Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമഴ

x-default

മഴ ഇരമ്പുന്ന ഒച്ച കേട്ടാണ് പുറത്തിറങ്ങിയത്. കോളേജിന്റെ രണ്ടാമത്തെ നിലയിലുള്ള ഇടനാഴിയിലെ കൈവരിയില്‍ ചേര്‍ന്ന് നിന്ന് തിമിര്‍ത്തു പെയ്യുന്ന മഴ നോക്കി നിൽക്കാന്‍ പണ്ടും തനിക്കിഷ്ടമായിരുന്നു. നര വീണു തുടങ്ങിയ മുടിയിഴകള്‍ തണുത്ത കാറ്റില്‍ പാറി പറക്കുന്നുണ്ട്. ഈ നീളന്‍ മുടിയിഴകള്‍ അവള്‍ക്കിഷ്ടമായിരുന്നു. ഈ കോളേജ് ആയിരുന്നു തനിക്കെല്ലാം. ഇവിടെ പഠിച്ചു. ഇവിടെ തന്നെ ജോലി നേടി...

മഴയ്ക്ക് മാത്രമാണ് ഈ കലാലയത്തിനു മുന്നില്‍ ഇരമ്പുന്ന കടലിന്റെ ഒച്ചയെ മറികടക്കാന്‍ കഴിയുന്നത്‌ ....

അന്ന് ഒരു അദ്ധ്യയനവര്‍ഷാരംഭത്തില്‍ കോരി ചൊരിയുന്ന മഴയുള്ള ഒരു ദിവസമാണ് അവളെ ആദ്യം കണ്ടത്. മഴ കൊണ്ട് വരാന്തയില്‍ കയറി നിന്ന എന്റെ മുന്നിലേക്ക്‌ ഒരു പുതു മഴ പോലെയവള്‍. ഇടതു കൈകൊണ്ടു കഴുത്തോട് ചേര്‍ത്ത് പിടിച്ച കുടയും വലതു കൈ കൊണ്ട് തന്റെ ദാവണി നനയാതെ ഒതുക്കി പിടിച്ചു ബദ്ധപ്പെട്ടു എന്റെ മുന്നിലേക്ക്‌ വന്നു അവള്‍. വരാന്തയിലേക്ക്‌ നടന്നു കയറിയപ്പോള്‍ പുറത്തെ മഴയുടെ ശക്തി കൂടി. അന്ന് പെയ്ത മഴയ്ക്ക് പ്രണയത്തിന്റെ കുളിരും താളവും ഉണ്ടായിരുന്നു. മുന്നിലൂടെ അവള്‍ കടന്നു പോയപ്പോള്‍. മഴയില്‍ തെളിയുന്ന മഴവില്ലിന്റെ ചാരുതയായിരുന്നു അവള്‍ക്ക്. നനഞ്ഞു മുടിയോടു ചേര്‍ന്ന മുല്ലപ്പൂവിന്റെ വാസന...അവള്‍ ഒരു വസന്തമായിരുന്നു. അവളുടെ ചിരിയില്‍ പനിനീര്‍പ്പൂക്കള്‍ വിരിയുന്നത് ഞാന്‍ കണ്ടു...

murukesh

പിന്നെ മഴയുള്ള ദിവസങ്ങളില്‍ അവളുടെ ക്ലാസ്സ്മുറിയുടെ മുന്നില്‍ അവളെയും മഴയും ഒരുപോലെ നോക്കി നിന്നിട്ടുണ്ട്. പിന്നെ അവളെന്റെ സഖിയായി. കടല്‍ക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അവളുടെ ഇരുനില വീടിന്റെ ബാൽക്കണിയിലൂടെ മഴ കാണാന്‍ നല്ല രസമാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ടത് മഴയുടെ വികാരമായിരുന്നു...പ്രണയം ....

