Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ദ്ര മാനസവുമായി എത്തുന്ന ആര്‍ദ്ര മാനസി

m-striner-hannover-messe

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ് ഞാന്‍ ആ യുവതിയെ പരിചയപ്പെട്ടത്. ഞാനൊരു വടക്കേയിന്ത്യക്കാരനാണെന്ന് ഈ യുവതിയും, ആ യുവതി ഒരു വടക്കേയിന്ത്യക്കാരിയാണെന്ന് ഞാനും വിചാരിച്ചു. ആ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കാനും സഹായിക്കാനുമായി ഒരു വോളണ്ടിയര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്ന ആ യുവതി സ്നേഹ ബഹുമാനത്തോടെ ഞങ്ങളെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യുകയും ഒഴിവുളള ഇരിപ്പിടങ്ങളിലേക്ക് ആനയിക്കുകയും ചെയ്തു.

പിന്നീട് ഒരിടവേളയില്‍ സംസാരിക്കാനവസരം കിട്ടിയപ്പോഴാണ് ഞങ്ങളിരുവരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞത്. അത് ഞങ്ങള്‍ക്കിരുവര്‍ക്കും അത്ഭുതവും അഭിമാനവും പരസ്പര ബഹുമാനുവുമുളവാക്കി. ആ യുവതിയുടെ പേര് കേട്ടപ്പോള്‍ കൂടുതല്‍ ആദരവ് എനിക്ക് ആ യുവതിയോട് ഉണ്ടായി.

ആര്‍ദ്ര മാനസി എന്നാണ് ആ യുവതിയുടെ പേര് പേരും പെരുമാറ്റവും തമ്മില്‍ വലിയ പൊരുത്തം. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. കുറച്ചുനേരത്തെ സംഭാഷണത്തിനുശേഷം ആര്‍ദ്രമാനസിയെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍ എനിക്കാഗ്രഹമുണ്ടെന്നറിയിച്ചപ്പോള്‍ ലഭിച്ച മറുപടി എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുവാന്‍ മാത്രം മഹത്വമുളളവായി ഒന്നും തന്നെ ഞാനിതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ വലിയ നന്മകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുളള ശ്രമമാരംഭിച്ചു കഴിഞ്ഞു.

ഞാന്‍ ഒരു സാധാരണ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് മാത്രമാണെന്നും എന്നെ സംബന്ധിച്ച് ആര്‍ദ്രമാനസി ഇതിനകം ചെയ്ത നന്മകളും നേടിയ നേട്ടങ്ങളും വളരെ വലുതാണെന്നറിയിച്ചപ്പോള്‍ ഇങ്ങനെയൊരു ലേഖനം എഴുതാന്‍ ആര്‍ദ്ര മാനസി എനിക്കനുവാദം നല്‍കി. അതോടൊപ്പം ഒരു നിബന്ധനയുമുണ്ടായിരുന്നു. ഞാന്‍ എന്ന വ്യക്തിയെക്കുറിച്ച് അധികം വിവരിക്കാതെ എനിക്ക് ചെയ്യാന്‍ സാധിച്ച ചെറിയ കാര്യങ്ങളെക്കുറിച്ചു ഇനി ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും ആ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും സഹായ സഹകരണമേകുവാനും മറ്റുളളവരെ സ്വാഗതം ചെയ്യുന്നതരത്തിലൊരു ലേഖനമായിരിക്കണം സാറെഴുതുന്നത്.

ആ നിബന്ധന പൂര്‍ണ്ണമായും ഉള്‍ക്കൊളളാന്‍ ശ്രമിച്ചു കൊണ്ട് ആര്‍ദ്രമാനസിയുടെ നന്മപ്രവര്‍ത്തികളെയും ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിക്കാന്‍ ലഭിക്കുന്ന ഈ അവസരം വളരെ ആദരവോടെ ഞാന്‍ ഏറ്റെടുക്കുന്നു.

ഇത് ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മാസങ്ങള്‍ക്കു മുമ്പ് മാത്രം അമേരിക്കയില്‍ എത്തി ചേര്‍ന്ന ഒരു മലയാളി യുവതിയുടെ വിജയ ചരിത്രമാണ്. ന്യൂയോര്‍ക്കില്‍ മിലാനോ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സ്, മാനേജ് മെന്റ് ആന്റ് അര്‍ബന്‍ പോളിസി എന്ന സ്ഥാപനത്തില്‍ ഇന്റര്‍ നാഷണല്‍ അഫയേഴ്സില്‍ ബിരുദാനന്തര ബിരുദകോഴ്സില്‍ പഠിക്കുന്ന ആര്‍ദ്ര മാനസി, ക്ലിന്റണ്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് എന്ന സംഘടന അവരുടെ പ്രോഗ്രാമായ ക്ലിന്റന്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് യൂണിവേഴ്സി കോണ്‍ഫറന്‍സില്‍ പങ്കെടുവാന്‍ തിരഞ്ഞെടുത്ത ആയിരം വിദ്യാര്‍ഥികളിലൊരാളാണ്. ഈ വര്‍ഷം മായാമിയില്‍ നടന്ന സി. ജി. ഐ. യു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ആര്‍ദ്ര കരുതുന്നു.

ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ രാജ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ എണ്‍പതില്‍പരം രാജ്യങ്ങളില്‍ നിന്നുളളവരുണ്ടായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റണ്‍, ഹിലാരി ക്ലിന്റന്‍, ചെല്‍സിയ ക്ലിന്റന്‍ എന്നിവരോടൊപ്പം നിരവധി പ്രഗത്ഭരായ വ്യക്തികള്‍ ഈ പ്രസ്ഥാനത്തെ നയിക്കുന്നു.

ലോകത്തിന്‍െറ ഏതെങ്കിലും കോണില്‍ വിദ്യാഭ്യാസം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സമാധാനം, മനുഷ്യാവകാശങ്ങള്‍, ദാരിദ്യ്ര നിര്‍മാര്‍ജനം, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ഏതെങ്കിലും ക്രിയാത്മകമായ പുരോഗമന , വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ വിദ്യാര്‍ഥികള്‍ക്കവസരം നല്കുകയാണ് പ്രോഗ്രാമിന്‍െറ ലക്ഷ്യം.

അട്ടപ്പാടിയിലെ ആദിവാസി സ്്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കൊണ്ടുളള ഒരു പ്രൊജക്ടാണ് ആര്‍ദ്രമാനസി തയ്യാറാക്കി അച്ചത്. സഹ്യാദി വിമന്‍സ് എംപവേര്‍ഡ് ലൈവ്സ് ആന്റ് ലൈവ്ലിഹൂഡ് എന്നാണ് പ്രോജക്ടിന്‍െറ പേര്. ഒരു ഹാന്റിക്രാബ് പ്രോഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് യൂണിറ്റാണ് സ്ഥാപിക്കാന്‍ പോകുന്നത്. തുടക്കത്തില്‍ 150 അയല്‍വാസി സ്ത്രീകളെ പദ്ധതിയിലുള്‍പ്പെടുത്തും മുള കൊണ്ടുളള വസ്തുക്കള്‍ തയ്യാറാക്കി അത് മാര്‍ക്കറ്റിലെത്തിച്ച് അതില്‍ നിന്നുളള വരുമാനം കൊണ്ടാണ് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആര്‍ദ്ര വിഭാവനം ചെയ്യുന്നത്.

മദ്രാസ് ഐഐറ്റിയിലെ അഞ്ചാ വര്‍ഷ ഇന്റ ഗ്രേറ്റഡ് ബിരുദാനന്തര ബിരുദം പഠനത്തിനിടയില്‍ മൂന്നു മാസം അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടയിലാണ് ആദിവാസി സ്ത്രീകളുമായി അടുത്തിടപഴകാനും അവരെക്കുറിച്ച് മനസ്സിലാക്കാനും ആര്‍ദ്ര മാനസിക്ക് അവസരം ലഭിച്ചത് അന്നു മുതലേ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആര്‍ദ്ര ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോള്‍ അതിനവസരം ലഭിക്കുന്നതില്‍ ഏറെ സന്തുഷ്ടയാണ് ആര്‍ദ്രമാനസി.

തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ഥിനികളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്സ് ചെയ്യുന്നവരില്‍ ഭൂരിഭാഗത്തിനും സി. ജി. ഐ. തന്നെ കുറെ ഫണ്ട് നല്കും. മാസ്റ്റര്‍ ബിരുദം ചെയ്യുന്നവര്‍ സ്വയം ഫണ്ട് ശേഖരണം നടത്തി വേണം അവരുടെ പ്രോജക്ടുകള്‍ ആരംഭിക്കേണ്ടത്.

ഈ പ്രോജക്ട് നിങ്ങളുടെയൊക്കെ പങ്കാളിത്തമുളള ഒരു ജനകീയ പ്രസ്ഥാനമായി മാറ്റാനാണ് ആര്‍ദ്ര മാനസി ആഗ്രഹിക്കുന്നത്. അതിനായി നിങ്ങളുടെ സഹായ സഹകരണങ്ങളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായും സംഘടനകള്‍ വഴിയായും ഈ മുന്നേറ്റത്തില്‍ അണിചേരും.

അധികം താമസിയാതെ ഈ പ്രസ്ഥാനത്തിന്‍െറ വെബ് സൈറ്റ് നിലവില്‍ വരും. ഈ ലേഖനത്തിന്‍െറ അവസാനം നല്കിയിരിക്കുന്ന ഈ- മെയില്‍ ഐഡിയിലൂടെ ആര്‍ദ്ര മാനസിയെ നിങ്ങള്‍ക്ക് സഹായിക്കാന്‍ സാധിക്കും.

ഇനി ആര്‍ദ്ര മാനസിയെക്കുറിച്ച് വ്യക്തിപരമായ ചിലകാര്യങ്ങള്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നു. ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയിലായിരുന്നു ജനനം. പ്രശസ്ത സിനിമാ നിരൂപകനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗവുമായി പ്രൊഫ. (റിട്ട) മധു ഇറവങ്കരയുടെയും അധ്യാപികയായ ഉഷയുടെയും പുത്രിയാണ് ആര്‍ദ്രമാനസി. ആര്‍ദ്ര മാനസിയുടെ സഹോദരനും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ഇതേ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നു. അനന്ത് മാധവ് എന്നാണ് അനുജന്‍െറ പേര്.

ഭര്‍ത്താവ് കീര്‍ത്തിക് ശശിധരനോടൊപ്പം ന്യൂയോര്‍ക്കിലാണിപ്പോള്‍ ആര്‍ദ്ര മാനസി താമസിക്കുന്നത്. ഏഴു വര്‍ഷം നൃത്തം അഭ്യസിച്ചിട്ടുളള ആര്‍ദ്രമാനസി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതാ സമാഹാരങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പോലെ ഒരു ലേഖനമെഴുതാനുളള കാര്യങ്ങള്‍ കീര്‍ത്തിക്കിന്‍െറ ജീവിത്തിലുമുളളതിനാല്‍ അധികം എഴുതുന്നില്ല. കീര്‍ത്തിക്കും വളരെ നല്ലൊരു എഴുത്തുകാരനാണെന്ന് മാത്രം സൂചിപ്പിക്കട്ടെ.

മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം ഐ.സി.എസ്.സി, ഐ.എസ്.സി സിലബസുകളില്‍ സയന്‍സ് വിഷയങ്ങളില്‍ ഉന്നത വിജയം നേടിയിട്ടാണ് മാനവിക വിഷയങ്ങളിലേക്ക് തിരിഞ്ഞത്. അഖിലേന്ത്യാ തലത്തിലുളള മത്സര പരീക്ഷയിലൂടെയാണ് മദ്രാസ് ഐ.ഐ.ടി നടത്തുന്ന ഈ പ്രത്യേക ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ അഡ്മിഷന്‍ കരസ്ഥമാക്കിയത്. ഈ പ്രോഗ്രാമിന്‍െറ രണ്ടാമത്തെ ബാച്ചില്‍ വെറും മുപ്പതു സീറ്റുകളില്‍ ഒന്നിലാണ് ആര്‍ദ്രമാനസി പ്രവേശനം നേടിയത്.

നിരവധി നന്മകള്‍ ആര്‍ദ്രമാനസിയെ തേടിയെത്തട്ടെയെന്നും ലോകത്തിന് ധാരാളം സംഭാവനകള്‍ നല്കാന്‍ ആര്‍ദ്ര മാനസിക്ക് സാധിക്കുകട്ടെയെന്ന് ആശംസകളോടെയും പ്രാര്‍ഥനയോടെയും ആര്‍ദ്ര മാനസിയെ പരിചയപ്പെടുത്താന്‍ ലഭിച്ച ഈ അവസരത്തിന് നന്ദി പറയുന്നു.

ആര്‍ദ്ര മാനസിയുടെ ഈ മെയില്‍ : ന്റത്സത്സ്രന്റണ്ഡന്റnന്റന്ഥദ്ധ11ഥദ്ദണ്ഡന്റദ്ധl.്യഗ്നണ്ഡ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.