Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതയ ദിനത്തിൽ സമഭാവന ഗുരുവിന്റെ വാക്കുകളിൽ

Sree Narayana Guru

ബ്രാഹ്മണർ കുത്തകയാക്കി വെച്ചിരുന്ന താന്ത്രിക വിധികളും പൗരോഹിത്യ കർമ്മങ്ങളും സ്വയം ഏറ്റെടുത്ത് അടിയാളർക്ക് ആരാധനാ സാക്ഷാത്ക്കാരം നല്കിയ ശ്രീനാരായണ ഗുരുവിന്റെ മഹത്വം വേണ്ട രീതിയിൽ ലോക ശ്രദ്ധയാകർഷിച്ചുവോയെന്ന് പഠിക്കപ്പെടേണ്ട വിഷയമാണ്. വൈഷ്ണവ മതം വടക്കേയിന്ത്യയിൽ പ്രബലമായപ്പോൾ തെക്കേയിന്ത്യയിൽ ശൈവ ചിന്തകൾക്കും ആരാധനയ്ക്കുമായിരുന്നു മുൻ തൂക്കം. അതുകൊണ്ട് തന്നെ അവർണ്ണരും കീഴാളരും ആദിവാസികളും പുരാതന ആരാധനാ മൂർത്തിയായി കണ്ട ദ്രാവിഡ ദൈവം ശിവൻ നാരായണഗുരുവിന്റെ മുഖ്യ ദൈവമായത് വിശകലനം അർഹിക്കുന്നു. ആര്യ ദൈവ പ്രതിഷ്ഠകൾ നടത്തുന്നതിന് അതിനനുസരിച്ച് താന്ത്രിക വിധികളും പൗരോഹിത്യ മുറകളും ഉണ്ട്. എന്നാൽ പാവങ്ങളുടെ ദൈവമായ ശിവനെ ആർക്കും പ്രതിഷ്ഠിക്കാം. ആദിമ കീഴാള ജനത മരങ്ങളുടെ ചുവട്ടിൽ (പന, ആൽ) ഗുഹകളിൽ, പാറപ്പുറങ്ങളിൽ ഒക്കെ കല്ലുകൾ കൂട്ടി വെച്ച് പ്രതിഷ്ഠ നടത്തിയതിൽ മിക്കതും ശൈവ ആരാധനയുമായി ബന്ധപ്പെട്ട ദൈവങ്ങളായിരുന്നു. ആ പ്രതിഷ്ഠകളിൽ കർമ്മങ്ങൾ നടത്തിയതും അവരായിരുന്നു. ‘നാരായണ ഗുരുവിന്റെ ക്ഷേത്ര സങ്കല്പത്തിലും പ്രതിഷ്ഠകളിലും ശൈവ ധാരയാണ് നിറഞ്ഞു നില്ക്കുന്നത്. വൈഷ്ണവ ധാരയെ ക്ഷേത്ര പ്രതിഷ്ഠകൾക്ക് ഉപയോഗിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അവതാരങ്ങൾക്ക് ഗുരുവിന്റെ ക്ഷേത്ര സങ്കല്പത്തിൽ ഇടമില്ല. വൈദിക ബ്രാഹ്മണ്യം ഹൈജാക്ക് ചെയ്ത വൈഷ്ണവ ചിന്താ പദ്ധതിയാണ് ഏറ്റവും ശക്തമായ ചൂഷണോപാധിയായി മാറിയത്. അതുകൊണ്ടു തന്നെ വൈഷ്ണവ ധാരയെ വെല്ലുവിളിക്കാനും അവരുമായി രക്ത രൂഷിതമായ സമരത്തിലേർപ്പെടാനും ശൈവ ധാരക്കാർ തയ്യാറായിട്ടുണ്ട്. ശിവശക്തിയിൽ അധിഷ്ഠിതമായ ശൈവ സിന്ദ്ധാന്തത്തിന്റെ കാതൽ പ്രകൃതിയെ ഉപാസിക്കലാണ്. പ്രകൃതിയിലെ സർവ്വ ചരാചരങ്ങളിലും നിറയുന്ന സ്ത്രീ– പുരുഷ ശക്തിയാണ് അതിന്റെ കേന്ദ്ര ബിന്ദു. ശൈവ സമ്പ്രദായത്തിൽ സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് നാഥൻ ശിവൻ തന്നെ. സൃഷ്ടിക്കും നാഥനായതുകൊണ്ടാണ് ശിവന്റെ പ്രതീകമായി ലിംഗം ആരാധനാ മൂർത്തിയായത്. ശിവൻ പുരുഷ ഭാവത്തെ പ്രതിനിധാനം ചെയ്യുമ്പോൾ പാർവതി സ്ത്രീഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. ലിംഗ– യോനി പൂജ ഇതിന്റെ പ്രതീകമാണ്. സിന്ധു നദി തട സംസ്കാരത്തിൽ ലിംഗാരാധനയുണ്ടായിരുന്നു. ഹിന്ദുത്വത്തിന്റെ ഭാഗമല്ല ലിംഗാരാധനയെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഋഗ്വേദത്തിന് ലിംഗപൂജ നിന്ദ്യമാണ്. അസുര ദേവനായിട്ടാണ് ശിവനെ കരുതുന്നത്. അവൈദികവും അബ്രാഹ്മണവുമായിരുന്നു ശൈവ സിദ്ധാന്തത്തെ പിൽക്കാലത്ത് ഹിന്ദു മതമെന്ന സങ്കല്പത്തിന്റെ ഭാഗമാക്കുകയാണുണ്ടായത്. നാരായണ ഗുരുവിന്റെ ശൈവ സിദ്ധാന്ത ആഭിമുഖ്യം ഹൈന്ദവ മല്ലെന്ന് കാണിക്കാനാണ് ഇത്രയും വ്യക്തമാക്കിയത്. സ്ത്രീ– പുരുഷ സംഗമം സൃഷ്ടിക്ക് ആധാരമാണെന്ന തത്ത്വം ശിവ– പാർവ്വതീ സങ്കല്പത്തിലുണ്ട്. ഈ തത്ത്വം ഏതു മതത്തിലെയും സ്ത്രീ– പുരുഷന്മാർക്കും ബാധകമാണല്ലോ. ചണ്ഡാലി തൻ മെയ് ദ്വിജന്റെ ബീജ പിണ്ഡത്തിന് ഊഷരമല്ലെന്ന് കുമാരനാശാൻ പറഞ്ഞത് ഇവിടെ സ്മർത്തവ്യമാണ്.’ (ഡോ. എം. എസ്. ജയപ്രകാശ്)

