Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത് വരൂ സ്നേഹിക്കൂ അതാണ് ഗുരുവിന്റെ ദൈവ വിവക്ഷ

Sree Narayana Guru

‘‘ജാതിക്കും മതത്തിനുമെതിരായി പോരാടാൻ ആഗ്രഹിക്കുന്ന ജനവിഭാഗത്തിന് ശ്രീനാരായണ ഗുരു മഹാബലിയാണ് മാനുഷ്യരെല്ലാരും ഒന്നു പോലെ ജീവിക്കണമെന്ന് അഭിലക്ഷിക്കുന്നവർക്ക് അദ്ദേഹം ഉത്തമ മാതൃകയാണ്’’

വി. ടി. ഭട്ടതിരിപ്പാട് ‘‘ഒരു ജാതിയേയുളളൂ മനുഷ്യജാതി ; ഒരു മതമേയുളളൂ— മനുഷ്യമതം ; ഒരു ദൈവമേയുളളൂ — നമ്മെയെല്ലാവരെയും സൃഷ്ടിച്ച ഒരേയൊരു ദൈവം. പ്രായോഗികമായി ഹിന്ദു മതം, ക്രിസ്തുമതം ഇസ്ലാം മതം എന്നിങ്ങനെ പല മതങ്ങളുണ്ടാവാം പക്ഷേ, ഗുരു ചൂണ്ടിക്കാണിച്ച — ‘പല മത സാരവുമേകം’ മേല്പറഞ്ഞ ഏക ദൈവ വിശ്വാസമാണ്, അതിൻറെ പ്രായോഗിക സർവ്വമത സമത്വ ദർശനമാണ്

എൻ. വി. പി. ഉണിത്തിരി ‘‘കരളത്തിൻറെ നവോത്ഥാന പ്രസ്ഥാനം സമൂഹത്തിൻറെ സകല അടരുകളെയും ഇളക്കി മറിക്കുകയുണ്ടായി. അതിൻറെ കാഹളം മുഴക്കിയത് ശ്രീനാരായണ ഗുരുവായിരുന്നു. ഗുരു സമൂഹത്തിൻറെ കീഴ്ത്തട്ടിൽ നിന്ന് ഉയർന്നു വന്ന ആളായിരുന്നു. അദ്ദേഹം കൊളുത്തിയ നവോത്ഥാന ജ്വാല കീഴ്ജാതിക്കാരിലും മറ്റുമാണ് ആദ്യം പടർന്നു പിടിച്ചത്. അത് പിന്നീട് സമൂഹത്തിൻറെ മേൽത്തട്ടുകളിലേക്ക് പടർന്നു കയറി. അങ്ങനെ വ്യാപകമായിത്തീർന്ന നവോത്ഥാന പ്രസ്ഥാനം കേരളത്തിലെ ജന സാമാന്യത്തിന് മത നിരപേക്ഷതയും സാമൂഹ്യ നീതിയും സംബന്ധിച്ച് പുതിയൊരു അവബോധം പ്രദാനം ചെയ്തു.

വി. എസ്. അച്യുതാനന്ദൻ ചരിത്രത്തിലൂടെ വളരാനുളള ജനതയുടെ ഇച്ഛാശക്തിക്ക് തുടക്കമിട്ട കർമ്മമാണ് അരുവിപ്പുറം ‘ഈഴവ ശ്ശിവ പ്രതിഷ്ഠ’. നീതി, അവകാശ സംരക്ഷണം, സാമൂഹിക അന്തസ്, ക്ഷേത്ര പ്രവേശനം— നേടിയെടുക്കാൻ അധ:കൃതർ ഇവിടെ നിന്ന് വെളിച്ചം തേടി. സംസ്കാര സമൂഹ രൂപീകരണത്തിൽ അന്തസ്സിൻറെ പോരാട്ട വീര്യമാണ് അരുവിപ്പുറം പ്രതിഷ്ഠ പാർശ്വ വൽക്കരിക്കപ്പെട്ട കേരള ജനതയ്ക്ക് നല്കിയത്. ജാതി സാമൂഹ്യമായ പദവിക്കപ്പുറം അധികാരത്തെക്കൂടി താങ്ങി നിർത്തുന്നു. ജാതി വർണ്ണത്തിൻറെ കുത്തകയാണ്.

‘‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’’

എന്നെഴുതി വെച്ച് നാരായണഗുരു തകർത്തത്. മതങ്ങളെ ജാതിയെ ഇല്ലാതാക്കാനോ, യുദ്ധം ചെയ്ത് തോല്പിക്കാനോ കഴിയില്ലെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ആത്മോപദേശ ശതകത്തിൽ.

