Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണി പത്മിനി – മലയാളക്കരയിലെ മാറുന്ന പെണ്മുഖങ്ങള്‍

rani-padmini

രജപുത്ര ചരിത്രത്തിലെ ഒരു വീരേതിഹാസം ആയ റാണി പത്മിനി ജീവിച്ചിരുന്നു എന്ന് ചരിത്രകാരന്മാര്‍ക്ക്‌ ആധികാരികമായ തെളിവൊന്നും ഇല്ലെങ്കിലും ഡല്‍ഹി സുല്‍ത്താന്‍ അലാവുദിന്‍ ഖില്‍ജി അതി സുന്ദരിയായ ചിത്തോറിലെ ഈ റാണിയുടെ സൌന്ദര്യത്തില്‍ മോഹിതനായി ആ രാജ്യത്തെ പല തവണ ആക്രമിച്ചെന്നും പരാജയം ഉറപ്പായപ്പോള്‍ റാണിയും കൂട്ടരും ജൌഹര്‍ അനുഷ്ഠാച്ചെന്നും പറയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധിമതിയും സുന്ദരിയുമായ ഈ റാണിയുടെ പേരിനെ അനുസ്മരിപ്പിക്കുന്ന മലയാളം സിനിമ റാണിപത്മിനിയ്ക്ക് പക്ഷെ ചരിത്രത്തിന്‍റെ ഈ ഏടുമായി ബന്ധം ഒന്നുമില്ല. ആഷിക് അബുവിന്‍റെ ഈ ചിത്രം ഇന്നത്തെ മാറുന്ന മലയാളി പെണ്മനസ്സിന്‍റെ നേര്‍സാക്ഷ്യം ആണ്. ഒരു ടോം ബോയ്‌ സ്റ്റൈലില്‍ വളരുന്ന, ഗുണ്ടകളില്‍ നിന്ന് രക്ഷപെട്ടുള്ള ഓടുന്ന റാണി, നാട്ടിന്‍പുറത്തെ നന്മകളില്‍ ജീവിച്ച് വിവാഹശേഷം Chandigarh.ഇല്‍ എത്തി, അപ്രതീക്ഷിതമായി ഹിമാലയ സാനുക്കളില്‍ എത്തിപ്പെടുന്ന പത്മിനി. ഇവര്‍ തങ്ങളുടെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്നതും അത് ആത്മാര്‍ത്ഥ സൗഹൃദം ആയി വളരുന്നതും ഒപ്പം തങ്ങളെ തന്നെ മനസ്സിലാക്കുന്നതും ആണ് ഇതിവൃത്തം.

രണ്ടു പേരുടെയും ബാല്യത്തിലൂടെ അവരുടെ സ്വഭാവവിശേഷതകള്‍ സൂചിപ്പിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്. റാണിയുടെ താന്‍പോരിമയെ അടക്കാനും ഒതുക്കാനും അവളുടെ അമ്മ അങ്ങേയറ്റം പരിശ്രമിക്കുന്നതായി മനസ്സിലാക്കാം. പക്ഷെ അവള്‍ അങ്ങിനെ ഒതുങ്ങുന്ന ടൈപ്പ് അല്ലെന്ന് പില്‍ക്കാല ചെയ്തികള്‍ മനസ്സിലാക്കി തരുന്നുണ്ട്. അച്ഛന്‍ മരിച്ചതോടെ കുടുംബ ഭാരം തലയില്‍ ഏറ്റിയ അവള്‍ക്ക് ഒരിക്കലും തൊട്ടാവാടിയാകാന്‍ സാധിക്കില്ലായിരുന്നു. പ്രതികരിക്കേണ്ട സമയങ്ങളില്‍ അതിരൂക്ഷമായി പ്രതികരിക്കുന്നുമുണ്ട് അവള്‍. അവിടെയെല്ലാം അവളുടെ അസാമാന്യ ധൈര്യത്തിന്‍റെ ശരീരഭാഷ വ്യക്തമാക്കുന്നുമുണ്ട്. ആ സ്വഭാവം പക്ഷെ അവള്‍ക്കു വിനയായി തീരുന്നു. കുപ്രസിദ്ധനായ ഗുണ്ട അവളെ ഉന്നം വയ്ക്കുന്നു. അവള്‍ സ്വയരക്ഷക്കായി ഹിമാചലിലേയ്ക്ക് പോകുന്നു. യാത്രക്കിടയില്‍ ഹിമാലയന്‍ കാര്‍ റാലിയില്‍ പങ്കെടുക്കാന്‍ പോയ ഭര്‍ത്താവിനെ(ഗിരി) തിരക്കി പോകുന്ന പത്മിനിയെ കണ്ടുമുട്ടുന്നു. വിവാഹശേഷം അമ്മായിയമ്മയെ സഹായിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടിയ അവള്‍ ജോലിയ്ക്ക് പോയിത്തുടങ്ങിയതോടെ അത് രസിക്കാത്ത അവര്‍ മരുമകളെ തന്‍റെ വരുതിയില്‍ കൊണ്ടുവരാന്‍ കണ്ടെത്തിയ ഉപായം ആയിരുന്നു മകനെ കൊണ്ട് ഒരു joint divorce petition ഒപ്പിടീക്കുന്നത്. കാര്‍ rally തലയ്ക്കു പിടിച്ച അവന്‍ വരുംവരായ്കകള്‍ ആലോചിക്കാതെ ഒപ്പിട്ട് കൊടുത്ത് പൈസയും വാങ്ങി പോകുന്നു. അല്ലെങ്കിലും ആണുങ്ങള്‍ convenience ന്‍റെ ആശാന്മാര്‍ ആണല്ലോ? ഇത് പറഞ്ഞത് ഗിരിയുടെ കൂട്ടുകാരന്‍ ആണെങ്കിലും പൊതുവേ സ്ത്രീ സമൂഹത്തിന്‍റെ കാഴ്ചപ്പാടും ഇത് തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്രതീക്ഷിതം ആയ വിവാഹ മോചനം എന്ന ഭീഷണിയില്‍ പത്മിനി കുഴങ്ങി, എന്തായാലും അതിനുള്ള കാരണം അറിയാനായി അവള്‍ ഭര്‍ത്താവിനെ പിന്തുടരുന്നു. അതാണ്‌ പത്മിനിയുടെ യാത്രയുടെ പശ്ചാത്തലം. അങ്ങിനെ റാണിയും പത്മിനിയും പതിയെ സുഹൃത്തുക്കള്‍ ആകുന്നു. ആ സൌഹൃദത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ/വ്യക്തി സ്വാതന്ത്ര്യം എങ്ങിനെ ആഘോഷിക്കുന്നു എന്ന് കൂടി പരിശോധിക്കുന്നു.

ഒരു സ്ത്രീയ്ക്ക് വ്യക്തി എന്ന നിലയില്‍ കുടുംബത്തില്‍/സമൂഹത്തില്‍ കഴിയാന്‍ എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും എന്നതിന്‍റെ സാക്ഷ്യം ആണ് റാണിയുടെ ജീവിതം. അവളുടെ അമ്മയും അവളെ ഒരു പെണ്ണായി ജീവിക്കാനാണ് നിര്‍ബന്ധിക്കുന്നത്. അതിന് വഴങ്ങാത്ത റാണിയ്ക്ക് പലപ്പോഴും പുരുഷ കേന്ദ്രീകൃത സമൂഹത്തോട് ഇടയേണ്ടി വന്നിട്ടുണ്ട്. പെണ്ണില്‍ നിന്നും സഹനം, ക്ഷമ, വിനയം, അടക്കം-ഒതുക്കം ഇതെല്ലാം പെണ്ണുങ്ങളും പ്രതീക്ഷിക്കുന്നു എന്നതാണ് സത്യം. എല്ലാ പെണ്ണിന്റെയും മനസ്സില്‍ അങ്ങിനെ ഒരു കാഴ്ചപ്പാട് സൃഷ്ട്ടിക്കാന്‍ പെണ്ണിന് മാത്രമായുള്ള, കലാകാലങ്ങള്‍ ആയുള്ള അരുതുകളിലൂടെ സമൂഹത്തിന് കഴിഞ്ഞു എന്നതും വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം ഇതൊന്നും അവളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നും ഇല്ല എന്നതും ദുഖകരമായ സത്യമാണ്. ഈ ചട്ടക്കൂടില്‍ നിന്നും മാറി ചിന്തിക്കുന്നവരെ അഹങ്കാരി എന്ന് വിളിച്ച് ചട്ടം പധിപ്പിക്കാന്‍കച്ചകെട്ടി ഇറങ്ങുന്നതും സ്ത്രീകള്‍ ആണെന്നതിന്റെ കാരണം കണ്ടുപിടിക്കാന്‍ മനശ്ശാസ്ത്രം പധിക്കേണ്ട ആവശ്യം ഒന്നുമില്ല. പത്മിനിയുടെ ഭര്‍ത്താവിന്‍റെ അമ്മ തന്‍റെ വാര്‍ധക്യത്തിന്‍റെ അവശതയില്‍ ആയ അമ്മായിഅമ്മയെ ചൂണ്ടി പറയുന്നുണ്ട് ‘ആയ കാലത്ത് ഇവര്‍ എന്റെ നെഞ്ചിലൂടെ കയറി ഇറങ്ങിയതാണ്. ഇനി നീയും കുറച്ചൊക്കെ അതിന്‍റെ വേദന എന്താണെന്നറിയണം’. ഞാന്‍ അനുഭവിച്ചതല്ലേ ,നീയും അനുഭവിക്ക് എന്ന സ്ത്രീകളുടെ തന്നെ സങ്കുചിത മനോഭാവം ആണ് അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം എന്നതാണ് വ്യക്തിപരമായ കാഴ്ചപ്പാട്.

യാത്രയിലുടനീളം റാണി പത്മിനിമാരുടെ സൗഹൃദം വളരുന്നതായി കാണാം. അവരുടെ സംഭാഷണങ്ങളില്‍ നിന്നും രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുടെ വ്യത്യസ്തങ്ങളായ ജീവിത വീക്ഷണങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. റാണിയെ പിന്തുടരുന്ന ഗുണ്ടകളില്‍ നിന്നോടി രക്ഷപ്പെട്ട് അവര്‍ ചെന്ന് കയറുന്നത് ഹിമാലയന്‍ കാര്‍ റാലി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയിരിക്കുന്ന ഒരു മലയാളം ടി.വി. ചാനല്‍ പ്രവര്‍ത്തകരുടെ വണ്ടിയില്‍ ആണ്. ചേട്ടന്മാരുടെ ‘പഞ്ചാര ഒലിപ്പ്‌’ കൂടിയപ്പോള്‍ ഞങ്ങള്‍ lesbian couple ആണെന്നും honey മൂണ്‍ ആഘോഷിക്കാന്‍ വന്നിരിക്കുകയാണെന്നും റാണിയുടെ survival instincts അവളെ കൊണ്ട് പറയിച്ചു. അപ്പോള്‍ ചേട്ടന്മാരുടെ മുഖത്തു ദൃശ്യമായ ഞെട്ടല്‍,അവിശ്വസനീയത.........തീയേറ്ററില്‍ ചിരിയുണര്‍ത്തിയ സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു. റാണിയുടെ തന്‍പോരിമയും പത്മിനിയുടെ ശുദ്ധഗതിയും ഏതോ ഒരു ബിന്ദുവില്‍ ഒന്നിക്കുമ്പോള്‍ രണ്ടുപേര്‍ക്കും സമാനമായ ലക്ഷ്യങ്ങള്‍ ആണെന്ന് അവര്‍ തിരിച്ചറിയുന്നു – സ്വാതന്ത്ര്യം! കുടുംബബന്ധങ്ങള്‍ പൊട്ടിച്ചെറിയുന്നതല്ല, മറിച്ച് ബന്ധങ്ങളുടെ ആഴവും അര്‍ത്ഥവും മനസ്സിലാക്കി മുന്നോട്ടു പോകുന്നതില്‍ ആണ് സ്വാതന്ത്ര്യം എന്ന് രണ്ടു പേരും മനസ്സിലാക്കുന്നു. ഇടയ്ക്ക് para gliding ചെയ്യേണ്ട ഒരു സാഹചര്യം വന്നപ്പോള്‍ റാണി ധൈര്യത്തോടെ അതിന് തയ്യാറായി,എന്നാല്‍ പത്മിനി ഒന്നറച്ചു നില്‍ക്കുന്നു, പക്ഷെ അപ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു “ കുട്ടിയായിരിക്കുമ്പോള്‍ നിങ്ങളോട് ആരെങ്കിലും നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്ന് പറഞ്ഞാല്‍ അതൊരു trap ആണ് എന്ന് മനസ്സിലാക്കിക്കോ......ചിറകുകള്‍ ഒതുക്കി, പറക്കാനുള്ള ആഗ്രഹം മുളയിലെ നുള്ളി ഒതുങ്ങി ജീവിക്കാനുള്ള ഒരു compliment.” ശരിയല്ലേ? ഒന്നാലോചിച്ചുനോക്കൂ! അടുത്തിടെ സദ്ഗുരുവിന്റെ ഉപദേശം കേട്ടു.....ഒരു parent ആകാന്‍ പധിക്കണം എന്ന്. അതിന് ചെറിയ ഒരു വ്യത്യാസം വരുത്തുന്നു.....ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാകാന്‍ പധിക്കണം......അവളെ ഒരു വ്യക്തിയായി വളരാന്‍ അനുവദിക്കണം. ചിറകുകള്‍ അരിഞ്ഞുകളയരുത്.

റാണി ആയി റീമ കല്ലിങ്കല്‍ പത്മിനി ആയി മഞ്ജു വാര്യര്‍ പത്മിനിയുടെ അമ്മായിഅമ്മ ആയി സജിത മടത്തില്‍.....മൂവരും അഭിനയിച്ച് തകര്‍ത്തു. സജിതയുടെ അമ്മായിഅമ്മ വേഷം കുറച്ചു നേരത്തേയ്ക്ക് മാത്രം ആയിരുന്നെങ്കിലും കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ ആ കഥാപാത്രത്തിന് വലിയ ഒരു പ്രാധാന്യം ഉണ്ട്, തന്‍റെ കഥാപാത്രത്തോട് അവര്‍ക്ക് തികഞ്ഞ നീതി പുലര്‍ത്താന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവും റീമയും വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ സുന്ദരിയായ പ്രകൃതിയും കൂട്ടിനുണ്ടായിരുന്നു. പണ്ട് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ കണ്ട് ആവേശം മൂത്ത് ചെറുപ്പക്കാര്‍ ടാങ്കര്‍ ലോറി ഓടിച്ചു നടന്നതും എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ അമലയെ അനുകരിച്ചു ചെരുപ്പകാരികള്‍ ചുമ്മാ ആത്മഹത്യയ്ക്ക് ശ്രമിച്ചതുപോലെയും റാണിപത്മിനി കണ്ടു ഭ്രമിച്ച് ഹിമാചല്‍ പ്രദേശിലെയ്ക്ക് പെണ്‍ യാത്രകള്‍ ആരംഭിച്ചാല്‍ കുറ്റം പറയാന്‍ ആകില്ല, പ്രകൃതി സൌന്ദര്യം അത്രയ്ക്ക് മാസ്മരികം ആണേ! മധു നീലകണ്ഠന്‍റെ ക്യാമറ ആ സൌന്ദര്യം മുഴുവനും ഒപ്പിയെടുത്തിട്ടുണ്ട്. രവിശങ്കര്‍ - ശ്യാം പുഷ്ക്കരന്‍ (തിരക്കഥ) ബിജിബാല്‍ (സംഗീതം) സൈജു ശ്രീധരന്‍ (എഡിറ്റിംഗ്) തുടങ്ങിയവര്‍ ആണ് അണിയറയില്‍. പല സൂചനകളിലൂടെ മാത്രം മുന്നോട്ടു നീങ്ങുന്ന ചടുലമായ സംഭാഷണം എടുത്ത് പറയേണ്ട ഒന്നാണ്. അമിതാഭിനയം കൊണ്ട് കഥയെ നശിപ്പിച്ചില്ല എന്നതൊഴിച്ചാല്‍ സമാന്തരമായി നീങ്ങുന്ന ഗുണ്ടാ കഥയ്ക്ക്‌ എടുത്ത് പറയത്തക്ക പ്രത്യേകത ഒന്നും തന്നെ ഇല്ല. നായകന്‍റെ അമിതപ്രഭാവത്തില്‍ മുങ്ങിപ്പോകുന്ന നായിക കഥാപാത്രങ്ങള്‍ മാത്രമുള്ള ഇന്നത്തെ മലയാള സിനിമയില്‍ നായികാ പ്രാധാന്യം ഉള്ള സിനിമ എന്ന നിലയില്‍ റാണിപത്മിനി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സ്ത്രീപക്ഷ കാഴ്ചകള്‍ ദഹിക്കാത്തവര്‍ ഈ സിനിമയ്ക്ക് പോകാതിരിക്കുക!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.