പൗരോഹിത്യ നിരാമ്പത്തിന്റെ ഈ ആദ്യ മാതൃക അരുവിപ്പുറം പ്രതിഷ്ഠയിൽ നാരായണ ഗുരുവിനെ സ്വാധിനിച്ചിരിക്കാം. ‘ ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നതിന്റെ ആദ്യ മാതൃക ശൈവ കൃതികളിൽ പ്രത്യേകിച്ച് തമിഴ് ശൈവ കൃതികളിൽ ധാരാളമായി കാണാം. തമിഴ് സാഹിത്യവുമായും ശൈവ സിദ്ധാന്തവുമായും പരിചയപ്പെട്ട ഗുരു എല്ലാവരുടെയും ആരാധനാലയം എന്ന നിലയിലാണ് അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത്. അതോടൊപ്പം തന്നെ:

‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ’ എന്ന് കുറിച്ചിടുകയും ചെയ്തു.

ഇതാകട്ടെ സന്ദേശവും കർമ്മവും മനുഷ്യ സ്നേഹം തന്നെയെന്ന് വ്യക്തമാക്കി പ്രഫ. എം. എൻ. വിജയൻ മാഷുടെ അഭിപ്രായത്തിൽ ‘ലോകത്തിൽ ഏറ്റവും ഭംഗി കുറഞ്ഞ അരുവിപ്പുറം ക്ഷേത്രത്തിൽ നിന്നാണ് ലോകത്തിൽ ഏറ്റവും ഭംഗിയേറിയ മുദ്രാവാക്യം ഉയർന്നത്. സാമൂഹികമായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ഗുരു നടത്തിയ വൻ വിപ്ലവമായിരുന്നു അരുവിപ്പുറത്തെ സമാന്തര ശിവ പ്രതിഷ്ഠ. കേരളത്തിൽ ഭാഷയിൽ പോലും അയിത്തവും തീണ്ടലും അസമത്വവും ഉണ്ടായിരുന്ന കാലഘട്ടത്തിൽ സംസ്കൃതം മനുഷ്യനെ അടിച്ചമർത്താനുളള ഒരായുധമായതിനാലാണ് ഗുരു സംസ്കൃതം പഠിച്ചത്.’’

