Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗർണ്ണമി മോഹിച്ച വഴിയാത്രിക

image

പരിചയപ്പെട്ട നാൾ മുതൽ ഈ നിമിഷം വരെ രാജേഷിനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുകയും, അമ്പരപ്പിക്കുകയും ചെയ്തിട്ടഉള്ളവളാണ് നീലിമാ ചാറ്റർജി. ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു; അവളുടെ മരണത്തിലൂടെ...

ബീച്ചിലെ മണൽപ്പുറത്തു കൂടെ തന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഓടിപ്പോയ കാറിന്റെ ഡ്രൈവർ ആയാണ് ആദ്യം അവളെ കാണുന്നത്. പരിചയപ്പെട്ടതിനു ശേഷം പിന്നീടു പലവട്ടം കണ്ടിട്ടുണ്ട് നീലിമയെ. ബീച്ചിലെ ഇരുട്ടിൽ കുടിച്ചു ലക്കുകെട്ട നിലയിൽ. പിന്നീടു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വേദിയിൽ സുപ്രസിദ്ധ ചിത്രകാരിയായി. നഗരത്തിലെ അറിയപ്പെടുന്ന ബിസിനസ്‌കാരന്റെ ഒരേ ഒരു അവകാശിയായി. ഒരേ സ്ഥലത്തെ താമസ്സക്കരായി.

കരിവണ്ടിനെ ഓർമ്മപ്പെടുത്തുന്ന കൄഷ്ണമണികൾ, സമർദ്ധമായ കൺപീലികൾ, വിശാലമായ നെറ്റിത്തടം, ഭംഗിയുള്ള പുരികക്കൊടികൾ, നീണ്ടു സുന്ദരമായ നാസിക, ചെംചുണ്ടുകൾ, പ്രൗഢി നിറഞ്ഞ മുഖം... അതായിരുന്നു നീലിമാ ചാറ്റർജി എന്ന നീണ്ടു കൊലുന്നനെയുള്ള പെൺകുട്ടി!

ഒരു ഒഴിവു ദിവസ്സം ഹോട്ടൽ മഹാരാജാസ് ഹോട്ടലിൽ വച്ച് നീലിമ സുമേഷ് ചറ്റർജി എന്ന അവളുടെ കസിനെ രാജേഷിനു പരിചയപ്പെടുത്തി. പ്രശസ്തമായ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജനറൽ മാനേജർ. നീലിമ സുമേഷിനേപ്പറ്റിയും, അയാളുടെ ജോലിയെപ്പറ്റിയും ധാരാളമായി സംസാരിച്ചു.

ജീവിത ചക്രം അനുസ്യൂതം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു പെങ്ങളുടെ പിറന്നാൾ സമ്മാനം വാങ്ങാൻ ഷോപ്പിംഗ്‌ കോമ്പ്ലെക്സിൽ നില്ക്കുമ്പോഴാണ് നീലിമയെ വീണ്ടും കാണുന്നത്.

"രാജേഷ്, ഇത്... ജയന്ത്... ജയന്ത് ചൗധരി. നീ ജയന്തിനെ പ്രത്യേകം ഓർക്കണം. കാരണം ജയന്ത് പ്രശസ്തനായ ഒരു ബോഡിബിൽഡറാണ്". പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ അവൾ ഓർമ്മിപ്പിച്ചു, അയാളെ കണ്ടപ്പോഴേ രാജേഷിനും അത് തോന്നിയിരുന്നു.

സംസാരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു, "ഞങ്ങൾ സഹപാഠികളാണ്. ചെറിയ ക്ലാസ്സുമുതൽ ഒന്നിച്ചു പഠിച്ചവർ ..." രാജേഷ് കൂടുതലൊന്നും ചോദിച്ചില്ല! യാത്ര പറഞ്ഞു പിരിയുന്നതിനു മുൻപെ രാജേഷിന്റെ ഫോൺ നമ്പറും, അഡ്രസ്സും വാങ്ങാൻ അവൾ മറന്നില്ല. പിന്നൊരു നാളിൽ അവളെ ബീച്ചിൽ വച്ച് വീണ്ടും കണ്ടു. അവനെക്കണ്ടപ്പോൾ അവൾക്ക് വളരെ സന്തോഷം തോന്നി. അവരൊന്നിച്ചു മണലിലിരുന്നു.

കുറെ സമയത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ ചോദിച്ചു. “ഈ കടൽപ്പുറത്ത് എത്ര മണൽ തരികൾ കാണും?!” “ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ!” അവൻ പറഞ്ഞു. “എത്രയെണ്ണം വരെ എണ്ണാം?!” കുസൄതിയോടെയവൾ ചോദിച്ചു. “നൂറായിരം കോടിവരെ!” അവൻ പറഞ്ഞു. "അതു കഴിഞ്ഞ്?" അവൾ കൗതുകത്തോടെ ചോദിച്ചു. "അതു കഴിഞ്ഞെന്താണ്? അറിയില്ല... അതു കഴിഞ്ഞും ഉണ്ട്. അറിയില്ല എന്നുമാത്രം". അവൾ അനന്തതയിലേക്ക് മിഴിനട്ടിരുന്നു. എന്നിട്ടവൾ ചോദിച്ചു, "രാജേഷ്, അങ്ങു ദൂരെ ദൂരെ വാനവും, സമുദ്രവും ഒന്നു ചേരുന്ന ആ രേഖ കണ്ടോ? നമുക്കവിടെ പോകാൻ പറ്റുമോ?" "ഇല്ല, നീലിമാ, നമുക്കൊരിക്കലും അവിടെ പോകാനാവില്ല. അത് മരുപ്പച്ചയ്ക്കു സമമാണ്. നാം അവിടെച്ചെല്ലുമ്പോൾ ആ രേഖ വീണ്ടും അകന്നു പോകുന്നതായി തോന്നും."

"അവിടെ പോകണം. എങ്കിൽ എല്ലാം ശരിയാവും." ഏതൊക്കെയോ അർത്ഥത്തിൽ നിശ്ചയ ദാർഢ്യത്തോടെ അവൾ പറഞ്ഞപ്പോൾ അവന് ദുരൂഹതയേറുന്നതായി തോന്നി. പിന്നീടൊരിക്കൽ നടക്കാനിറങ്ങിയപ്പോൾ അവളുടെ വീടിനു മുൻപിൽ വച്ചാണ് അവളെ വീണ്ടും കണ്ടത്. "ഇവിടെ മറ്റാരുമില്ലേ നീലിമ... അമ്മ, അച്ഛന്‍, സഹോദരങ്ങൾ?" അവളുടെ ക്ഷണപ്രകാരം ഉള്ളിലേക്ക് കയറുമ്പോൾ അവന്‍ സംശയത്തോടെ ചോദിച്ചു.. അവളുടെ ഭാവം മാറി.. കണ്ണുകൾ നിറഞ്ഞു... "ഇല്ല, രാജേഷ്.. എനിക്കമ്മയില്ല.. ചെറുപ്പത്തിലേ മരിച്ചു... സഹോദരങ്ങൾ ഇല്ല... അച്ഛന്‍.. വലിയ ബിസിനസ്‌ കാരനാണ്. എപ്പോഴും ബിസിനസ്‌ യാത്രകളിലാവും. ഇവിടെ എന്നും ഞാൻ ഒറ്റക്കായിരുന്നു. ജോലിക്കാരുണ്ട്‌..." അവനൊന്നും പറയാതെ അവളെ നോക്കി.. "നിനക്കെന്തറിയാം എന്നെപ്പറ്റി? ഒന്നുമറിയില്ല.." അവള്‍ ചിരിക്കാന്‍ ശ്രമിച്ചു. "നീയിതു കണ്ടോ രാജേഷ്?!" മുന്‍പിലെ ചിത്രപ്പണിയുള്ള അലമാരയിൽ കുത്തിനിറച്ചിരിക്കുന്ന ട്രോഫികൾ, പുരസ്കാരങ്ങൾ, ചിത്രങ്ങൾ..

moncy

അവനതു നോക്കിക്കാണുന്നതിനിടയിൽ ജോലിക്കാരി ചായ കൊണ്ടുവന്നു...അതു കുടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു, "ഞാൻ ഭ്രാന്തുപിടിച്ച ഒരു സ്വപ്നജീവീയാണെന്ന് എന്റെ കൂട്ടുകാരൊക്കെ പറയുമായിരുന്നു. പണ്ടൊക്കെ ഞാൻ ഒരുപാട് ചിത്രങ്ങൾ വരക്കുമായിരുന്നു. ജീവന്‍ തുളുമ്പുന്നവ എന്നു പലരും പറഞ്ഞു. അന്നത്തെ ചിത്ര പ്രദർശനം നീ ഓർക്കുന്നില്ലേ? അതു എന്റെ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തതാണ്‌! പിന്നെ കുറേ എഴുത്തുമായിരുന്നു.. കവിതകൾ...കുറേ പാടുമായിരുന്നു.. ഒരു സിനിമയ്ക്കു വേണ്ടി പാടിയിട്ടുണ്ട്‌... ധാരാളം അംഗീകാരങ്ങൾ കിട്ടി.. പുരസ്കാരങ്ങൾ...പ്രശസ്തി... എല്ലാം ഒരുകാലത്ത് എന്നെ തേടി വന്നു..." ഒരു നിമിഷമവൾ നിര്‍ത്തി.... "പക്ഷേ എനിക്കവയൊന്നും ഒരു തൃപ്തിയും നല്‍കിയില്ല. എനിക്കെന്റെ ഒരു സൃഷ്ടിയിലും പൂർണ്ണത കാണാന്‍ കഴിഞ്ഞില്ല. എല്ലാം ചെയ്തുകഴിയുമ്പോൾ ഞാൻ അസ്വസ്ഥയാവും. എവിടെയോ എന്തോ ഒരു കുറവ്. എന്തോകൂടി ചേരേണ്ടിയിരുന്നു എന്നു തോന്നും. ദിവസ്സങ്ങളോളം ആ ഏതോ ഒന്നു നേടിയെടുക്കാന്‍ ഞാൻ പാടുപെടുമായിരുന്നു. കഴിഞ്ഞിട്ടില്ല ഒരിക്കലും.."

"എന്താണീ പൂർണ്ണത? അതിലെത്താനായിരുന്നു എന്റെ ശ്രമം. തീരെ ചെറുതായിരിക്കുമ്പോൾ മുതൽ ഉള്ള ഒരു പ്രശ്നമായിരുന്നത്‌." "ചെറുപ്പത്തില്‍ പ്രകൃതിയിൽ ഞാൻ പൂർണ്ണത തിരഞ്ഞു.. പക്ഷേ പൂർണ്ണത ഒന്നിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുഷ്പങ്ങൾ, വൃക്ഷങ്ങൾ, ജീവജാലങ്ങൾ.. ഒന്നിലും പൂർണ്ണതയില്ല.. എന്തെങ്കിലും കുറ്റങ്ങൾ ഞാൻ കണ്ടെത്തും!! എല്ലാത്തിലും എന്തൊക്കെയോ കുറവുള്ളതുപോലെ. പൂർണ്ണത എത്രയോ കാതങ്ങൾ അകലെയാണ്‌ എന്നെനിക്ക്‌ എപ്പോഴും തോന്നുമായിരുന്നു."

"നിനക്കു ബോറടിച്ചു തുടങ്ങി അല്ലേ രാജേഷ്?" "ഇല്ല നീലിമ.. നീ പറയൂ... എനിക്ക്‌ എല്ലാം കേള്‍ക്കണം.." "ഞാൻ പറയാം... എല്ലാം പറയാം... ജീവിതത്തിലാദ്യമായി..നിന്നോട്‌..." "വരൂ ..." അവളവനെ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.. "ഇതാണു എന്റെ ചിത്രശാല..." നിറയെ ഉണങ്ങി വരണ്ട ബ്രഷുകൾ.. അലക്ഷ്യമായി വാരിയിട്ടിരിക്കുന്ന ക്യാൻവാസുകൾ.. നിറയെ പൊടിപിടിച്ചു കിടക്കുന്നു. ആ മുറിയിലേക്ക് ആരെങ്കിലും കേറിയിട്ടു കാലം വളരെ ആയിട്ടുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും. ഒരു കൂന ക്യാൻവാസുകൾ.. രാജേഷ് ഒരെണ്ണം വലിച്ചെടുത്ത് നോക്കി.

"എന്റെ ദൈവമേ, എത്ര ഭംഗിയാണ്..." അവൻ പറഞ്ഞു. "ഒന്നും ശരിയല്ല രാജേഷ്.. അതിലൊക്കെ ഇനിയും എന്തൊക്കെയോ ചേരാനുണ്ട്." അവളുടെ മറുപടി അവനെ അത്ഭുതപ്പെടുത്തി. തിരികെ ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ അവൾ പറഞ്ഞു.."പൂർണ്ണത തേടിയുള്ള യാത്ര എന്നെ ഒറ്റപ്പെടുത്തി. ഞാൻ എപ്പോഴും ഏകയായിരുന്നു. എന്റെ സുഹൃത്തുക്കളിൽ ഞാൻ പൂർണ്ണത തേടി; ലഭിച്ചില്ല."

പ്രായമേറുന്തോറും പൂർണ്ണതക്കായുള്ള ത്വര എന്നിൽ വര്‍ധിച്ചുകൊണ്ടിരുന്നു. എന്തു ചെയ്താലും ശരിയാവുന്നില്ല എന്നൊരു തോന്നൽ. പലതും ചെയ്തുകഴിഞ്ഞു എന്നു തീരുമാനിച്ചു കഴിഞ്ഞും വീണ്ടും വേണ്ടും കുറ്റങ്ങൾ കണ്ടുപിടിക്കും. അതെന്റെ സ്വസ്ഥത ഇല്ലാതാക്കും. അതൊരു പതിവായി."

"മാനസീകരോഗമാണോ എന്നുവരെ ഞാൻ സംശയിച്ചു. പ്രശസ്തരായ ഡോക്ടർമാർ എനിക്കൊരു കുഴപ്പവും ഇല്ല എന്നു പലവട്ടം വിധിയെഴുതി. പ്രായമായതോടെ പൂർണ്ണതക്ക് ഞാൻ പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ ശ്രമിച്ചു." "എനിക്ക്‌ 20 വയസ്സയപ്പോൾ മുതൽ അച്ഛനെനിക്ക്‌ വിവാഹം ആലോചിക്കുകയാണ്‌. പല കോടീശ്വരപുത്രന്മാരും എനിക്കായി മത്സരിച്ചു.; ഇപ്പോഴും അതേ. പക്ഷേ എനിക്ക്‌ എന്റെ ഭര്‍ത്താവ്‌ എല്ലാത്തിലും പൂർണ്ണതയുള്ള ഒരാളാവണം. നടക്കുമോ?" അവള്‍ വളരെ ഗൌരവമുള്ള ഏതോ വിഷയമാണ്‌ പറയുന്നതെന്ന് അവന് തോന്നി.

"മിന്നിമറയുന്ന പൂർണ്ണതയുള്ള ഒരു പുരുഷ രൂപം എന്റെ മനോമുകുളത്തിലുണ്ട്. പക്ഷേ അങ്ങനെയൊരാളെ ഇന്നുവരെ ഞാൻ കണ്ടെത്തിയിട്ടില്ല. നീണ്ട നാളത്തെ എന്റെ അന്വേഷണം ഒന്നെനിക്ക്‌ വ്യക്തമാക്കിത്തന്നു. എനിക്കാവശ്യമുള്ള പൂർണ്ണത പലരിലായി വിഭജിച്ചു കിടക്കുന്നു. എല്ലാം ഒരാളിൽ തന്നെ ഉണ്ടായിരുന്നെകിൽ..!!" "സൃഷ്ടി.. സൃഷ്ടാവ്.. ഇവയൊന്നും ശരിയല്ല എന്നെനിക്ക്‌ പലപ്പോഴും തോന്നാറുണ്ട്‌..!"

"പിന്നീടു ഞാനിഷ്ടപ്പെടുന്ന ഓരോ പൂർണ്ണത നിറഞ്ഞ പ്രത്യേകതകളെ ഞാൻ സ്നേഹിക്കാന്‍ തുടങ്ങി. നീ ഓര്‍ക്കുന്നില്ലേ അന്ന് പരിചയപ്പെട്ട സുമേഷ് ചാറ്റർജി? അവനെന്റെ കസിൻ ആണെന്ന് വെറുതെ പറഞ്ഞതാണ്." "അവന്റെ മുടിയിഴകൾ ശ്രദ്ധിക്കണം. അവന്റെ കണ്ണുകൾ.. അതിൽ സ്പുരിക്കുന്ന ആകർഷണീയത.. ഒക്കെ പൂർണ്ണമാണ്‌." ആ പ്രത്യേകതകളാണ് എന്നെ അവനോടടുപ്പിച്ചത്‌. "പിന്നെ ജയന്ത്.. ജയന്ത് ശർമ്മ.. "നീ അവന്റെ ശരീരവടിവുകൾ കാണണം. അവന്റെ കരുത്ത്... അതു പൂർണ്ണ മനുഷ്യനിലെ ഏറ്റവും വിലപ്പെട്ട ഒരംശമാണ്‌."

"നിനക്കറിയാത്ത എത്രയോ പുരുഷന്മാർ എന്റെ സുഹൃത്തുക്കളാണ്. ഓരോരോ പൂർണ്ണത പേറുന്നവർ." "രാജേഷ്.. ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കാറുണ്ട്‌. ഈ പൂർണ്ണാമ്ശങ്ങളെല്ലാം ഒരാളിൽ ചേര്‍ക്കാൻ കഴിഞ്ഞെങ്കിൽ എന്ന്." അവളുടെ സ്വരത്തിലെ ദയനീയത അവനെ വല്ലാതെ സ്പര്‍ശിച്ചു. അവളെ ആശ്വസിപ്പിക്കാൻ അവന് വാക്കുകൾ ഇല്ലായിരുന്നു.

"എന്തായാലും ഒന്നുണ്ട്‌ രാജേഷ്, അച്ഛന്‍ എത്ര നിര്‍ബന്ധിച്ചാലും ശരി, ഞാൻ അന്വേഷിക്കുന്നത്‌ കണ്ടെത്തിയാൽ മാത്രമേ ഞാൻ വിവാഹം കഴിക്കൂ." അവൾ ദൃഢസ്വരത്തിൽ പറഞ്ഞു. അവന്‍ എല്ലാം നിശബ്ദം കേട്ടുകൊണ്ടിരുന്നു.

"നീയെന്താ ഒന്നും മിണ്ടാത്തത്?" "ഇല്ല നീലിമ സത്യമായും നീ ആഗ്രഹിക്കുന്നത്‌ നിനക്കു ലഭിക്കണമെ എന്നു മാത്രമാണെന്റെ ഇപ്പോഴത്തെ പ്രാർത്ഥന." പിന്നീടൊരു ദിവസം രാജേഷിന്റെ ഓഫീസിലവളെത്തി. ഒരു ചിത്രശലഭത്തിന്റെ ഭംഗിയുണ്ടായിരുന്നു അപ്പോളവൾക്ക്. അവളൊരു കസേര വലിച്ചിട്ട് അവനഭിമുഖമായിരുന്നു.

“രാജേഷ് നിനക്കറിയാമോ, ഒരു പെൺകുട്ടി പൂർണ്ണത നേടുന്നത് വിവാഹം, ഭർത്താവ്, കുടുംബം, കുട്ടികൾ ഇവയിലൊക്കെക്കൂടെയാണ്….” വളരെ ഗൗരവത്തിലാണവളതു പറഞ്ഞത്. “കൊള്ളാമല്ലൊ? എവിടെ നിന്നും കിട്ടി ഈ പുതിയ അറിവുകൾ?” അവൻ കളിയാക്കി. “ജീവിതത്തിൽ നിന്ന്...…ജീവിതത്തിന് പല പല അർത്ഥങ്ങളുണ്ട്…. ആ അർത്ഥങ്ങളെനിക്കു മനസ്സിലാക്കണം”. അവളുടെ ശബ്ദം നേർത്തു വന്നു. ഒടുവിൽ പറഞ്ഞു.

“എന്റെ വിവാഹം നിശ്ചയിച്ചു.... രാജേഷ്... എനിക്കു സമ്മതിക്കേണ്ടി വന്നു. ഡാഡിയുടെ ബിസിനസ്സ് സുഹൄത്തിന്റെ മകൻ ആണു വരൻ. എന്റെയൊരു പഴയ കളിക്കൂട്ടുകാരൻ.” അവളുടെ സ്വരത്തിൽ നിസ്സഹായത. “എന്റെ ആശംസകൾ!” “പക്ഷേ, രാജേഷ് എനിക്കീ വിവാഹത്തിന് ഇഷ്ടമല്ല. ഇനി ഡാഡിയോടതു പറയാൻ പറ്റുകയുമില്ല.” “ഇന്നലെ ഡാഡിക്ക് രണ്ടാമത്തെ അറ്റാക്കായിരുന്നു. ഞാനൊത്തിരി കരഞ്ഞു. അല്ലാതെയെന്തു ചെയ്യാൻ? നിനക്കറിയാമോ, ഞാനൊരനാഥയാവുന്നത് എന്റെ ഡാഡിക്കു സഹിക്കുകയില്ല. ഞാനൊരു മകളല്ലേ? പക്ഷേ, എനിക്കയാളുടെ നല്ലൊരു ഭാര്യയാവാൻ കഴിയുമോ?”

“കഴിയും, കഴിയണം... നീലിമാ... നിന്റെ ഭാവി സുരക്ഷിതമായിരിക്കണം. എന്തു സഹായവും എന്നിൽ നിന്നും പ്രതീക്ഷിക്കാം.” അവൻ പറഞ്ഞു. “ഇതാ ക്ഷണക്കത്ത്.... തീർച്ചയായും നീ വരണം…. എന്റെ വിവാഹത്തിന് ആദ്യമായി ഒരാൾക്ക് ക്ഷണക്കത്തു നൽകുന്നു!” "തീർച്ചയായും വിവാഹത്തിനു വരും.. വീണ്ടും എന്റെ മംഗളാശംസകൾ!”

മിക്കപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നത്‌ പ്രതീക്ഷിക്കാത്തവയാണ് .. പെട്ടെന്നുണ്ടായ മുത്തച്ഛന്റെ മരണം കാരണം നീലിമയുടെ കല്യാണത്തിന് രാജേഷിനു പോകാൻ കഴിഞ്ഞില്ല. തിരികെ നഗരത്തിലേക്ക് തിരിച്ചെത്തിയപ്പോൾ അവളുടെ വീട്ടിലേക്കു വിളിച്ചു. നീലിമ അവളുടെ ഭർത്താവുമൊത്തു അമേരിക്കയിലേക്ക് പോയി എന്നറിഞ്ഞു.

നീണ്ട നാളുകൾ കടന്നു പോയി.. ഒരിക്കൽ പോലും അവളെപ്പറ്റി ഒന്നും കേട്ടില്ല.. എങ്കിലും അവളെ അയാൾ മറന്നില്ല. ചില ബന്ധങ്ങൾ അങ്ങനെയാണ്, ഒരിക്കലും മറന്നു പോകാതെ മനസ്സിൽ എവിടെയോ പതിയിരിക്കും. പതിവുപോലെ നല്ല തിരക്കുള്ള ഒരു ദിവസ്സം. ഒരു സന്ദർശക അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുറിയിലേക്ക് കയറി വന്നു. "ഹായ് രാജേഷ്...." കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു ബന്ധവുമില്ലായിരുന്നു. ഇത്ര പെട്ടന്നൊരു കൂടിക്കാഴ്ച അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. " നീ ഇതുവരെ എവിടെയായിരുന്നു ? നീ എന്താണ് എന്നെ ഒരിക്കലും എന്നെ വിളിക്കാഞ്ഞത്‌?" അവന്റെ സ്വരം ദുർബലമായിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.

"നമുക്കു വെളിയിലാ ഗുള്‍മോഹറിന്റെ തണലിൽ പോയി ഇരിക്കാം..." അവൾ പറഞ്ഞു മനോഹരങ്ങളായ പൂക്കളുടെ കൂടയുമായി മനോഹരിയായ ഒരു കൊച്ചു പെണ്‍കുട്ടി അവളുടെ കാറിൽ നിന്നും നടന്നടുത്തു. എടുത്തോമനിക്കാൻ തോന്നുന്ന മധുരമായ രൂപം. "മമ്മീ..." തന്നെ കണ്ടിട്ട്‌ നാണത്തോടെ നീലിമയുടെ കഴുത്തിൽ കൂടി കെട്ടിപ്പിടിച്ചു. "എന്റെ മകളാണ്‌.. " അവള്‍ പറഞ്ഞു.

"രാജേഷ്... എന്റെ ഡാഡി മരിച്ചിട്ടു ഇന്നൊരു വര്‍ഷം തികയുന്നു. അദ്ദേഹവും എന്നോടൊപ്പം അമേരിക്കയിലായിരുന്നു. കുറേക്കാലം അസുഖമായിരുന്നു. നല്ല ചികിത്സയൊക്കെ കിട്ടി. പക്ഷേ ഒന്നിനും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നെനിക്കാരുമില്ല രാജേഷ്.. ഞാൻ അനാഥയായി." അവള്‍ പൊട്ടിക്കരഞ്ഞു. അതു കണ്ടു കുട്ടിയും.. "നീയൊരിക്കലും അനാഥയാവില്ല... ഇവിടെയിരുന്നു കരയാതെ." അവള്‍ കരച്ചിലടക്കാൻ പാടുപെട്ടു.

"നിന്റെ ഭര്‍ത്താവ്‌?! നിനക്കു സുഖം തന്നെയല്ലേ നീലിമ?" അവളെ സമാധാനിപ്പിക്കാനായാണത് ചോദിച്ചത്. പെട്ടന്നവൾ കണ്ണുനീര്‍ തുടച്ചു. അവളുടെ മുഖത്തൊരു വല്ലാത്ത ഭാവം പ്രകടമായി. പൊട്ടിത്തെറിച്ചുകൊണ്ടവള്‍ പറഞ്ഞു, "ഭര്‍ത്താവ്‌?! എനിക്ക്‌ തെറ്റുപറ്റി രാജേഷ്. അയാളൊരു വിരസനാണ്‌. ഒന്നിലും പൂർണ്ണതയില്ലാത്തയാള്‍. ഞാൻ ഇന്നും തേടുന്ന പൂർണ്ണതക്കൊരപവാദമാണയാൾ... എപ്പോഴും സംശയമാണെന്നെ."

"അതിനു വളമെന്ന വിധം അവിടെയുണ്ടായിരുന്ന എന്റെ തന്നെ പഴയ സുഹൃത്തുക്കള്‍. അവരാരും നിന്നെപ്പോലെയായിരുന്നില്ല. സുഹൃത്ബന്ധത്തിനുപരിയായി മറ്റെന്തൊക്കെയോ ആവശ്യങ്ങൾ അവര്‍ക്കുണ്ടായിരുന്നു." "അയാള്‍ക്ക്‌ ഒരു ഭാര്യയെ അല്ല വേണ്ടത്. ഒരു പ്രദര്‍ശന വസ്തുവിനെയാണ്. എനിക്കതിനു കഴിഞ്ഞില്ല... ഒടുവിൽ ഞാനയാളെ ഉപേക്ഷിച്ചു."

രാജേഷിന്റെ മടിയിൽ അനുമോൾ ഉറങ്ങിയിരുന്നു. അവളെ തിരികെക്കൊടുക്കാന്‍ അയാള്‍ക്ക്‌ മടി തോന്നി! അയാളുടെ നെഞ്ച് പറ്റി ചേര്‍ന്നു കിടക്കുകയാണവൾ. അവളുടെ തുടുത്ത കവളിൽ ഉമ്മവച്ചിട്ട്‌ അവളെ കാറിന്റെ പിന്‍ സീറ്റിലേക്കയാൾ കിടത്തി. ഇതുപോലൊരു പാവക്കുട്ടിയെ തനിക്ക്‌ കിട്ടിയിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു. അതയാൾ അവളോട് പറയുകയും ചെയ്തു...! "നീ എടുത്തോളൂ... നൂറുവട്ടം സമ്മതം.. സത്യമായും നിനക്കു തരാം.. നിനക്കു മാത്രം. നിന്റെ കയ്യില്‍ എന്റെ മകൾ സുരക്ഷിതയായിരിക്കും..." അവൾ സന്തോഷത്തോടെ പറഞ്ഞു. അവനതിനനുകൂലമായി അവളെ നോക്കി ചിരിച്ചു..

സമയം.. രാത്രി 10 മണിയായി... അന്നത്തെ പണി മതിയാക്കി. കാറിന്റെ ഇരമ്പല്‍... ചെറുതായി മഴ പെയ്യുന്നുണ്ട്‌. ഗതാഗതതത്തിന്റെ തിരക്ക്‌ കുറേ ഒഴിഞ്ഞിരിക്കുന്നു.. നഗരം നിശ്ശബ്ദമാവാന്‍ തുടങ്ങുന്നു... പെട്ടന്നാണോര്‍ത്തത്‌... വഴി തെറ്റിയിരിക്കുന്നു. ചിന്തകള്‍ക്കിടയിൽ അതറിഞ്ഞില്ല. ഇനി തിരികെപ്പോകുന്നതിലും ഭേദം പുതിയ വഴി തേടുന്നതാണ്‌.

വലത്തോട്ടു തിരിഞ്ഞു ബീച്ച് റോഡിൽ എത്തി. നിർജ്ജീവമായ ബീച്ച്... ഇരമ്പി മറിയുന്ന കടല്‍...ഇപ്പോള്‍ നോക്കാൻ കൂടി ഭയമാവും.. ഇടക്കിടെ മിന്നലുകളില്‍ തെളിയുന്ന കറുത്ത മഴമേഘങ്ങള്‍. പെട്ടന്നു ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ രാജേഷ് അതു കണ്ടു..

ഏതാണ്ടു പൂര്‍ണ നഗ്നയായ ഒരു പെണ്‍കുട്ടി. അവളുടെ മുഖം വ്യക്തമല്ല. അവളുടെ വസ്ത്രങ്ങള്‍ പിച്ചി ചീന്തപ്പെട്ടിരുന്നു. ഒരു ഉന്മാദാവസ്ഥയിലെന്നവിധം അവളോടുന്നു. പുറകേ ഒന്നുരണ്ടു ചെറുപ്പക്കാര്‍. എന്തു ചെയ്യണമെന്നറിയാതെ അവന്‍ പരുങ്ങി. അവളെ രക്ഷിക്കണോ അതോ വിട്ടു പോകണോ? പെട്ടെന്നു കൈവരിച്ച ആത്മവീര്യവുമായി അവന്‍ കാറില്‍നിന്നും ചാടിയിറങ്ങി. ഓടി അവരുടെ അടുത്തെത്തി. പിന്നെ ഒരു മൽപ്പിടുത്തം തന്നെ നടന്നു.

രാജേഷിന്റെ ഒരു കൈക്ക്‌ കാര്യമായി പരുക്കേറ്റു. എന്നിരുന്നാലും എതിരാളികളെ പരാജയപ്പെടുത്താൻ കഴിഞ്ഞു. ഇതിനകം ബോധം കെട്ടിരുന്ന ആ പെണ്‍കുട്ടിയെ ഒരു കൈകൊണ്ട്‌ താങ്ങി ഒരുവിധം കാറിന്റെ പുറകിലത്തെ സീറ്റിൽ കിടത്തി. കൈക്ക്‌ നല്ല വേദന.. സാരമില്ല. ഒരു ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞല്ലോ. ഇല്ലെങ്കില്‍ ഒരു പക്ഷേ ഈ പെണ്‍കുട്ടിയുടെ ജഡം നാളെ ഈ കടല്‍പ്പുറത്ത് അടിഞ്ഞു കൂടിയേനേം. കാറിനുള്ളില്‍ നിസ്സബ്ദത... മെല്ലെ... ലൈറ്റ് തെളിച്ചു.

ഒരു നിമിഷം...ഞ്ചെട്ടിപ്പോയി... ലോകം കീഴ്മേൽ മറിയുന്നത്‌ പോലെ... ഈ നഗരത്തില്‍ തനിക്കേറ്റം ഇഷ്ടപ്പെട്ട മുഖങ്ങളിലൊന്നു... നീലിമ... അതെ നീലിമ..! ഇവള്‍ക്കെന്തു പറ്റി? വിശ്വസിക്കാനേ കഴിയുന്നില്ല. ആ തണുപ്പിലും അയാള്‍ വിയർത്തു.. തണുത്ത വെള്ളം അവളുടെ മുഖത്ത്‌ തളിച്ചു. അവള്‍ മെല്ലെ കണ്ണുകൾ പകുതി തുറന്നു.

"എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ... ഇപ്പോഴെനിക്കൊരു ഡോസ് വേണം. ഇല്ലെങ്കില്‍ എന്നെ വീട്ടിലെത്തിക്കൂ. അവിടെ ഇരുപ്പുണ്ട്. ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും." അവൾ അവ്യക്തമായി പുലമ്പി. ദൈവമേ.. ഇതു നീലിമ തന്നെ.. ഇവള്‍ ലഹരി മരുന്നിനടിമയോ? എനിക്ക്‌ വിശ്വസിക്കാന്‍ വയ്യ. "നീലിമേ... നീലിമേ... ഇതു ഞാനാണ്... രാജേഷ്"

അവള്‍ പെട്ടന്നു ഒരുന്മാദിനിയെപ്പൊലെ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട്‌ അവ്യക്തമായ സ്വരത്തില്‍ പറഞ്ഞു, "രാജേഷ് എന്റെ രാജേഷ്.. നീ എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ... നീ കണ്ടില്ലേ എന്റെ ശരീരം വിറക്കുന്നത്‌... ഒരു ഡോസ് മതി... നീയെന്നെ ഒന്നു സഹായിക്കണം."

എന്തു പറയണം? ജീവിതത്തിൽ ഒരിക്കലും ഇഷ്ടപ്പെടാത്തൊരു രംഗം. കാറിനുള്ളിൽ നിന്നും പുതപ്പെടുത്തു അവനവളെ പുതപ്പിച്ചു. അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. അവന്‍ ഹീറ്റെർ ഇട്ടു. നേരെ അജിത് സിംഗിന്റെ ആശുപത്രിയിലേക്ക് കാര്‍ പായിച്ചു. രാജേഷ് എത്തിയെന്നറിഞ്ഞു അജിത് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വന്നു.. കണ്ണുകള്‍ തിരുമ്മിക്കൊണ്ടയാൾ ചോദിച്ചു.."എന്തു പറ്റി രാജേഷ്... പാതിരാത്രിക്ക്‌...?!"

" അല്ല.. നിന്റെ ശരീരത്തിലാകെ രക്തമുണ്ടല്ലോ..?! എങ്ങനെയാണ് നിനക്കു മുറിവുപറ്റിയത്‌? ഇത്രയും ചെളി പിടിച്ചത്‌?!" "എല്ലാം പറയാം അജിത്... അതിനു മുന്‍പ്‌ കാറിൽ ഒരാൾ കിടപ്പുണ്ട്... ആ പെണ്‍കുട്ടിയെ ഉള്ളിലേക്കെടുക്കാൻ പറയൂ..." അജിത്തിന്റെ നിര്‍ദേശപ്രകാരം നീലിമയെ ഉള്ളിലെ കിടക്കയിലേക്ക് എത്തിച്ചു.. അജിത് അവള്‍ക്ക് അത്യാവശ്യം വേണ്ട ചികിത്സകൾ നല്‍കി... അവളുടെ കൂട്ടിനു രണ്ടു നേഴ്സ്മാരെ ആക്കി. രാജേഷിന്റെ മുറുവുകളിൽ മരുന്നു വയ്ക്കുന്നതിനിടയിൽ നീലിമയെപ്പറ്റിയും നടന്ന സംഭവത്തെക്കുറിച്ചും അജിത്തിനോട് വിശദമായി പറഞ്ഞു.

"എന്തു വേണമെങ്കിലും പറഞ്ഞാല്‍ മതി. അവളെ എങ്ങനെയും ചികിത്സിച്ചു ഭേദമാക്കണം. അവള്‍ നശിച്ചു പോകുന്നത്‌ എനിക്കൊരിക്കലും താങ്ങാൻ പറ്റില്ല." "ശരി രാജേഷ്.. ഞാൻ നിന്നെ മനസ്സിലാക്കുന്നു... നീയെന്നെ വിശ്വസിക്കൂ. ഞാൻ അവളെ നോക്കിക്കോളാം." അവളെ ഒരു റൂമിലേക്ക് മാറ്റി.. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. ഉറങ്ങാനുള്ള മരുന്നു കുത്തിവച്ചു. അവള്‍ ഉറങ്ങിയെന്നും, സുഖമായിരിക്കുന്നുവെന്നും നേഴ്സ് വന്നു പറഞ്ഞു.

ദിവസങ്ങള്‍ കുറേ കഴിഞ്ഞു.. മിക്കവാറും എന്നും നീലിമയെ കാണാന്‍ പോകാറുണ്ടായിരുന്നു. അജിത് നീലിമയുടെ എല്ലാ വിവരങ്ങളും രാജേഷിനോട് പറയാറുണ്ടായിരുന്നു. ദിവസ്സങ്ങള്‍ കടന്നുപോകുംതോറും രാജേഷിനു ഒന്നു മനസ്സിലായി.

പുരുഷത്വത്തിന്റെ പ്രതീകമായ അജിത് സിംഗ് എന്ന ഡോക്ടർക്ക്‌ നീലിമയുടെ കാര്യം പറയാൻ ഉത്സാഹം ഏറെയുണ്ടെന്ന്! നീലിമയുടെ മുഖത്തും അതേ ഭാവം തന്നെ!. അവര്‍ ഏറെ അടുത്തിരിക്കുന്നു. രാജേഷും നീലിമയും എന്നും കുറെ നേരം സംസാരിച്ചിരിക്കാറുണ്ടായിരുന്നു. ഒരു ദിവസ്സം അവന്‍ ചോദിച്ചു, "എങ്ങെനെയാണ് നീലിമ നീ മയക്കു മരുന്നിന്നടിമയായത്‌?"

"അതു അമേരിക്കയിൽ വച്ച് തുടങ്ങിയതാണ്‌. വെറുതെ ഒരു രസ്സത്തിനു... ഈ ലോകത്തുനിന്നും കുറേ നേരത്തേക്ക് വിട... ഒരു ഡോസ് കുത്തിവച്ചാല്‍ പിന്നെ കുറേ മണിക്കൂറുകളേക്ക് ഒരിക്കലും കിട്ടാത്ത ഒരു സുഖമാണ്‌... അങ്ങനെ എല്ലാം എല്ലാം മറക്കാം ... എപ്പോഴോ ജീവിതം പൂർണ്ണതയിലെത്തുന്നതായി തോന്നിപ്പോകും" അവള്‍ വാചാലമായിക്കൊണ്ടിരുന്നു. "നിര്‍ത്തണമെന്ന് തോന്നിയിട്ടുണ്ട്‌... പക്ഷേ പറ്റിയില്ല.. ആകെയൊരു വിറയലാണ്..!!"

"നോക്കൂ നീലിമ... ഇന്നു എല്ലാം മാറിയിരിക്കുന്നു... ആ പഴയ അദ്ധ്യായത്തിലേക്ക് മേലിൽ തിരിഞ്ഞു നോക്കുകയേ വേണ്ട... പുതിയ ഒരു ജീവിതം ഇന്നുമുതൽ തുടങ്ങണം... എന്താ? അവള്‍ സമ്മതഭാവത്തോടെ തലയാട്ടി. ജീവിതത്തിന്റെ അർത്ഥവും, വ്യാപ്തിയും അവളേറെ മനസ്സിലാക്കിയിട്ടുണ്ടെന്ന് അവൾ വരച്ച ചിത്രങ്ങൾ കാണുമ്പോഴേ മനസ്സിലാവും. ഓരോ വരയിലും, വർണ്ണങ്ങളിലും, ജീവിതത്തിന്റെ മർമ്മങ്ങൾ കാണാറുണ്ട്. എല്ലാ പൂർണ്ണ അംശങ്ങളും കൂടിച്ചേർന്ന ഒരു പൂർണ്ണ രൂപം. എത്ര മഹത്തായ ആഗ്രഹം! അത് മനുഷ്യന് പ്രാപ്യമാണോ? അറിയില്ല. പക്ഷേ അവൾ തേടുന്നതതാണെന്നറിയാം. അത്രമാത്രം.

പൂർണ്ണത, എന്താണു പൂർണ്ണത? ദിവസ്സങ്ങളായി തന്നെ അലട്ടുന്ന പ്രശ്നം. എന്തിലാണ്‌ പൂർണ്ണതയുള്ളത്? പൂർണ്ണത ഒരിക്കലും താന്‍ കണ്ടിട്ടില്ല; മനസ്സില്‍ പോലും.. കുറെ ചിന്തിച്ചു കൂട്ടിയപ്പോൾ പൂർണ്ണതയെപ്പറ്റി ഏതാണ്ട് ഒരു രൂപം കിട്ടിയിരിക്കുന്നു! " എന്താണു നീലിമ നീ ഉദ്ദേശിക്കുന്ന പൂർണ്ണത?" അവന്‍ ചോദിച്ചു.

"എന്തേ ഇപ്പോള്‍ ചോദിക്കാന്‍?" "അറിയാന്‍ സംശയം തീര്‍ക്കാൻ..." "എല്ലാ അർത്ഥത്തിലും പൂർണ്ണം.. എല്ലാത്തിലും പൂർണ്ണം ..." "കണ്ടെത്താന്‍ കഴിയുമോ?" അവന്‍ ചോദിച്ചു.. "കണ്ടെത്താനാണ് ശ്രമം"

"ഇല്ല, നിനക്കെന്നല്ല ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്തത്ര വിദൂരത്തിലാണ്‌ പൂർണ്ണത.. അക്കരപ്പച്ച പോലെ കൈവെള്ളയിലെത്തും ദൂരത്താണെന്ന് തോന്നിപ്പോകുന്നത്‌ യാദിർശ്ചീകം. മനുഷ്യമനസ്സിനപ്രാപ്യമാണ്‌ പൂർണ്ണത" "എന്താണു പൂർണ്ണത? എന്തുതന്നെയായാലും ആ പൂർണ്ണതയെ ആണ് ദൈവം എന്നു വിളിക്കുന്നത്‌... ആ ദൈവമാവുക അപ്രാപ്യമല്ലേ?" കുറേ നേരം ഒന്നും മിണ്ടാതെയിരുന്നു..

"നോക്കൂ നീലിമ... നീ ഉദ്ദേശിക്കുന്നതൊക്കെ കൊള്ളാം.. പക്ഷേ, നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സൃഷ്ടികൾ എന്തുകൊണ്ടാണ് വീണ്ടും ഉണ്ടാവുന്നതെന്ന്?" "ഇല്ല" പുതു പുത്തൻ സൃഷ്ടികൾ, എത്ര മഹത്വരമെന്നു നാം വിശേഷിപ്പിച്ചാലും അവ അപൂർണ്ണമായതിനാല്‍!" "അതേ, പൂർണ്ണതയിലെത്തിച്ചേരാനുള്ള ആ ത്വരയാണ്‌ പുതിയ സൃഷ്ടിക്ക്‌ കാരണമാകുന്നത്. ഒന്നോര്‍ത്തു നോക്കൂ.. പൂർണ്ണത സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍..." "എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും.." അവളാവേശത്തോടെ പറഞ്ഞു. "ശരിയായിരിക്കാം.. പക്ഷേ സൃഷ്ടി എന്നൊന്നില്ലാതാവും. അതെപ്പോഴും പ്രകൃതിനിയമങ്ങള്‍ക്ക് എതിരാണ്. അതിനാലൊരിക്കലും പൂർണ്ണത സൃഷ്ടിക്കപ്പെടുന്നില്ല."

"രാജേഷ്.. നീ പറഞ്ഞു വരുന്നത്‌.. പൂർണ്ണത ഒരിക്കലും ഉണ്ടാകില്ലെന്നാണോ?" അവള്‍ക്ക് അടക്കാനാവാത്ത ദേഷ്യവും സങ്കടവും ഉണ്ടായി. "നീയെന്റെ ലക്ഷ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്‌.. വേണ്ട... ഞാൻ പോയേക്കാം.. നോക്കൂ രാജേഷ്.. എനിക്കൊരു ലക്ഷ്യമേയുള്ളൂ. വര്‍ഷങ്ങളായി ഞാനത് സ്വന്തമാക്കാൻ ശ്രമിക്കുന്നു.. ശുഭ പ്രതീക്ഷകള്‍ മാത്രമേ എനിക്കുള്ളൂ." കൂടുതല്‍ ഒന്നും പറയാൻ അവന് തോന്നിയില്ല. അവളുടെ ജീവിതം ഇനിയെങ്കിലും നന്നാവട്ടെ എന്ന് കരുതിയാണ് അത്തരം ഒരു സംസാരത്തിന് തുനിഞ്ഞത്. എങ്കിലും അവാനോര്‍ത്തു; പൂർണ്ണത ആഗ്രഹിക്കാൻ, ആഗ്രഹിക്കുന്നയാൾ പൂർണ്ണയാവണ്ടേ? പൂർണ്ണതയുള്ളവർക്കേ അതു ആഗ്രഹിക്കാന്‍ അവകാശമുള്ളൂ. കാരണം അതെന്താണെന്ന് അവർക്കേ അറിയൂ...!!

ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. നീലിമ പൂർണ്ണ ആരോഗ്യവതിയായിത്തീർന്നു. ഡോക്ടർ അജിത്ത്സിംഗിന്റെ വിദഗ്ധമായ ശുശ്രൂഷയിൽ മയക്കു മരുന്നിൽനിന്നും പൂർണ്ണമായി വിടുതൽ നേടിയിരിക്കുന്നു. ജോലിയുടെ ഭാരം കൂടിക്കൂടിവന്നു കൊണ്ടിരുന്നു. നീലിമയെ കാണാൻ പോകുന്നതു കുറഞ്ഞു കൊണ്ടിരുന്നു. പതിവില്ലാതെ അന്ന് നീലിമ രാജേഷിനെ തേടി വന്നു. ഞാൻ ഒരാളെ നിനക്കു പരിചയപ്പെടുത്താം” വന്ന പാടേ അവൾ അവൾ പറഞ്ഞു. "ഞാൻ തേടുന്ന പൂർണത ഒട്ടു മിക്കതും അയാളിൽ ഞാൻ കണ്ടെത്തിയിട്ടുണ്ട്. എന്റെ എല്ലാ കഥകളും ഒന്നും മറച്ചു വെയ്ക്കാതെ അയാളോടു ഞാൻ പറഞ്ഞിട്ടുമുണ്ട്. എന്നെ വിവാഹം ചെയ്യാൻ അയാൾ തയ്യാറാണ്. മോളെ അയാൾക്കു വളരെ ഇഷ്ടവുമാണ്. നീ വേണം ഞങ്ങളുടെ വിവാ‍ഹം നടത്തിത്തരാൻ!"

"ഇതാ ആൾ ..." മുറിക്കുള്ളിലേക്ക് കയറി വന്ന അജിത്തിനെ ചൂണ്ടി അവൾ പറഞ്ഞു. ഡോക്ടർ അജിത്ത് അതെ എന്നർത്ഥത്തിൽ തല കുലുക്കി . "നിങ്ങൾ കൂടുതൽ സംസാരിക്കൂ .. എനിക്ക് അത്യാവശ്യം ഒരാളെ കാണാനുണ്ട്..." അവൾ യാത്ര പറഞ്ഞിറങ്ങി.

“നീയെന്താ ഒന്നും മിണ്ടാത്തത്? ഞാനെന്താ കൊലക്കുറ്റം ചെയ്തോ?” അജിത്‌ ചോദിച്ചു. "നീലിമിയുടെ എല്ലാക്കാര്യങ്ങളും അറിഞ്ഞ ശേഷമാണ് ഞാൻ കല്യാണത്തിനു തീരുമാനിച്ചത്. അനുമോൾ എന്റെ സ്വന്തം കുട്ടിയാണെന്നാണെന്റെ വിശ്വാസം. അത്രയ്ക്കു ഞാനാ കുട്ടിയെ സ്നേഹിക്കുന്നു." ഡോക്ടർ അജിത്ത് പറഞ്ഞു. “അതിന്?” “നീ വിചാരിക്കുന്നതുപോലെ ആലോചിക്കാതെയെടുത്ത ഒരു തീരുമാ‍നമല്ല. ഞാനവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. നിനക്കു വേണ്ടതും നീലിമ രക്ഷപെടുകയല്ലേ? ഞാൻ രക്ഷപെടുത്താം. സത്യം.”

അജിത് ആത്മാർത്ഥമായാണു പറയുന്നതെന്നു രാജേഷിനു തോന്നി. അയാൾ ചിന്താകുലനായി. എന്തു പറയണം? നിശ്ശബ്ദമായ നിമിഷങ്ങൾ കടന്നുപോയി. പിന്നെ രാജേഷ് പറഞ്ഞു.

“നോക്കൂ അജിത്, നീ എത്രത്തോളം അവളെ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. അവൾ തിരയുന്നതെന്തെന്നും, അവളുടെ ലക്ഷ്യമെന്തെന്നും ആകെ ഒരു വിവരണം നിനക്കു ഞൻ തന്നിട്ടുണ്ടെന്നാണെന്റെ വിശ്വാസം. അതുമായി നിനക്കു താദമ്യം പ്രാപിക്കാമോ? ശരിക്കാലോചിക്കുക. പിന്നെ ഒരപശ്രുതി. അതു വേണ്ട അജിത്. അങ്ങനെ സംഭവിക്കാൻ എന്തെങ്കിലും പഴുതുണ്ടെന്നു നിനക്കു തോന്നുന്നുവെങ്കിൽ ഇപ്പോഴേ വേണ്ട എന്നു വയക്കാം. അതു ഞാൻ നിനക്കു വിടുന്നു.”

“ ഇനി ഞാൻ സത്യം പറയാം രാജേഷ്. എത്രയോ പെണ്ണുങ്ങളെ ദിനം പ്രതി കാണുന്നവനാണു ഞാൻ. മോഹിപ്പിക്കാൻ തക്കവിധം പലതുമുള്ളവർ. ഒന്നിലും എനിക്കിത്ര ആകാംഷ തോന്നിയിട്ടില്ല. പക്ഷേ ഇന്ന് എന്റെ മനസ്സ് വ്യാകുലമാണ്. ആകെയൊരസ്വസ്തത. നീലിമ നിറഞ്ഞു നിൽക്കുന്ന മനസ്സ്. എപ്പോഴും അവളെപ്പറ്റി, അവളുടെ ഭാവിയെപ്പറ്റി മാത്രമുള്ള ചിന്ത. അന്നു നീ അവളെ ആദ്യമായി അവിടെ കൂട്ടിക്കൊണ്ടു വന്നില്ലേ. ആദ്യമായി കണ്ടപ്പോൾ മുതൽ എനിക്കവളെപ്പറ്റി എന്തോ ഒരു ചുമതലാബോധം തോന്നിത്തുടങ്ങിയിരുന്നു. അന്നു മുതൽ ചിന്തിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്. തെറ്റിയിട്ടില്ല എന്നു കരുതുന്നു.” അയാൾ പറഞ്ഞവസാനിപ്പിച്ചു.

രാജേഷ് പെട്ടെന്നെഴുന്നേറ്റു കൈ നീട്ടി. “എന്റെ എല്ലാ ആശംസകളും. ഒരു നല്ല ജീവിതം നിങ്ങൾക്കുണ്ടാകട്ടെ." “നന്ദി രാജേഷ്, നന്ദി!" അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അയാളെ യാത്രയാക്കുമ്പോൾ രാജേഷിന്റെ മനസ്സ് ആകെ അസ്വസ്തമായിരുന്നു.

അന്നുച്ചക്കു അപ്രതീക്ഷിതമായി ഒരാൾ കാണാൻ വന്നു. മുഖത്ത് വച്ചിരുന്ന കണ്ണാടി എടുത്തു മാറ്റിയിട്ടു അയാള്‍ പരിചയപ്പെടുത്തി, " ഞാൻ വികാസ് ചൗധരി.. രാജേഷിനു എന്നെ അറിയാം!" നിങ്ങള്‍ വികാസ്... നീലിമയുടെ..?" സംശയം നിവര്‍ത്തിക്കും വിധം രാജേഷ് ചോദിച്ചു. "അതേ നീലിമയുടെ ഭര്‍ത്താവ്‌..." അവര്‍ ഹസ്തദാനം ചെയ്തു.

"എന്റെ ബിസിനസ്‌ മുഴുവന്‍ അമേരിക്കയിലാണ്‌.. അധിക സമയം അവിടുന്നു മാറാന്‍ പറ്റില്ല.. അറിയില്ലേ ബിസിനസ്‌കാരന്റെ വിഷമങ്ങൾ?!" രാജേഷ് തലകുലുക്കി സമ്മതിച്ചു. "രാജേഷ് താങ്കൾ നീലിമയുടെ ഏറ്റവും അടുത്ത സുഹൃത്താണല്ലേ?" വികസിന്റെ ചോദ്യത്തിനു രാജേഷ് പുഞ്ചിരിച്ചു. "എനിക്കറിയാം. അവളെപ്പോഴും താങ്കളുടെ കാര്യം പറയുമായിരുന്നു. അതുകൊണ്ട്‌ തന്നെ തിരിച്ചറിയാന്‍ എനിക്കൊട്ടും പാടുപെടേണ്ടി വന്നില്ല." "അവളെ ഞാൻ അമേരിക്കയിൽ കൊണ്ടുപോയതിനു ശേഷമുള്ള കഥകള്‍ വല്ലതും നിനക്കാറിയാമോ രാജേഷ്? കമ്യുണിക്കേഷൻ വല്ലതും ഉണ്ടായിരുന്നോ?" "ഇല്ല.." "നീ അറിയണം... ഞാനവളെ എത്ര അധികം സ്നേഹിക്കുന്നുണ്ടായിരുന്നെന്ന്... ആരും ഒരിക്കലും അവളെ ഇത്ര അധികം സ്നേഹിച്ചിരിക്കില്ല.. പലപ്പോഴും ബിസിനസ്‌ കാര്യങ്ങൾ കൂടി വേണ്ടവണ്ണം ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല."