കവലയിലെ വാകമരച്ചുവട്ടില്‍ വെച്ച് വിറച്ചു വിറച്ചു അവളോടെ തന്റെ മനസ്സ് തുറന്നപ്പോളും തിമിര്‍ത്തു പെയ്യുന്ന മഴ കൂട്ടിനുണ്ടായിരുന്നു. തുള്ളിക്കൊരുകുടം പെയ്യുന്ന മഴയില്‍ അവളുടെ ചുണ്ടില്‍ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി, കണ്ണിലെ പ്രണയം ചെറുങ്ങനെ മറഞ്ഞു..മഴയുടെ കുസൃതി...ചൂടിയിരുന്ന കുട പൊടുന്നനെ വന്ന കാറ്റ് കൊണ്ട് പോയിട്ടും, അവളുടെ കണ്ണുകള്‍ എന്റെ കണ്ണുകളിലും പാറിപറക്കുന്ന നീളന്‍ മുടിയിഴകളിലും ചുറ്റി നടന്നു. അവളുടെ കൺപീലികളില്‍ തങ്ങി നിന്ന ജലകണം നോക്കി എത്ര നേരം നിന്നുവെന്നറിയില്ല. ഗോപി മാഷ്‌ വന്നു തട്ടി വിളിച്ചപ്പോലാണ് എനിക്ക് സ്ഥലകാലബോധം വന്നത്.. അപ്പോളേക്കും അവള്‍ നടന്നു അകന്നിരുന്നു....

അവളും ഞാനും അധികം സംസാരിച്ചിരുന്നില്ല. കണ്ണുകള്‍ കൊണ്ട് ആരും സംസാരിക്കാത്തത്രയും സംസാരിച്ചു ..ഒരുപാടു കഥകള്‍ പറഞ്ഞു...എനിക്കും അവള്‍ക്കും മഴ ഒരുപോലെ പ്രിയപ്പെട്ടതായി. അവള്‍ അകലെയാവുമ്പോള്‍, മനസ്സ് വീര്‍പ്പു മുട്ടുമ്പോള്‍ എന്റെ തോഴന്‍ മഴ അവളുടെ ദൂതുമായി, ഗന്ധവുമായി വരുമായിരുന്നു. എന്റെ വരണ്ടു വിണ്ടു കീറിയ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചവള്‍. അവളുമായുള്ള ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ഞാന്‍.

അന്നും നല്ല മഴയുണ്ടായിരുന്നു. രണ്ടു ദിവസമായി നിര്‍ത്താതെ പെയുന്ന മഴ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മനസ്സിന് വല്ലാത്തൊരു പിടച്ചില്‍. ഒരുപാട് തവണ വിളിച്ചു. ഒരു തവണ അവളുടെ കോള്‍ വന്നു മഴയുടെ ഇരമ്പലില്‍ അവിടെ നിന്നുള്ള ഒച്ച ശരിക്കും കേള്‍ക്കുന്നുണ്ടയിരുന്നില്ല. പക്ഷെ പിന്നെ ഒന്നും ഓർമ്മ കിട്ടുന്നില്ല..

കടൽക്കരിയിലെ കുഞ്ഞു കുടിലില്‍. ഞാന്‍ അവളുടെ വിളിയും കാത്തു പിന്നെയും ഇരുന്നു. പിന്നെ കണ്ണില്‍ ഇരുട്ട് കയറി,ബോധം മറഞ്ഞു. ആശുപത്രി കിടക്കയില്‍ ബോധം വന്നപ്പോളും മഴ നിറഞ്ഞു പെയ്യുന്നുണ്ടായിരുന്നു, 6 മാസം കഴിഞ്ഞിരിക്കുന്നു. ഇരുളില്‍ ഞാന്‍..ബോധമില്ലാതെ..

സുനാമിയെന്ന പ്രകൃതി ഭീകരത എന്റെ തുറയെ തകര്‍ത്ത വാര്‍ത്ത ഞാന്‍ കേട്ട് വേദനയോടെ. എന്റെ വേദന ഉള്‍ക്കൊണ്ട്‌ സാന്ത്വനമായി അപ്പോഴും മഴ നിര്‍ത്താതെ പെയ്യുന്നുണ്ട്. അരുന്ധതിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സുഹൃത്തുക്കളുടെ കണ്ണില്‍ ഒരു വിങ്ങലാരുന്നു തെളിഞ്ഞത്. അന്ന് അവസാനമായി കേട്ട അരുന്ധതിയുടെ വാക്കുകള്‍, അതിനിപ്പോള്‍ കൂടുതല്‍ വ്യക്തത വരുന്നു. മഴയുടെ ഇരമ്പലില്‍, കരുതലില്‍, താളത്തില്‍, ചിലമ്പലില്‍ എനിക്ക് കേള്‍ക്കാതെ കേള്‍ക്കാം..അവളുടെ പതിഞ്ഞ ശബ്ദം..എന്നെയാണോ മഴയെയാണോ നിനക്കേറെഇഷ്ടം ???
 

Your Rating: