Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് : ധീരനായ ഒരു ദൈവത്തിന്റെ ജനനദിനം

ppcheriyan

പാപമരണത്തിന് അധീനരായ ആദാമ്യ സന്തതികളെ വീണ്ടെടുത്ത്, നിത്യ ജീവന്റെ അവകാശികളാക്കി തീർക്കുന്നതിന് സ്വർഗ്ഗ മഹിമകൾ വെടിഞ്ഞു ഭൂമിയിൽ മനുഷ്യനായി അവതരിച്ച ധീരനായ ഒരു ദൈവത്തിന്റെ ജനനത്തെ ഓർക്കുന്ന ദിനമാണ് ക്രിസ്മസ്.

ക്രിസ്തുവിന്റെ ജനനം ഡിസംബർ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബർ മാസം യെരുശലേമിൽ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവൽ കിടക്കുന്ന പതിവ് ഇടയന്മാർക്കില്ല.

റോമൻ സാമ്രാജ്യത്തിൽ സൂര്യന്റെ ഉത്സവദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബർ 25. ഈ ദിവസം തിരഞ്ഞെടുത്താണ് ക്രൈസ്തവ ജനത ക്രിസ്മസ് ദിനമായി കൊണ്ടാടുന്നത്.

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങൾ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ഭൂമിയിൽ വരുന്നതിനും പശു തൊട്ടിയിൽ ജനിക്കുന്നതിനും ജനനം മുതൽ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ കഴിയുന്നതിനും നിലവിലുണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ, ന്യായ ശാസ്ത്രിമാർ, പരിശന്മാർ, പളളി പ്രമാണികൾ എന്നിവരുടെ അനീതികൾക്കെതിരെ പോരാടി കുരിശിൽ മരിക്കുന്നതിനും ‘ആരുടെ രക്ഷയ്ക്കായി മരിച്ചുവോ, ആ മനവരാശിക്ക് തന്റെ ത്യാഗത്തിൽ ഒരു നന്ദിയും ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടു തന്നെ’ ദൈവം തീരുമാനിച്ചത് തികച്ചും ധീരോചിതമായ നടപടി തന്നെ.

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികൾക്ക് ഒരിക്കലും ചേർന്നതല്ല. യേശു മാട്ടിൻ തൊഴുത്തിൽ ജനിച്ചു. പുൽതൊട്ടിയിൽ കിടത്തി, കാൽവറി കുരിശിൽ മരിച്ചു. എന്നാൽ ക്രിസ്തുവിന്റെ യഥാർത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുൽതൊട്ടിയിലോ, കുരിശിലൊ അല്ലായിരുന്നു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ വസിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ക്രിസ്തുവിന് ഭൂമിയിൽ പിറക്കുന്നതിന് ഒരു മാതാവ് വേണമെന്ന് പിതാവായ ദൈവം തീരുമാനിച്ചു. അങ്ങനെ കന്യകാമറിയത്തിന്റെ ഉദരത്തിൽ ക്രിസ്തു ഉരുവായി. ഈ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ വസിക്കുമ്പോൾ മാതാവായ മ റിയാമിന്റെ സ്ഥാനമാണ് അവൻ നമുക്കോരൊരുത്തർക്കും വാഗ്ദനം ചെയ്തുന്നത്. ക്രിസ്തു പഠിപ്പിച്ചത് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.

ക്രിസ്തുവിന് വലിയ ആഘോഷങ്ങളും വിരുന്നു സൽക്കാരങ്ങളും സംഘടിപ്പിക്കുമ്പോൾ നമ്മിലർപ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്.

സ്വർഗ്ഗം നിരസിക്കുമ്പോൾ, വിശന്നിരിക്കുന്നവർക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോൾ, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോൾ, ഉണ്ടാകുന്ന അനുഭവങ്ങൾ നേരിട്ട് രുചിച്ചറിയുവാൻ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങൾ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കുവാൻ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ ?

ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങൾ ഉപേക്ഷിച്ചും പൂർവ്വ പിതാക്കന്മാർ ഉയർത്തി പിടിച്ച സനാതന സത്യങ്ങൾ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം. ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ രക്ഷകനായി സ്വീകരിച്ചു ഓരോരുത്തരുടേയും ഹൃദയാന്തർഭാഗത്ത് ദിനംതോറുമുളള ആഘോഷമാക്കി ക്രിസ്മസ് മാറും’ എന്ന പ്രതിജ്ഞയോടെ ഈ വർഷത്തെ തിരുപിറവിയെ എതിരേൽക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.