Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണാമൃതപാനം

ramayanm-1

രാക്ഷസരാജാവായ രാവണനെ നിഗ്രഹിച്ച് സീതയെ മോചിപ്പിച്ച രാമന്റെ വീരഗാഥ എന്നതിലുമുപരി രാമായണം അതിന്റെ അർത്ഥം ഉൾക്കൊണ്ടുകൊണ്ട് വായിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കാൻ സഹായിക്കുന്ന നിരവധി സന്ദേശങ്ങൾ അടങ്ങിയിരിക്കുന്ന ഒരു സ്നേഹഗീതവും ആത്മപ്രകാശനത്തിന് സഹായിക്കുന്ന തത്വസംഹിതയുമാണ്. രാമായണത്തിലെ നായകനായ രാമൻ സ്നേഹത്തിന്റേയും ധർമ്മപരിപാലനത്തിന്റേയും ഭാഷ സംസാരിക്കുന്ന ഉത്തമപുരുഷനാണ്. തനിക്കു മാത്രമല്ല സീതയ്ക്കു പോലും വൽക്കലം നൽകി കാട്ടിലേക്കയച്ച കൈകേയിയോടു പോലും രാമന് വിരോധമില്ല. സ്നേഹം സംസ്കാരം അതായത് ദ്രാവിഡ സംസ്കാരം ഭാരതത്തിൽ നിലനിന്നിരുന്നു എന്നും ശിവൻ ആ സംസ്കാരത്തിലെ ആരാധനാമൂർത്തിയായിരുന്നു എന്നും ചരിത്രം തെളിയിക്കുന്നു.

ജനകന്റേയും സീതയുടേയും സംസ്കാരമതാണ്. രാമന്റേത് വൈഷ്ണവ സംസ്കാരവും. കുടിയേറ്റക്കാരായ ആര്യന്മാർ ഭാരതത്തിൽ അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി ദ്രാവിഡരുമായി പൊരുതിക്കൊണ്ടിരുന്നു. വൈഷ്ണവരും ശൈവരും തമ്മിലൂള്ള സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് വാൽമീകി രണ്ടു സംസ്കാരങ്ങളേയും സമന്വയിപ്പിക്കാൻ ശ്രമിച്ചു. വൈഷ്ണവ സംസകാരത്തിലെ രാമനും ഭാരതത്തിന്റെ തനതായ സംസ്കാരത്തിലെ സീതയും ഭാര്യാഭർത്താക്കന്മാരായി. ഒരു മിശ്രവിവാഹം. മിശ്രവിവാഹത്തിൽ ഭേദചിന്തകൾക്ക് സ്ഥാനമില്ല, സ്നേഹബന്ധങ്ങൾക്കാണ് പ്രാധാന്യം. ആര്യ-ദ്രാവിഡ സംസ്കാരങ്ങൾ സംയോജിപ്പിച്ച് ഭേദചിന്തകളില്ലാത്ത സ്നേഹബന്ധത്തിലൂടെ സമൂഹത്തിൽ സമാധാനം സ്ഥാപിക്കാനുള്ള വാൽമീകിയുടെ ആശയഗതി നമുക്ക് രാമായണത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.

ഇക്കാലത്ത് ജാതിയുടേയും മതത്തിന്റേയും പേരിൽ പടവെട്ടിക്കൊണ്ടിരിക്കുന്നവർക്കുള്ള മഹത്തായ സ്നേഹ സന്ദേശം വാൽമീകി യുഗങ്ങൾക്ക് മുമ്പ് നൽകിക്കഴിഞ്ഞു. എന്നാൽ അത് മനസ്സിലാക്കുന്നവർ ചുരുക്കം. വിവാഹത്തിന്റെ കാര്യത്തിൽ രാമായണം ഭാരതീയരെ സ്വാധീനിച്ചിരിക്കുന്നതായി കാണാൻ കഴിയും. വില്ലൊടിച്ച് സീതയെ രാമൻ സ്വന്തമാക്കിയെങ്കിലും ജനകൻ സീതയെ രാമന്റെ കൂടെ അയക്കുന്നില്ല. അയോദ്ധ്യയിൽ നിന്ന് രാജപരിവാരങ്ങളെ വരുത്തി അഗ്നിസാക്ഷിയായി മംഗല്യകർമ്മം നിർവ്വഹിക്കുന്നു. അതോടൊപ്പം ജനകന്റെ മൂന്നു പെൺകുട്ടികളെ ദശരഥന്റെ മൂന്ന് ആൺമക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ആലോചനയിലൂടെ ഒരു അറൈഞ്ച്ഡ് മാരിയേജിന്റെ രംഗമൊരുക്കി. പിന്നെ ജനകൻ നൽകുന്ന ധനം സ്ത്രീധനത്തിന്റെ സ്ഥാനത്ത് നിൽക്കുന്നു. ഭാരതീയർക്ക് അറൈഞ്ച്ഡ് മാരിയേജിന്റെയും സ്ത്രീധനത്തിന്റേയും ആശയം നൽകിയത് രാമായണമായിരിക്കണം.

ധനുർധരനാണ് രാമൻ. രാമായണത്തിന്റെ നാന്ദി ശ്ശോകമെന്ന് കരുതപ്പെടുന്ന ‘മാ നിഷാദാ’’ വാൽമീകി രചിച്ചതും ധനുർധരനായ ഒരു നിഷാദന്റെ ശരമേറ്റ് പിടയുന്ന ഇണപ്പക്ഷിളിൽ ഒന്നിനെ കണ്ടിട്ടാണ്. ആ രംഗം കണ്ടപ്പോൾ വാൽമീകിയുടെ ഹൃദയത്തിൽ ഉണ്ടായത് ദുഃഖം, അനുകമ്പ, സ്നേഹം, കാരുണ്യം, വെറുപ്പ്, വിദ്വേഷം തുടങ്ങിയ വികാരങ്ങളാണ്. നീ സൽഗതി പ്രാപിക്കുകയില്ല എന്ന് വാൽമീകി നിഷാദനെ അപലപിച്ചു. രാമനും ശരമെയ്ത് എത്രയോ പേരെ വധിക്ലിരിക്കുന്നു. അതുകൊണ്ട് രാമനും അപലപിക്കപ്പെടേണ്ടതല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷെ, ജീവിതം ലോകോദ്ധാരണത്തിനു വേണ്ടി ഉഴിഞ്ഞു വച്ച് യാഗകർമ്മാദികളിൽ മുഴുകിയിരുന്ന മുനിമാരേയും മറ്റും ഉപദ്രവിച്ച് ലോകക്ഷേമത്തിന് തടസ്സം വരുത്തിക്കൊണ്ടിരുന്ന രാക്ഷസന്മാരെ ഉന്മൂലനം ചെയ്തത് ധർമ്മപരിപാലനത്തിന്റെ ഭാഗമായിരുന്നു എന്ന ന്യായീകരണം രാമന്റെ ഹിംസക്കു പിന്നിലുണ്ട്.

വാൽമീകിയുടെ ആദ്യശ്ലോകത്തിൽ തന്നെ മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന വ്യത്യസ്ഥ ഭാവവികാരങ്ങൾ മുദ്രണം ചെയ്തിട്ടുണ്ട്. ഒരു വശത്ത് നിഷാദന്റെ ക്രൂരതയോടുള്ള വെറുപ്പും വിദ്വേഷവും മറു വശത്ത് ജീവ വർഗ്ഗത്തോടുള്ള സ്നേഹവും കാരുണ്യവും. നമ്മുടെ ദൈനംദ്ദിന ജീവിതത്തിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളെ പറ്റി കേൾക്കുമ്പോൾ എങ്ങനെ മനുഷ്യർക്ക് ഇത്ര നിഷ്ഠൂരമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് ചിന്തിച്ച് വിഷമിക്കുന്ന എത്രയോ മനുഷ്യസ്നേഹികളുണ്ട്. മറ്റുള്ളവരുടെ വികാരങ്ങൾക്ക് വില കൽപ്പിക്കാതെ സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഈ ലോകത്തിൽ കോടിക്കണക്കിന് നിഷാദന്മാർ ക്രുരകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ സ്നേഹത്തിന്റെ മഹിമ പാടി നടക്കുന്ന അപുർവ്വം ചിലരെങ്കുലുമുണ്ടെന്ന് വാൽമീകി നമ്മെ അനുസ്മരിപ്പിക്കുന്നു.

നിഷാദന്മാർ പല രൂപത്തിലും വേഷത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സനാതധർമ്മം ഭാരതത്തിൽ പ്രകീർത്തിക്കപ്പെടുന്നുണ്ടെങ്കിലും സനാതനമല്ലാത്ത എത്രയോ കാര്യങ്ങളാണ് മനുഷ്യമനസ്സിൽ അടിഞ്ഞു കൂടിക്കിടക്കുന്നത്. എല്ലാം മനസ്സാണെന്നും അതുകൊണ്ട് മനസ്സിനെ ഉയർത്തി പുഷ്ടിപ്പെടുത്തണമെന്നും പ്രസംഗിക്കുന്നവർ സ്വന്തം മനസ്സിന്റെ അധഃപതനത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? അതിന് സാധിക്കണമെങ്കിൽ തന്റെ വാക്കിലും പ്രവൃത്തിയിലും ആത്മതത്വവും സ്നേഹത്താൽ ആവരണം ചെയ്യപ്പെട്ട ആത്മാർത്ഥതയും ഊടും പാവുമായിരിക്കണം. ആ അവസ്ഥയിൽ നിന്നു കൊണ്ടാണ് വാൽമീകിയും വ്യാസനും മറ്റും മനസ്സിനെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കണമെങ്കിൽ ആദ്ധ്യാത്മികതയുടെ ഔന്നത്യത്തിൽ എത്തണമെന്ന് പറയുന്നത്.

എന്നാൽ, ആദ്ധ്യാത്മിക ചിന്തയില്ലാതെ ലൗകികതിയിൽ കുടുങ്ങിക്കിടക്കുന്നവർ മറ്റുള്ളവരുടെ മനസ്സിന്റെ ഉദ്ധാരണത്തെ പറ്റി പ്രസംഗിക്കുന്നത് ഒരു തരം ആത്മവഞ്ചനയാണ്. അതു കേൾക്കുമ്പോൾ ശ്രോതാക്കളുടെ ചുണ്ടിൽ ഊറുന്ന പുഞ്ചിരിയുടെ അർത്ഥം പ്രഭാഷകൻ അറിയുന്നുണ്ടാവുമോ എന്തോ? നിഷാദന്റെ ശരമേറ്റ ക്രൗഞ്ചത്തെ പോലെ ഒരു പ്രജയിൽ നിന്ന് രാമനേറ്റ അപവാദശരമാണ് സീതയുടെ വിധി നിർണ്ണയിച്ചത്. സീതയെ കാട്ടിൽ ഉപേക്ഷിച്ചത് നിഷ്ഠൂരമായെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. പക്ഷെ, രാമൻ രാജാവാണ്. ധർമ്മപരിപലാനം രാജധർമ്മമാണ്. അവിടെ സ്വാർത്ഥതക്ക് സ്ഥാനമില്ല. രാജധർമ്മം മാത്രമേ രാമൻ ചെയ്തിട്ടുള്ളു.

അപവാദം പേടിച്ചു തന്നെ ഞാൻ ചെയ്തേൻ

കുറ്റമില്ലിവൾക്കെന്നറിയായ്കയല്ലയല്ലോ.

സീതയെ ഉപേക്ഷിച്ചതിലുള്ള രാമന്റെ ഹൃദയമിടിപ്പ് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇണയെ നഷ്ടപ്പെട്ട ക്രൗഞ്ചത്തെ പോലെ രാമനും അനുഭവിക്കേണ്ടി വന്നത് കടുത്ത വിരഹ വേദനയാണ്. ബഹുഭാര്യാത്വം രാജാക്കന്മാരുടെ ഇടയിൽ നില നിന്നിരുന്നെങ്കിലും ഏകപത്നി വൃതത്തിൽ രാമൻ ഉറച്ചു നിന്നു. അത് രാമന്റെ മഹത്വം. ഇന്നത്തെ പുരുഷന്മാർ രാമനെ അനുകരിച്ച് ഏകപത്നി വൃതം അനുഷ്ഠിച്ചിരുന്നെങ്കിൽ അവരിൽ നിന്ന് ലോകജനതയെത്തന്നെ നാണിപ്പിക്കുന്ന സ്ത്രീ പീഡനവും ധാർഷ്ട്യവും അസന്മാർഗ്ഗികത്വവും ഉണ്ടാകുമായിരുന്നില്ല. പുരുഷന്മാരെല്ലാം സ്വന്തം മനസ്സാക്ഷിയോട് നീതി പുലർത്തിയിരുന്നെങ്കിൽ ഈ ലോകം എന്നേ നാന്നാകുമായിരുന്നു.

ശരമേറ്റ് പിടയുന്ന ക്രൗഞ്ചത്തെ കണ്ടപ്പോൾ വാൽമീകിയുടെ ഹൃദയം കാരുണ്യം കൊണ്ട് നിറഞ്ഞതിനുള്ള കാരണം ജീവജാലങ്ങളിൽ പരിലസിക്കുന്ന ആത്മപ്രകാശത്തെ പറ്റിയുള്ള വാൽമീകിയുടെ ജ്ഞാനമാണെന്ന് നിഷാദൻ അറിയുന്നില്ല ഇവിടെ അജ്ഞാനത്തിന്റെ പ്രതീകമായി നിഷാദനും ജ്ഞാനത്തിന്റെ പ്രതീകമായി വാൽമീകിയും നിൽക്കുന്നു. നിഷാദനെപ്പോലുള്ളവർ കർമ്മത്തിൽ കുടുങ്ങിക്കിടന്ന് ലൗകിക സുഖഭോഗങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നവരാണ്.

സ്വന്തം ആവശ്യങ്ങളുടെ നിറവേറ്റലിനു വേണ്ടി ഈശ്വരചിന്തയില്ലാതെ കർമ്മങ്ങളിൽ മുഴുകിയിരിക്കുന്നവർക്ക് ശാശ്വതമായ സായൂജ്യം ലഭിക്കുകയില്ല എന്ന് വാൽമീകി നിഷാദശാപത്തിലൂടെ നമ്മേ അനുസ്മരിപ്പിക്കുന്നു. നമ്മൾ സുഖമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അനിഷ്ഠ സംഭവങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ട്. അതാണ് ദൈവം. ആർക്കും തടുക്കാനാത്തതാണ് ദൈവവിധി. സീതയും രാമനും എല്ലാം ആ വിധിക്ക് വിധേയരായി. എല്ലാം ഉപേക്ഷിച്ച്് സീതക്ക് തിരോധാനം ചെയ്വേണ്ടി വന്നു.

ഇന്നിനി മഹാജനമറിയുമാറു സത്യം

ധന്യയാമിവൾ ചെയ്തിട്ടപവാദം തീർപ്പാൻ

എന്ന രാമന്റെ വാക്കുകൾ കേട്ടപ്പോൾ സീത ഒന്നു ഞെട്ടിക്കാണും. സ്ത്രീകളുടെ അഭിമാനം കാത്തു രക്ഷിക്കുന്ന സീത കൊട്ടാരത്തിലേക്ക് മടങ്ങി വരാൻ കൂട്ടാക്കുന്നില്ല എന്നാണ് ആധുനിക സ്ത്രീകളുടെ പ്രതിനിധിയായി ആശാന്റെ ‘ചിന്തവിഷ്ടയായ സീത’യിലെ സീത പറയുന്നത്.

അരുതെന്തിയീ! വീണ്ടുമെത്തി ഞാൻ,

തിരുമുമ്പിൽ തെളിവേകി ദേവിയായ്,

മരുവീടണമെന്ന് മന്നവൻ

കരുതുന്നോ? ശരി! പാവയോയിവൾ

എന്നാൽ, രാമായണത്തിലെ സീതയുടെ അവസാന വാക്കുകൾ ആരുടേയും ഹൃദയത്തിൽ തട്ടുന്നതാണ്. സ്വയം അഗ്നി പരീക്ഷയിലൂടെ തന്റെ പാതിവൃത്യം തെളിയിച്ച സീതയെ വീണ്ടും സംശയത്തിന്റെ പ്രതിക്കുട്ടിൽ നിർത്തിയപ്പോൾ, സീതയുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഭർത്താവിനെ ദൈവതുല്യം കണക്കാക്കുന്ന സീത ഹൃദയവേദനയോടെ പറഞ്ഞു,

സത്യം ഞാൻ ചൊല്ലീടുന്നതെല്ലാവരും കേട്ടുകൊൾവിൻ

ഭർത്താവു തന്നെയൊഴിഞ്ഞന്യ പുരുഷന്മാരെ

ച്ചിത്തത്തിൽ കാംക്ഷിച്ചിതില്ലേകദാ മാതാവേ ഞാൻ

സത്യമിതെങ്കിൽ മമ നൽകീടനുഗ്രഹം

സത്യമാതാവേ! സകലാധാരഭൂതേ നാഥേ!

ആദികാലം മുതലുള്ള ഭാരതീയ സംസ്കാരത്തിന്റെ മഹനീയതയിൽ ജീവിച്ചു പോന്ന സീതയുടെ പ്രശംസനീയമായ സ്വഭാവ വൈശിഷ്ട്യമാണ് ഇവിടെ പ്രകടമാകുന്നത്. കളങ്കമില്ലാത്ത സീതയുടെ പാതിവൃത്യവും സ്വഭാവ നൈർമ്മല്യവും സംശയക്കപ്പെടേണ്ടതില്ല. സീതയെ ഭൂമിദേവി അനുഗ്രഹിച്ചു, പിന്നെ എല്ലാവരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് സീത മറയുന്ന രംഗമാണ്.

തൽക്ഷണേ സിംഹാസനാഗതയായ് ഭൂമി പിളർ-

ന്നക്ഷിണാദരം സീത തന്നെയെടുത്തുടൻ

സ്നേഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി

രത്നസിംഹാസനെ വച്ചാശു കീഴ്പ്പോട്ടു പോയാൾ

സീതയെ യാഗഭൂമി ഉഴുതുകൊണ്ടിരുന്നാപ്പോൾ ഉഴവുചാലിൽ നിന്ന് ലഭിച്ചതായാണ് ജനകൻ പറയുന്നത്. അതുകൊണ്ട് സീതോല്പത്തിയും സീതയുടെ തിരോധാനവും പ്രതീകാത്മകമായി വേണം കണക്കാക്കാൻ.

താൻ സത്യമാണെന്ന് തെളിയിച്ചു കൊണ്ട്, ഭാരതീയരുടെ കണ്ണുകൾ നനച്ചു കൊണ്ട് സീത വിടവാങ്ങി. സീതാദുഃഖത്തെ പറ്റി പറയുമ്പോൾ ഇന്നും ഭാരതീയരുടെ ശബ്ദത്തിന് പതർച്ചയുണ്ടാകും. പൂജാർഹമായ സീതയുടെ പാതിവൃത്യവൃതം അനുകരിക്കുന്നതിൽ ഭാരതീയ സ്ത്രീകൾ അഭിമാനം കൊള്ളുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.