"അവളൊരിക്കലും എന്നെ ഇഷ്ടപ്പെട്ടിരുന്നതായി എനിക്ക്‌ തോന്നിയിട്ടില്ല. ഞാൻ ചെയ്യുന്നതിലൊക്കെ എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിച്ചു വഴക്കുണ്ടാക്കനായിരുന്നു അവള്‍ക്കിഷ്ടം. മിക്കവാറും ഞാൻ മൌനം പാലിക്കും. ആരോടോ ഒക്കെ പക പോക്കുന്ന രീതിയിലായിരുന്നു അവളുടെ പേരുമാറ്റം. പക്ഷേ അപ്പോഴും ഞാൻ അവളെ ഏറെ സ്നേഹിച്ചിരുന്നു. അനുമോൾ ജനിച്ച ദിവസ്സം വരെ വലിയ കുഴപ്പമില്ലാതെ പോയി.

അനുവിനെ അവൾക്കൊട്ടും ഇഷ്ടമല്ലായിരുന്നു. അവള്‍ക്ക് ഇഷ്ടമില്ലാതെ ജനിച്ചതുപോലെ. ഏറെ സമയത്തോളം കുഞ്ഞു നിര്‍ത്താതെ കരഞ്ഞാലും അവൾ തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.

"അനുമോൾ ഉണ്ടായതിനു ശേഷമാണ് നീലിമയുടെ അച്ഛന്‍ മരിച്ചത്‌. കിട്ടാവുന്നതിൽ വച്ചു ഏറ്റവും നല്ല ചികിത്സ നല്‍കി നോക്കി. അദ്ദേഹം കൂടെയുണ്ടായിരുന്നതിനാലാവും അവള്‍ കൂടുതൽ സ്വാതന്ത്ര്യം കാട്ടതിരുന്നതെന്ന് ഇപ്പോള്‍ എനിക്ക്‌ തോന്നുന്നു." "സ്ഥലങ്ങൾ പരിചയമായിത്തുടങ്ങിയതോടെ പഴയ ചില കൂട്ടുകാരെ അവള്‍ കണ്ടെത്തി. പിന്നെ അവരുമായി സമയം ചിലവഴിക്കുകയായി അവളുടെ മുഖ്യ പരിപാടി. പലപ്പോഴും അസഹ്യമായി തോന്നിയിട്ടുണ്ട്‌. എന്നിട്ടും ഒന്നു പറഞ്ഞില്ല. അവളെ പലയിടത്തും വച്ചു പലരുമായും കാണാന്‍ ഇടവന്നു. അതില്‍ ആണും പെണ്ണുമുണ്ടായിരുന്നു. പലപ്പോഴും മയക്കു മരുന്നിന്നടിമപ്പെട്ട അവളെ വീട്ടിലെത്തിക്കാന്‍ പാടുപെടേണ്ടി വന്നിട്ടുണ്ട്‌. ഒടുവില്‍ രണ്ടു വര്‍ഷത്തെ ജീവിതത്തിനിടക്ക് സഹികെട്ടൊരു ദിവസ്സം ദേഷ്യപ്പെട്ടു സംസാരിക്കേണ്ടി വന്നു. അന്നവൾ വിവാഹ മോചനം വേണമെന്നു പറഞ്ഞു. സാധ്യമല്ലെന്ന് പറഞ്ഞത് അവള്‍ക്കിഷ്ടപ്പെട്ടില്ല."

"ഭര്‍ത്താവ്‌ തനിക്കസഹ്യമായ രീതിയില്‍ പെരുമാറുന്നു, തന്നെ പീഡിപ്പിക്കുന്നു തുടങ്ങിയ പരാതികളുമായി അവൾ നിയമപരമായി നീങ്ങി. ഒടുവില്‍ അവളുടെ പിടിവാശിക്ക്‌ വിവാഹ മോചനത്തിന് സമ്മതിക്കേണ്ടി വന്നു." "പക്ഷേ ഞാന്‍ ഇന്നും വേറൊരു കല്യാണം കഴിച്ചിട്ടില്ല. ഇന്നും അവരെന്റെ ഭാര്യയും മകളും ആണ്. പാവം എന്റെ മകള്‍. ഒന്നു കണ്ടിട്ടു കൂടി കുറേ കാലങ്ങളായി. എനിക്ക്‌ ഇനി മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ വയ്യ രാജേഷ്. ഞാനത്രമാത്രം അവരെ രണ്ടുപേരെയും സ്നേഹിക്കുന്നുണ്ട്‌."

എന്തു പറയാൻ. എന്തു പറഞ്ഞാശ്വസിപ്പിക്കാൻ? പാവം മനുഷ്യൻ. സമാന ചിന്തഗതിക്കാർ വിവഹത്തിലേർപ്പെട്ടില്ലെങ്കിൽ വരുന്ന കുഴപ്പം. നീലിമ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്ന്, വികാസ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്ന്. രണ്ടുപേരും പരസ്പരം ഒന്നും മനസ്സിലാക്കുന്നില്ല. ഒരിക്കലും ഒന്നു ചേരാനാവാത്ത രണ്ടു സമാന്തര രേഖകൾ!

പെട്ടെന്ന് ആ നിശ്ശബ്ദതയെ മുറിച്ചുകൊണ്ടു രാജേഷ് പറഞ്ഞു. “വികാസ്, ഇപ്പോഴെനിക്കെല്ലാം മനസ്സിലായി. ഞാനെന്തു പറയണം എന്നാലോചിക്കുകയായിരുന്നു. സത്യം തുറന്നു പറയുന്നതാണു നല്ലതെന്നെനിക്കു തോന്നുന്നു. പറയാം, പക്ഷേ വിഷമിക്കരുത്.” അയാൾ തലയാട്ടി സമ്മതിച്ചു.

“നോക്കു വികാസ്, സത്യം ക്രൂരവും, വേദനിപ്പിക്കുന്നതുമാണെന്നു കേട്ടിട്ടില്ലേ. ഞാനോരു സത്യം പറയാം. നിങ്ങൾക്കു രണ്ടുപേർക്കും ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല. രണ്ടുപേരും തേടുന്നത് രണ്ടു വഴിയാണ്. നീലിമ തേടുന്നതെന്തെന്നു പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലാവില്ല. നിങ്ങൾ ആഗ്രഹിക്കുന്നതെന്തെന്നു പറഞ്ഞാൽ അവൾക്കും മനസ്സിലാവുകയില്ല. അപ്പോൾ അവരവരുടെ വഴി തിരഞ്ഞെടുക്കുന്നതല്ലേ ഭംഗി?" “ഇല്ല രാജേഷ്, നീ അതുമാത്രം പറയരുത്.” വികാസ് ഇടക്കുകയറി വളരെ ഉച്ചത്തിൽ പറഞ്ഞു.

“നിങ്ങൾ സമ്മതിക്കുകയില്ലെന്നെനിക്കറിയാം. പക്ഷേ സത്യം അതാണ്. നീലിമ സ്വന്തം വഴി തിരഞ്ഞെടുത്തിരിക്കുന്നു. അതാ‍യത് നീലിമ വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ അർത്ഥം നിങ്ങളുടെ കൂടെ ജീവിക്കാൻ താത്പര്യമില്ല എന്നാണെന്നു മനസ്സിലാക്കുക. ഇനി നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്, നിങ്ങൾ അവളെ അവളുടെ വഴിക്കു വിടുക,” രാജേഷ് പറഞ്ഞുനിർത്തി.

അയാൾ കുറെ സമയം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു. “ഇല്ല രാജേഷ്, എനിക്കവൾ നഷ്ടപ്പെടുന്നതിനേക്കു കുറിച്ച് ചിന്തിക്കാൻ കൂടി കഴിയുന്നില്ല.” “അവൾക്ക് അതു ചിന്തിക്കാൻ കഴിയുബോൾ എന്തുകൊണ്ടു വികാസിനങ്ങനെ ചിന്തിച്ചുകൂടാ‍. നോക്കൂ, വികാസ്, ഇതു ജീവിതമാണ്. സിനിമയും, നാടകവും ഒന്നുമല്ല. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനേയും സധൈര്യം നേരിടുക.”

“പറയാനെളുപ്പമാണു രാജേഷ്. സ്വന്തം അനുഭവത്തിൽ വരുബോൾ മാത്രമേ വേദനയെന്തന്നറിയാൻ പറ്റൂ.” എന്തുപറയാൻ. ശരിയാണ്. കുറെ സമയം നിശ്ശബ്ദനായിരുന്നിട്ട് വികാസ് യാത്ര പറഞ്ഞിറങ്ങി. രാജേഷ്‌ നേരെ നീലിമയുടെ വീട്ടിൽ എത്തി. “നോക്കൂ, രാജേഷ്, എല്ലാവരും എത്തി, നീ വരാൻ കാത്തിരിക്കുകയായിരുന്നു. ഇന്നു വിവാഹം ഉറപ്പിക്കാം. ഈ മോതിരം അവളുടെ വിരലിൽ ഞാനണിയിക്കാം. വിവാഹ തീയതി നീ തീരുമാനിക്കുക.”

രാജേഷ് അയാളെ മെല്ലെനോക്കി. പിന്നെ വിളിച്ചു. “വരൂ, ഒരു കാര്യം പറയട്ടെ.” രാജേഷിനു പിറകെ അനുസ്സരണയോടെ അജിത്ത് നടന്നു. വീടിനു പുറത്തെ ഗാർഡനിൽ അവരെത്തി. “ഈ വിവാഹം വേണോ എന്നൊന്നുകൂടി ചിന്തിക്കണം അജിത്ത്.”

“നീ എന്താണു പറയുന്നത് രാജേഷ്. ഇത്രയും തീരുമാനിച്ചിട്ട് ഇപ്പോൾ ഇങ്ങനെ സംസാരിക്കാൻ നിനക്കു ഭ്രാന്തുണ്ടോ?” അവനു ദേഷ്യം വരുന്നുണ്ടെന്ന് രാജേഷിനു ബോദ്ധ്യമായി. എന്നിട്ടും അതേ ഭാവത്തിൽ തന്നെ പറഞ്ഞു. “അതെ, അജിത്ത് ചിലർക്കു ഭ്രാന്തുവരാതിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അതിനാലാണ് ഞാൻ ചോദിച്ചത്. നിനക്കറിയുമോ? നീലിമയെ എന്തിനേക്കാളും ഏറെ സ്നേഹിച്ച, സ്നേഹിക്കുന്ന ഒരു പാവം മനുഷ്യൻ ഈ ലോകത്തുണ്ട്. അയാളുടെ ജീവിതം തകർത്തിട്ടു വേണോ നിനക്കു സന്തോഷിക്കാൻ?” “എന്ത്?!, നീയെന്താണീ പറയുന്നത്?!”

“സത്യം. നീലിമയുടെ പഴയ ഭർത്താവിനെ നീ പരിചയപ്പെട്ടിട്ടില്ലല്ലോ? ഇല്ലെങ്കിൽ ഞാൻ പരിചയപ്പെടുത്താം. എന്നിട്ടു നീ തീരുമാനിക്ക്‌ വിവാഹം വേണോ, വേണ്ടായോ എന്നു. അയാളെന്തു വേദനിക്കുന്നുണ്ടെന്നു നിനക്കാറിയാമോ?" "ആ ബന്ധം വിവാഹ മോചനത്തോടെ കഴിഞ്ഞില്ലേ? ഇനിയെന്തിനാണ്‌ അതിനെപ്പറ്റി വെറുതെ സംസാരിക്കുന്നത്? അതു വിട്ടുകള രാജേഷ്" "അങ്ങനെ കളയാന്‍ പറ്റില്ല അജിത്. അയാളുടെ ഇഷ്ട പ്രകാരമല്ല, നീലിമയുടെ ഇഷ്ടപ്രകാരമായിരുന്നു വിവാഹ മോചനം. അയാളിന്നും നീലിമയേയും കുഞ്ഞിനേയും ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ട്‌."

"നോക്കൂ രാജേഷ്, ഇത്തരം സംഭാഷണങ്ങള്‍ ഇനി വേണ്ട... ഞാനൊന്ന് തീരുമാനിച്ചു കഴിഞ്ഞു. നീലിമ യിന്നയാളെ സ്നേഹിക്കുന്നില്ല, എന്നെയാണു സ്നേഹിക്കുന്നത്. പിന്നെയെവിടെയാണ് പ്രശ്നം?! ഒന്നു ഞാൻ പറയാം.. നിനക്കിഷ്ടമായാലും ഇല്ലെങ്കിലും ഞാനവളെ വിവാഹം കഴിക്കും.. അതു തീര്‍ച്ച." "എനിക്കൊരു പരാതിയുമില്ല അജിത്.. വെറുതെ പറഞ്ഞെന്നു മാത്രം." "രാജേഷ് ആ കാര്യങ്ങളൊക്കെ കഴിഞ്ഞവയല്ലേ? അയാളങ്ങനെ കരുതതുന്നെങ്കില്‍ അതെന്റെ പ്രശ്നമല്ല. എനിക്കെന്റെ വഴി, അയാള്‍ക്ക് അയാളുടേതും. "പക്ഷേ എന്റെ വിവാഹത്തിനു നിന്റെ അനുഗ്രഹം വേണം, സാന്നിധ്യവും വേണം." നീലിമയുടെ സ്വരമാണതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോള്‍ അവളെല്ലാം കേട്ടിരിക്കുന്നു. രാജേഷ് ചിന്താമൂകനായി ഊഞ്ഞാലില്‍ തന്നെ ഇരുന്നു..

നിശ്ശബ്ദമായ അന്തരീക്ഷം. പെട്ടന്നവൾ അവന്റെ അടുത്തേക്ക്‌ നടന്നടുത്തു.. "നീ അയാളെ കണ്ടിരുന്നോ രാജേഷ്?" "അതേ... കണ്ടിരുന്നു" രാജേഷ് യന്ത്രീകമായി പറഞ്ഞു അവളൊന്നും മിണ്ടാതെ അജിത്തിനെ നോക്കി. പിന്നെ പറഞ്ഞു. “അതൊന്നും കാര്യമാക്കേണ്ട രാജേഷ്. നിനക്കെന്റെ സന്തോഷമല്ലേ വേണ്ടത്‌?"

“അതേ.. പക്ഷേ നീ സന്തോഷമായിരിക്കുമ്പോള്‍ പാവം ഒരു മനുഷ്യൻ വേദനിക്കുന്നു എന്നോര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല." അതു പറഞ്ഞിട്ട്‌ രാജേഷ് പോകാനായെഴുന്നേറ്റു. "ഞാൻ പോകുന്നു... നല്ലത് മാത്രം വരട്ടെ..." പുറകേ വിളിച്ച നീലിമയേയും അജിത്തിനേയും ശ്രദ്ധിക്കാതെ രാജേഷ് കാറില്‍ കയറി തിരികെപ്പോയി.

മറ്റതിഥികൾ സംഗതിയെന്തെന്നറിയാൻ എത്തി നോക്കുന്നുണ്ടായിരുന്നു. അവന്റെ കാര്‍ അങ്ങു ദൂരെ മറയുന്നതുവരെ അവരിരുവരും നോക്കി നിന്നു.. രാജേഷിനെന്തന്നില്ലാത്ത ഒരാശ്വാസം തോന്നി. ഒളിച്ചോട്ടമാണ് എന്നു നന്നായി അറിയാം. പക്ഷേ ഒളിച്ചോട്ടത്തിനു അതിന്റേതായ ഒരു സുഖമുണ്ട്! പക്ഷെ ഇന്ന് രാവിലെയാണ് കാര്യങ്ങൾ കൈവിട്ടതറിഞ്ഞത്. ഫോണ്‍ കിട്ടിയതറിയാം.. എങ്ങനെ അവളുടെ വീട്ടിൽ എത്തി എന്നു പോലും രാജേഷ്‌ അറിഞ്ഞില്ല!

നീലിമയുടെ വീട്ടിലെ ജോലിക്കാരിയിൽ നിന്നും ആണ് കാര്യങ്ങൾ മനസ്സിലാക്കിയത്. ഇന്നലെ ഉച്ചക്ക് അജിത്‌ വന്നിരുന്നു. കുറെ കഴിഞ്ഞു വികാസും വന്നു. വന്നപ്പോഴേ അജിത്തിന്റെ കാർ വെളിയിൽ കണ്ടു വികാസ് ബഹളമുണ്ടാക്കി. എന്തിനു ഇവിടെ വന്നു... അവനിവിടെ എന്താണ് കാര്യം എന്നൊക്കെ ചോദിച്ചു. രണ്ടുപേര്‍ക്കും അവളെ വേണം. രണ്ടുപേരും അവളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്‌. പക്ഷെ ആരൊഴിവാകും?! തനിക്കു വേണ്ടി രണ്ടുപേരും തമ്മിൽ വഴക്കിടുന്നു, പരസ്പരം യുദ്ധം ചെയ്യുന്നു. അതവൾക്ക്‌ സഹിക്കാൻ പറ്റിയില്ല. അവൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവരെ തമ്മിലകറ്റാൻ ശ്രമിച്ചു.

അവർ രണ്ടുപേരും പോയിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ കരഞ്ഞു തളർന്ന അനുമോളേപ്പോലും നോക്കാതെ മുറിയിൽ കേറി കതകടച്ചതാണ്. നേരം ഏറെയായിട്ടും ഒരനക്കവും ഇല്ലാത്തതിനാലാണ് കതകു തല്ലിത്തുറന്നത്. ഒക്കെ കഴിഞ്ഞിരുന്നു...

അനു മോൾ രാജേഷിന്റെ തോളിൽ കിടന്നു ഒന്നനങ്ങി. പിന്നെ ഉച്ചതിൽ കരയാൻ തുടങ്ങി. അയാൾ വീണ്ടും അവളെ സ്വാന്തനിപ്പിച്ചു, പിന്നെ മെല്ലെ സോഫയിൽ കിടത്തി.

മുറിയിൽ ജീവനുള്ളതുപോലെ ഒരു ചെറു ചിരിയോടെ നീലിമ കിടക്കുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പൂർണ്ണത തേടിയ എന്റെ കൂട്ടുകാരീ നീ അപൂർണ്ണയായി അവസാനിച്ചല്ലോ?! അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചിട്ടു അയാൾ വേഗം പുറത്തേക്കിറങ്ങി. ഒരു തുള്ളി കണ്ണുനീർ അവളുടെ നെറ്റിതടത്തിൽ തുളുമ്പി നില്ക്കുന്നുണ്ടായിരുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.