Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൃപയിൻ ചിറകടിയിൽ ’ റവ. ഫാ. പൗലോസ് ടി. പീറ്ററിന്റെ പൗരോഹിത്യ രജത ജൂബിലി സ്മരണികാ ഗ്രന്ഥം – ഒരാസ്വാദനം

book

കവിതാത്മകമായ തലക്കെട്ടുകൊണ്ടു തന്നെ വശ്യമായ ഈ സ്മരണിക ഏതാണ്ട് നാൽപ്പതു വർഷത്തിലേറെയായി അമേരിക്കൻ ഐക്യനാടുകളുടെ തിലകക്കുറിയായ ന്യൂയോർക്കിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ഫാ. പൗലോസ് പീറ്ററിന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്. ഒരു ഹൃസ്വ സമയ പരിപാടിയായി ഓടിച്ചൊരു വായനയായിരുന്നു എന്റെ ആദ്യ തീരുമാനം, വായിച്ചു തുടങ്ങിയപ്പോഴാകട്ടെ ഇതിലുടനീളം ഞാനും എന്നെപ്പോലുളളവരും കഥ പറയുന്നുവെന്ന പ്രതീതിയുളവാക്കുകയും അത് മുമ്പോട്ടു വായിക്കുവാനുളള ജിജ്ഞാസയും കൗതുകവും ഉണർത്തുകയും ചെയ്തു. താളുകൾ മറിക്കുന്തോറും ഇതൊരു സ്മരണികയെന്നതിലുപരി ഗൗരവപൂർവ്വമായ വായനയർഹിക്കുന്ന ഗ്രന്ഥമാണെന്നു ബോധ്യമായി. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവരും ജീവിതത്തിലെ പല തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളളവരുമായ പല മഹൽ വ്യക്തികൾ എഴുതിയ ലിഖിതങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പൗരോഹിത്യ ജീവിതത്തിലും കുടുംബ ജീവിതത്തിലുമായുളള പ്രിയപ്പെട്ടവരുടെ കുറിപ്പുകൾ, ജൂബിലേറിയന്റെ ജീവിതാനുഭവങ്ങളും പിന്നിട്ട സംഭവ ബഹുലമായ ജീവിത യാത്രയും ആത്മകഥയുടെ ആർജ്ജവത്തോടെ വിവരിച്ചിരിക്കുന്ന ലേഖനവും അദ്ദേഹം എഴുതിയ മാതൃകാ ലേഖനങ്ങളും എല്ലാം സമഞ്ജസമായി സമ്മേളിച്ചപ്പോൾ ആശയ സമ്പന്നമായ ഒരക്ഷര സുന്ദരിയായി ഈ പുസ്തകം രൂപപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതിൽ അതിശയോക്തി അശേഷമില്ല.

coverpage

ഡോ. ഡി. ബാബു പോൾ ഐഎഎസ് അവതാരികയെഴുതിയ ഈ പ്രൗഢ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാ. പൗലോസ് പീറ്റർ പൗരോഹിത്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലു പിന്നിടുന്നതോടൊപ്പം ഐക്യരാഷ്ട്ര സഭയിലെ 32 വർഷത്തെ അന്താരാഷ്ട്രീയ സിവിൽ സർവീസിനുശേഷം വിരമിച്ച വ്യക്തിയുമാണ്. തന്റെ ജന്മ നാടായ കോലഞ്ചേരി ഗ്രാമത്തിലെ ബാല്യകാല ജീവിതം മുതൽ അമേരിക്കയിലെ ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഉയർന്ന ഔദ്യോഗിക പദവിയിലെത്തിച്ചേർന്നതുവരെയുളള സഫലമായ ജീവിതയാത്രയുടെ സായാഹ്നത്തിൽ നാളിതുവരെ ദൈവകൃപയുടെ ചിറകടിയിൽ തന്നെയും കുടുംബത്തെയും പരിപാലിച്ചതിനെ നന്ദിയോടെ സ്മരിക്കുകയും ആ യാത്രയിൽ തന്റെ സഹയാത്രികരും പങ്കാളികളും സഹായികളുമായവരുമായി ആ നിർവൃതിയുടെ നിമിഷങ്ങൾ പങ്കുവയ്ക്കുകയും അനശ്വരമാക്കുകയുമാണ് ഇങ്ങനെയൊരു ദൗത്യത്തിനു പിന്നിലെന്ന് അച്ചൻ തന്നെ സാക്ഷിക്കുന്നു. വൈവിധ്യമുളള ആശയങ്ങളും സമകാലീന യാഥാർത്ഥ്യങ്ങളും ചരിത്രപരമായ വസ്തുതകളും ഇതിവൃത്തമായി പ്രശസ്തരും പ്രഗൽഭരുമായ സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാരുടെ ലേഖനങ്ങളും കവിതകളും ആശംസകളോടൊപ്പം ഈ സ്മരണികയെ കാലികവും അർത്ഥപൂർണ്ണവും വായനായോഗ്യവുമാക്കിയിരിക്കുന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കൊളോവോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ കൽപ്പനയിൽ താൻ അമേരിക്കയിൽ എത്തിയ നാൾ മുതൽ ഇന്നുവരെയും പൗലോസ അച്ചനുമായി തനിക്കുളള സൗഹൃദത്തെയും സുഖത്തിലും ദുഃഖത്തിലും വേർപിരിയാത്ത ആത്മബന്ധത്തെയും അദ്ദേഹം തനിക്കു നൽകിയ വിലയേറിയ സേവനങ്ങളെയും അനുസ്മരിച്ചു. റവ. ഫാ. ഡോ. ജോർജ് കോശി, റവ. ഫാ. സഖറിയാ നൈനാൻ, ഡോ. ഡി. ബാബു പോൾ ഐഎഎസ്, റവ. ഫാ. ഡോ. ജേക്കബ് കുര്യൻ, റോയി പോൾ ഐഎഎസ് എന്നിവരുടെ ലേഖനങ്ങളും സവിശേഷ ശ്രദ്ധ അർഹിക്കുന്നു.

