Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതം പേറിയ പ്രവാസ ജീവിതങ്ങൾ

ആഗോള വ്യാപകമായി എണ്ണയുടെ വിലയിലുണ്ടായ ദുരിതഫലങ്ങൾ ഒമാനിലെ പ്രവാസികളും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. പൊതുവേ സാമ്പത്തിക നിലയിൽ വൻ വളർച്ച നേടിയിട്ടുളള ഒമാൻ അടുത്ത കാലത്ത് വികസനത്തിൽ വൻ കുതിച്ചു ചാട്ടം നടത്തിയിരുന്നു. എന്നാൽ എണ്ണ വിലയുടെ തുടർച്ചയായ ഇടിവ് പല മേഖലകളെയും പ്രതികൂലമായ ിബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒമാനിൽ മാധ്യമം സ്വതന്ത്രം നിയന്ത്രിതമായതിനാൽ പലതും ം പത്ര വാർത്തകളിൽ ഇടം പിടിക്കുന്നില്ല എന്നേയുളളൂ. പല കമ്പനികളും ആളുകളെ പിരിച്ചു വിടുന്നുണ്ട്. എന്നാൽ നേരിട്ട് അല്ലെന്നുമാത്രം. എന്തെങ്കിലും ചെറിയ കാരണങ്ങൾ പറഞ്ഞ് പുറത്താക്കുകയാണ് ചെയ്യുന്നത്. ഓയിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇവിടെ തൊഴിലാളികൾക്ക് ചെറിയ തുക സാലറിയും ബാക്കി ഓവർ ടൈമും ആയിട്ടാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജോലി കുറവായതിൽ ഓവർടൈം കിട്ടുന്നില്ല. അതുകൊണ്ടു തന്നെ തുച്ഛമായ സാലറി തുക കൊണ്ട് വീട്ടുകാര്യങ്ങൾ സുഗമമായി നടത്തിക്കൊണ്ടു പോകാൻ കഴിയുന്നില്ല. പലരും വീടുവെയ്ക്കുവാനും വിവാഹ ആവശ്യങ്ങൾക്കും ആശുപത്രി ചിലവുകൾക്കുമായി ലോൺ എടുത്തിട്ടുളളവരാണ്. ഇപ്പോൾ കിട്ടുന്ന തുക ലോണിന് പോലും തികയാറില്ല. പല കുടുംബങ്ങളും പട്ടിണിയിലാണ്. പുറമേയുളള ഗൾഫുകാരന്റെ വീട് എന്ന നിലയിൽ പട്ടിണി പുറം ലോകം അറിയുന്നുമില്ല. അറിഞ്ഞാൽ തന്നെ ആരും വിശ്വസിക്കുകയുമില്ല. ഇവിടെ ഫാമിലി വിസയുളളവരെ പല കമ്പനികളും പറഞ്ഞുവിടുകയാണ്. പലരും ഫാമിലിയെ നാട്ടിലേയ്ക്ക് പറഞ്ഞു വിട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ നിഴൽ പൊതു വിപണിയെയും ബാധിച്ചിട്ടുണ്ട്. കടകളിൽ പൊതുവേ കച്ചവടം കുറവാണ്. പ്രവാസികൾ പലരും ചെലവ് ചുരുക്കി കഴിയുകയാണ്. പല കമ്പനികളും പിരിച്ചുവിടൽ ഭീഷണി ഉയർത്തുന്നുണ്ട്. വർഷങ്ങളായി ഒരേ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ ഇവിടെ ധാരാളമുണ്ട്. ഇവർക്ക് കാലാകാലങ്ങളിൽ സാധനങ്ങളുടെ വിലക്കയറ്റിനനുസരിച്ചുളള ശമ്പള വർദ്ധന ലഭിക്കാറില്ല. വരും ദിവസങ്ങളിൽ ശമ്പള വർദ്ധന ലഭി‌‌ക്കുമെന്ന് കരുതി ജീവിതം തളളിനീക്കിയിരിക്കുന്നവർക്ക് ഇനിയൊരിക്കലും ലഭിക്കില്ല എന്ന് തിരിച്ചറിവ് ഉണ്ടായിത്തുടങ്ങിയിരിക്കുന്നു അതുകൊണ്ടു തന്നെ പലരും സ്വയമേ ജോലി രാജിവെച്ച് നാട്ടിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നു. പല കമ്പനികളും ഓയിൽ മേഖല കൂടാതെ മറ്റ് പല മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അതിൽ നിന്നുളള വരുമാനം കൊണ്ട് ശമ്പളം മുടക്കമില്ലാതെ കൊടുക്കുന്നു. എന്നാൽ ചെറിയ കമ്പനികൾക്കാണ് പിടിച്ചു നിൽക്കാൻ കഴിയാതെ പോകുന്നത്. പലർക്കും ശമ്പള കുടിശിക കിട്ടാനുണ്ട്. പല കമ്പനികളും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവരെ പറഞ്ഞു വിടുന്നുണ്ട്. ഇവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പിന്നാലെ കൊടുത്തുതീർക്കാമെന്നാണ് കമ്പനി പറയുന്നത്. പല ഓയിൽ കമ്പനികളും പുതിയ എണ്ണ കിണറുകളുടെ പണി ഏറ്റെടുക്കുന്നില്ല. ഉളളത് മാത്രം നിലനിർത്തിക്കൊണ്ട് പോകുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ഒമാൻ യൂണിവേഴ്സിറ്റികൾ ഓയിൽ മേഖലയ്ക്ക് പ്രാധാന്യം നൽകി കൂടുതൽ കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഒമാനികൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. നൂറു കണക്കിന് എഞ്ചിനീയർമാരാണ് ഓരോ വർഷവും ഒമാൻ യൂണിവേഴ്സിറ്റികളിൽ നിന്നും പുറത്തിറങ്ങുന്നത്. ഇതൊക്കെ ഇവിടുത്തെ തൊഴിലവസരങ്ങൾ ഓരോ വർഷവും കുറച്ചു കൊണ്ട് വരുന്നു. ഒമാനിലെ ചെറുപ്പക്കാരായ പെൺകുട്ടികൾ നേഴ്സിംങ് മേഖലകളിലേയ്ക്കും ധാരാളമായി കടന്നുവരുന്നുണ്ട്. ഇതൊക്കെ കൊണ്ടു ഒമാനിലും സ്വദേശി വൽക്കരണം ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന് അനുമാനിക്കാം. ഓയിലിൽ നിന്നുളള വരുമാനം കുറഞ്ഞാൽ ഗവൺമെന്റ് പുതിയ വികസന പദ്ധതികൾക്കൊന്നും തുടക്കം കുറിക്കുകയില്ല. ഇപ്പോൾത്തന്നെ പ്രഖ്യാപിച്ച പല പദ്ധതികൾക്കും ടെണ്ടർ കൊടുത്തിട്ടില്ല. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികൾ തന്നെ ഇടയ്ക്കു വെച്ച് നിർത്തി വയ്ക്കരുതെയെന്ന പ്രാർത്ഥനയിലാണ് പല കമ്പനികളും. പതിനായിരക്കണക്കിനാളുകൾ ഗവൺമെന്റിന്റെ വിവിധ ജോലികൾ കൊണ്ട് ജീവിക്കുന്നുണ്ട്. ഒമാനിലെ മറുനാടൻ തൊഴിലാളികൾക്ക് ശമ്പളം മറ്റ് ഗൾഫ് നാടുകളിലേത് താരതമ്യം ചെയ്യുമ്പോൾ പൊതുവേ കുറവാണെങ്കിലും ഇന്ത്യയുമായി അടുത്ത ചങ്ങാത്തം പുലർത്തുന്ന ഒമാനിൽ ജോലി ചെയ്യാൻ ഇന്ത്യാക്കാർക്ക് പൊതുവേ താല്പര്യം കൂടുതലാണ് കാരണം ഒമാനികൾക്ക് പൊതുവേ ഇന്ത്യാക്കാരോട് താല്പര്യം കൂടുതലാണ് എന്നതു തന്നെ. പൊതുവേ വിദേശികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റിയ ഒരിടം തന്നെയാണ് ഒമാൻ എന്ന് എല്ലാ പ്രവാസികളും പറയാറുണ്ട്. വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് കൂടുതലൊന്നും മിച്ചം സമ്പാദിക്കുവാൻ കഴിയാത്തവരാണ് കൂടുതൽ പേരും. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേയ്ക്ക് തിരിക്കേണ്ടി വന്നാൽ ആത്മഹത്യയിലേക്ക് തന്നെ ചിന്തിക്കേണ്ടി വരും പലർക്കും.

മാറി മാറി വരുന്ന കേന്ദ്ര ഗവൺമെന്റുകൾ പ്രവാസികൾക്കു വേണ്ടി യാതൊന്നു കരുതി വെച്ചിട്ടില്ല. വിദേശത്ത് നിന്നും മടങ്ങി വരുന്ന തൊഴിലാളികൾക്ക് തൊഴിലിനായി ബാങ്ക് വായ്പ കൊടുക്കുമെന്ന് പറയുമ്പോഴും പണത്തിനുളള ജാമ്യം കൊടുക്കാൻ പ്രവാസികളുടെ കയ്യിൽ ഒന്നുമുണ്ടാകില്ല. തന്മൂലം പല ബാങ്കുകളും വായ്പ കൊടുക്കാൻ തയ്യാറുമല്ല. പ്രായം കൂടുതലായതിനാൽ ആരും തന്നെ ജോലിക്കെടുക്കാൻ തയ്യാറാവുകയുമില്ല. സർക്കാർജോലിയും കിട്ടുവാൻ ബുദ്ധിമുട്ടാണ്. പിന്നെങ്ങനെ കുടുംബം പോറ്റും. പ്രവാസി ആയതിനാൽ ബിപിൽ ആനുകൂല്യവും ലഭിക്കാനായില്ല രാജ്യ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യയിലുടനീളം ജോലി ചെയ്യേണ്ടി വരുന്ന പട്ടാളക്കാർക്ക് ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജോലികളിൽ സംവരണം നൽകാറുണ്ട്.


അതുപോലെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികൾക്ക് പ്രത്യേകിച്ചും കുറഞ്ഞത് പത്ത് വർഷമെങ്കിലും വിദേശ വാസം അനുഭവിച്ചവർക്ക് എന്തെങ്കിലും സംവരണം അനുവദിച്ചു കൂടെ. അവർക്ക് ചെയ്യാൻ കഴിയുന്ന ജോലികളിൽ കണ്ടെങ്കിൽ സർക്കാർ വകുപ്പുകളിൽ ഉണ്ടെങ്കിൽ മുൻഗണന കൊടുത്തുകൂടെ. ഇതൊക്കെ പ്രവാസികളുടെ മനസിലുളള ആഗ്രഹങ്ങളാണ്. പക്ഷെ ഒരു വോട്ടിന് പോലും പ്രയോജനമില്ലാത്ത പ്രവാസികളെ ആർക്കു വേണം. അവരുടെ ആവലാതികൾ കേൾക്കാൻ ഇനിയെങ്കിലും ഏതെങ്കിലും ഒരു സർക്കാർ തുനിയുമോ. ലക്ഷക്കണക്കിന് പ്രവാസികൾ ഈ ചോദ്യത്തിന് ഉത്തരംതേടി ഇപ്പോഴും കാത്തിരിക്കുന്നു.

Your Rating: