Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി വനിത എഴുത്തുകാരികൾ: അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ

Elcy Yohannan

ആഗോളതലത്തിലുളള ഒരു പ്രവണതയാണ് ആൺ എഴുത്തുകാരെല്ലാം എഴുത്തുകാരും, പെൺഎഴുത്തുകാരെല്ലാം പെൺഎഴുത്തുകാരുമെന്നത്. എഴുത്തുകാർ എന്ന് പറയുമ്പോൾ അത് പുരുഷ എഴുത്തുകാർ എന്ന ധാരണ സാധാരണയായി വായനക്കാരുടെ ലോകത്ത് കണ്ടു വരുന്നു. അങ്ങനെ ഒരു വിവേചനത്തിന്റെ ആവശ്യമില്ലെങ്കിലും കാലാകാലങ്ങളിലായി അത് നില നിന്ന് പോരുന്നു. വനിത എഴുത്തുകാരുടെ എണ്ണം ക്രമാതീതമായി കൂടി വന്നപ്പോൾ അവരുടെ രചനകളിൽ സ്ത്രീ പുരുഷ സമത്വത്തിന്റേയും സ്ത്രീകളുടെ അവകാശങ്ങളേയും കുറിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ ഫെമിനിസം എന്ന ഒരു വാക്ക് ഉത്ഭവിക്കുകയുണ്ടായി സ്ത്രീയെ പുരുഷനു തുല്യമായി കാണാൻ കഴിയാത്ത മനുഷ്യരുടെ ദൗർബല്യമാണ് ഇത്തരം വാക്കുകളും പ്രയോഗങ്ങളും ജനിക്കാൻ കാരണം.

ഇവിടെ ഇപ്പോൾ നമ്മൾ ചർച്ചക്കായി എടുത്തിട്ടുളള വിഷയവും പ്രവാസി വനിത എഴുത്തുകാർക്ക് രണ്ട് സംസ്കാരങ്ങളിലെ ജീവിതം അവരുടെ രചനയെ എങ്ങനെ ബാധിക്കുന്നുവെന്നാണ്. അമേരിക്കയിൽ താമസിക്കുന്ന ആൺ– പെൺ എഴുത്തുകാർക്ക് പൊതുവായ ഒരു പ്രശ്നമേ അനുഭവപ്പെടുകയുളളു അല്ലാതെ വനിത എഴുത്തുകാർക്ക് പ്രത്യേകമായി അവരുടെ രചനയെ ബാധിക്കാൻ മാത്രം കാര്യമായി ഒന്നുമുണ്ടാകില്ലെന്നാണ് എന്റെ അഭിപ്രായം. അതേ സമയം ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധ കാത്ത് സൂക്ഷിക്കുന്ന പ്രവാസി വനിത എഴുത്തുകാരുടെ രചനകളിൽ പുരുഷന്മാരുടേതിൽ നിന്നും ആവിഷ്കാരരീതിയിലും ഭാഷാ പ്രയോഗത്തിലും മിതത്വവും അച്ചടക്കവും ദർശിക്കാമെന്നതാണ്. സ്ത്രീയുടെ ഏറ്റവും വലിയ വരദാനം അവൾക്ക് അമ്മയാകാൻ കഴിയുന്നുവെന്നാണ്. ദൈവത്തിനു എല്ലായിടത്തും ഒരേ സമയത്ത് പ്രത്യക്ഷപ്പെടാൻ കഴിയാത്തതുകൊണ്ട് അദ്ദേഹം അമ്മമാരെ സൃഷ്ടിച്ചുവെന്നാണ്. ആ ദിവ്യശക്തി അവൾ എഴുത്തുകാരിയായാലും അവളുടെ രചനകളിൽ പ്രത്യക്ഷപ്പെടും. ഏത് കുറ്റത്തിനും മാപ്പ് കൊടുക്കുന്ന കോടതിയുടെ വിധി നിർണ്ണയങ്ങളിൽ മൃതുത്വവും സ്നേഹവും നിറഞ്ഞ് നിൽക്കുമെന്നതിൽ എന്ത് അത്ഭുതം.

അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായി ഇവിടെ സമൂഹത്തിൽ നടക്കുന്ന െഗയ്– ലെസ്ബിയൻ സംസ്കാരം, സ്വവർഗ്ഗ വിവാഹങ്ങൾ, ഇവിടെ നിലനിന്നിരുന്ന അടിമത്വ സ്തുതിയും അത് മൂലമുളള വിവേചനവും ജീവിതത്തോടുളള ഇവിടെയുളളവരുടെ കാഴ്ചപ്പാടുകളും ഒരു പക്ഷെ പുരുഷ എഴുത്തുകാരിൽ നിന്നും വിഭിന്നമായിട്ടായിരിക്കും വനിത എഴുത്തുകാരികൾ ആവിഷ്ക്കരിക്കുക. സ്ത്രീകളുടെ ആഭരണമെന്ന് വിശേഷിപ്പിക്കുന്ന അടക്കവും ഒതുക്കവും പലരും അവരുടെ രചനകളിലും പാലിക്കുന്നു. അതുകൊണ്ട് ഒരു പക്ഷെ ഒരു ആശയം രചനാ സാദ്ധ്യതയുളളതാണെങ്കിലും വനിത എഴുത്തുകാരികൾ അത് ഉപേക്ഷിക്കാം.

ലോക സംസ്കാരങ്ങളിൽ ഉത്കൃഷ്ട സ്ഥാനം വഹിക്കുന്ന ഭാരതത്തിന്റെ തെക്കെയറ്റത്ത് നിന്നും ഏഴാം കടലിന്നിക്കരെ വന്ന് കഴിയുന്ന നമ്മൾ നമ്മുടെ സംസ്കാരം നല്ലതെന്നു തീർച്ചയാക്കുന്നു. അനേകം രാജ്യത്തെ സംസ്കാരങ്ങൾ അലിഞ്ഞ് ചേർന്നു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ജീവിത്തിൽ മലയാളി എഴുത്തുകാർ പലരും അവർ വിട്ടിട്ട് പോന്ന മാതൃരാജ്യത്തിന്റെ ഓർമ്മകളിൽ കഴിയുന്നു. ആ ഗൃഹാതുരത്വമാണ് അവരുടെ രചനകളിൽ കാണുക. ഗൃഹാതുരത്വം എന്നാൽ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന മനസ്സിന്റെ ഒരു പ്രവൃത്തിയാണെന്ന് പറയാം. മൂന്ന് നേരം അരിഭക്ഷണം കഴിച്ചിരുന്ന മലയാളി വടക്കെ ഇന്ത്യയിൽ പോയപ്പോൾ അവിടെ ഗോതമ്പ് റൊട്ടി തിന്നേണ്ടി വന്നപ്പോൾ ദുഃഖിച്ചു. അമ്മച്ചി ഒഴിച്ച് തരുന്ന കഞ്ഞിയുടേയും വിളമ്പിയ പുഴുക്കിന്റേയും ഓർമ്മയിലേയ്ക്ക് മനസ്സ് വഴുതി വീഴുന്നു. അവിടെ ഒരു വേദന പരക്കുന്നു. ആ അനുഭവം ഒരു എഴുത്തുകാരനാകുമ്പോൾ അയാൾ വാക്കുകൾ കൊണ്ട് തന്റെ വികാരങ്ങൾ പകരുന്നു.

അമേരിക്കൻ കാലാവസ്ഥയും ഭാഷയും വസ്ത്രങ്ങളും ജീവിത രീതിയുമെല്ലാം ഇവിടെ ആദ്യം എത്തുന്ന ഒരാൾക്ക് അമ്പരപ്പ് ഉണ്ടാക്കും. തീർച്ചയായും ആ സമയങ്ങളിലെല്ലാം അയാൾ തന്റെ ജന്മനാട്ടിലേക്ക് മനസ്സ് കൊണ്ട് ഒരു യാത്ര പോകും. വാസ്തവത്തിൽ ഗൃഹാതുരത്വം എന്ന പൊതു വികാരം സ്ത്രീ പുരുഷ എഴുത്തുകാർക്ക് സമമാകണമെന്നില്ല. അത് ഒരു പക്ഷെ സ്ത്രീരചനയിൽ തീവ്രമായി അനുഭവപ്പെടാം. പ്രത്യേകിച്ച് അമേരിക്കൻ മലയാളി എഴുത്തുകാരികളിൽ. അവരെ സംബന്ധിച്ചിടത്തോളം മൂന്നു രാജ്യങ്ങളുടെ സമ്മർദ്ദം അവർക്ക് മേൽ ചെലുത്തപ്പെടുന്നു. അവർ വിട്ടിട്ട് പോന്ന കേരളവും അതിന്റെ മാറിയ ഇന്നത്തെ അവസ്ഥയും പിന്നെ അവർ ജീവിക്കുന്ന അമേരിക്കയും. ഒരു പക്ഷെ ഗൃഹാതുരത്വത്തിന്റെ നിരർത്ഥക മനസ്സിലാക്കിയ എഴുത്തുകാർ അമേരിക്കൻ മലയാളികൾ ആകും. കാരണം അവർ ഓർമ്മയിൽ ഓമനിക്കുന്ന ആഗ്രഹിക്കുന്ന അവരുടെ ജന്മനാട് മാറികഴിഞ്ഞു. പിന്നെ എന്തിനു ഗൃഹാതുരത്വം. എന്നാൽ അപ്പോഴാണ് ഗൃഹാതുരത്വം അതിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ അവരെ നോവിപ്പിക്കുന്നത്. അത് തന്നെ എഴുതാൻ ഒരു വിഷയമാകുന്നു. ഇത് ഒരു പക്ഷെ പുരുഷ എഴുത്തുകാരെക്കാൾ വനിത എഴുത്തുകാരികളിൽ കൂടുതൽ പ്രകടമാകും.

മറ്റ് രാജ്യക്കാരെപോലെ മലയാളികൾക്ക് ഇവിടെ വന്നു ക്ലേശങ്ങളും, ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നത് അവരുടെ രചനകളിൽ നിന്നും വ്യക്തമാകുന്നു. അല്ലെങ്കിൽ തന്നെ അമേരിക്കൻ മലയാളി സമൂഹം അമേരിക്കയെന്ന മെൽറ്റിങ് പോട്ടിൽ അലിയുന്നില്ല. അവർ അവരുടേതായ സമൂഹത്തിന്റെ വേലിക്കെട്ടിൽ സുരക്ഷിതരാണെന്ന ബോധത്തോടെ കഴിയുന്നു. ഇന്ത്യൻ സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വാങ്ങി കേരളീയ വിഭവങ്ങൾ ഉണ്ടാക്കുന്നു. നാട്ടിലെ വിശേഷ ദിവസങ്ങൾ ഇവിടെ ഒന്നിച്ച് ആഘോഷിക്കുന്നു. ഇവിടെ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയ ഒരു മലയാള സിനിമാതാരം ഒരു ഇന്റർവ്യൂവിൽ പറഞ്ഞു അമേരിക്കയിൽ ചെന്ന് കോഴിക്കറിയും നല്ല വെളളരി ചോറുമുണ്ടെന്ന്. ശരിയാണ് അമേരിക്കൻ മലയാളികൾ അവരുടെ സുരക്ഷസങ്കേതം വിട്ട് പുറത്ത് പോകുന്നില്ല. പ്രത്യേകിച്ച് വനിതകൾ. എന്നിട്ടും അവർ ഇവിടത്തെ ജീവിതദൃശ്യങ്ങൾ അവരുടെ കഥകളിലും കവിതകളിലും നിറയ്ക്കുന്നത് ജോലി സ്ഥലത്ത് നിന്നോ, വൈകുന്നേരങ്ങളിൽ കേൾക്കുന്ന ടിവി ന്യൂസിൽ നിന്നോ ഒക്കെയായിരിക്കും. അതുമല്ലെങ്കിൽ വർത്തമാന പത്രങ്ങളിൽ നിന്ന്. എന്നാൽ അവർക്കെല്ലാം പരിമിതികൾ ഉണ്ട്. കലയുടെ ചട്ടക്കൂട്ടിൽ ഒതുക്കാൻ മാത്രം ആ വിശദാംശങ്ങൾ പര്യാപ്തമാകുന്നില്ല.

വനിത എഴുത്തുകാരികൾക്ക് ഇവിടത്തെ സംസ്കാരവും നമ്മുടെ സംസ്കാരവും മോരും മുതിരയും പോലെ ചേരാതെ നിൽക്കുന്ന അവസ്ഥ അനുഭവപ്പെടുന്നത് അവരുടെ മക്കൾ പ്രായപൂർത്തിയാകുമ്പോഴാണ്. അവർക്ക് വിവാഹം എന്ന കൂദാശ നടത്താൻ അവസരം വരുമ്പോഴാണ്. സംസ്കാരങ്ങളുടെ കാരുണ്യമില്ലാത്ത കഠിന നിയമങ്ങൾക്ക് മുമ്പിൽ ക്രൂശിക്കപ്പെട്ട ഒരു യുവസമൂഹം ഇന്നും അമേരിക്കയിലുണ്ട്. അവരുടെ കദനകഥയിലേക്ക് കടക്കാൻ ഒരു പക്ഷെ അമ്പതിനു മേൽ പ്രായമുളള വനിത എഴുത്തുകാരികൾക്ക് പ്രയാസമാകും. കാരണം കാർന്നോന്മാരിൽ ശരി കണ്ടെത്തുന്ന ഒരു മനസ്സ് അവരിൽ പ്രവർത്തിക്കുന്നു. കഥാന്ത്യത്തിൽ രണ്ട് വ്യത്യസ്ഥ രാജ്യത്തെ യുവതി യുവാക്കൾ വിവാഹിതരായി എന്ന് അവർക്ക് സത്യസന്ധതയോടെ എഴുതാൻ കഴിയില്ല. ഇവിടെ എഴുത്തുകാരല്ലാത്തവരുമായി സംസാരിക്കുമ്പോൾ മനസ്സിലാക്കുന്നത് അമേരിക്കൻ മലയാളികൾക്ക് പ്രശ്നങ്ങളേ ഇല്ലെന്നാണ്. ഇപ്പോൾ എഴുത്ത് ഒരു ഹോബിയായി പലരും സ്വീകരിച്ച് അമേരിക്കൻ മലയാള സാഹിത്യരംഗത്ത് അനവധി എഴുത്തുകാരെ സൃഷ്ടിച്ചു. അവരിൽ ഭൂരിഭാഗവും എഴുതുന്നതിൽ ഗൃഹാതുരത്വം പ്രതിഫലിക്കുന്നു. ഇവിടെത്തെ കഥകൾ അല്ലെങ്കിൽ കവിതകളിലും മലയാളി സമൂഹമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു സങ്കര സംസ്കാരത്തിന്റെ ഇതളുകൾ കൂട്ടി വച്ച് ഒരു സർഗ്ഗമലർ സൃഷ്ടിക്കാൻ വനിത എഴുത്തുകാർക്ക് ആശങ്കകൾ കാണും. കാരണം അങ്ങനെ ചെയ്യുമ്പോൾ ഒരു ആചാരത്തെ അല്ലെങ്കിൽ ഒരു സംസ്കാരത്തെ അവർക്ക് അനുകൂലിക്കേണ്ടി വരുന്നത് കൊണ്ടുളള ദോഷം അവർ അമേരിക്കൻ സംസ്കാരത്തെ അവഹേളിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ച് സ്ത്രീ രണ്ടാമത് വിവാഹിതയാകുന്നതും. സ്ത്രീ പുരുഷന്മാർ വിവാഹം കഴിക്കാതെ ഒരുമിച്ച താമസിക്കുന്നതും, മാതാപിതാക്കളെ നഴ്സിങ് ഹോമിൽ ആക്കുന്നതും, അവിഹിത ബന്ധങ്ങളുമെല്ലാം അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായി എഴുതുന്നവർ ഉണ്ടാകാം. പക്ഷെ അത് കലാപരമായ ഒരു കൊലപാതമായിരിക്കും. കാരണം ഇതെല്ലാം ഇപ്പോൾ നമ്മുടെ നാട്ടിലും സംഭവിക്കുന്നു.

നാട്ടിൽ നിന്നും ഇവിടെ വന്നവർ അവരുടെ സ്വപ്നഭൂമിയിൽ കൂട്ടിയ കൂടുകൾക്ക് ഉറപ്പുണ്ടായിരുന്നു. അതിൽ നിന്നും പറന്ന് പോയ കിളികളാണ് ഒരു പക്ഷെ സാഹചര്യ സമ്മർദ്ദങ്ങളിൽപ്പെട്ട് മാതാപിതാക്കളുടെ ഹിതത്തിനെതിരായി ഓരോ പ്രവർത്തിയും ചെയ്തത്. അത്തരം സംഭവങ്ങളെ നോക്കിക്കണ്ട എഴുത്തുകാർ എഴുതിയ രചനകളിലെല്ലാം തന്നെ മുൻ വിധിയെന്ന കരട് കയറിപ്പറ്റി വായ്നക്കാർക്ക് കല്ലുകടിയുണ്ടാക്കി.

എഴുത്തുകാർക്ക് സമൂഹത്തോട് കടമയും കടപ്പാടുമുണ്ട്. അത് ആണെഴുത്തുകാരായാലും പെണ്ണെഴുത്തുകാരായാലും അപ്പോൾ അവർ എങ്ങനെ ഇവിടെ നിലനിൽക്കുന്ന സമൂഹ ജീർണ്ണതയുടെ കഥയെഴുതും. വനിത എഴുത്തുകാരികളെ സംബന്ധിച്ച് നേരത്തെ സൂചിപ്പിച്ചപോലെ അവർക്ക് അത്തരം വിഷയങ്ങൾ പൂർണ്ണമായി ആവിഷ്കരിക്കാൻ പ്രയാസമാകും. ഒന്ന് അവർ അത്തരം പ്രവണതയെ അനുകൂലിക്കുന്നില്ല. അതെ സമയം അത്തരം കാര്യങ്ങളിലെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ സദാചാരത്തിന്റെ വരമ്പുകൾ ഭേദിക്കേണ്ടി വരുന്നു. ഏത് രചനയായാലും മുൻവിധിയോടെ അല്ലെങ്കിൽ അപൂർണ്ണമായി നിർവ്വഹിക്കുമ്പോൾ കലാമേന്മ കുറഞ്ഞുപോകും. അത്തരം സാഹചര്യങ്ങളിൽ വനിത എഴുത്തുകാരികൾ ഒരു പക്ഷെ അങ്ങനെ ഒരൂ കലാസൃഷ്ടി നടത്തുന്നതിൽ നിന്നും മാറി നിൽക്കും. ലൈംഗിക സംതൃപ്തിയില്ലാത്ത വീട്ടമ്മ അവരുടെ ജാരനെ സമീപിച്ചു അല്ലെങ്കിൽ അവർ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഒളിച്ചോടി, വൃദ്ധൻ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു തുടങ്ങിയ വിഷയങ്ങൾ രചനകളിൽ കൊണ്ടുവരണമെങ്കിൽ അതിനു സുതാര്യതയും കെട്ടുറപ്പും ഉണ്ടാകണമെങ്കിൽ എഴുത്തുകാരികൾക്ക് അവരുടെ സങ്കോചം വിടേണ്ടി വരും. അല്ലെങ്കിൽ ഒരു തരം സൂത്രപ്പണിപോലെ രചനകൾ പടച്ച് വിടേണ്ടി വരും. ഇവിടെ ഒരു കാര്യം വ്യക്തമാണ്. വനിത എഴുത്തുകാരികൾ വിലക്കപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് പിന്മാറാണ് ശ്രമിക്കുക. ഇത് എല്ലാവർക്കും ബാധകമല്ലായിരിക്കാം. എന്നാൽ ഒരു പരിധിവരെ എഴുത്തുകാരികൾ ശ്ലീലവും അശ്ലീലവും എഴുതുന്നതിൽ നിന്നും അവരുടെ വിവേകം അവർക്ക് അവരെ കടിഞ്ഞാണിട്ട് നിറുത്തുന്നു.

ഭാരതീയ സംസ്കാരത്തിന്റെ ഇരകളാകുന്ന സ്ത്രീകൾ അതായത് പുരുഷ മേധാവിത്വത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ചവർ അമേരിക്കൻ സംസ്കാരം സ്വീകരിച്ചപ്പോൾ അവർക്ക് ഒരു ജീവിതം കെട്ടിപ്പെടുക്കാൻ സാധിക്കുന്നത് മലയാളി എഴുത്തുകാർ കാണുന്നുണ്ടെങ്കിലും അതിനെ അംഗീകരിക്കാൻ അവരുടെ വിശ്വാസങ്ങൾക്ക് ബലം പോരാതെ വരുന്നു. അത്തരം ഇതിവൃത്തങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്ന ഒരു പ്രവണത അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൃതികളിൽ കാണാം. ഒരു പക്ഷെ പാതിവ്രതത്തിനു വലിയ മൂല്യം കൽപിക്കുന്ന ഒരു സമൂഹത്തിൽ നിന്നും വന്നവർക്ക് അതിനു ക്ഷതം വന്നുപോയ ജീവിതങ്ങളെ വിജയമായി കാണാൻ കഴിയുന്നില്ല. പുരുഷൻ ചെയ്യുന്നതെല്ലാം ശരിയെന്ന് സമർത്ഥിക്കുന്ന ഭാരതീയ സമൂഹത്തിൽ വളരുന്നത് കൊണ്ട് വളയണിയുന്ന കൈകൾ അത്തരം വിഷയങ്ങൾ തൊടാൻ അറച്ച് നിൽക്കുന്നു. ചാരിത്രഭംഗം അല്ലെങ്കിൽ കന്യകാത്വം നഷ്ടപ്പെടുത്തിയ സ്ത്രീയെ അവരുടെ ജീവിത കഥയെ അവർക്ക് അനുകൂലമായി എഴുതാൻ ഭാരതീയ വനിതകൾ ഇഷ്ടപ്പെടുന്നില്ല. എന്നാൽ പാപം ചെയ്തിട്ടും കല്ലെറിയാൻ അധികാരം കിട്ടിയിട്ടുളള പുരുഷലോകം അതെക്കുറിച്ച് എഴുതുന്നു. ചിലർ അവളെ വേശ്യയാക്കുന്നു. ചിലർ അവളെ ന്യായീകരിക്കുന്നു. അമേരിക്കൻ സമൂഹത്തിൽ അവർ അനുഷ്ഠിക്കുന്ന നിയമങ്ങൾ എഴുതുന്ന മഷി മാച്ചാൽ മായുന്നതാണ്. അതുകൊണ്ട് അവരുടെ ജീവിതം നഷ്ടപ്പെട്ടാലും വീണ്ടും കെട്ടിപൊക്കാൻ കഴിയുന്നു. എന്റെ പ്രായത്തിൽ എത്തിനിൽക്കുന്നവർക്ക് ഇപ്പോഴും അമേരിക്കൻ സംസ്കാരം മുഴുവനായി സ്വീകരിക്കാൻ വിഷമമാണ്. അത് എന്റെ അല്ലെങ്കിൽ എന്നെ പോലുളളവരുടെ രചനകളെ ബാധിക്കുമെന്ന് പറയാൻ കഴിയില്ലെങ്കിലും അങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യാൻ വിഷയമാണ്. എല്ലാ വനിത എഴുത്തുകാരികളും അവരുടേതായ മൂല്യങ്ങളും, സംസ്കാരവും മുറുകെപ്പിടിക്കുന്നു. അതിന്റെ സ്വാധീനം അവരുടെ രചനകളിൽ പ്രതിഫലിക്കുന്നു.

എന്റെ കാഴ്ച്ചപ്പാടിൽ അമേരിക്കൻ മലയാളി എഴുത്തുകാർ അത് പുരുഷനായാലും, സ്ത്രീയായാലും അവർ അമേരിക്കൻ ജീവിത രീതി മുഴുവനായി സ്വീകരിക്കാത്തവരാണ്. അതു കൊണ്ട് അവർക്ക് രണ്ട് സംസ്കാരങ്ങളുടെ നടുവിൽ കഴിയുമ്പോൾ ഉണ്ടാകുന്ന ഒരു വിമ്മിഷ്ടം അനുഭവപ്പെടുന്നില്ല. അവർക്ക് ചുറ്റും അവർ കാണുന്ന ജീവിതത്തെ നോക്കി കാണുകയും അത് നമുക്ക് സ്വീകരിക്കാൻ കൊളളുകയില്ലെന്ന് തീർച്ചയാക്കുകയുമാണ് ചെയ്യുന്നത്. അത്തരം ജീവിതം നയിക്കുന്നവരുടെ പ്രയാസങ്ങൾ അല്ലെങ്കിൽ അവർ വീഴുന്ന കെണികൾ എല്ലാം ഒരു പാഠമായി പുതിയ തലമുറയ്ക്ക് പകരാൻ ശ്രമിക്കയാണ് മലയാളി സമൂഹം. അങ്ങനെ നിരന്തരം നമ്മൾ താഴ്ത്തികെട്ടുന്ന ഒരു സംസ്കാരത്തെ അല്ലെങ്കിൽ ഒരു സമൂഹ ജീവിത്തെ കഥകളിലും കവിതകളിലും സന്നിവേശിക്കുമ്പോൾ എഴുത്തുകാർ അറിയാതെ അവരുടെ പൂർവ്വികരുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നു. അതുകൊണ്ട് അവരുടെ രചനകളിൽ അവർക്ക് സംഘർഷം ഉണ്ടാകുന്നില്ല. കാരണം കഥ എങ്ങനെ അവസാനിപ്പിക്കണമെന്ന് അവർക്കറിയാം. പക്ഷെ അത്തരം രചനകൾ വിമർശന ബുദ്ധ്യാ വീക്ഷിക്കുന്ന വായനക്കാരനു സ്വീകാര്യമാവില്ല. നമുക്ക് ചുറ്റും ധാരളം കഥകൾ ഉണ്ട് അത് എഴുത്തുകാർ കണ്ടെത്തുന്നില്ല അല്ലെങ്കിൽ എഴുതുന്നില്ല എന്ന പരാതി ഈയ്യിടെയായി നമ്മൾ കേൾക്കുന്നു. നേരത്തെ സൂചിപ്പിച്ച പോലെ നമ്മൾ ധനികമായ ഒരു ഭാരതീയ സമൂഹത്തിലാണ് ജീവിക്കുന്നത്. സർക്കാർ നൽകുന്ന സുഖസൗകര്യങ്ങൾ, സുഭിക്ഷമായി കഴിയാൻ കിട്ടുന്ന വേതനമുളള ജോലി. അങ്ങനെ നമ്മുടെ കൈപ്പിടിയിൽ ജീവിതം ഒതുങ്ങുമ്പോൾ നമ്മൾ മറ്റ് സംസ്കാരങ്ങളുടെ ജീവിതത്തിലേക്ക് കടന്നു നോക്കുന്നില്ല. നമ്മളുടെ ആകെയുളള കാഴ്ചപ്പാട് ‘മൊറാലിറ്റി’യാണ്. അത് എങ്ങനെ നഷ്ടപ്പെടുന്നു. ചിലർക്ക് അത് എന്തുകൊണ്ട് നഷ്ടപ്പെടുന്നുവെന്നു ഒന്നും നമ്മൾ ആലോചിക്കുന്നില്ല. അതുകൊണ്ട് ചിലരുടെ കഥകളിൽ ഇവിടത്തെ കറുത്ത വർഗ്ഗക്കാരെ മോശമായി ചിത്രീകരിക്കുന്ന രീതി കണ്ടിട്ടുണ്ട്. ഒരു പക്ഷെ അടുത്ത മലയാളി തലമുറയിലെ വനിത എഴുത്തുകാർ എഴുതുമ്പോൾ അത് അമേരിക്കൻ ജീവിത്തെക്കുറിച്ച് മാത്രമായിരിക്കാം. അവരുടെ മുന്നിൽ രണ്ട് സംസ്കാരങ്ങൾ ഉണ്ടാകുന്നില്ല. എന്റെ അഭിപ്രായത്തിൽ ഇപ്പോൾ ഉളള വനിത എഴുത്തുകാരികൾ അമേരിക്കൻ സംസ്കാരത്തിൽ മുഴച്ച് നിൽക്കുന്ന ചില പൊരുത്തക്കേടുകൾ പെറുക്കിയെടുത്ത് സർഗ്ഗ രചനകൾക്ക് ഉപയോഗിച്ചേക്കാം. കാരണം അവർ കൊണ്ട് വന്ന സംസ്കാരമാണ് വലുത്. ഇവിടെയുളളത് നല്ലതല്ല എന്ന ഉറച്ച വിശ്വാസം അവരുടെ മനസ്സിൽ ഉണ്ട്. അതുകൊണ്ട് അവർ എപ്പോഴും ആർഷഭാരതം എന്നും നിഷ്ക്കർഷിക്കുന്ന സദാചാരവും, സന്മാർഗ്ഗവും അവരുടെ കൃതികളിൽ ഉയർത്തിപ്പിടിക്കുന്നു. അത് കൊണ്ട് വനിത എഴുത്തുകാരികൾക്ക് എഴുത്തിന്റെ ലോകത്ത് സംഘർഷങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ജന്മസിദ്ധമായ ചില സങ്കോചങ്ങൾ അവരുടെ രചനകളെ നിയന്ത്രിക്കുമെന്നല്ലാതെ അവർക്ക് സുധീരം എഴുതാൻ അമേരിക്ക പോലുളള രാജ്യങ്ങൾ അവസരങ്ങൾ നൽകുന്നു.
 

Your Rating: