Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിള്ളച്ചൻ അമേരിക്കയിൽ

pillai-at-usa-01

അങ്ങനെ ചില വർഷങ്ങൾക്കുശേഷം വളരെ പണിപ്പെട്ടു പദ്മനാഭൻപിള്ള അമേരിക്കയിൽ വീണ്ടും വരാൻ തീരുമാനിച്ചു. മകൻ പുതിയ വീട് പണിതപ്പോൾ മുതൽ പിള്ളയെ വിളിക്കുകയാണ്‌. അപ്പോഴൊക്കെ ദിലീപിന്റെ കല്യാണ രാമനിലെ മറുപടി.. ഹ്മ്മം എന്റെ പട്ടി വരും. പിള്ളയെ തനിച്ചാക്കി വരാൻ പങ്കജാക്ഷി അമ്മയ്ക്കും പ്രയാസം, വയസ്സ് 81 ആയില്ലേ, വല്ലതും സംഭവിച്ചുപോയാൽ. ഇതറിയാവുന്ന പിള്ള, മോൻ വിളിക്കുമ്പോഴൊക്കെ ഗമ കൂട്ടി. പലപ്രാവശ്യം വിളിച്ചപ്പോൾ പങ്കജാക്ഷി അമ്മയിലെ പുത്ര വാത്സല്യം ഉണർന്നു. ശരി, മോനെ ഞാൻ വരാം, അങ്ങനെ പങ്കജാക്ഷി അമ്മയ്ക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. പിള്ളച്ചൻ ഒരിക്കലും ഈ ചതി പ്രതീക്ഷിച്ചില്ല. ഞാൻ ഇല്ലാതെ അവൾ പോകുമോ, പിള്ളേച്ചനു സംശയം. സംഗതി ശരിയാണെന്ന് മനസ്സിലായതോടെ, നെഞ്ചിടിപ്പ്‌ കൂടി. പെങ്ങൾ അവിടെ ഭർത്താവിന്റെ ജോലി സ്ഥലത്തേക്കും പോകുന്നു എന്നറിഞ്ഞതോട് പിള്ളയുടെ പത്തി ഒന്ന് താണു. തനിയെ അമേരിക്കയ്ക്ക് വരാനും പറ്റില്ല. ഭാര്യ പോയാൽ മോന്റെ കൂടെ നിന്ന് പോകുമോ, ആകെ ഒരു അങ്കലാപ്പ്.

ഒരു ദിവസം രാത്രി ഒരു ഫോണ്‍ കാൾ, എടാ ഇത് അച്ഛനാ, നീ എനിക്കൂടെ ഒരു ടിക്കറ്റ്‌ ശരിയാക്ക്, ഞാൻ വരാം. ഇച്ചിരി ഗമ കാണിക്കാൻ ഞാനും തീരുമാനിച്ചു. ഞാൻ പറഞ്ഞു സാരമില്ല അച്ഛാ, പ്രായം ഒത്തിരി ആയില്ലേ, യാത്ര ചെയ്യാനൊക്കെ കഷ്ടമാവും. മറു തലക്കൽ മൗനം, അമ്മയ്ക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു, ഇനി ഇപ്പം സെയിം ഫ്ലൈറ്റ് കിട്ടുമോ എന്നും അറിയില്ല, മറുസൈഡ് അച്ഛൻ യാചന ആയി, എങ്ങനേലും ഒന്ന് നോക്ക് മോനെ, നോക്കട്ടെ എന്ന് പറഞ്ഞു ഫോണ്‍ വച്ചു . ഉള്ളിൽ സന്തോഷം തോന്നി, വരാമെന്ന് സമ്മതിച്ചല്ലോ. ഖത്തർ എയർലൈൻസിൽ ആണ് ബുക്ക്‌ ചെയ്തതു അമ്മക്ക്, അതെ ഫ്ലൈറ്റ് തന്നെ കിട്ടണം. വളരെ പാടുപെട്ടു മുന്നൂറു ഡോളർ കൂടുതൽ കൊടുത്തു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. ഒരു കുഴപ്പം, രണ്ടും വേറെ വേറെ സീറ്റാണ്. അടുത്തിരിക്കാൻ പറ്റില്ല. അങ്ങനെ ആ ദിവസം എത്തി. നെടുംമ്പാശ്ശേരിയിൽ നിന്നാണ് വിമാനം . പിള്ള നല്ല പ്രായം, പണ്ട് കാശു കൊടുത്തു വലിച്ചതിനാൽ ഇപ്പം ഫ്രീ ആയി വലിക്കുന്നുണ്ട്. സ്മാൾ അടിച്ചതിന്റെ സൈഡ് ദോഷം വേറെ. കഠിന ചുമയും.

pillai-01

വീൽ ചെയർ സർവീസ് അനുവദിച്ചിട്ടുണ്ട്. എല്ലാം ഓക്കേ എന്നാ ആശ്വാസം എനിക്ക്. നേരത്തെ എയർ ഇന്ത്യ കാണിച്ച മര്യാദ കേടു പിള്ളച്ചന്റെ മനസ്സിൽ ഉണ്ട്. തന്നെയും അല്ല അമേരിക്കയോട് പിള്ളക്ക് വെറുപ്പാണ് താനും പിന്നെ പിള്ളേച്ചന്റെ ഈഗോയും. വീൽ ചെയർ തള്ളാൻ വന്നവൻ പൈസ ചോദിച്ചു, നമ്മുടെ നാടല്ലേ, അതും നെടുമ്പാശ്ശേരി. കൊടുക്കെന്നു പങ്കജാക്ഷി അമ്മ പറഞ്ഞിട്ടും പിള്ള കൊടുത്തില്ല. എന്തിനു കൊടുക്കണം ? ഇത് നമ്മുടെ അവകാശം അല്ലെ, വന്നവൻ അവന്റെ പാട്ടിനു പോയി, അവസാനം പാവം പങ്കജാക്ഷി അമ്മ വീൽചെയർ തള്ളി, അച്ഛനേം കൊണ്ട്.

ഫ്ലൈറ്റിനകം, രണ്ടു പേരും രണ്ടു സ്ഥലം ഇരിക്കുന്നു. പിള്ളയുടെ അടുത്ത് ഒരു മദാമ്മ. അവർ ഹലോ പറഞ്ഞു. പിള്ളച്ചൻ മൈൻഡ് ചെയ്തില്ല. പങ്കജാക്ഷി അമ്മയെ അടുത്ത് വിളിച്ചു ഇരുത്തണം, അറബി അറിയില്ല, ഇംഗ്ലീഷും ശരിക്കറിയില്ല, പറഞ്ഞു നോക്കി, മദാമ്മക്ക്‌ മനസ്സിലായില്ല, ഫ്ലൈറ്റ് പൊങ്ങിയതോടെ നല്ല തണുപ്പ് തുടങ്ങി, പിള്ളേച്ചനു നല്ല ചുമയും മദാമ്മക്ക്‌ ഒരു മാതിരി, പിള്ളച്ചന്റെ താടിയിൽ കഫം കണ്ടതോട്‌ മദാമ്മക്ക്‌ മതിയായി. അവർ എയർഹോസ്റ്റസിനെ വിളിച്ചു, ഈ സീറ്റ്‌ മാറ്റി തരണം. അങ്ങനെ പിള്ളച്ചന്റെ അടുത്ത സീറ്റ്‌ പങ്കജാക്ഷി അമ്മക്ക് കിട്ടി. സുഖമായി ഷിക്കാഗോ വരെ എത്തി . അവിടെ നിന്നും ഫിനിക്സ്. അമേരിക്ക ഇഷ്ടം അല്ലെങ്കിലും, ഇംഗ്ലീഷ് അറിയില്ലെന്ന് പറയുന്നത് പിള്ളക്ക് സഹിക്കില്ല. ഫിനിക്സിൽ ബാഗ്‌ കലക്ട് ചെയ്യണം, ആരോ ഒരു നല്ല അമേരിക്കൻ സഹായിക്കാൻ വന്നു, പ്രായം ഉള്ള ആൾക്കാർ അല്ലെ എന്ന് കരുതി, ഉടനെ വന്നു പിള്ളയുടെ ഇംഗ്ലീഷ്, ഡോണ്ട് ടച്ച്‌ ബാഗ്‌. അവനും പോയി, പാവം പങ്കജാക്ഷി അമ്മ നടുവയ്യാതെ ബാഗ്‌ എല്ലാം എടുത്തിട്ട് വെളിയിൽ വന്നു. ഇങ്ങേരുടെ ഒരു ഒടുക്കലത്തെ ഇംഗ്ലീഷ്, പങ്കജാക്ഷി അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.

എയർപോർട്ടിൽ നിന്നും അരമണിക്കൂർ യാത്ര, വീട്ടിൽ എത്തി, നല്ല ക്ഷീണം ഉണ്ട്, സാധനങ്ങൾ കാറിൽ നിന്നും ഇറക്കിവച്ചു, അച്ഛന്റെയും അമ്മയുടെയും മുറി കാണിച്ചു കൊടുത്തു, ഭാര്യക്ക്‌ ജോലിയുള്ളതിനാൽ, കുട്ടികളുടെ കാര്യവും നോക്കണം, രാവിലെ പിള്ളേരെ സ്കൂളിൽ കൊണ്ടുപോണം, മുകളിലാണ് അച്ഛന്റെയും അമ്മയുടെയും മുറി, താഴെ മുറി വേണ്ട എന്നത് പിള്ളച്ചന്റെ തന്നെ ആവശ്യം, വയസു എൺപത്തി ഒന്നായെങ്കിലും ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത, സ്റ്റെപ് കേറി ഇറങ്ങുമ്പോൾ കാലിനും കൈയ്ക്കും ഒക്കെ ഒരു വ്യായാമം ആവും പോലും, ശരി എന്ന് ഞാനും വിചാരിച്ചു. നിർദേശങ്ങൾ നൽകി, ലൈറ്റ് ഇട്ടേ ബാത്‌റൂമിൽ പോകാവൂ, അമ്മയെയോ, എന്നെയോ വിളിക്കണം എന്തെങ്കിലും ആവശ്യം ഉണ്ടേൽ, ഒഹ്ഹ്, ഞാനെന്താ കൊച്ചു കുഞ്ഞാണോ എടാ, ഉടനെ വന്നു പിള്ളച്ചന്റെ മറുപടി. ഞാൻ താഴേക്കിറങ്ങി.

സമയം ഏതാണ്ട് രാത്രി പതിനൊന്നുമണി ആയി, എന്റെ കണ്ണുകൾ ഉറക്കത്തിലേക്കു വഴുതി . പത്തോം.. ടും , വല്യ ഒരു ശബ്ദവും നിലവിളിയും കേട്ടാണ് ഞാൻ ഉണർന്നത്, എന്താണ് സംഭവിച്ചത്, അമ്മയുടെ നിലവിളി കേട്ടു, മോനെ ഓടിവാ, ഞാൻ മുകളിലെ നിലയിലേക്ക് പാഞ്ഞു . ചെന്നപ്പോൾ കണ്ട കാഴ്ച, ഒടിഞ്ഞു മടങ്ങി ബാത്ത്ടബിൽ കിടക്കുന്ന അച്ഛൻ. പൊക്കിയെടുക്കാൻ നോക്കി, പറ്റുന്നില്ല, എണീക്കാൻ വയ്യ എന്ന് അച്ഛൻ, കാലിന്റെ തുടഭാഗം നന്നായി ചുമന്നിട്ടുണ്ട്, കൈമുട്ടിൽ ചോര, ഞാനും അമ്മയും കൂടി പിള്ളച്ചനെ ഒരു വിധത്തിൽ പൊക്കി എടുത്തു, അപ്പോഴാണ് ശ്രദ്ധിച്ചത് , പിള്ളച്ചന്റെ ദേഹം മുഴുവൻ വെളിച്ചെണ്ണ, കാലിൽ ഒരു റബ്ബർ ചെരുപ്പും . എന്താ സംഭവിച്ചേ, ഞാൻ ചോദിച്ചു, ഞാൻ ഒന്ന് കുളിക്കാൻ കേറിയതാ , വെളിച്ചെണ്ണയും തേച്ചു, റബ്ബർ ചെരുപ്പും, ഇട്ടോണ്ടോ, അതും ബാത്ത് ടബിൽ ഞാൻ ചോദിച്ചു. അത് പിന്നെ, ഞാൻ നാട്ടിലങ്ങനാ കുളിക്കുന്നെ. എന്റെ കർത്താവെ, തലയെങ്ങാനും അടിച്ചു വീണിരുന്നെങ്കിൽ എന്താകുമാരുന്നു ഗതി. ആശുപത്രിയിൽ കൊണ്ടുപോവാം, വേണ്ട, എന്ന് പിള്ളച്ചൻ. നടക്കാൻ കഴിയുന്നില്ല, ഒരുവിധത്തിൽ താങ്ങി കട്ടിലിൽ ഇരുത്തി, അമേരിക്കയിലെ കട്ടിലിനെല്ലാം ഭയങ്കര പൊക്കമാണ്, ഇനി അതെന്നെങ്ങാനും വീണാലോ, താഴെ പായ വിരിച്ചു കിടത്തി. എന്താ ആരെയും വിളിക്കാഞ്ഞേ, ലൈറ്റ് ഇടാതെ ബാത്‌റൂമിൽ പോയെ? അത് നിങ്ങളെ ആരേം ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതിയാ.

my-home-01

അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, മനസ്സിലൂടെ പല ചിന്തകൾ കടന്നു പോയി, കർത്താവെ, എന്താ ഇങ്ങനെ സംഭവിച്ചേ, നടുവിനു വല്ലതും സംഭവിച്ചോ, നല്ല നീര് ഉണ്ട്, ആശുപത്രിയിൽ കൊണ്ടുപോയാലുള്ള അവസ്ഥ, ഇൻഷുറൻസില്ല, ഭയങ്കര ബിൽ വരും, തിരികെ എങ്ങനെ നാട്ടിൽ വിടും, അതിലൊക്കെ ഉപരിയായി, നഴ്സമ്മ രാവിലെ വരുമ്പോൾ ഉള്ള പ്രതികരണം കൂടി ഓർത്തപ്പോൾ ശരീരം വിറച്ചു. എപ്പോഴോ കണ്ണുകൾ ഉറക്കത്തിലേക്ക് വീണു. ഏതാണ്ട് നാലു ദിവസങ്ങൾ പിള്ളച്ചൻ ഒരെകിടപ്പുതന്നെ ആയിരുന്നു, എല്ലാ പ്രതീക്ഷയും മങ്ങിയപോലെ, ലക്ഷങ്ങൾ മുടക്കി ഉള്ള ഈ പ്രവശ്യത്തെ വരവ് വെറുതെ ആയല്ലോ. ആറാം ദിവസം രാവിലെ, അച്ഛന്റെ റൂമിൽ നിന്നും ഒരു വിളി, എടാ സതിയെ, എന്താ അച്ഛാ , ഒന്നിങ്ങു വന്നെ, ഞാൻ ചെന്നു, പായിൽ നിന്നും എണീറ്റ്‌ കട്ടിലിന്മേൽ ഇരിക്കുന്ന പിള്ളേച്ചൻ, എടാ എനിക്കൊരു വടി വെട്ടിതരണം . എന്റെ ഓർമ പെട്ടെന്ന് യുടൂബിലെ മധു ഭാസ്ക്കർ സാറിന്റെ പ്രസംഗത്തിൽ ഊന്നി നിന്നു ഒരു നിമിഷം, എന്താ wilma rudolph നെ പോലെ ഓടാനോ മറ്റോ ആണോ, എന്തായാലും, അദ്ദേഹം പറഞ്ഞപോലെ തന്നെ, മനുഷ്യൻ അപാര സാധനം തന്നെ. മരുഭൂമിയിൽ എവിടെ വടിവെട്ടി കൊടുക്കാൻ ? രാവിലെ തന്നെ walmartil പോയി ഒരു cane വാങ്ങി കൊടുത്തു, എട്ടാം ദിവസം വടിപോലും വേണ്ടാതെ പിള്ളച്ചൻ നടന്നപ്പോൾ, സതീഷ്‌ പദ്മനാഭനും, തെറ്റി, പിള്ളച്ചനെ കുറിച്ചുള്ള പ്രവചനം.

