Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീന – ന്യൂജനറേഷൻ പെൺകുട്ടിയുടെ കഥ

neena-poster

ചെറുപ്പത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിനെ ഞാന്‍ ഒരു പട്ടി കടിച്ച പോലെയാണ് കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് മലയാളിയുടെ മുന്നില്‍ എത്തിയ ടെസ്സയെ (22 ഫീമെയിൽ കോട്ടയം) മറക്കാറായില്ല. ഇപ്പോള്‍ ഇതാ കള്ളടിച്ചും സിഗരറ്റ് വലിച്ചും ആരെയും കൂസാതെ സ്വന്തം ജീവിതം ജീവിക്കുന്ന നീനയും! മലയാളിയുടെ കപടസദാചാരത്തിന് വലിയ ഒരു ആഘാതം ഏല്‍പ്പിച്ച് കൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തുന്നത്.

സ്ത്രീകള്‍ എങ്ങനെ ജീവിക്കണം എന്ന് പുരുഷന്മാര്‍ തീരുമാനിക്കുന്ന നമ്മുടെ സമൂഹത്തില്‍ സ്വന്തം ജീവിതം ആഘോഷം ആക്കുന്ന ഇത്തരം കഥാപാത്രങ്ങള്‍ സദാചാരത്തിന്‍റെ ‘കാവല്‍ മാലാഖമാര്‍ക്ക്’ വലിയ ഒരു ആഘാതം ആണ് ഏല്‍പ്പിക്കുന്നത്. സമൂഹത്തില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചു നില്‍ക്കാതെ സധൈര്യം ഈ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കാനും അതുവഴി പ്രേക്ഷകരെ ഒന്നിരുത്തി ചിന്തിപ്പിക്കാനും കഴിയുന്ന ഇത്തരം സിനിമകള്‍ തികച്ചും സ്വാഗതാര്‍ഹം തന്നെ എന്ന് ആദ്യമേ തന്നെ പറയട്ടെ.

പ്രായപൂര്‍ത്തിയാകുന്നത് വരെ ഒറ്റ മകളെ ആണ്‍കുഞ്ഞിനെ പോലെ വളര്‍ത്തിയ മാതാപിതാക്കള്‍, പക്ഷേ, അവള്‍ വയസ്സറിയിച്ചു കഴിഞ്ഞപ്പോള്‍ അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടിയായി വളരണം എന്ന് നിര്‍ബ്ബന്ധം പിടിക്കാന്‍ തുടങ്ങി. എന്നാല്‍ അതുവരെ തന്‍റെ വീടിന്‌ പുറകിലുള്ള ചേരിയിലെ ആണ്‍കുട്ടികളുമായി കളിച്ചു വളര്‍ന്ന്, അവരോടൊപ്പം സിഗരറ്റ് വലിച്ചും കള്ളുകുടിച്ചും, അവരുടെ വിനോദങ്ങളില്‍ പങ്കു ചേര്‍ന്നും അവരില്‍ ഒരാളായി വളര്‍ന്ന നീനയ്ക്ക്(ദീപ്തി സതി) ഈ ‘അരുതായ്കകള്‍’ അംഗീകരിക്കാന്‍ സാധിച്ചില്ല.

എല്ലാ മാസവും നീ ഒരു പെണ്ണാണ് എന്നറിയിച്ചു വരുന്ന രക്തം ഞാന്‍ എന്‍റെ കൂട്ടുകാരെ പോലെ അല്ല, അവരില്‍ നിന്നും വ്യത്യസ്തയാണ് എന്ന ഞെട്ടിക്കുന്ന ബോധം, അവളെ ഒരു റിബല്‍ ആക്കി മാറ്റി. നല്ല വിദ്യാഭാസവും ഉയര്‍ന്ന ശമ്പളം ഉള്ള ജോലിയും അവളെ ‘സമൂഹം പ്രതീക്ഷിക്കുന്ന’ രീതിയില്‍ ജീവിക്കാന്‍ പ്രചോദിപ്പിച്ചില്ല. താന്‍ ജോലി ചെയ്യുന്ന അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ അവള്‍ പ്രതിഭാധനയായിട്ടു കൂടി അംഗീകരിക്കപ്പെട്ടില്ല എന്ന സത്യം ഒരു വലിയ ചോദ്യം ഉയര്‍ത്തുന്നു. പ്രതിഭാധനനായ ഒരു പുരുഷന്‍ കള്ളുകുടിക്കുകയോ കഞ്ചാവടിക്കുകയോ ചെയ്താല്‍ അത് അംഗീകരിച്ചു കൊടുക്കുന്ന സമൂഹം ഒരു പെണ്ണ് അത് പോലെ പെരുമാറിയാല്‍ എന്തിന് വാളെടുക്കുന്നു? അത് ഇരട്ടത്താപ്പല്ലേ?

കമ്പനിയില്‍ പുതുതായി ചാര്‍ജ്ജെടുത്ത മേലധികാരി വിനയ് പണിക്കര്‍(വിജയ്‌ ബാബു) നീനയിലെ കലാകാരിയെ അംഗീകരിക്കുന്നു. തികച്ചും കുടുംബസ്ഥനായ അയാള്‍ പക്ഷേ നീനയുടെ വിചിത്രമായ സ്വഭാവങ്ങള്‍ അത്ഭുതത്തോടെ നോക്കിക്കാണുന്നു. അത്ഭുതം പിന്നീട് സഹതാപത്തിന് വഴിമാറുന്നു. അയാളുടെ അനുഭാവപൂര്‍ണ്ണമായ പെരുമാറ്റം നീനയില്‍ പ്രണയം ഉണര്‍ത്തുന്നു. ക്രമേണ താനും ഒരു പെണ്ണാണ്‌, തന്‍റെ ഉള്ളിലും പ്രണയം വളരുന്നുണ്ട്‌ എന്ന സത്യം അവള്‍ പലവിധേന വിനയിനെ അറിയിക്കാന്‍ നോക്കുന്നു. ഒരിക്കല്‍ മദ്യപിച്ച് മദോന്മത്തയായി തന്‍റെ ചുണ്ടുകളില്‍ തീവ്രമായി ചുംബിക്കുവാന്‍ പോലും ആവശ്യപ്പെടുന്നു. രത്യഭിലാഷങ്ങള്‍ പ്രകടിപ്പിക്കുവാന്‍ മടിക്കുന്ന മലയാളി പെണ്മനസ്സ് ഒരു ചെറിയ അളവിലെങ്കിലും നീനയെ അസൂയ കലര്‍ന്ന ആരാധനയോടെ നോക്കും എന്ന് നിസ്സംശയം പറയാം.

പിന്മാറുന്ന അവനോട് അവന്‍റെ ഉള്ളില്‍ തന്നോടുള്ള പ്രണയം തിരിച്ചറിയാന്‍ അവള്‍ ആവശ്യപ്പെടുന്നു. വിനയ് ആ പ്രണയം നിരസിച്ചതോടെ നീന അപ്രത്യക്ഷയാകുന്നു. ഒരു ദൂരെ ഉള്ള ഒരു ആശുപത്രിയില്‍ നിന്നുള്ള നീനയുടെ ഫോണില്‍ നിന്നു ഒരു ഡോക്ടര്‍ നീന അപകടാവസ്ഥയില്‍ ആണെന്നും ഉടനെ എത്തണം എന്നും ആവശ്യപ്പെടുന്നു. കാരണം, അവള്‍ തന്‍റെ ഫോണില്‍ ‘മൈ മാന്‍’ എന്നാണ് വിനയിന്‍റെ നമ്പര്‍ സേവ് ചെയ്തിരുന്നത്. വിനയ് രണ്ടു പെണ്ണുങ്ങളുടെ നടുവില്‍ അകപ്പെട്ട പോലെ ആയി! വിനയിന്‍റെ ഭാര്യ നളിനി (ആന്‍ അഗസ്റ്റിന്‍) യാഥാസ്ഥിതികയായിട്ട് പോലും ഭര്‍ത്താവിന്‍റെ മനസ്സ് മനസ്സിലാക്കി നീനയുടെ ചികിത്സക്കായി സഹകരിക്കാന്‍ സമ്മതിക്കുന്നു. പക്ഷേ അവളുടെ പെണ്മനം അപകടം മണക്കുന്നുണ്ട്.

ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും ഭര്‍ത്താവിനെ പോലെ കൂടെ നിന്നിരുന്ന വിനയ് തന്‍റെ സഹതാപം പ്രണയത്തിന് വഴിമാറിയതായി തിരിച്ചറിയുന്നു. അങ്ങനെ വളരെ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയില്‍ നിന്നും സംവിധായകന്‍ വളരെ സ്വാഭാവികമായി നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്നു. പക്ഷേ ഒരിടത്തും സംവിധായകന്‍ തന്‍റെ ആദര്‍ശങ്ങള്‍ പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ഈ സിനിമയുടെ ഒരു നേട്ടമാണ്.

വ്യത്യസ്തമായ വിഷയങ്ങളുമായി സിനിമയെ സമീപിക്കുന്ന ലാല്‍ ജോസിന്‍റെ തൊപ്പിയില്‍ ഒരു ഒരു പൊന്‍ തൂവല്‍ കൂടി! ദീപ്തി സതി എന്ന പുതുമുഖ നടിയുടെ കൈകളില്‍ നീന ഭദ്രം! ഫിലിപ്പ് ആന്‍ഡ്‌ മങ്കി പെന്നിലെ മാഷില്‍ നിന്നു വിനയ് ആയി വിജയ്‌ ബാബുവും വളരെ മുന്നേറിയിരിക്കുന്നു. ആന്‍ അഗസ്റ്റിന്‍ നളിനിയോട്‌ തികച്ചും നീതി പുലര്‍ത്തി. ചെറിയ റോള്‍ ആണെങ്കില്‍ കൂടിയും നളിനിയുടെ ശരീരഭാഷയിലൂടെ പ്രേക്ഷരുമായി ആന്‍ നന്നായി സംവദിച്ചു.

അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ നൂറു ശതമാനം വിജയിച്ചു എന്ന് പറയാം. സിനിമയുടെ രണ്ടാം പകുതിയില്‍ റീഹാബിലിറ്റെഷന്‍ സെന്‍ററിലെ ദിനചര്യകള്‍ ഡോക്യുമെന്ററിയുടെ പ്രതീതി ഉളവാക്കി എങ്കിലും അപകടകരമാം വിധം മദ്യത്തിനും മയക്കു മരുന്നിനും അടിപ്പെട്ട് നാശത്തിലേയ്ക്ക് കൂപ്പുകുത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സെന്‍ററുകളില്‍ എന്താണ് നടക്കുന്നതെന്ന ഒരു സാമാന്യ ബോധം ഉള്ളത് നല്ലതാണ്.

ബിജിബാലിന്‍റെ പശ്ചാത്തലസംഗീതവും എടുത്ത് പറയേണ്ടതാണ്. സമീറ സനീഷ് പതിവ് പോലെ വസ്ത്രലങ്കാരത്തില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചപ്പോള്‍ പുതുമുഖ ഗായകന്‍ നിഖില്‍ മേനോനും തന്‍റെ സാന്നിധ്യം അറിയിച്ചു. വളരെ മികച്ച സിനിമ എന്ന് പറയാനാകില്ലെങ്കിലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് കാണാന്‍ പറ്റിയ, നല്ല ഒരു സിനിമാനുഭവം തരുന്ന, മാറിവരുന്ന മൂല്യബോധങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല ചിത്രം ആണ് നീന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.