Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലെകളുടെ തീ പിടിച്ച ഒാർമകൾ

sheshan ശശി ചിറയി‍ൽ, പുസ്തക കവർ

നഷ്ടപ്പെട്ടുപോയ ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും എല്ലാം കോർത്തിണക്കി കൈതമുള്ള് എന്ന തൂലികാനാമത്തിൽ ശശി ചിറയിൽ രചിച്ച രണ്ടാമത്തെ നോവലാണ് ഇന്നലെ. തുടക്കം എന്ന ഒന്നാം അദ്ധ്യായത്തിൽ തുടങ്ങി ഒടുക്കം എന്ന പേരോടുകൂടി പതിനാല് അദ്ധ്യായങ്ങളിലൂടെ ഒരു ഗ്രാമത്തിന്റെ അല്ലെങ്കിൽ ഒരുപക്ഷെ സ്വന്തം അനുഭവങ്ങളുടെ അത്മാവിഷക്കാരമാണ് ഇന്നലെ.

ഭാവനലോകത്ത് നിന്നുമാറി അനുഭവങ്ങളിലേക്കുള്ള തിരിച്ച്പോക്ക് വരികളിലൂടെ വായനക്കാർക്ക്പകർന്ന് നൽകുവാൻ കഴിഞ്ഞിരിക്കുന്നു. മധ്യകേരളത്തിന്റെ തനതായ ഭാഷപ്രയോഗങ്ങളെ അതിന്റെ ചാരുത നഷ്ടപ്പെടാതെ അവസാനം വരെ വായനയെ സമ്പുഷ്ടമാക്കുന്നു.

പുലർക്കാലേ പെയ്തുതോർന്ന ഗ്രാമവഴികളിലൂടെ നടന്ന്, ഇടവഴികൾ കയറിയിറങ്ങി അമ്പലക്കുളവും സ്കൂൾ കളിമുറ്റവും ചുറ്റി, പാതയോരത്തെ ചായക്കടയിലെ കടുപ്പത്തിലുള്ള ചായയും കുടിച്ച്, വീണ്ടും വയൽ വരമ്പിലൂടെ വീട്ടിൽ തിരിച്ചെത്തിയ മനസ്സിന്റെ പൂർണ്ണതയാണ്, നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ മനസ്സിൽ തങ്ങിനിക്കുന്നത്.

സാഹിത്യത്തിന്റെ വിശാലതയും അലങ്കാരത്തിന്റെ അതിപ്രസരം വായനക്കാരനെ അലോസരപ്പെടുത്താതെ മുമ്പോട്ട് നയിക്കുന്നു. അറുപതുകളിലെ ഫ്യൂഡലിസ്റ്റ് മനോഭാവമുള്ള കുടുംബകാരണവൻമാരുടെ ചിത്രം പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും വരികളിലൂടെ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. കേരളത്തിന്റെ തനിമ ഇന്നും നിലനിർത്തുന്ന വിഷുവിന്റേയും ഓണത്തിന്റേയും ആഘോഷങ്ങളിലൂടെ സഞ്ചാരം നടത്തി ഹൃദ്യമായ രീതിയിൽ ദൃശ്യവൽക്കരിക്കുന്നു. നഷ്ടപ്പെടലിന്റെ ഓർമപ്പെടുത്തൽ മനസ്സിൽ നൊമ്പരമായി വായനയോടപ്പം അവസാനം വരെ നിഴലായി കൂടെ കൂട്ടുന്നു.

ഒരോ ഗ്രാമത്തിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന കണ്ടുമറന്ന ഒരേ കഥപാത്രങ്ങൾ അതുകൊണ്ടുതന്നെ വായനയുടെ അവസാനം കഴിഞ്ഞ തലമുറയിലുള്ളവർക്ക് ഇത് സ്വന്തം കഥയായിമാറുന്നു. അവർക്ക് പരിചയമുള്ള മുഖങ്ങളെ വേർതിരിച്ചെടുക്കാൻ കഴിയുന്നു. പുതിയ തലമുറയ്ക്കായി പഴമക്കാരുടെ ഒരു ബാക്കിപത്രം. ഇനിയും പഴമയിലേക്ക് ഇറങ്ങിചെല്ലാൻ അഗ്രഹിക്കുന്നവർക്ക് അവർക്കൊപ്പം വായ്താരികളും, രീതികളും, ആചാരങ്ങളും, അനാചാരങ്ങളും പകർന്ന് നൽകാൻ ഈ വിവരണ രീതി സഹായപ്പെടും.

ഇടശ്ശേരിയുടെ കവിത ഉറക്കെ ചൊല്ലി അത്മഹത്യയ്ക്ക് ശ്രമിക്കുന്ന ചേച്ചി, ധീരമായ സ്ത്രീത്വത്തിന്റെ പ്രതീകമായി മാറുന്നു. അനുഭവങ്ങളുടെ തീച്ചുളയിൽ വേറിട്ട കാഴ്ചയായി എന്നും നിലനിൽക്കും. അച്ഛനും മകനും തമ്മിൽ ആഴത്തിലുള്ള ബന്ധങ്ങൾ സ്നേഹത്തിന്റെ, അനുസരണത്തിന്റെ പുതിയ വഴികൾ തുറന്നു തരുവാൻ ശ്രമം നടത്തിയിരിക്കുന്നു.

പണി കഴിഞ്ഞ് വരുംവഴി ഷാപ്പിൽ കയറി അന്തികള്ളും അകത്താക്കി ഇരുട്ട് പടർന്ന ഇടവഴിയിലുടെ വേച്ചുവേച്ചു പോകുന്ന കേളുണ്ണിയെ പോലെയുള്ളവരെ നമ്മൾക്ക് ഇന്നും മനസ്സിന്റെ അടിത്തട്ടിൽ നിന്ന് ചികഞ്ഞെടുക്കാം. നാട്ടിൻപുറത്തെ വയറ്റാട്ടി കൊച്ചമ്മിണിമാരേയും നമ്മൾ മറക്കാൻ വഴിയില്ല. നാലാംകാൽ പിറന്നവൻ നാട് വാഴുമെന്ന പ്രമാണം ഇന്നും ഒരു സങ്കല്മായി നിലനിൽക്കുന്നു. എല്ലാ സ്കൂളുകളിലും കുട്ടികളുടെ ഹരമായി ഓരോ സെലീനാ ടീച്ചർമാർ അവതരിക്കുന്നു. ഇവരുടെയെല്ലാം രേഖാചിത്രമായി ഇന്നലെ എന്ന നോവൽ വായനക്കാരുടെ ഇടയിൽ സ്ഥാനം പിടിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.