Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പോലൊരു കിനാവില്ല, പ്രവാസം പോലൊരു യുദ്ധവും

love

ഈ കഥ കേള്‍ക്കാനിരിക്കുമ്പോൾ‍, പ്രണയം പോലൊരു കിനാവില്ലെന്നും പ്രവാസം പോലൊരു യുദ്ധമില്ലെന്നും എഴുതാനാകുമെന്ന് വിചാരിച്ചിരുന്നില്ല. കഥ പറച്ചില്‍ തുടങ്ങി തൊട്ടടുത്ത നിമിഷം തന്നെ അന്‍പതിനോടടുത്ത പ്രായത്തിന്റെ പക്വതയില്‍ നിന്ന് പതിനെട്ടുകാരന്റെ ഊറ്റം കൊള്ളലിലേക്ക് അയാള്‍ ഇറങ്ങി വന്നിരുന്നു. വെള്ളിവരകള്‍ നിറഞ്ഞ മുടിയിഴകള്‍ തഴുകി, നെടുവീര്‍പ്പുകള്‍ നിറഞ്ഞ കഥയുടെ കെട്ടഴിഞ്ഞു വീഴുകയായിരുന്നു.

ഇരുപത്തിയെട്ട് കൊല്ലത്തിനിപ്പുറവും ഓര്‍മയുടെ അറകളില്‍ നിന്ന് പ്രണയത്തിന്റെ തേന്‍ ഒഴുകി വരുന്നതോര്‍ത്തായിരുന്നു അത്ഭുതം. പ്രണയത്തിന്റെ തേനീച്ചകള്‍ ഇരുപത്തിയെട്ട് കൊല്ലവും അയാളെ വട്ടമിട്ടു പറക്കുന്നുണ്ടായിരിക്കണം. പ്രണയകാലത്ത് ഘടികാര നിശ്ചയങ്ങളെ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമായിരുന്നില്ല. മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും ഒഴുകിയൊഴുകി പോയതും അവരറിഞ്ഞിട്ടുണ്ടാകില്ല. അതു കൊണ്ടായിരിക്കണം ആ പ്രണയനഷ്ടത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും തേനൂറും മധുരവും തെളിച്ചവുമുണ്ടായത്. 

പതിനെട്ടുകാരന്റെ ഉടയാഭരണങ്ങള്‍ ഇയാളെ എടുത്തണിയിപ്പിച്ചത് ജിദ്ദയിലെ കോര്‍ണിഷായിരുന്നു. സ്‌പോണ്‍സറായ അറബിയുടെ ഭാര്യയുമായി കോര്‍ണിഷിലെത്തിയ ഒരു വൈകുന്നേരം. വെള്ളിയാഴ്ചകളില്‍ കോര്‍ണിഷ് ബീച്ചിലെ കാറ്റുകൊണ്ടില്ലെങ്കില്‍ തള്ളക്ക് ഉറക്കം കിട്ടില്ലത്രേ. (സ്‌പോണ്‍സറുടെ ഭാര്യയെ തള്ളയെന്നേ ഹൗസ് ഡ്രൈവര്‍മാര്‍ വിളിക്കൂ, മറ്റു ചിലര്‍ മദാം എന്നും). തള്ളയുടെ വെള്ളിയാഴ്ചയിലെ പതിവു കലാപരിപാടിയാണ് കോര്‍ണിഷ് യാത്ര. ഏത് നേരമാണ് തള്ളക്ക് കാറ്റടിച്ച് മതിയാകുക എന്നറിയില്ല. അതു കൊണ്ട് തന്നെ അവിടെയെവിടെയെങ്കിലും ചുറ്റിപ്പറ്റി നില്‍ക്കണം. ഫോണ്‍ വിളിച്ചാല്‍ ഉടന്‍ എത്തിയിരിക്കണം. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ചങ്ങല കാലിലല്ല, മനസിലാണ്.  മനസിനെ കെട്ടിയിട്ട ചങ്ങല എങ്ങിനെ അഴിയാനാണ്..

എവിടെ നിന്നോ ഒരടി പുറത്തു വന്നു വീണു. തിരിച്ചൊന്ന് കൊടുക്കാന്‍ കൈ പൊക്കി തിരിഞ്ഞുനോക്കിയപ്പോള്‍ പിറകിലൊരു പെണ്ണ്. മുഖം മറച്ചിട്ടുണ്ട്. സുഡാനിയോ അബ്ശിയോ.. ഒറ്റക്ക് നില്‍ക്കുന്ന ആണുങ്ങളെ വലയിടാന്‍ ഇങ്ങനെ വരുന്നവരുണ്ട്. കൈ വെച്ചാല്‍ നാറ്റക്കേസാകും. മനസില്‍ നാലു തെറി പറഞ്ഞ് മുന്നോട്ടു നടന്നു. ടാ മൊയ്തീനേ, ഇത് ഞാനാടാ.. പേര് മൊയ്തീന്‍ എന്നല്ലാതിരുന്നിട്ടും മജീദ് തിരിഞ്ഞു നിന്നു.അവള്‍ മുഖപടം നീക്കി. ഞാനാടാ റാബി..

ഇരുപത്തിയെട്ട് കൊല്ലം. റാബിയ. കോര്‍ണിഷിലെ കാറ്റ് നിലച്ചു. കുട്ടികളുടെ ആര്‍പ്പുവിളികള്‍ ഒടുങ്ങിയിട്ടുണ്ട്. കാലം അയാള്‍ക്ക് മുന്നില്‍ നിശ്ചലമായി. നിലമ്പൂരിലെ അറബിക് കോളജിലെ ക്ലാസ് മുറിയില്‍ ആരവം ഉയര്‍ന്നിരിക്കുന്നു. റാബിയയുടെ നിഴല്‍ പോലെ നടന്നിരുന്ന പതിനെട്ടുകാരനായ മജീദായി അയാള്‍ മാറി. റാബിയയുടെ ചോറ്റുപാത്രത്തില്‍നിന്ന് പൊരിച്ച മീനെടുത്ത് കഴിക്കുന്ന മജീദ്. അവള്‍ നടന്നു പോകുമ്പോള്‍ മറഞ്ഞു നിന്ന് നോക്കി നില്‍ക്കുന്ന കള്ള കാമുകന്‍. അവള്‍ കയറുന്ന ബസില്‍ തന്നെ കയറാന്‍ വാശിപ്പിടിച്ചു കാത്തു നിന്നിരുന്ന കാലം. അവള്‍ക്കെഴുതാന്‍ വരികള്‍ തേടി പുസ്തകങ്ങളൊക്കെ വായിച്ചു തീര്‍ത്തു. എല്ലാറ്റിനുമൊടുവിൽ‍, പിരിയാന്‍ നേരം ആറ്റിക്കുറുക്കിയൊരു കുറിമാനം അവളെ ഏല്‍പ്പിച്ചു. ഒന്നും പറയാതെ അയാള്‍ തിരികെ നടന്നു. ക്ലാസ് തീരാന്‍ അധികം ദിവസങ്ങളുണ്ടായിരുന്നില്ല. അവസാനത്തെ ദിവസം. മറുപടി കിട്ടുമെന്നുറപ്പിച്ച ദിവസം അവള്‍ വന്നതുമില്ല.

ഇരുപത്തിയെട്ട് കൊല്ലത്തിന് ശേഷം ഏഴു കടലിനിക്കരെ, അവള്‍ വന്നു പുറത്തടിയ്ക്കുന്നു. എടാ നിനക്ക് സുഖമല്ലേ. അവളിപ്പോള്‍ പഴയ റാബിയല്ല. പഴയ റാബിയ മിണ്ടാറില്ല ഇത് പഴയ മജീദല്ല പഴയ മജീദ് മിണ്ടാതിരിക്കാറില്ല.. സുഖാണ് റാബീ.. നിനക്കോ... പെരുത്ത് സുഖം.. മാധവിക്കുട്ടിയുടെ തരിശുനിലങ്ങള്‍ എന്ന കഥയുടെ തുടക്കം പോലെ ഒരു ഒത്തുചേരൽ‍. "എട്ടു കൊല്ലങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടു മുട്ടുകയായിരുന്നു. സ്‌നേഹിക്കുന്നവരുടെ നാട്യത്തിലല്ല, പക്ഷെ ഒരിക്കല്‍ സ്‌നേഹിച്ചിരുന്നവരുടെ നാട്യത്തില്‍. അതു കൊണ്ട് കുറച്ചു നിമിഷങ്ങളോളം യാതൊന്നും പറയാതെ അന്യോനം നോക്കി നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവര്‍ അതിന് ധൈര്യപ്പെടാതെ ആ മൗനത്തെ ചില്ലറ വാക്കുകള്‍ കൊണ്ട് തകര്‍ത്തു,... അയാള്‍ തന്റെ അല്‍പം പരുത്ത ശബ്ദത്തില്‍ ചോദിച്ചു..

ഒന്നും പറയാനില്ലേ ഒന്നു ചോദിക്കണമെന്നുണ്ട് ഉം എന്നെ വെറുത്തു തുടങ്ങിയോ എന്തിന് ഒരിക്കല്‍ സ്‌നേഹിച്ചിരുന്നത് കൊണ്ട്.. ( തരിശുനിലങ്ങൾ‍)

സാധാരണ ഗതിയില്‍ മജീദ് ഇപ്പോള്‍ ഒരു സിഗരറ്റിന് തിരികൊളുത്തേണ്ട നേരമാണ്. ടെന്‍ഷന്‍ കൂടുമ്പോള്‍ അത് പതിവാണ്. റാബിയയുടെ മുന്നിലയാള്‍ പഴയ മജീദായി. ഉള്ളിലൊരു പെരുക്കം കൂടിക്കൂടി വന്നു. റാബിക്ക് സുഖാണോ.. അയാള്‍ വീണ്ടും ചോദിച്ചു.. ഇജ്ജ് ന്താ ചോയ്ച്ചത് തന്നെ ചോയ്ക്കണെന്ന് ചോദിച്ച് അവള്‍ വീണ്ടും പൊട്ടിച്ചിതറി.. ഇത് കോളെജിലെ നടുമുറ്റമാണെന്ന് വിചാരിച്ചാണോ അവളുടെ പൊട്ടിച്ചിരി. അവള്‍ക്ക് ചുറ്റും നാലു കുട്ടികളെത്തി. മൂന്നാണും ഒരു പെണ്ണും.. ഒക്കെ നമ്മളെ മക്കളാ റാബി വീണ്ടും പൊട്ടിച്ചിരിച്ചു. അനക്കെത്രയായി മൂന്ന്.. ഒരാണും രണ്ടു പെണ്ണും.. പത്തിരുപത് കൊല്ലമായി റാബിയ ജിദ്ദയിലാണ്. ഒരു കമ്പനിയിലെ മാനേജാണ് ഭര്‍ത്താവ്. അനിയത്തിയും ഭര്‍ത്താവും കോര്‍ണിഷിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെപോന്നതാണ്. അന്നെ കണ്ടത് ഭാഗ്യായി.. അവള്‍ പറഞ്ഞു. ഉം.. നീ തന്ന കത്ത് ഇപ്പളും ന്റെ അട്ത്ത്ണ്ടുട്ടോ.. ചുറ്റിലും എല്ലാം തിരിച്ചറിയുന്ന പ്രായമെത്തിയ മക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നത് അവള്‍ ശ്രദ്ധിക്കുന്നേയില്ല. ഇത് പഴയ മൊയ്തീനും കാഞ്ചനയുമാണെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാകും. അവള്‍ കോളെജിലെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പടിയിറങ്ങിപ്പോയ കൊല്ലങ്ങളിലൂടെ അവള്‍ തിരിച്ചോടി കയറുകയാണ്. അവളങ്ങിനെ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എവിടെയോ തടഞ്ഞുനിര്‍ത്തിയ ഓര്‍മയുടെ അറകള്‍ പൊട്ടിച്ചിതറിയ പോലെ. ആ കത്ത് ഇപ്പോളും അന്റെ അട്ത്ത് ണ്ടോ ഉണ്ടെന്ന് അവളുറപ്പിച്ചു പറഞ്ഞു. വാട്‌സാപ്പില്‍ അയച്ചുതരാം. നമ്പര്‍ താ.. പിന്നെ അവളൊരു സ്വകാര്യം പറഞ്ഞു.

കോളജിന് വേറെ ഒരാള്‍ എളാമന്റെ മോന്റെ കയ്യില്‍ ഒരു കത്ത് കൊടുത്തയച്ചിരുന്നു. അത് വായിച്ചു പോലും നോക്കാതെ കീറി പീസ് പീസാക്കി തിരിച്ചു കൊടുത്തയച്ചു. ഇജ് തന്ന കത്ത് ഇപ്പളും കൂടെണ്ട്. അന്നൊരു ചിരി കൊണ്ടെങ്കിലും നീയൊരു മറുപടി തന്നിരുന്നെങ്കിലെന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. അവളുടെ പൊട്ടിച്ചിതറല്‍ നിലച്ചുപോയിരിക്കുന്നു. നെടുവീര്‍പ്പുകള്‍ പകരം വന്നിരിക്കുന്നു...

മായാന്‍ പോകുന്ന സൂര്യനെ നോക്കി അവള്‍ ചിരിച്ചു.  കടല്‍ വെള്ളത്തിലേക്ക് നോക്കി നില്‍ക്കുന്ന മക്കള്‍ക്ക് നേരെ കണ്ണു പായിച്ചു. അന്റെ ഉണ്ടക്കണ്ണിന് ഒരു മാറ്റവും ഇല്ലല്ലോ എന്ന്  പറഞ്ഞ് അവളെ ചിരിപ്പിക്കാന്‍ നോക്കി.. ഫോണ്‍ ചിലക്കാന്‍ തുടങ്ങി. തള്ളക്ക് കാറ്റുകൊണ്ട് മതിയായിട്ടുണ്ടാകും. ഞാന്‍ പോട്ടെ.. അസ്തമയ സൂര്യനില്‍ നിന്ന് കണ്ണെടുക്കാതെ അവള്‍ തലയാട്ടി.. ഞാനിവിടെ എല്ലാ വെള്ളിയാഴ്ച്ചയും വരാറുണ്ട്. അയാള്‍ വീണ്ടും പറഞ്ഞു.. ഞാന്‍ വരാറില്ല. അവള്‍ വീണ്ടും ഇരുപത്തിയെട്ട് കൊല്ലം മുമ്പുള്ള റാബിയ ആകാനുള്ള ഒരുക്കത്തിലാണ്. ഞാന്‍ പോട്ടെ.. അതയക്കണം. ആ കത്ത്. ഉം. മക്കളുടെ അടുത്തേക്കാണെന്ന ഭാവത്തില്‍ അവളോടി. തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്തില്ല. കടലോര സമാഗമം കഴിഞ്ഞിട്ട് ആഴ്ച രണ്ടായി. മജീദിന്റെ വാട്‌സാപ്പില്‍ ആ കത്ത് ഇനിയും വന്നിട്ടില്ല.. കോര്‍ണിഷില്‍ നിന്ന് ആ അടി പിന്നീട് കിട്ടിയില്ല... പ്രണയം പോലൊരു കിനാവില്ല. പ്രവാസം പോലൊരു യുദ്ധവുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.