‘‘പൊരുതു ജയിപ്പത സാദ്ധ്യമൊന്നിനോടൊ— ന്നൊരു മതവും പൊരുതാലൊടുങ്ങു വീല’’ — എന്നെഴുതി.

എല്ലാ മതങ്ങളുടെയും സാരം ഒന്നാകയാൽ അത് മതാനുയായികളെ മനസ്സിലാക്കിച്ച് സഹഭാവത്തോടെ ഒന്നിപ്പിൻറെ കാഴ്ചപ്പാടാണ് സ്വീകരിക്കേണ്ടതെന്ന് ഗുരു ഉപദേശിച്ചു. ശ്രീനാരായണ ഗുരുവിൻറെ കർമ്മ പരിപാടികളിലൂടെ അയിത്തലും തീണ്ടലുമില്ലാതെ അധ:കൃതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനായി. വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ എന്നു കേട്ട് സർക്കാർ സ്കൂളുകളിലും സ്വയം സ്ഥാപിത സ്കൂളുകളിലും പഠിച്ച് കീഴാളർ അറിവ് നേടിയെടുക്കാനായി ഒരുങ്ങി. അന്ധ വിശ്വാസങ്ങൾ, മന്ത്രവാദം, ദുർമൂർത്തി പൂജ എന്നിവയിൽ നിന്നൊക്കെ ഒരു പരിധി വരെ അകന്നു നിന്നു. സംഘടനയിൽ കൂടി ശക്തരാകാനും വ്യവസായ ശീലം വളർത്തിയെടുക്കാനുമുളള ശ്രമം തുടർന്നു. ഈ ബോധത്തിലൂന്നിയ അധ:കൃത സമൂഹ സംഘബലമാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തി പ്രാപിക്കാൻ ബലം നല്കിയത്. ‘ജാത്യാഭിമാനം’ എന്ന മതിൽക്കെട്ട് എന്നിട്ടും നിലനില്ക്കുന്നു. ഇതിനോടാണ് ശ്രീനാരായണ ചിന്ത സ്വാംശീകരിച്ചവർ വീറും വാശിയും കാണിച്ച് പൊരുതേണ്ടത്. അതിലൂടെ മാത്രമേ അരുവിപ്പുറത്ത് നടത്തിയ പൗരോഹിത്യത്തോടുളള തിരുത്ത് യാഥാർത്ഥ്യമാവുകയുളളൂ. ‘പല മത സാരവുമേകം’ എന്നത് അരുവിപ്പുറം പ്രതിഷ്ഠയുടെ തുടർച്ചയാകുന്നു. ഈ സന്ദേശം സമഭാവനയോടെ മനുഷ്യരെ കാണാനും മാനവികതയുടെ ഉജ്ജ്വല പ്രഖ്യാപനമാക്കി മാറ്റാനും നമുക്ക് ശക്തി നല്കുന്നു. അത് പ്രത്യാശയുടെ വിളംബരമാകുന്നു. ഇതിനോടൊപ്പം 19 —ാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് നമ്മളറിയണം. മുലക്കരം, തീണ്ടൽ, അടിമക്കച്ചവടം എന്നിങ്ങനെ അധ:കൃത സമൂഹത്തെ എല്ലാവിധത്തിലും ദ്രോഹിക്കുന്ന ചുറ്റുപാടായിരുന്നു മേലാള സവർണ്ണ സമൂഹം കേരളത്തിൽ നടത്തിയത്. ഇതിനെക്കുറിച്ച് കെ. എൻ. വിശ്വനാഥൻ നായർ എഴുതിയ പഠനം വളരെ പ്രസക്തമാണ്.