ജീവിതം സാധാരണ ഗതിയിലെക്കായി, ദൈവത്തിനായിരം നന്ദി പറഞ്ഞു . പദ്മനാഭൻ പിള്ളയെ മനസ്സിലാക്കിയവർ വളരെ ചുരുക്കം, ഒരു പ്രത്യേക വ്യക്തിത്വം, ആരോടും ഒന്നും അറിയില്ല എന്ന് പറയില്ല, പലതും അറിയില്ലെങ്കിലും അറിയാം എന്ന് ഭാവിക്കും. ആരോടും കടം വാങ്ങാത്ത പ്രകൃതം, കൊടുക്കേണ്ടത് കൃത്യമായി കൊടുക്കും. ഭയങ്കര അഭിമാനി , ഇന്ത്യയെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടോ എന്ന് സംശയം . അമേരിക്കയിലെ പല സ്ഥലങ്ങളും കൊണ്ട് കാണിച്ചു, സിന്തറ്റിക് റോഡുകളും, കെട്ടിടങ്ങളും, മാളുകളും, ഒക്കെ കാണിച്ചിട്ട് അച്ഛാ എങ്ങനുണ്ടേ എന്ന ചോദ്യത്തിന് പിള്ളച്ചന്റെ മറുപടി ഓ ഇതൊക്കെ നമ്മുടെ നാട്ടിലില്ലാത്തതാണോ! പിഡബ്ല്യുവിൽ ജോലി ഉണ്ടായിരുന്നതിനാലാണോ ആവോ അരിസോണയിലെ പാലങ്ങൾ പിള്ളേച്ചനു നന്നേ ബോധിച്ചു. പാലങ്ങളെ കുറിച്ച് പിന്നീടു ഒരിക്കൽ എഴുതാം. പിന്നെ ഇഷ്ടമായത് ഇവിടുത്തെ കാർ garage . രാവിലെ നടക്കാനിറങ്ങുമ്പോൾ ഏതെങ്കിലും garage പൊങ്ങുന്നത് നോക്കി നില്ക്കും . അരിസോണയിലെ നാട്ടുകാർ നല്ലവരായതുകൊണ്ടോ എന്തോ, അല്ലാരുന്നെ ആ പട്ടേലിനെ നിലത്തടിച്ച പോലെ ഏതേലും പൊലീസുകാർ പിള്ളച്ചനേം കറക്കി നിലത്തെറിഞ്ഞേനേം. പലരുടെയും വീടിന്റെ ഗാർബെജ് പൊങ്ങുന്നതും നോക്കി നില്ക്ക പിള്ളേച്ചന്റെ ഹോബി ആയിരുന്നു. വീഴ്ചയോടു കൂടി കുളിയെല്ലാം താഴെ മതി എന്ന് ഞങ്ങൾ പറഞ്ഞു.

അന്നൊരു ഞായറാഴ്ച, രാത്രി എനിക്ക് ജോലി, ഭാര്യക്കും, വീട്ടിൽ അച്ഛനും അമ്മയും ഉള്ളതിനാൽ പിള്ളാരുടെ കാര്യത്തിൽ വിഷമിക്കേണ്ട. അതിരാവിലെ ജോലി കഴിഞ്ഞെത്തിയ ഞാൻ കണ്ടത് പൊട്ടൻച്ചുക്കാതി തൈലം ദേഹം മുഴുവൻ തേച്ചു അർത്ഥ നഗ്നനായി അയ്യായിരം ഡോളറിന്റെ സോഫയിൽ മലർന്നു കിടക്കുന്ന പിള്ളച്ചൻ, സോഫാ മുഴുവൻ തൈലം, എന്റെ കർത്താവെ, തന്തയായി പോയി, ഇല്ലാരുന്നേൽ... പഠിച്ച പണി പതിനെട്ടും നോക്കി സോഫാ ക്ലീൻ ചെയ്യാൻ, രക്ഷയില്ല, ഭാര്യ ജോലി കഴിഞ്ഞു വരുന്നെന് മുമ്പേ ക്ലീൻ ചെയ്തില്ലേ വേറെ ഡോസ് കിട്ടും. അവസാനം proffesional ക്ലീനെറെ വിളിക്കേണ്ടി വന്നു . അവൻ എന്നോട് ചോദിച്ച ചോദ്യം എനിക്കെന്റെ അച്ഛനോട് ചോദിയ്ക്കാൻ പറ്റുവോ? വാട്ട്‌ ദി ഫക് യു പുട്ട് ഓൺ ദി സോഫാ ! .

ഇനി കുഴമ്പെല്ലാം തേക്കുന്നത് വെളിയിൽ മതി എന്ന് അച്ഛനോട് പറഞ്ഞു. അങ്ങനെ ചില ദിവസങ്ങൾ കടന്നു പോയി.

തിനിടയിൽ പലതും കാട്ടി കൂട്ടി പദ്മനഭാൻ പിള്ള, രാവിലെ എണീറ്റ് കതക് തുറന്നതും, അലാറം കേട്ട് അലറിയതും ഉൾപടെ. എനിക്കും ഭാര്യക്കും വീക്കൻഡ് ജോലി ആണ്. മറ്റൊരു ശനിയാഴ്ച കൂടി പോയി. രാവിലെ ക്ഷീണിതനായി മടങ്ങി വന്ന ഞാൻ കാണുന്നത്, വീട്ടിൽ രണ്ടു പോലീസുകാർ, അവരോടു തൊഴുകൈയ്യുമായി നിന്ന് മംഗ്ലീഷിൽ സംസാരിക്കുന്ന എന്റെ മാതാപിതാക്കൾ. എന്റെ ദൈവമേ ഇപ്പം എന്താണാവോ , എന്റെ ചിന്ത പതിനൊന്നു വർഷം പുറകിലോട്ടുപോയി .

ഗൾഫിൽ നിന്നും അമേരിക്കയിൽ വന്ന നാളുകൾ. ഇംഗ്ലീഷ് മനസ്സിലാകുമെങ്കിലും അത്രയ്ക്കങ്ങോട്ട് സംസാരിക്കാൻ ആയിട്ടില്ല. മാത്രമല്ല അമേരിക്കകാരുടെ ലോക്കൽ ഇംഗ്ലീഷ് വേറെ, dictionary യിൽ ഇല്ലാത്ത വാക്കുകൾ, ഒന്നിന് പോണേൽ, പീ, എന്നും രണ്ടിന് പോവാൻ പൂ, എന്നും. കേട്ട് കേൾവി പോലും ഇല്ലാത്ത ഇംഗ്ലീഷ്. radiology പഠിക്കുന്ന സമയം . ഓഗസ്റ്റ് മാസത്തിലെ നൂറ്റി പതിനഞ്ചു ഡിഗ്രി ചൂടിൽ, കോളേജിൽ അടുത്ത ബെഞ്ചിൽ ഇരിക്കുന്നത്, ഒരടിപൊളി ചരക്കു മദാമ്മ. ത്രസിച്ചു നില്ക്കുന്ന മാറിടം എപ്പോ ചരട് പൊട്ടിച്ചു വെളിയിൽ വരുംമെന്നറിയില്ല, നാണം കഷ്ടിച്ച് മറക്കുന്ന ഒരു ബർമുഡ. ഇവിടെ technichal കോളേജിൽ uniform ഇല്ല. ചൂട് സഹിക്കാൻ വയ്യാതെ എസി ഉണ്ടായിട്ടും അവളോട്‌ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ താങ്ങി, വെരി ഹോട്ട് ... അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു. പിറ്റേന്ന് രാവിലെ ആരോ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് വാതിൽ തുറന്നത്, വാതുക്കൽ രണ്ടു പോലീസുകാർ. ആർ യു പിള്ളൈ ? യെസ് സർ , എനിക്കവർ ഒരു പേപ്പർ വച്ച് നീട്ടി, ഞാൻ ഞെട്ടി ... sexual harrasment ... കോളേജിൽ അടുത്തിരുന്ന പെണ്ണിനോട് വെർബൽ തെറി പറഞ്ഞു, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ പീഡനം. മൂന്നു മാസം, കോളേജിൽ പോകണോ, അവളെ കാണാനോ പാടില്ല, ഒരു restraining ഓർഡർ കൂടി. പൊലീസുകാരോട് വിവരം പറഞ്ഞു ചൂടെന്നാണ് ഞാൻ ഉദ്ദേശിച്ചേ, അവർക്ക് മനസ്സിലായി , പക്ഷെ എന്റെ ഭാര്യയുടെ കത്തുന്ന നോട്ടോം , ചോദ്യോം , അല്ല മനുഷ്യ നിങ്ങള് ശരിക്കും ചൂടെന്നു തന്നെ ആണോ ഉദ്ദേശിച്ചത് !

ഇനി അങ്ങനെ വല്ലോം , ഇല്ല... പിന്നെന്താണ് ... ഞാൻ പൊലിസുകാരെ അകത്തിരുത്തി കാര്യം അന്വേഷിച്ചു . അവർ പറഞ്ഞ കാര്യം കേട്ട് വാ പൊളിച്ചിരുന്നു. അയലത്തെ മദാമ്മ കംപ്ലൈന്റ് ചെയ്തിരിക്കുന്നു. എന്നും രാവിലെ വെളിയിൽ കുളി കഴിഞ്ഞു തോർത്ത് മുണ്ട് കൊണ്ടു പത്മനാഭൻ പിള്ളയുടെ സൂര്യ നമസ്കാരം . എന്നും രാവിലെ ജനൽ തുറക്കുമ്പോൾ മദാമ്മ കാണുന്നത് പിള്ളച്ചന്റെ പൃഷ്ഠ ഭാഗം . ഞാൻ ആകെ ധർമ സങ്കടത്തിലായി, അകത്തും ഇരുത്താൻ വയ്യ, വെളിയിലും.

മാസങ്ങൾ കൊഴിഞ്ഞു പോയി. അമ്മയുടെ ആങ്ങള ഒക് ലഹോമയിൽ ഉണ്ട്. പെങ്ങളെയും അളിയനെയും കാണാൻ ഒരുമോഹം. അങ്ങനെ ആ ദിവസം വന്നെത്തി.

ഏതാണ്ട് രണ്ടായിരത്തോളം മൈലുകൾ ഡ്രൈവ് ചെയ്തുള്ള യാത്ര. അരിസോണയിൽ നിന്നും രണ്ടര മണിക്കൂർ ഡ്രൈവ് ചെയ്തതേയുള്ളൂ, മണിക്കൂറിൽ ഏതാണ്ട് തൊണ്ണൂറു മൈൽ വേഗതയിൽ ഹൈവയിലൂടെ എസ് യുവി കുതിക്കുകയാണ്. രണ്ടു വശത്തും നല്ല പൈൻ മരങ്ങൾ. നീ വണ്ടി ഒന്ന് ഒതുക്കിക്കെ, പിള്ളയുടെ കല്പന, എന്താ അച്ഛാ, വണ്ടി നിർത്താൻ. ഇവിടങ്ങനെ നിർത്താൻ പറ്റില്ലച്ചാ.. എന്തിനാ.. എനിക്കൊന്ന്‌ മൂത്രം ഒഴിക്കണം. ഇവിടെയോ, റസ്റ്റ്‌ ഏരിയ വരട്ടെ. എന്നാ ഞാൻ കാറിൽ പെടുക്കും, ശെടാ, ഭാര്യം, പിള്ളാരും എല്ലാം കാറിലുണ്ട്... ഞാൻ വണ്ടി ഒതുക്കി നിർത്തി , പൈൻ മരത്തിനിടയിൽ, പിള്ളച്ചൻ കാര്യം സാധിച്ചു. പെട്ടെന്ന് പിറകിൽ പൊലിസ് കാർ ലൈറ്റ് ഇട്ടുകൊണ്ട്‌, അനധികൃതമായി പാർക്ക്‌ ചെയ്തതിനു പിഴ അറുപതു ഡോളർ, ടിക്കറ്റ്‌ എഴുതി തന്ന പൊലീസിന് പിള്ളച്ചന്റെ വക താങ്ക് യു ...എന്താ പോരെ ! എന്തായാലും പെടുക്കാൻ ഇറങ്ങിയതാണെന്ന് പിള്ളച്ചൻ പറഞ്ഞില്ല. എന്റെ ഭാഗ്യം, അല്ലേൽ അതിനു വേറെ പിഴ കിട്ടിയേനെ.

ഒക്ലഹോമയിലും പിള്ളച്ചൻ തന്റെ പരാക്രമം കാട്ടി. അളിയൻ വന്നതല്ലേ, കുഞ്ഞളിയൻ രാത്രി ഭക്ഷണം വെളിയിലാകം എന്ന് കരുതി. കൊണ്ടുപോയത് നേരെ subway യിലേക്ക്. ആരോഗ്യകരമായ ഭക്ഷണം. എല്ലാർക്കും tuna sandwitch ഓർഡർ ചെയ്തു. അളിയൻ ഇതൊക്കെ കഴിച്ചിട്ടുണ്ടോ ? പിള്ളച്ചനോട് കുഞ്ഞളിയൻ പിന്നെ , ഇതൊക്കെ നാട്ടിൽ കിട്ടാത്ത സാധനമാണോ, പിള്ളച്ചൻ sandwitch .. വന്നു .. പിള്ളച്ചനു തന്നെ ആദ്യം കൊടുത്തു . ഞങ്ങളുടെ ഓർഡർ വരാൻ കാത്തിരിക്കേണ്ട നേരം, പിള്ളച്ചൻ sandwitch കയ്യിലെടുത്തു, വെജ് മാറ്റിവച്ചു, എന്നിട്ട്, ട്യൂനയും ബ്രെഡും, മയോനയിസും , റ്റൊമാറ്റോ സ്കോച്ചും , എല്ലാംകൂടി പുട്ട് കൊഴക്കുന്ന മാതിരി കൊഴച്ചു ഒരു പിടി... അടുത്തിരുന്ന സായ്പ്പിന്മാരെല്ലാം ഞങ്ങളെ നോക്കി , എന്റെ അച്ഛനല്ല എന്ന് പറഞ്ഞാലോ എന്ന് തോന്നി.. ഇങ്ങനെയും subway കഴിക്കാം എന്ന് സായിപ്പിനും ഞങ്ങൾക്കും അന്നാണ് മനസ്സിലായത്. തിരിച്ചു dallas വഴി യാത്ര ചെയ്യാൻ തീരുമാനിച്ചു, എന്റെ ഭാര്യയുടെ കൂട്ടുകാരിയെയും കുടുംബത്തെയും കാണുകയും ആകാം .

