Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ ജീവിതം

Fish

ഖോർഫക്കാൻ -പ്രവാസ ഇന്ത്യാ ചരിത്രത്തിൽ നിർണ്ണായകമായ ഒരു ഇടം നേടിയ ഏട്. അപരിചിതമായ മരുഭൂമിയിലേക്ക് അതിജീവനത്തിന്റെ കടൽ കടന്നവർക്ക് കരയൊരുക്കി കാത്തിരുന്ന കടൽ .ഇന്ത്യയിൽ നിന്നുള്ള ഗൾഫ്‌ കുടിയേറ്റത്തിന്റെ ആദ്യ സംഘo പ്രതീക്ഷയുടെ പ്രകാശം ആദ്യമായി കണ്ട സ്ഥലം. ഒരു സമൂഹത്തിന്റെ സമഗ്രമായ മാറ്റത്തിന് വഴിത്തിരിവായ ഇടം. യു .എ .ഇ യുടെ ആധുനികവൽക്കരണത്തിനു അടിത്തറയിട്ട ഒരു തുറമുഖ നഗരം. മറ്റെല്ലാ എമിരറ്റിനെക്കാളും കടലുമായി ബന്ധപ്പെട്ടു ഉപജീവനം കഴിക്കുന്ന സ്വദേശികളുടെ എണ്ണം വളരെ കൂടുതലാണ് ഇവിടെ. മത്സ്യബന്ധനം അറബികൾക്ക് ഒരു തൊഴിൽ എന്നതിലുപരി പാരമ്പര്യപ്പെരുമയുടെ ഓർമ്മപ്പെടുത്തലുകളാണ്. അനാദികാലം തൊട്ടുള്ള അതിജീവനത്തിന്റെ അന്നം തേടലാണ്.

അറിയാത്ത അത്ഭുതങ്ങൾക്ക് അതിരിട്ടുകൊണ്ട് കടൽ എന്നും പ്രവാസത്തിന്റെ പരീക്ഷയായി നിലകൊണ്ടു. ഒരു പക്ഷെ മനുഷ്യകുലത്തിന്റെ ആദ്യ കാല സ്വപ്നങ്ങളിൽ ഒന്ന് കടൽ കടക്കുക എന്നത്ആയിരിക്കണം. ലോകത്ത് കടലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുഴുവൻ മനുഷ്യർക്കും കടൽ ഒരു ദിവ്യ പരിവേഷധാരിണി ആയി പൊട്ടിച്ചിരിച്ചും പുഞ്ചിരിച്ചും അവർക്കൊപ്പം നിൽക്കുന്നു. അതിന്റെ ചൂടും ചൂരും അറിഞ്ഞു അതിൽ ഒരു ജീവിതം സൃഷ്ടിച്ചു അതിലൂടെ പരമ്പരകളെ സൃഷ്ടിച്ച് കടൽ മനുഷ്യന്റെ ഒരു ഭാഗമാവുന്നു അതല്ലെങ്കിൽ മനുഷ്യൻ കടലിന്റെ ഒരു ഭാഗമാവുന്നു. അപാരമായ അലിവിന്റെ ഓളങ്ങൾ ഇളക്കികൊണ്ട് തലമുറകൾക്ക് വേണ്ടി അത് നിത്യ നിഗൂഡയായി നിൽക്കുന്നു. അനുഗ്രഹീതമായ സമുദ്രവും സമുദ്രസമ്പത്തും സംരക്ഷിക്കാൻ പ്രതിജ്‌ഞാബദ്ധരാണിവർ.

മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടിൽ ഒരു സ്വദേശിയുടെ സാന്നിധ്യം നിർബന്ധമാക്കുന്നതടക്കമുള്ള കർശന വ്യവസ്ഥകളാണ് നിലവിലുളളത്. പരമ്പരാഗതവും പാരമ്പരേതരവുമായ വല അടക്കമുള്ള  മത്സ്യബന്ധന ഉപകരണങ്ങൾക്ക് സർക്കാർ നിഷ്കർഷിക്കുന്ന അളവിന്റെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണുള്ളത്. വളരെ ചെറിയ കണ്ണികൾ ഉള്ള വലകൾ മുതൽ ചില പ്രത്യേക  രീതിയിലുള്ള ട്രോളിങ്ങ് അടക്കമുള്ള കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഒരു മത്സ്യസമ്പത്തിന്റെ ഉപഭോഗത്തിന്റെ കാര്യത്തിലും ഈ നാട് ഒരുപാട് മുന്നിലാണ്. പ്രക്ഷുബ്ധമാവാൻ വളരെ മടിയുള്ള കടൽ ആയതു കൊണ്ട് ആണ്ടിലധികവും മീൻപിടുതത്തിനു അനുകൂല സാഹചര്യമാണിവിടെ. അതു കൊണ്ടുതന്നെ ഈ ഒരു മേഖല സദാ സജീവമാണിവിടെ.