‘‘ഭാരതത്തിലെ ഇതര ദേശങ്ങളെ അപേക്ഷിച്ച് ജാതീയമായ അസമത്വങ്ങൾ ഏറെ നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു കേരളം. ഇന്നത്തെ കേരളമല്ല, കേരള പ്പിറവിക്കു മുമ്പുളള ഒരു ഭൂ വിഭാഗത്തെയാണ് ഇവിടെ പരിഗണനക്കെടുക്കുന്നത്. സാമൂഹികമായ അസമത്വങ്ങളുടെ പേരിൽ അയിത്താചാരങ്ങൾ അനുഷ്ടിച്ചിരുന്ന ദുഷ്ടമായ സാമൂഹിക ഘടനയാണ് 19—ാം ശതകത്തിലെ കേരളത്തിൽ നില നിന്നിരുന്നത്. ബ്രാഹ്മണൻ, ക്ഷത്രിയർ, വൈശ്യർ (ഇത് കേരളത്തിലില്ല) ശൂദ്രർ എന്നീ വിഭാഗങ്ങളെ സവർണ്ണരെന്നും ഈഴവർ മുതൽ താഴേക്കുളളവരെ അവർണരെന്നും മുദ്രകുത്തി സമൂഹത്തെ രണ്ടു തട്ടാക്കി അധീശ ശക്തികൾ വിഭജിച്ചു നിർത്തിയിരുന്നു. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും പരസ്പരം അയിത്തം കല്പിക്കപ്പെട്ടിരുന്നില്ല. എന്നാൽ ശൂദ്ര വിഭാഗമായി കണക്കാക്കപ്പെട്ടിരുന്ന നായർ സവർണരാണെങ്കിലും ബ്രാഹ്മണരിൽ നിന്ന് പതിനാറ് അടി അകലം ദീക്ഷിക്കണമായിരുന്നു. ഈഴവർ നായന്മാരിൽ നിന്ന് പതിനാറടി അകലം പാലിക്കണം. പുലയൻ ബ്രാഹ്മണനിൽ നിന്ന് പാലിക്കേണ്ട അകലം 64 അടിയായിരുന്നു. ഇപ്രകാരം അകലം പാലിച്ചില്ലെങ്കിൽ തീണ്ടൽ സംഭവിക്കും എന്നതായിരുന്നു സാമൂഹിക നിയമം. തെക്കൻ തിരുവിതാംകൂറിൽ ഈ സാമൂഹിക വ്യവസ്ഥ കർശനമായി പാലിച്ചു പോന്നിരുന്നു. (മലബാർ ഇക്കാലത്ത് ബ്രിട്ടീഷ് മലബാറായി മാറിയിരുന്നതുകൊണ്ട് മദ്രാസ് പ്രസിഡൻസിയുടെ നിയമങ്ങൾ അവിടെ ബാധകമായിരുന്നു) തിരുവിതാംകൂറിലും കൊച്ചിയിലും സവർണരുടെ ജാതിപ്പെരുമയ്ക്കു കീഴിൽ അവർണന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ അനവധിയായിരുന്നു. സവർണർ കുളിക്കുമ്പോൾ ആ കുളത്തിനരികിലൂടെ നടക്കാൻ അവർണന് അവകാശമുണ്ടായിരുന്നില്ല. മേൽജാതിക്കാരൻറെ വരവിനെ മുൻകൂട്ടി അറിയിക്കുന്ന ശബ്ദം കേട്ടാൽ കീഴ് ജാതികൾ വഴി മാറി നടക്കണം. ഹിന്ദുവായി ജനിച്ചവനെങ്കിലും അവർണന് ക്ഷേത്ര പ്രവേശനം വിലക്കപ്പെട്ടിരുന്നു. ചില ക്ഷേത്രങ്ങളുടെ പരിസരത്തുളള നിരത്തുകളിൽ കൂടി സഞ്ചരിക്കാൻ പോലും അവർണനെ അനുവദിച്ചിരുന്നില്ല. സവർണരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അവർണരുടെ മക്കളെ പഠിക്കാനും അനുവദിച്ചിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിലെ നീതി വ്യവസ്ഥ അവർണ സമൂഹത്തോട് നീതി കാണിച്ചില്ല. കുറ്റം തെളിയിക്കാൻ സവർണ വിഭാഗത്തിനനുകൂലമായി രൂപ കല്പന ചെയ്ത സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. കുറ്റം ചെയ്തത് അവർണനെങ്കിൽ തിളച്ച എണ്ണയിൽ കൈമുക്കുക, വിഷപ്പാമ്പിനെ ഇട്ട കൂട്ടത്തിൽ കൈ ഇടുവിക്കുക തുടങ്ങിയവയായിരുന്നു. കുറ്റം തെളിയിക്കാൻ സ്വീകരിച്ചിരുന്ന രീതികൾ. കൈ പൊളളാതിരിക്കുകയും പാമ്പിൻറെ കടി ഏല്ക്കാതിരിക്കുകയും ചെയ്താൽ അവർണൻ കുറ്റവിമുക്തനാക്കപ്പെടു. ഭൂമി സംബന്ധിച്ച തർക്കങ്ങളാണെങ്കിൽ നാല് ബ്രാഹ്മണരും നാല് വണ്ഡിത പ്രഭുക്കളും ചേർന്ന് രൂപീകരിക്കുന്ന സമിതിയാണ് ശിക്ഷ വിധിച്ചിരുന്നത് എന്ന് കേരള ചരിത്രത്തിൽ (വാല്യം 11) കെ. പി. പത്മനാഭമേനോൻ വ്യക്തമാക്കുന്നു. ( 1973 : 291) ഇത്തരം സമിതികളിലുണ്ടാകുന്ന തീരുമാനം സവർണർക്ക് അനുകൂലമായിരിക്കും എന്നത് നിസ്തർക്കമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ നടപ്പാക്കുന്ന ശിക്ഷാ വിധികൾ ഇതിനേക്കാൾ വചിത്രമാണ്. ബ്രാഹ്മണനാണ് കുറ്റം ചെയ്യുന്നതെങ്കിൽ തൂക്കു പരീക്ഷയിലൂടെയാണ് കുറ്റം തെളിയിച്ചിരുന്നത്. കുറ്റം ചെയ്ത ബ്രാഹ്മണനെ ത്രാസിൻറെ തട്ടിലിരുത്തി, ചെയ്ത കുറ്റം ഒരു ഓലയിലെഴുതി മറു തട്ടിൽ വെക്കും ബ്രാഹ്മണൻ ഇരിക്കുന്ന തട്ട് പൊങ്ങിയാൽ ബ്രാഹ്മണ കുറ്റവാളി ശിക്ഷിക്കപ്പെടും. ഇന്ന് ഇതൊരു തമാശയായി തോന്നാമെങ്കിലും സംഭവിച്ചു കൊണ്ടിരുന്നത് ഇതാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ നടപ്പാക്കുന്ന ശിക്ഷാ വിധികളെക്കുറിച്ചു കൂടി മനസ്സിലാക്കുമ്പോഴാണ് സവർണാധിപത്യത്തിൻറെ ക്രൂരമുഖം നാം അറിയുന്നത്. ബ്രാഹ്മണൻറെ പേരിലുളള കുറ്റം തെളിഞ്ഞാൽ തടവും പിഴയും ഭ്രഷ്ടും ആയിരുന്നു ശിക്ഷകൾ. അവർണനാണ് കുറ്റവാളിയെങ്കിൽ ചിത്രവധമായിരുന്നു പലപ്പോഴും ശിക്ഷ. കുറ്റവാളിയെ ഒരു തൂണിൽ പിടിച്ചു കെട്ടി ഒരു കമ്പി മുട്ടിൽ നിന്ന് ശിരസുവരെ അടിച്ചു കയറ്റുന്നതായിരുന്നു ചിത്രവധത്തിൻറെ രീതി. ശൂദ്രനാണ് കുറ്റവാളിയെങ്കിൽ തലവെട്ടുക, മുക്കാലിയിൽ കെട്ടി അടിക്കുക തുടങ്ങിയ ശിക്ഷകളാണ് നടപ്പാക്കിയിരുന്നത്. അംഗങ്ങൾ ഛേദിക്കുന്ന ശിക്ഷയും നടപ്പാക്കിയിരുന്നു.