അവളുടെ ഭർത്താവു ഡോക്ടർ ആണ്, അവൾ നേഴ്സ് practitioner. അവർ ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. കുടുംബ കാര്യങ്ങളൊക്കെ സംസാരിക്കുമ്പോൾ, ഡോക്ടർ അച്ഛനോട് മോൻ അമേരിക്കയിൽ ആയതിനാൽ, ഇവിടൊക്കെ വരാൻ പറ്റി അല്ലെ? മോൻ ഇത്രേം പഠിച്ചതുകൊണ്ടാല്ലേ.

pillai-02

ഇതൊക്കെ സാധിക്കുന്നെ? പെട്ടെന്ന് പിള്ളച്ചൻ, കലാഭവൻ മണിച്ചേട്ടന്റെ അച്ഛനായി മാറി... (വാസന്തിയും ... ലക്ഷ്മിയും .. ) പിന്നെ , അവൻ കലക്ടർ അല്ലെ , പത്താം ക്ലാസ്സിൽ , ക്രിക്കറ്റ് കൊണ്ട് നടന്നു, പ്രീഡിഗ്രി മാജിക്‌ എന്നും പറഞ്ഞു നടന്നു, എഞ്ചിനീയർ ആകാനാ പഠിപ്പിച്ചത്. കൊറേ കാശു കളഞ്ഞത് മിച്ചം . എന്റെ, തൊലി ഉരിഞ്ഞു പോയ മാതിരി തോന്നി.. ഇവിടെ വന്നു ഞാൻ ഏഴെട്ടു വർഷം പഠിച്ചതൊന്നും പിള്ളേച്ചനു പ്രശ്നമില്ല. എഞ്ചിനീയർ ആയില്ല അത്രെ, എന്താ പറയുക.. എഞ്ചിനീയർ ആരുന്നേൽ, നാട്ടിൽ കൊറേ ഏമാന്മാരുടെ കുത്തും തോഴിം കൊണ്ട് ജീവിതം പോയേനെ. നാട്ടിൽ പഠിച്ച ഒന്നിനും ഇവിടെ ഒരു വിലയും ഇല്ല. ഇവിടെ radiology ഡിഗ്രി ഉള്ളതിനാലാണ് നല്ല ജോലിം, അപ്പനേം, അമ്മേം, കൊണ്ടുവരലും, ഒക്കെ നടക്കുന്നെ... അതൊന്നും പിള്ളയോട് പറഞ്ഞിട്ട് ഒരു കഥയും ഇല്ല.

ആറു മാസങ്ങൾ പെട്ടെന്ന് പറന്നു പോയി.. തിരിച്ചു പോവാൻ സമയമായി . വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, പിള്ളച്ചൻ പറഞ്ഞു എനിക്ക് നിന്നെ കുറിച്ച് അഭിമാനം ഉണ്ട്. പണ്ട് എയർ ഇന്ത്യ കാണിച്ച മര്യാദകേട്‌ കൊണ്ട് ഇപ്രാവശ്യം ഡാലസ് വരെ കൊണ്ടാക്കി ..ഇങ്ങനോക്കെയാണെങ്കിലും.തിരികെ വീട്ടിൽ എത്തി അവരുടെ മുറിയിൽ നോക്കുമ്പോൾ, മനസ്സ് വിതുമ്പി. ആകെ ഒരു വിജനത.... അറിയാതെ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു ..ആരും കാണാതെ ഞാൻ അത് തുടച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.