ജാതി ഇല്ലാതാക്കണം എന്നു പറഞ്ഞ ഗുരുവിന്റെ സന്ദേശങ്ങളും സൂക്തങ്ങളും കേരള ജനത വേണ്ട വിധത്തിൽ നെഞ്ചിലേറ്റിയോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഗുരുവിന്റെ സ്വന്തം വാക്കുകൾ നോക്കുക.

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകരമൊരു ഭേദവുമില്ലിതിൽ ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയതോർക്കുമ്പോളൊരു ജാതിയിലുളളതാം.’

‘അധഃകൃതർ എന്നൊരു പ്രത്യേക വർഗമില്ല. ശുദ്ധിയുളളവർ ശുദ്ധിയില്ലാത്തവർ, വിദ്യയുളളവർ വിദ്യയില്ലാത്തവർ, പണമുളളവർ പണമില്ലാത്തവർ എന്നീ വ്യത്യാസങ്ങളേയുളളൂ’

‘വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക പ്രയത്നം കൊണ്ട് സമ്പന്നരാവുക’

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’

‘ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തിൽ ജനങ്ങൾക്കുളള വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാൻ പണം ചിലവിട്ടതിനു ദുർവ്യമായി എന്നും പശ്ചാത്തപിക്കുവാൻ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തൽക്കാല ക്ഷേത്രം വേണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രം വെച്ചു കൊളളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പളളിക്കൂടങ്ങൾ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ശൂചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊളളാം. ജാതിഭേദം കൂടാതെ ഒരു പൊതു ആരാധനാ സ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന് തോന്നുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ അതു തന്നെയാണ് അവരെ നന്നാക്കുവാനുളള മരുന്ന്.’

‘പണം ഒരിടത്ത് വെച്ചാൽ ഇരിക്കുകയില്ല. അധികമായാൽ അവിടെ കലഹം ഉണ്ടാകും’ ‘പ്രസംഗങ്ങൾ യാതൊരു പ്രകാരത്തിലും ഉപദ്രവമോ, ക്ഷോഭമോ, ഉണ്ടാക്കത്തക്ക വിധത്തിലോ, സ്വരത്തിലോ ആയിരുന്നു കൂടാരകതാണ്ട്’. ‘മരങ്ങൾ വെച്ചു പിടിപ്പിക്കണം, തണലുമായി, പഴവുമായി’ ‘കൃഷി ചെയ്യണം, കൃഷിയാണ് ജീവ രാശിയുടെ നട്ടെല്ല്.’ ‘വിവേകം താനേ വരില്ല യത്നിക്കണം, നല്ല പുസ്തകങ്ങൾ വായിക്കണം’ ‘അഴിമതി ഇല്ലെന്നും നീതി മാത്രമേ നടക്കൂ എന്നും ജനങ്ങൾക്കു വിശ്വാസം വരണം. അപ്പോൾ എല്ലാവരും ഭരണത്തെ അനുകൂലിക്കും’ ‘പോരാട്ടങ്ങൾ കൊണ്ട് നാശമേ ഉണ്ടാകുകയുളളു വെന്ന് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.’ ‘എല്ലാവർ്ക്കും ഹിതവും സത്യവും സമഭാവനയും കൂടിയതാണ് വാക്കെ‌ങ്കിൽ അത് ശുദ്ധമായ വാക്കായിരിക്കും’ ‘ശുചിത്വം, സ്നേഹം, ദയ, മൃദുലത, ധൈര്യം, ലജ്ജ, ധ്യാനം ഇവയാണ് മനഃശുദ്ധിക്ക് നിതാന്തം.’ ‘കാമ വിചാരത്തോടുകൂടി പരസ്ത്രീകളെ നോക്കുക; അവരുമായി സല്ലപിക്കുക, ബന്ധം പുലർത്തുക ഇതെല്ലാം വ്യഭിചാരം എന്ന് പറയപ്പെട്ടിരിക്കുന്നു’ ‘പ്രാഥമിക വിദ്യാഭ്യാസമെങ്കിലും എല്ലാവർക്കും ഉണ്ടായിരിക്കണം. വിദ്യയാണ് ഇരുകാലി മാടുകളെ യഥാർത്ഥ മനുഷ്യരാക്കിത്തീർക്കുന്നത്. ’

‘മറ്റുളളവരെ നിരൂപണം ചെയ്യാൻ പഠിച്ചാൽ പോര നിങ്ങളിൽ ഓരോരുത്തരും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.’

‘അവനവനാത്മ സുഖത്തിനാചരിക്കു– ന്നവ,യപരനു സുഖത്തിനായ് വരേണം.’

ഹിന്ദു സന്യാസിയായിരിക്കുമ്പോൾ തന്നെ ജനജീവിത ദുരിതങ്ങൾക്കു പരിഹാരവും പരിവർത്തനവും നാരായണഗുരു ആഗ്രഹിച്ചിരുന്നു. ആത്മീയതയോടൊപ്പം തന്നെ ഭൗതിക മാറ്റങ്ങളും അത് കീഴാള സമൂഹത്തെ നേതൃത്വ നിരയിലേക്ക് എങ്ങനെ ഉയർത്താം എന്നതിനെക്കുറിച്ച് കാഴ്ചപ്പാടും അടങ്ങിയതായിരുന്നു. പൗരോഹിത്യ നിരാസം കണ്ണാടി, നിലവിളക്ക് എന്നീ പ്രതിഷ്ഠകളിലൂടെ വെളിപ്പെടുത്തിയും സന്ദേശങ്ങളിലൂടെ പുറപ്പെടുവിച്ചും ഗുരു കാണിച്ചു തന്നു. പി. കെ. ബാലകൃഷ്ണന്റെ ഭാഷയിൽ ‘ജാതി ഭേദങ്ങളും രാജജന്യമായ പതിത്വങ്ങളും എല്ലാം മനുഷ്യരുടെയും വിശ്വാസത്തെയും ചിന്താശക്തിയെയും ബാധിച്ചിരിക്കുന്ന ഒരു മനോവ്യാധിയാണെന്നും ആരോഗത്തിന്റെ ഒരു പ്രധാന ലക്ഷണം മാത്രമാണ് ബ്രാഹ്മണ മേധാവിത്വമെന്നും ഗുരുവിന് കാണാൻ കഴിഞ്ഞു. എതിർക്കേണ്ടത് രോഗ ലക്ഷണത്തെയല്ലെന്നും മൂല രോഗത്തെയാണെന്നും കാണാൻ കഴിഞ്ഞ അത്ഭുതകരമായ ഉൾക്കാഴ്ചയിൽ നിന്ന് ഉയിർക്കൊണ്ട കർമ്മ പരിപാടിയും പ്രവർത്തന സരണിയുമാണ് നാരായണ ഗുരുവിന്റേത്.’

മനുഷ്യ മനസ്സിനെ സംഘർഷ ഭരിതമാക്കുന്ന ചെകുത്താൻ ചിന്തകളെ എങ്ങനെ ശുദ്ധീകരിച്ച് വിശുദ്ധമാക്കാം എന്ന ചിന്ത കണ്ണാടി പ്രതിഷ്ഠയിലുണ്ട്. നമ്മുടെ ദൈവത്തെ നമ്മളാണ് പ്രതിഷ്ഠിക്കേണ്ടത് എന്നത് ശിവ പ്രതിഷ്ഠയിലുണ്ട്. ‘നീ നിന്റെ വിളക്കാകുക’ എന്ന ബുദ്ധവചനം വിളക്ക് പ്രതിഷ്ഠയിലുണ്ട്. മനുഷ്യാത്മാവ് പരമ സത്യത്തെ സാക്ഷാത്ക്കരിക്കാൻ യത്നിക്കേണ്ട പാത ഗുരു മനുഷ്യർക്ക് മുമ്പിൽ തുറന്നിട്ടു. ആ സമർപ്പണത്തിൽ നിറയെ സമഭാവന ആയിരുന്നു. മാനവികതയാണ് ഗുരു കർമ്മത്തിലും വാക്കിലും നിറച്ച് നല്കിയത്. അനുഷ്ഠാനങ്ങളിലും ഗോത്ര മഹത്വത്തിലും വിശ്വസിക്കുന്നവർക്ക് അതിനിയും വെളിപ്പെട്ടിട്ടില്ല. ജലമായി, നനവായി, ആനന്ദം ത്യജിച്ച സന്ന്യാസമായി ഗുരുവിന്റെ ആദർശം നിറയുമ്പോഴേ ജീവിതത്തിന്റെ സാന്ദ്രത നില നില്ക്കൂ. ജൈവ ശൃംഖലയുടെ കണ്ണിയിൽ അത് ചേർത്തു പിടിയ്ക്കാം. (ഗുരുവിനെക്കുറിച്ച് എഴുതിവരുന്ന പുസ്തകത്തിൽ നിന്ന്)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.