അവർണ വിഭാഗത്തിലെ സ്ത്രീകളുടെ നില വളരെ പരിതാപകരമായിരുന്നു. ശൂദ്രവിഭാഗത്തിലും അവർണവിഭാഗത്തിലും പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനോ ആഭരണങ്ങൾ അണിയാനോ സ്വാതന്ത്യ്രമുണ്ടായിരുന്നില്ല. 1818 ൽ റാണി പാർവ്വതീഭായ് അവർണർക്ക് അന്നു ജാതി മര്യാദ പോലെ ആഭരണങ്ങൾ അണിയുവാൻ ഒരു ഉത്തരവ് ഇറക്കിയതു തന്നെ അക്കാലം വരെ അവർണർക്ക് അതിനുളള സ്വാതന്ത്യ്രം ഇല്ലായിരുന്നു എന്നതിന് തെളിവാണ്.

ചില വിശേഷാഭരണങ്ങൾ അണിയാനും ആഘോഷങ്ങൾ നടത്താനും, സർക്കാരിൽ നിന്ന് മുൻ കൂട്ടി അനുവാദം വþങ്ങേണ്ടിയിരുന്നു. അവർണരിലെ ചില സമ്പന്നർ ഇങ്ങനെ അനുവാദം വാങ്ങി ആഘോഷങ്ങൾ നടത്തിയിരുന്നുതിനെതിരെ വൈകുണ്ഠ സ്വാമി പ്രതികരിച്ചിരുന്നു...... അവർണജാതിക്കാരെ തിരുവിതാംകൂറിൽ അിടമകളാക്കി വിറ്റിരുന്ന കാലഘട്ടമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. കുറവർ, പുലയർ, മലയർ, വേടർ തുടങ്ങി അധഃസ്ഥിത വർഗ്ഗത്തെ അടിമകളാക്കി സവർണർ യഥേഷ്ടം ക്രയവിക്രയം ചെയ്തിരുന്നു. 1812 ൽ റാണി ലക്ഷ്മി ഭായി സർക്കാർ തലത്തിൽ അടിമ വ്യാപാരം നിരോധിച്ചുവെങ്കിലും അത് ഫലപ്രദമായി നടപ്പിലായില്ല.

(വൈകുണ്ഠ സ്വാമികൾ — സാംസ്കാരിക തമസ്ക്കരണത്തിൻറെ സാക്ഷ്യപത്രം എന്ന പഠനത്തിൽ നിന്ന്)

അടിമക്കച്ചവടത്തെക്കുറിച്ച് ഫ്രാൻസിസ് ബുക്കാനൻ ഇങ്ങനെ രേഖപ്പെടുത്തുന്നു.

‘‘മണപ്പുറത്ത് ഏകദേശം 30 വയസ് പ്രായമായ ഒരടിമയ്ക്ക് 100 പണം വില കിട്ടും. അതായത് രണ്ടു പവൻ 14 ഷി. 7 പെൻസ്. ഭാര്യയോടുകൂടിയാണെങ്കിൽ ഇതിൻറെ ഇരട്ടി വിലകിട്ടും. അടിമക്കിടാങ്ങളെ പതിനഞ്ച് മുതൽ 40 വരെ പണത്തിനാണ് കച്ചവടം നടത്താറ്. ഇംഗ്ലീഷ് നാണ്യയളവിൽ ഇത് 8 ഷി. രണ്ടര പെൻസ് മുതൽ 21 ഷി. 10 പെൻസുവരെ. പണിയെടുക്കുന്ന അടിമയ്ക്ക് നിത്യേന ഒരു പറ പരുക്കാൻ നെല്ലിൻറെ (വയ്ക്കോൽ നെല്ല്) പത്തിൽ മൂന്നംശം ലഭിക്കുന്നു. അതായത് ആണ്ടിൽ ഏകദേശം മുപ്പത്തിയാറര ബുഷൽ നെല്ല് കിട്ടുന്നു. എണ്ണ വാങ്ങുവാൻ വർഷാന്തം ഒരു പണവും കഷ്ടിച്ച് അര മറയ്ക്കുവാനുളള തുണി വാങ്ങാനായി ഒന്നര പണവും ഒരു അടിമയ്ക്ക് കിട്ടുന്നു. വളരെ ഉഷാറും ജാഗ്രതയുമുളള അടിമയാണെങ്കിൽ തുണി വാങ്ങുവാൻ രണ്ട് പണവും കൊയത്തു കാലത്ത് അഞ്ചാറുപറ നെല്ലും കൊടുക്കുന്നു. വയസ്സന്മാർക്കും കുട്ടികൾക്കും അവർ ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറിച്ചലനുസരിച്ച് ഇതിൻറെ മൂന്നിൽ ഓന്നോ മൂന്നിൽ രണ്ടോ ഭാഗമാണ് കൊടുത്തു കൊണ്ടിരിക്കുന്നത്.