മീൻ പിടുത്തത്തിനു പുറമെ കടലിലെ കായിക വിനോദവും ടൂറിസം പോലുള്ള ആധുനിക വരുമാന മാർഗങ്ങളും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നുണ്ട് ഇവർ. പുതിയ തലമുറയിലെ സ്വദേശി പൗരന്മാരിലധികവും വിനോദത്തിനു വേണ്ടി മീൻപിടുത്തം നടത്തുക വഴി തങ്ങളുടെ പൂർവികരുടെ തൊഴിൽ മേഖലയോടുള്ള ആദരവും ഇഷ്ടവും ഇപ്പോഴും സൂക്ഷിക്കുന്നു. ഒപ്പo അതിൽ അഭിമാനിക്കുകയും ചെയ്യുന്നു ആധുനിക സുഖസൌകര്യങ്ങളുള്ള നൗകകളിൽ ഇടക്കിടെ കുടുംബ സമേതം കടൽ ജീവിതം നയിക്കുന്നവർ ഒരുപാടുണ്ട്. വശ്യമായ കടലും മനോഹരായ തീരവും ഇവിടുത്തെ ആകർഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടു തന്നെ കടൽ ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാവുന്നു.

പവിഴപുറ്റുകളുടെ  സാഹസികലോകത്ത് നിന്ന് ആഡംബരത്തിന്റെ ഔന്നത്യത്തിലേക്ക് നീന്തി കയറിയ ഒരു ജനതയ്ക്ക് പറയാൻ കഥകൾ ഏറെയാണ്‌. ഒരു കടലോളം പോന്ന കഥകൾ, പോയ കാലത്തിന്റെ വിപരീത സാഹചര്യങ്ങളോട് പൊരുതി കരുത്താർജ്ജിച്ച ശരീരവും മനസും ഉള്ളവരുടെ അനുഭവ കഥനം. സ്വപ്നം കണ്ടതിലും അപ്പുറത്തേക്ക് തലമുറകൾ വളർന്നതിനു സാക്ഷ്യം വഹിക്കാൻ ഭാഗ്യം ഉണ്ടായ മുൻതലമുറക്കാർ. ലോക ഭൂപടത്തിൽ ഒരു പവിഴശോഭയോടെ തിളങ്ങി നിൽക്കുന്നു ഇവർ.   ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിൽ മേഖലകളിൽ ഒന്നാണ് മത്സ്യബന്ധനം എന്ന് പറയപ്പെടുന്നു. മനുഷ്യനും കടലും തമ്മിലുള്ള ബന്ധത്തിന് മനുഷ്യചരിത്രത്തോളം നീളമുള്ളത്‌. ഗൾഫിലെ മത്സ്യമേഖലയിൽ മലയാളി കാൽ കുത്തിയതിനു നമ്മുടെ ഗൾഫ്‌ കുടിയേറ്റത്തോളം പഴക്കമുണ്ട് എന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ പഴയകാല മീൻ പിടുത്ത രീതികളായ ഒബയിസ്, ദുബായ്, ഗർഗൂർ മുതൽ മെക്കനൈസ്ട് ഫിഷിങ് വരെയുള്ള മുഴുവൻ രീതികളും സ്വാംശീകരിക്കാൻ മലയാളിയുടെ സ്വതസിദ്ധമായ സമർപ്പണ ബോധം സഹായിച്ചിട്ടുണ്ട്. അറബികളെ അത്ഭുതപ്പെടുത്തുന്ന മികവുറ്റ മീൻപിടുത്തക്കാരായ മലയാളികൾ ഒരുപാടുണ്ടിവിടെ. നാട്ടിലെ പരിചയസമ്പത്തിന്റെ സഹായത്തോടെ മിടുക്കരായവർ മുതൽ കേരളത്തിലെ മലയോര മേഖലയിൽ നിന്ന് വന്ന് മികച്ച മീൻപിടുത്തക്കാരായി മാറിയവർ വരെ. കടലും, കടൽകാറ്റും മീനും ഇവരുടെ മനസ്സിൽ എപ്പോളും ഓളങ്ങൾ സൃഷ്ടിക്കുന്നു.

പക്ഷെ ഈയടുത്ത കാലത്തായി ഇവിടുത്തെ എല്ലാ എമിരേറ്റ്സിലെയും മത്സ്യബന്ധന തുറമുഖത്ത്നിന്നും മലയാളികളുടെ കൊഴിഞ്ഞു പോക്കിന് ആക്കം കൂടിയിരിക്കുകയാണ്. മറ്റ് പല തൊഴിൽ മേഖലകളിലെയും പോലെതന്നെ അന്യസംസ്ഥാനക്കാരും അയൽ രാജ്യക്കാരുമായവരെയാണ് ഇന്ന് കൂടുതലും കണ്ടുവരുന്നത്‌. ഒരുകാലത്ത് മലയാളികളുടെ കുത്തകയായിരുന്ന പല തുറമുഖങ്ങളിലും ഇന്ന് പേരിനു പോലും ഒരു മലയാളി ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. ഇവിടുത്തെ ചൂടും തണുപ്പും നേരിട്ട് കടലിനോടു മല്ലടിച്ച് അത്യദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്ന പലരും നാട്ടിലേക്ക് തിരിച്ചു പോകുകയോ കുറേക്കൂടി മെച്ചപ്പെട്ട തൊഴിൽ മേഖലകളിലേക്ക് ചേക്കേറുകയോ ചെയ്തിട്ടുണ്ട്. ലോകത്തിൽ എവിടെയായിരുന്നാലുംഓർമ്മകളിൽ എപ്പോഴും ഒരു കടലിരമ്പം സൂക്ഷിക്കുന്നവർ.

കഴിഞ്ഞ 30 വർഷമായി കൽബയിൽ മീൻപിടുത്തം നടത്തുന്ന പയ്യോളി സ്വദേശി സുദേവൻ തൻറെ ഏകമകന് മീൻപിടുത്തം അല്ലാത്ത മറ്റേതെങ്കിലും ഒരു ജോലി ഇവിടെ ശരിയായി കിട്ടിയ ഉടനെ നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ പെടാപ്പാട് ഒരു വീടിന്റെ രൂപത്തിൽ പൂർണമായത്‌ പോലും ഈ അടുത്ത കാലത്താണ്. ഫുജൈറയിലെ കുഞ്ഞാലിക്കക്കും ഖൊർഫക്കാനിലെ അസ്സയിനാർനും പറയാനുള്ളതും ഇതിൽ നിന്നൊന്നും വളരെ വ്യത്യസ്തമല്ലാത്ത അനുഭവങ്ങളാണ്. ഈ തൊഴിലിൽ നിന്നും ഇതിനകo തിരിച്ചു പോയ പലരുടെയും സ്ഥിതിയും ഏറെക്കുറെ ഇതൊക്കെ തന്നെയാണ്. പ്രതീക്ഷയുടെ വല്ലാത്തൊരു സ്വാധീനമുള്ള തൊഴിൽ ആണ് ഇത്. ഒപ്പം വിശ്വാസത്തിന്റെയും. മുൻവിധികൾ ഒന്നും ഇല്ലാത്ത ഒരു വേട്ടയാടൽ ആണ് അത്. സമൃദ്ധിയുടെ സ്വപ്നത്തിന്റെ വേലിയേറ്റവും വേലിയിറക്കവും അനുഭവിക്കുന്നവർ. തൊഴിൽപരമായ പ്രത്യേകതയുടെ സ്വാധീനം കൊണ്ടായിരിക്കണം മാനസികവും ശാരീരികവുമായ കരുത്തുള്ളവരുടെ ഒരു ലോകമാണത്. കടൽ ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്. ലോകത്തിലെവിടെയും സമാന സ്വഭാവമാണുള്ളത് അതിന്.

