട്ടിയെയും കൊണ്ട് പുറത്തേയ്ക്കിറങ്ങി. അപ്പോൾ സമയം ഏകദേശം രാത്രി ഒമ്പത് മണി കഴിഞ്ഞു കാണും. സ്റ്റേഡിയത്തിന് പുറത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ എന്റെ സ്കൂട്ടറും ഉണ്ടായിരുന്നു. മകൾക്ക് ഒരു ഐസ്ക്രീം വാങ്ങിക്കൊടുത്ത് ഒരു സ്ഥലത്ത് നിർത്തിയശേഷം ഞാൻ വാഹനത്തിനടുത്തേയ്ക്ക് പോയി. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലം നിറയെ പുല്ലുകൊണ്ട് മൂടിയിരുന്നു. വെളിച്ചവും ഇല്ലായിരുന്നു. സ്കൂട്ടറിന്റെ കൈയ്യെത്താവുന്ന ദൂരത്തിലായ നിമിഷം ഞാൻ ഭൂമിക്കടിയിലേയ്ക്ക് താന്നുപോയി. എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. കൈയ്യിലുണ്ടായിരുന്ന താക്കോൽ എവിടേയ്ക്കോ തെറിച്ചു പോയി. കണ്ണു തുറന്നപ്പോൾ താൻ വലിയൊരു കുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലായി. ചുറ്റും കൂരിരുട്ട് ഒന്നും കാണാൻ കഴിയുന്നില്ല. വലിയൊരു അഴുക്കു ചാലിലാണ് താൻ പെട്ടിരിക്കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അഴുക്കു ചാലിന്റെ ഇളക്കി മാറ്റിയ ഏതോ ഒരു കോൺക്രീറ്റ് സ്ലാബിന്റെ വിടവിലൂടെയാണ് താൻ താഴേയ്ക്ക് പതിച്ചത്. പെട്ടെന്നാണ് മകളെക്കുറിച്ച് ഓർമ്മ വന്നത്. അവളും തന്റെ പാത പിന്തുടർന്ന് ഈ കുഴിയിൽ അകപ്പെടും. അതെനിക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. അവളെ അതിൽ നിന്നും രക്ഷിക്കണം. പക്ഷേ താനെങ്ങനെ പുറത്ത് കടക്കും. എഴുന്നേല്ക്കാൻ പോലും കഴിയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി മഴ തീരെ കുറവായിരുന്നതിനാൽ ചാലിൽ വെളളം തീരെ കുറവായിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ ജീവന് എപ്പോഴേ തീരുമായിരുന്നു. ഒരു വിഭല ശ്രമമെന്ന നിലയിൽ ഫോണെടുത്ത് ഓണാക്കി നോക്കി. അതാ ഫോൺ ഓണായിരിക്കുന്നു.

ഫോണിന്റെ അല്പ വെളിച്ചത്തിൽ ഇരുവശത്തേയ്ക്കും അഗാധമായി നീണ്ടു കിടക്കുന്ന അഴുക്ക് ചാലാണെന്ന് മനസ്സിലായി. എലികളും മറ്റ് ചെറു ജീവികളും വെട്ടം കണ്ട മാത്രയിൽ ചിതറിയോടുന്നത് കാണാമായിരുന്നു. അതിൽ ചിലത് എന്നെ മുട്ടിയുരുമ്മി ദൂരേയ്ക്ക് പാഞ്ഞു പോയി. ടൗണിലെ മാലിന്യങ്ങളെല്ലാം തന്നെ അവിടെ കിടപ്പുണ്ടായിരുന്നു. അല്പം ചാർജ്ജ് അവശേഷിച്ചത് തന്റെ ജീവന് വേണ്ടി കിട്ടിയ അപൂർവ്വ നിമിഷമായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. സമയം പാഴാക്കാതെ സഹോദരനെ വിളിച്ച് താൻ കുഴിയിൽ അകപ്പെട്ട കാര്യം പറഞ്ഞു. അപ്പോഴേയ്ക്കും ഫോണിന്റെ ചാർജ് തീർന്ന് ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി. എങ്ങനെ പുറത്ത് കടക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. അപ്പോഴാണ് സമീപത്ത് കൂടി പോയ ഏതോ ഒരു വാഹനത്തിന്റെ വെളിച്ചം കുഴിക്കുളളിലേയ്ക്ക് അരിച്ചു കയറിയത്. അതോടെ മുകളിലേയ്ക്കുളള വഴി കണ്ടുപിടിക്കാൻ കഴിഞ്ഞു. ഞാൻ തപ്പിത്തടഞ്ഞ് വെളിച്ചം കണ്ട സ്ഥലത്തെത്തി. പതിയെ എഴുന്നേറ്റു. പുല്ലുകൾ വകഞ്ഞു മാറ്റി. തല പുറത്തേയ്ക്ക് ഇട്ടു. ദൈവമേ രക്ഷപ്പെട്ടു. ജീവൻ തിരിച്ചു കിട്ടി. മകൾ അവിടെ ത്തന്നെ ഐസ് ക്രീമും നുണഞ്ഞു കൊണ്ട് നില്പ്പുണ്ടായിരുന്നു. ഞാൻ ഉച്ചത്തിൽ അവളെ വിളിച്ചു. എന്നാൽ ശബ്ദം പുറത്തേയ്ക്ക് വന്നതേയില്ല. പിന്നീട് കൈ ഉയർത്തിക്കാട്ടി അവളുടെ ശ്രദ്ധ ആകർഷിച്ചു. താൻ കുഴിയിലകപ്പെട്ടുവെന്നും. ഞാൻ കയറി വരുന്നതുവരെ അവിടെത്തന്നെ നില്ക്കണമെന്നും അവളോട് പറഞ്ഞു. പിന്നീട് അതുവഴി ആരെങ്കിലും വരുന്നതും കാത്ത് ഞാനിരുന്നു. ഈ സമയം താക്കോൽ തപ്പിയെടുക്കാനുളള ഒരു ശ്രമവും നടത്തി. കുഴി മുഴുവൻ പരതിയെങ്കിലും താക്കോൽ കിട്ടിയില്ല. വീണ്ടും പുറത്തേയ്ക്ക് തലയിട്ട് മകൾ അവിടെയുണ്ടോ എന്ന് നോക്കി. അവൾ ഐസ്ക്രീം കഴിച്ച ശേഷം സ്പൂൺ കൈയ്യിൽ പിടിച്ചിരുന്നു. ഇപ്പോൾ അവൾ എന്നെ തിരക്കുന്നുണ്ട്. ഞാൻ വീണ്ടും അവളെ വിളിച്ചു. പേടിക്കേണ്ടെന്നും ഉടനെ തന്നെ പുറത്ത് വരാമെന്നും അറിയിച്ചു. പുറത്തേയ്ക്ക് ഇറങ്ങാനുളള ശ്രമം നടത്തിക്കൊണ്ടേയിരുന്നു.

കാലുയർത്താൻ കഴിയാത്തതിനാൽ ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ. അപ്പോഴാണ് അതുവഴി ഒരു ഐസ്ക്രീം വില്പ്പനക്കാരന്റെ വണ്ടി വന്നത്. അയാളെ ഞാൻ ശബ്ദമുണ്ടാക്കി ശ്രദ്ധ ആകർഷിച്ചു. അയാളുടെ കൈയ്യിൽ വെളിച്ചമില്ലാതിരുന്നതിനാൽ അയാൾ മറ്റൊരു ചെറുപ്പക്കാരനെയും കൂട്ടി എന്റെ അടുത്തേയ്ക്ക് വന്നു. മൊബൈൽ വെളിച്ചത്തിൽ അവര് എന്നെ കുഴിയിൽ നിന്നും പുറത്തെടുത്തു. പാന്റ് മുഴുവനും ചെളി പുരണ്ടിരുന്നു. എന്തെങ്കിലും പറ്റിയോ എന്ന ചോദ്യത്തിന് ഒന്നും പറ്റിയില്ല എന്നായിരുന്നു എന്റെ മറുപടി. എന്നാൽ കാൽ പാദത്തിൽ രക്തം കണ്ടതോടെ എനിക്ക് എന്തോ പന്തികേട് തോന്നി. പാന്റ് ഉയർത്തിയപ്പോൾ മുട്ടിന് താഴേയ്ക്ക് മുഴുവൻ രക്തമായിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് അവർ നിർബന്ധിച്ചെങ്കിലും ഞാൻ തയ്യാറായില്ല. നഷ്ടപ്പെട്ട താക്കോൽ വീണ്ടെടുത്ത് തന്നാൽ ഞാൻ തന്നെ ആശുപത്രിയിൽ പൊയ്ക്കോളാമെന്ന് അവരോട് പറഞ്ഞു. അവര് മൊബൈലിന്റെ ഫ്ലാഷ് അടിച്ച് അവിടെ തിരച്ചിൽ നടത്തി ഒടുവിൽ ഒരു ചെടിയുടെ തണ്ടിൽ തന്റെ വണ്ടിയുടെ താക്കോൽ കണ്ടെത്തി. അവരോട് നന്ദി പറഞ്ഞ് ഞാൻ‍ മകളേയും കൂട്ടി സ്കൂട്ടറിൽ അടുത്തുളള ജില്ലാ ആശുപത്രിയലേയ്ക്ക് പോയി. ഈ സമയം വീട്ടുകാര് എന്നെ തിരക്കി യാത്ര പുറപ്പെട്ടിരുന്നു. ഫോണില്ലാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഞാൻ ആശുപത്രിയിൽ എത്തി. അവരോട് വിവരങ്ങൾ പറഞ്ഞു. അപ്പോഴാണ് എന്റെ ഒരു പഴയ സുഹൃത്തിനെ അവിടെ കണ്ടുമുട്ടിയത്. അവൻ അവിടുത്തെ ആബുലൻസിന്റെ ഡ്രൈവർ ആയിരുന്നു. അവന്റെ ഫോണിൽ നിന്നും വീട്ടുകാരെ വിളിച്ച് ഞങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചു. നേഴ്സുമാർ എന്റെ ചെളി പുരണ്ട കാല് കഴുകി വൃത്തിയാക്കി. മുട്ടിന് താഴെ മാസം അടർന്നു പോയിരുന്നു. പരിശോധനയിൽ ഒടിവ് ഇല്ലെന്ന് അറിഞ്ഞതോടെ വലിയ ആശ്വാസമായി. മുറിവിൽ മരുന്ന് വെച്ച് കെട്ടി. ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഹോസ്പിറ്റലിൽ നിന്നും അപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്തു. സ്കൂട്ടറിൽ മകളുമായി അപ്പോൾ തന്നെ വീട്ടിലേയ്ക്ക് യാത്രയായി. കാലിലെ കെട്ടിൽ നിന്നും രക്തം പുറത്തേയ്ക്ക് ഊറി വരുന്നുണ്ടായിരുന്നു. വഴിയിൽ വെച്ച് സഹോദരങ്ങളെ കണ്ടു. അവര് പിന്നീട് ഞങ്ങളെ അനുഗമിച്ച് പുറകേ വന്നു. അപ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. വീട്ടിലെത്തി. പിറ്റേ ദിവസം രാവിലെ തന്നെ അടുത്തുളള ഗവ. ആശുപത്രിയിൽ എത്തി ചികിത്സ തുടങ്ങി. മുറിവുണങ്ങാൻ മൂന്ന് മാസത്തോളം എടുത്തു. അങ്ങനെ ഇപ്രാവശ്യവും അവധി നീട്ടി കിട്ടാൻ ഒരു വഴി അറിയാതെ വന്നു ചേർന്നു. പക്ഷേ അല്പം കടന്ന കയ്യായിപ്പോയി എന്നുമാത്രം. ഇനി ആരും തന്നെ ആ കുഴിയിൽ വീഴാതിരിക്കാൻ പത്ര മാധ്യമങ്ങളിൽ എന്റെ കഥ അറിയിച്ചെങ്കിലും മുനിസിപ്പാലിറ്റി അധികൃതരെ പിണക്കാൻ ഒരു മാധ്യമങ്ങളും തയ്യാറായില്ല. എന്റെ വാർത്ത കടലാസിലൊതുങ്ങി. അല്ലെങ്കിലും ഒരു ഗൾഫ് മലയാളിയുടെ കഥ കേൾക്കാൻ ആർക്കു നേരം. അവന് വോട്ടില്ലല്ലോ. നാട്ടിൽ ഒരു വിലയും ഇല്ലല്ലോ. ഗൾഫിൽ പകലന്തിയോളം പണിയെടുത്ത് കുടുംബം പുലർത്തുന്നതോടൊപ്പം ഇന്ത്യയ്ക്ക് വിദേശ വരുമാനം നേടിക്കൊടുക്കുകയും ചെയ്യുന്ന പ്രവാസിയെ വന്ദിച്ചില്ലെങ്കിലും ആരും നിന്ദിക്കരുത്. സമൂഹം തങ്ങളോട് കാണിക്കുന്ന വേർതിരിവ് ഉളളിലൊതുക്കി വീണ്ടും ഞാൻ മരുഭൂമിയിലേയ്ക്ക് വിമാനം കയറി. ഇതിലൊക്കെ എത്രയോ ഭേതം ആ മറുനാട്ടിൽ ജീവിക്കുന്നത് എന്ന് ഒരിക്കലെങ്കിലും തോന്നിപ്പോയെങ്കിൽ അതിശയിക്കാനില്ല. ഇനിയും നീണ്ട ഒരു വർഷക്കാലത്തെ കാത്തിരിപ്പ് അടുത്ത അവധിക്കാലത്തിനായി. ഒരു പക്ഷേ മറ്റൊരു കഥ ജനിക്കാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.