ചെറുമർ എന്നു പറയപ്പെടു്ന അടിമകളാണ് നിലങ്ങളിൽ വേണ്ടി വരുന്ന ഏരിയ ജോലികളും ചെയ്യുന്നത്. ഈ അടിമകൾ ദേവർകളായ ഉടമകളുടെ സർവവിധ അവകാശങ്ങളുമുളള സ്വകാര്യ സ്വത്താണ്. അവരുടെ മേലാളന്മാർ ആഗ്രഹിക്കുന്ന ഏത് പണിക്കും അവരെ ഉപയോഗിക്കുവാൻ സാധിക്കും. ഭൂമിയോട് ബന്ധപ്പെട്ടിട്ടുളളവരല്ല ഈ അടിമകൾ. അവരുടെ ഉടമകൾക്ക് ഇഷ്ടാനുസരണം അവരെ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം. എന്നാൽ ഭാര്യാ ഭർത്താക്കന്മാരായ അടിമകളെ വെവ്വേറെ വിൽക്കുന്നത് നിഷിദ്ധമാണ്. എന്നാൽ കുട്ടികളെ മാതാപിതാക്കന്മാരിൽ നിന്നും വേർപ്പെടുത്തി ഒറ്റയൊറ്റയായി ക്രയവിക്രയം നടത്തുന്നതിന് അനുവാദമുണ്ട്. പറയർ, കണക്കന്മാർ, ഉളളാടന്മാർ, എറിലാളന്മാർ തുടങ്ങിയ ജാതി വിഭാഗത്തിൽപ്പെട്ടവരാണധികവും അടിമകൾ. ഈ ഓരോ ജാതിയും അനുഷ്ഠിച്ചു പോരുന്ന ആചാരങ്ങൾ വ്യത്യസ്തങ്ങളാണ്. വിവാഹ സമ്പ്രദായത്തിലുളള വ്യത്യാസമനുസരിച്ച് ഓരോ ജാതിയിൽപ്പെട്ട അടിമകളുടെ സന്താനങ്ങളുടെ മേൽ ഉടമകൾക്കുളള അവകാശാധികാരങ്ങൾ അല്പ സ്വല്പം വ്യത്യാസങ്ങൾക്ക് വിധേയമാണ്.

(ഫ്രാൻസിസ് ബുക്കാനൻറെ കേരളത്തിൽ നിന്ന്) ഇത്തരമൊരു സാമൂഹ്യ ചുറ്റുപാടിൽ നിന്നാണ് അധഃകൃതരുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി നാരായണഗുരു തൻറെ കർമ്മ ജീവിതം സമർപ്പിക്കുന്നത്. അത് കൊണ്ട് തന്നെ അരുവിപ്പുറം പ്രതിഷ്ഠ സവർണതയ്ക്കു നേരെയുളള പ്രതിരോധവും അധഃകൃതർക്ക് അംഗീകാരം നേടിയെടുത്തുമുളള കേരള ചരിത്രത്തിലെ തിരുത്ത് എന്നു തന്നെ പറയാം.

അരുവിപ്പുറം പ്രതിഷ്ഠയെക്ുറിച്ച് ശ്രീ ഃ നിത്യചൈതന്യയതി കുറിച്ചിട്ട വാക്കുകൾ ഇങ്ങനെയാണ്.

നാരായണ ഗുരു അരുവിപ്പുറത്തു വന്നു താമസിച്ചപ്പോൾ തൻറെ മുമ്പിൽ കണ്ടത് കുളിക്കാതെ, മുടി ചീകാതെ, വിയർത്തുനാറി കരിമുണ്ടുടുത്തു നില്ക്കുന്നവരെയാണ് അങ്ങനെയുളള ഒരുവനെ നോക്കി ‘നീ പോയി കുളിച്ച് വസ്ത്രം മാറി വരൂ’ എന്നു പറയുന്നതിനുപകരം വിശുദ്ധിയുടെ ഒരു സന്ദർഭം ഉണ്ടാക്കി ക്കൊടുക്കുന്നത് നല്ലതാണെന്നു ഗുരുവിനു തോന്നി. ഗുരു പുഴയിൽ നിന്നും ഒരു കല്ലെടുത്ത് പ്രതിഷ്ഠയായി സങ്കല്പിച്ച് അതിൻറെ മുമ്പിൽ വിളക്കും കൊളുത്തി വെച്ച് അവിടെയിരുന്നു പ്രാർഥന ചൊല്ലി. ഗുരുവിനോടൊപ്പം അവിടെയിരുന്നു പ്രാർഥിക്കാനാഗ്രഹിക്കുന്നവൻ ഈ സന്ദർഭം കാണുമ്പോൾ സ്വന്തമിഷ്ടപ്രാകരം തന്നെ കുളിക്കും. സ്വന്തം മനസ്സിൻറെ സൗഖ്യത്തിനുവേണ്ടി ശുഭ്ര വസ്ത്രങ്ങളണിയും. അങ്ങനെ അഷ്ടാംഗ യോഗത്തിലെ ഒന്നാമത്തെ പടിയായ ശൗചം ഒരു നിഷ്ഠയായിരിക്കണം എന്നു കരുതിയാണ് നാരായണ ഗുരു ക്ഷേത്ര പ്രതിഷ്ഠ ചെയ്തത് ; മറിച്ച്, അക്കാലത്ത് ക്ഷേത്രങ്ങൾ ഇല്ലാതിരുന്നതു കൊണ്ടല്ല. അന്നുണ്ടായിരുന്ന മഹാക്ഷേത്രങ്ങളെല്ലാം രാജാക്കന്മാരുടെയോ, രാജ കിങ്കരന്മാരുടെയോ ഇടങ്ങളായിരുന്നു. അവിടെ ബഹുജനങ്ങൾക്ക് സ്ഥാനമില്ല. ദൈവമിരിക്കുന്നിടത്ത് പാവപ്പെട്ടവർ ചെന്നുകൂടാ എന്ന നിയമത്തിനു തിരുത്തൽ അനിവാര്യമായിരുന്നു. ദൈവ സങ്കല്പത്തിനു പുതിയ മാനം ഉണ്ടാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.’’

‘‘1875 മുതലുളള സെൻസസ് റിപ്പോർട്ടുകളിൽ നിന്നും കാണാവുന്ന ഒരു വസ്തുതയുണ്ട്. നായർ സമുദായത്തിൽ അതാതു കാലത്ത് 130 നും 140 നും ഇടയ്ക്ക് വരുന്നത്രയും ഉപജാതികൾ സജീവമായി നിലനിന്നിരുന്നു. ഈ ഉപജാതികളിൽ, താഴ്ന്ന ഉപ ജാതിയിൽപ്പെട്ട നായരുമായുളള സംബന്ധ വേഴ്ച ഓരോ ഉപജാതിക്കും നിഷിദ്ധമായിരുന്നു. ഒരുമിച്ചിരുന്നിട്ടുളള പന്തിഭോജനം മിക്ക ഉപജാതികൾക്കും നിഷിദ്ധമായിരുന്നു. എന്നു തന്നെയുമല്ല, താഴ്ന്ന ഉപാജാതിയിൽ പെട്ട സ്ത്രീകൾ തൊട്ട പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതോ, അവർ കൊടുക്കുന്ന വെളളം കുടിക്കുന്നതോ ഓരോ ഉപപജാതിയിൽ പെട്ട സ്ത്രീകൾക്കും ദൈവ നിന്ദ്യയ്ക്കു തുല്യമായ അത്യാപാരമായിരുന്നു. താഴ്ന്ന ഉപജാതിയിൽപ്പെട്ട നായർ സ്ത്രീ ഉയർന്ന ജാതിയിലെ അടുക്കളയിൽ കാലുതൊടുന്നത് ശുദ്ധി കലശത്തിനും ജാതി ഭ്രഷ്ടിനുമൊക്കെ വഴി വെയ്ക്കുന്ന മ്ലേച്ഛ കർമ്മമായിരുന്നു. ഈ 140 ഉപജാതികളിൽ, താഴ്ന്ന ഉപജാതിയിൽ പെട്ട നായർ— ആ നായർ എത്ര ധനവാനോ പ്രതാപിയോ ആയിക്കൊളളട്ടെ— മേൽ ഉപജാതിയിൽ പെട്ട സ്ത്രീയെ സംബന്ധം വെയ്ക്കുന്ന കാര്യം പോകട്ടെ, അങ്ങനെ ഒരു ആഗ്രഹം ഉറക്കെ പറയാൻ ധൈര്യപ്പെടുകയില്ലായിരുന്നു..... എന്നാൽ പ്ലേഗു ബാധിതരെ എന്ന പോലെ അറപ്പോടും ഭയത്തോടും കൂടി, ഉയർന്ന ജാതിക്കാർ വർജിക്കുകയും എരുമയ്ക്കു തുല്യമായ അടിമത്തം, എരുമയേക്കാൾ കവിഞ്ഞ പരാധീനതകളോടെ അനുഭവിക്കുകയും ചെയ്തു പോന്ന പുലയരായിരുന്നു ഇന്നലത്തെ കേരളീയ സമൂഹത്തിലെ ജീവിത സത്യം. കൃഷി നടക്കുമ്പോൾ നെല്പാടത്തിൻറെ വരമ്പത്തും കൊയ്ത്തു കഴിയുമ്പോൾ പാടത്തിൻറെ നടുവിലും നെല്ലു വിളഞ്ഞു പാകമായി തുടങ്ങുമ്പോൾ കാവല് പണിക്കാരായി മരക്കൊമ്പുകളിലും കിളിക്കുടുപോലുളള കൂരകൾ കെട്ടിക്കൂട്ടി കഴിഞ്ഞവരാണ് അവരെന്നതും ഇന്നലത്തെ കേരളത്തിലെ യഥാർത്ഥ ജീവിത സത്യമായിരുന്നു.’’ (പി. കെ. ബാലകൃഷ്ണൻ)