സർവ്വശക്തനായ ദൈവത്തിന്റെ കൃപ ’(Providence of The Almighty God) എന്ന ശീർഷകത്തിൽ പൗലോസ് അച്ചൻ ഇംഗ്ലീഷിൽ എഴുതിയ ലേഖനം സരസവും സരളുമായ ഭാഷാ ശൈലിയിൽ രജത ജൂബിലി എന്നത് ആഘോഷത്തിന്റെ മാത്രമല്ല, പുനരവലോകനത്തിന്റെയും കൃതജ്ഞതയുടെയും അവസരമാണെന്നുളള ആശയം ഉൾക്കൊണ്ട് നാളിതുവരെയുളള തന്റെ ജീവിതയാത്രയെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. ദൈവകൃപയുടെയും ദിവ്യപരിപാലനത്തിന്റെയും തണലിലൂടെയുളള ആ യാത്രയിൽ അനുവാചകരെ അനുയാത്രികരാക്കി താൻ ജനിച്ചു വളർന്ന ആ നാട്ടു പാതകളിലൂടെ നയിക്കുന്ന പ്രതീതിയാണ് നമുക്ക് അനുഭവപ്പെടുന്നത്. അതിലൂടെ 1950 കളിലും 60 കളിലുമുളള കേരളീയ ഗ്രാമീണ ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെ നമുക്ക് ലഭ്യമാകുന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന നമ്മുടെ രണ്ടാം തലമുറ എന്നെങ്കിലും അവരുടെ വേരുകൾ അന്വേഷിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ ഈ ലേഖനം അതിലേക്കുളള വാതായനം തുറക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു സഞ്ചാര സാഹിത്യകാരന്റെ സ്വാഭാവികതയിലും അവതരണശൈലിയിലുമാണ് ആ ഗ്രാമത്തിന്റെ കഥ ഐതീഹ്യങ്ങളുടെയും പാരമ്പര്യങ്ങളുടെയുമെല്ലാം പിൻബലത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ പൗരാണികതയറിയാത്ത ഇളം തലമുറയ്ക്ക് പാഠ്യയോഗ്യമായ സാഹിത്യശകലമായി ഇത് പ്രയോജനപ്പെടും. നാമെല്ലാം സ്വപ്നങ്ങൾ കാണാറുണ്ട്. എന്നാൽ അവ എത്രമാത്രം യാഥാർത്ഥ്യമാകാറുണ്ട് ? ചിലത് യാഥാർത്ഥ്യമാവുകയും ചെയ്യും. പൗലോസ് അച്ചൻ സ്വപ്നം പോലും കാണാത്ത കാര്യമായിരുന്നു ഈ രാജ്യത്തെത്തുകയെന്നത്. ഈ രാജ്യത്ത് വന്നുപെടുകയും ലോക രാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് ഉന്നതമായ ഔദ്യോഗിക പദവിയിലെത്തുകയും അതേ സമയം തന്റെ പൗരോഹിത്യ ചുമതലകളെ ഉതിർന്നുപോകാതെ നെഞ്ചിലേറ്റി നടക്കുന്നതുമെല്ലാം ദൈവ കൃപയുടെയും പദ്ധതിയുടെയും ഭാഗമായി അദ്ദേഹം കാണുന്നു. സംഭവ ബഹുലവും വെല്ലുവിളികളും പ്രതിസന്ധികളും പ്രതികൂലതകളും നിറഞ്ഞതുമെങ്കിലും അനുഗ്രഹീതവും സഫലവും ധന്യവുമായി ഉരുത്തിരിഞ്ഞ കോലഞ്ചേരിയിലെ കുഗ്രാമമായ തമ്മാനിമറ്റം മുതൽ ന്യൂയോർക്ക് സിറ്റി വരെയുളള അദ്ദേഹത്തിന്റെ ജീവിത യാത്ര അനേകർക്ക് പ്രചോദനവും ഉദ്ബോധനവും പ്രദാനം ചെയ്യുവാൻ പര്യാപ്തമാണ്. തന്റെ പുത്രൻ ജോജിയും പിന്നീട് താനും വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾക്കും പരിമിതികൾക്കും അപ്പുറമായി എല്ലാവരുടെയും പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിൽ അചഞ്ചലമായ ദൈവവിശ്വാസവും പ്രാർഥനയും വഴി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവ സാക്ഷ്യം ഒരുദാഹരണം മാത്രം. പുസ്തകത്തിന്റെ ‘കൃപയിൻ ചിറകടിയിൽ’ എന്ന പേരുതന്നെ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. അതോടൊപ്പം നിധി ബഞ്ചമിൻ രൂപകൽപ്പന ചെയ്ത കവർ ചിത്രം ആ ആശയം ഊന്നിപ്പറയുന്നു. തളളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ സംരക്ഷിച്ചു പരിപാലിക്കുന്നതുപോലെ സർവ്വശക്തനായ ദൈവം നമ്മെയെല്ലാം കാത്തു രക്ഷിക്കുന്നുവെന്ന് കേന്ദ്ര സന്ദേശം വളരെ അർത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു.

book-new

‘‘ഒരു ചിത്രം ഒരായിരം വാക്കുകൾക്കു സമം’’ എന്ന ആപ്തവാക്യം അന്വർത്ഥമാകുമാറ് അച്ചന്റെ ജീവിതത്തിലെ അനേകം അനുസ്മരണീയ സംഭവങ്ങളെയും ലോക പ്രസിദ്ധരായ മഹാരഥന്മാരുടെയും രാഷ്ട്രത്തലവന്മാരുടെയും വിശ്വവിഖ്യാതരായ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെയും ഒപ്പമുളള അനർഘനിമിഷങ്ങളെയും ഒപ്പിയെടുത്ത ചിത്രങ്ങൾ ഈ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നത് സ്വയം കഥ പറയുന്നവയാണ്.

ആത്മീയവും കുടുംബപരവും സഭാപരവും സാമുദായികവുമായ ഉയർന്ന ഉത്തരവാദിത്വങ്ങളെ കോർത്തിണക്കി ഒന്നിനൊന്നു കുറയാതെയും ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കാതെയും സേവനനിരതനായി ഇന്നും കർമ്മനിരതനായി സമൂഹത്തിൽ നിലകൊളളുന്ന ബഹുമാന്യനായ പൗലോ പീറ്റർ അച്ചന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘കൃപയിൻ ചിറകടിയിൽ’ എന്ന പുസ്തകം കെട്ടിലും മട്ടിലും മനോഹരവും തികച്ചും വായനായോഗ്യവുമാണ്.

വൈറ്റ് പ്ലെയിൻസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരിയായ പൗലോസ് അച്ചൻ ന്യൂയോർക്കിലെ സയോസെറ്റിൽ താമസിക്കുന്നു. ന്യുയോനേറ്റോളജിസ്റ്റ് ഡോ. അമ്മു പൗലോസാണ് ഭാര്യ. ഡോ. നിധി വർഗീസ്, ഡോ. താരാ പൗലോസ്, ജോർജ് പൗലോസ് എന്നിവരാണ് മക്കൾ. ജേക്കബ് വർഗീസാണ് മകൾ നിധിയുടെ ഭർത്താവ്. കൊച്ചു മക്കൾ : ഡാനിയൽ, ആൻഡ്രു, കിരൺ, സോണിയ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.