മത്സ്യമാർക്കെറ്റുകളിലും മത്സ്യത്തിന്റെ മറ്റു വിപണന മേഖലകളിലും മലയാളി സാന്നിധ്യം ശക്തമായിത്തന്നെ തുടർന്ന് പോരുന്നുണ്ട്. താരതമ്യേന അദ്ധ്വാനക്കുറവും കച്ചവടത്തിന്റെ അനന്തസാധ്യതയും ഇപ്പോഴും മീൻ വിപണന രംഗത്ത് നമ്മുടെ പുത്തൻ തലമുറക്കാരെ പോലും ഭാഗ്യപരീക്ഷണത്തിന് പ്രേരിപ്പിക്കുന്നുണ്ട്. കച്ചവടത്തിലൂടെ കരുത്തരായ മുന്മുറക്കാരെ മാതൃകയാക്കുന്നവർ . വിപണന രംഗത്ത് അന്താരാഷ്‌ട്ര നിലവാരത്തിലെക്കുയർന്ന സ്വന്തമായി മേൽവിലാസം സൃഷ്‌ടിച്ച ഒരുപിടി മലയാളികളെങ്കിലും ഇവിടെയുണ്ട്.   കേരളത്തിലെ  കഴിഞ്ഞ പതിറ്റാണ്ടിലെ തൊഴിൽ മേഖലയിലെ അസാമാന്യമായ മുന്നേറ്റം ഒരു പരിധിവരെ പലരേയും തിരിച്ച് വിളിക്കാൻ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ പത്തുവർഷത്തിനിടക്ക്  കേരളത്തിൽ ഏറ്റവും  വലിയ വിലവർദ്ധന നേരിട്ട ഒന്ന് മീൻ ആണ്.ലോകത്തിലെ മീനെണ്ണ ഉത്പാദന വിതരണ രംഗത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്.അത് പോലെത്തന്നെ മീനിൻറെ അവശിഷ്ടങ്ങളുടെ ഉപയോഗത്തിനും വൈവിധ്യമേറെയാണ്.ഈയൊരു വ്യവസായതിനുപയോഗിക്കുന്നത് സാധാരണക്കാരുടെ മീനായ മത്തിയാണ് പലപ്പോഴും.ഇത് അഭ്യന്തര വിപണിയിലെ വില വർദ്ധനവിന് പ്രധാന കാരണമാണ്‌.   കേരളത്തിലെ പരമ്പരാഗതമായ മീൻപിടുത്ത രീതിയിൽ നിന്ന് അത്യന്താധുനികമായ മിനി കപ്പലുകളിലേക്കുള്ള മാറ്റം കേരളത്തിന്റെ കടലോരത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട് ഒപ്പം മത്സ്യത്തൊഴിലാളികളെയും.ഈ ഒരു പുരോഗതിയും ഒരു പരിധിവരെ നാട്ടിലേക്ക് തിരിച്ചുപോകാൻ പലരേയും പ്രേരിപ്പിച്ചിടുണ്ട്.

പത്തു മുപ്പത് വര്ഷങ്ങൾക്ക് മുൻപ് ഒരു ശരാശരി മലയാളിയുടെ സ്വപ്‌നങ്ങൾ മുഴുവനും ഗൾഫിനെ ആശ്രയിചിട്ടായിരുന്നു. പ്രത്യേകിച്ചും മലബാർ മേഖലയിൽ .ഈ അടുത്തകാലത്തായി ഇത്തരം സ്വപ്‌നങ്ങൾ കാണാത്ത ഒരു തലമുറയാണ് നമുക്കുള്ളത്. കേരളത്തിലെ  ഇപ്പോഴത്തെ ചെറുപ്പക്കാരിൽ നിന്ന് ഗൾഫിലെ മത്സ്യബന്ധന മേഖലയിലേക്ക് തൊഴിൽ തേടി വരുന്നവർ ഏറെക്കുറെ ഇല്ല എന്ന സ്ഥിതിയിലാണ്. കേരളത്തിലെ കുതിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകൾ നമ്മുടെ ചെറുപ്പക്കാർക്ക് പുതിയ ജീവിതം നീട്ടുന്നു,ഒപ്പം പുതിയ സ്വപ്നങ്ങളും.ഇവിടുത്തെ മീൻപിടുത്ത രംഗത്ത് ബാക്കിയായ വിരലിലെണ്ണാവുന്ന മലയാളികളിൽ പലരും മെച്ചപ്പെട്ട തൊഴിൽ തേടുന്നവരോ തിരിച്ചു പോവാൻ തയ്യാറാവുന്നവരോ ആണ്. അത്യദ്ധ്വാനത്തിന്റെ പഴങ്കഥകളൊക്കെ മറന്നു, മാറി മറിയുന്ന പുതിയ ലോകക്രമത്തിൽ മാറുന്ന മലയാളിയുടെ സ്വപ്നച്ചിറകുകൾ കൂടുതൽ കരുത്താർജ്ജിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.