ഈ ലേഖനം അരുവിപ്പുറത്തു നിന്നാണ് തുടങ്ങിയത്. അതിനോടൊപ്പം തന്നെ ‘ശിവഗിരി തീർത്ഥാടനവും’ സ്പർശിക്കാതെ വയ്യ. തീർത്ഥാടനത്തെക്കുറിച്ചു നടന്ന സംഭാഷണം നിരവധി പേർ എഴുതിയതിനാൽ അതിവിടെ പകർത്തി എഴുതുന്നില്ല.

ശിവഗിരി തീർത്ഥാടനത്തിലൂടെ ഒരു മഹാജന സഞ്ചയത്തിൻറെ മാനവ സ്നേഹം നിറഞ്ഞ ഒത്തു കൂടൽ ഗുരു സങ്കല്പിച്ചിരിക്കാം. ശാരദാ പ്രതിഷ്ഠ, ശാരദാഷ്ടകമെന്ന സ്തുതിഗീതം എന്നിവയിലൊക്കെ ഗുരുവിൻറെ നിത്യസാന്നിധ്യം രേഖപ്പെടുത്തിയ സ്ഥലമാണ് ശിവഗിരി. ഭൂഗർഭ ഉറവയിലെ ജലമാണിവിടെ കുളിക്കാനുളളത്. ഔഷധജലം നിറഞ്ഞ ഓവുകളിലെ കുളി ശരീരത്തിനു നല്കുന്ന ഗുണം ആയൂർവ്വേദത്തിൽ അവഗാഹമുളള ഗുരു തിരിച്ചറിഞ്ഞിരിക്കണം. രോഗത്തിൻറെ ആശ്രയങ്ങൾ ശരീരവും മനസ്സുമാണ് എന്ന ആയൂർവ്വേദ ശാസ്ത്രം പറയുന്നത്. മറ്റൊരു തരത്തിൽ കാണിച്ചു തരികയായിരുന്നു ഗുരു. ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ ക്കുറിച്ചുളള സംഭാഷണത്തിൽ സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്രം, കല എന്നിവയിലൊക്കെ വിജ്ഞാനം പകർന്നുളള പ്രഭാഷണങ്ങൾ വേണമെന്ന് പറഞ്ഞത് ഭൗതികമായ അറിവ് നേടാനാണ്. അതോടൊപ്പം ആത്മീയമായും ഉണരണം എന്ന നിലയ്ക്കാണ് ചിത്ത ശുദ്ധി നേടാവുന്ന പഞ്ച ശുദ്ധി (ശരീരം, മനസ്സ്, വാക്ക്, ആഹാരം, പ്രവൃത്തി) തീർത്ഥാടകർ വ്രതമായി ശീലിക്കണമെന്നു പറഞ്ഞത്. മനുഷ്യനെ സമഗ്രതയിലേക്ക് നയിക്കാനുളള വിദൂര ലക്ഷ്യം തന്നെ ഗുരുവിൻറെ ശിവഗിരി തീർത്ഥാടന ചിന്തയിലുണ്ട്. ജാതി മതങ്ങൾക്കതീതരായി ജനങ്ങളെ ചിന്തിപ്പിയ്ക്കാൻ വർഷത്തിലെ ഈ കൂട്ടായ്മ നല്ലതാണെന്ന് ഒരു പക്ഷേ മുൻകൂട്ടി ഗുരു ധരിച്ചിരിയ്ക്കാം. അതിലൂടെ താൻ തുടങ്ങിയവെച്ച അരുവിപ്പുറം ശിവപ്രതിഷ്ഠവെയ്ക്കൊപ്പം എഴുതിച്ചേർത്ത ‘‘ജാതിഭേദം മതദ്വേഷം, ഏതു മില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം’’ ക്ഷേത്ര സംസ്ക്കാരത്തിന് വരും കാലത്തുണ്ടാകാം ഗുരുവിനുണ്ടായിരുന്ന തെന്ന് വ്യക്തമാവുന്നു. പക്ഷേ, ഗുരുവിന്റെ വിചാരം വിപ്ലവം വേണ്ടത്ര പ്രചരിച്ചുവോ എന്നത് വീണ്ടും വിചാരം അർഹിക്കുന്നു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer