Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂമ്പയെ തൂമ്പ എന്നു തന്നെ വിളിക്കുക 

Donald-Trump-us

 

'മെക്സിക്കോയിൽ നിന്നും നുഴഞ്ഞുകയറി വരുന്നവരെല്ലാം ആക്രമകികളും കൊള്ളരുതാത്തവരുമാണ്, ഒരു പക്ഷേ ചില നല്ലവരൊക്കെ അതിൽ കാണുമായിരിക്കാം എന്താലും അവിടെനിന്നും അമേരിക്കയിലേക്ക് നല്ല ഉദ്ദേശത്തോടെയല്ല കടന്നുവരുന്നത്, അവര് മയക്കുമരുന്നു കച്ചവടക്കാരും പിടിച്ചു പറിക്കാരുമാണ്. ഞാൻ പ്രസിഡന്റായാൽ മെക്സിക്കോ സർക്കാരിന്റെ ചിലവിൽ അതിർത്തിയിൽ വേലി നിർമ്മിക്കും.' അടുത്ത തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന ഡൊണാള്ഡ് ട്രംപ് നടത്തിയ പ്രസ്ഥാവന അക്ഷരാർത്ഥത്തിൽ അമേരിക്കയെ ഞെട്ടിച്ചു. ഇത്തരം പ്രസ്ഥാവനകൾ ഇദ്ദേഹത്തിൽ നിന്നും പുറപ്പെടുന്നത് ആദ്യമായിട്ടല്ല. വിവാദപരമായ പ്രസ്ഥാവനകൾ നടത്തി മത്സരമേളയിൽ ശ്രദ്ധേയനാവാൻ അദ്ദേഹത്തിനു സാധിച്ചു.

സമർത്ഥരും അനുഭവ സമ്പന്നരുമായ 16 മുന്നിര സ്ഥാനാർത്ഥികൾക്കു മേൽ അസന്നിഗ്ധമായ മേധാവിത്വം നേടാനും അമേരിക്കയിലെ ഗ്രാന്റ് ഓൾഡ് പാർട്ടിയുടെ സ്ഥാനാർത്ഥിയാവാൻ യോഗ്യനാണെന്നും റോയിട്ടർ/ ഇപ്പ്സോസ്, ക്യൂനിപിയാക്, വാൾസ്ട്രീറ്റ് ജേർണൽ എന്.ബി.സി.ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ അഭിപ്രായ വോട്ടുകൾ രേഖപ്പെടുത്തി. അമേരിക്കൻ സമ്പത് വ്യവസ്ഥയുടെ 4 ശതമാനം സംഭാവന ചെയ്യുന്നതും മെക്സിക്കൻ തൊഴിലാളികളാണ്.

ഏതാണ്ട് 12 മില്യനോളം വരുന്ന അനധികൃത തൊഴിലാളികളാണ് അമേരിക്കയുടെ സാധാരണ ജീവിതം പിടിച്ചു നിർത്തുന്നതെന്ന സത്യം മറച്ചു വെയ്ക്കാനാവില്ല. നിർമ്മാണ മേഖലയിലും, ഹോട്ടൽ, കൃഷി, ശുചീകരണം, പുല്ലുവെട്ട് തുടങ്ങി എല്ലാവരും ആശ്രയിക്കുന്നത് മെക്സിക്കൻ, ലാറ്റിനമേരിക്കന്‍ തൊഴിലാളികളെയാണ്. വിദ്യാഭ്യാസവും പരിചയവും ഭാഷയും കുറവായതിനാൽ ഇവർ കഠിനമായി അധ്വാനിക്കയും കുറഞ്ഞ വേതനത്തിന് എപ്പോഴും കടന്നുവരാൻ തയ്യാറുമാണ്. ബില്ല്യണറായ ട്രംപിന്റെ എല്ലാ മുതല്‍ മുടക്കുകളിലും ഈ മെക്സിക്കൻ സാന്നിദ്ധ്യം അറിയാതെയല്ല ഇത്തരം പ്രസ്ഥാവന നടത്തിയത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

യാഥാസ്ഥിക വോട്ടുബാങ്കിൽ കണ്ണുനട്ട് ഒരു നീളൻ അമ്പു തൊടുത്തു, അതു കുറിക്കു കൊള്ളുകയും ചെയ്തു. പരമ്പരാഗതമായി സ്പാനീഷ് വോട്ടുകള് റിപ്പബ്ലിക്കൻ പാർട്ടിക്ക് അധികം കിട്ടാറില്ല എന്നാൽ യാഥാസ്ഥിക വിഭാഗത്തിൽ, അമേരിക്കയിലെ നിറംമാറ്റം ഏറെ ചൊടിപ്പിക്കുന്നു എന്ന സത്യം, ഉറക്കെ ധൈര്യമായി പറയാൻ മടിക്കാത്ത ട്രംപിനെ, അദ്ദേഹം കോമാളിയാണെന്നു പറഞ്ഞിരുന്നവർ പോലും, 'തെറ്റില്ല' എന്ന അഭിപ്രായത്തിലേക്കു മാറി. 2010 ലെ കണക്കനുസരിച്ച് 43 ശതമാനം അമേരിക്കൻ ജോലികൾക്കും മിനിമം വിദ്യാഭ്യാസമേ ആവശ്യമുള്ളൂ.

അമേരിക്കയിൽ ജനിച്ചു വളർന്ന് കോളേജ് വിദ്യാഭ്യാസംം നേടിയവർ ഇത്തരം ജോലികളിൽ നോക്കുകപോലുമില്ല. പിന്നെ ആരാണ് ഈ ജോലികൾ ചെയ്യേണ്ടത്? 52 ശതമാനം അനധികൃത തൊഴിലാളികളും മെക്സിക്കോയിൽ നിന്നും എത്തുന്നവരാണ്. ഈ വിഭാഗമാണ് അമേരിക്കയുടെ(Human Capital) മനുഷ്യ വിഭവം. അഭ്യസ്തവിദ്യരല്ലാത്ത അമേരിക്കൻ തൊഴിലാളികൾക്ക് അസ്വസ്ഥത ജനിപ്പിക്കുന്ന ഈ കുടിയേറ്റം വോട്ടുബാങ്കാക്കുകയാണ് ട്രംപ് തന്ത്രം, ഒപ്പം യാഥാസ്ഥിക അമേരിക്കൻ വോട്ടുകളും.

അനധികൃത കുടിയേറ്റക്കാരെ പൂർണ്ണമായി നാടുകടത്തും, മദ്ധ്യപൂർവ്വ ഏഷ്യയിലെ സംരക്ഷണ നടപടികൾക്കുള്ള തുക, ആ നാട്ടുകാരിൽ നിന്നും ഈടാക്കും, രാഷ്ട്രീയക്കാർ വെറും വായാടികളാണ്, ഞാന് ധനികനാണ്, എനിക്കാരുടേയും പണം ആവശ്യമില്ല, ഞാന് ഒരു വിശ്വാസിയാണ്, പള്ളിയില്‍ പോകും. തെറ്റു ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും, പക്ഷേ തെറ്റുപൊറുക്കാനായി ആരുടെ മുമ്പിലും പോകില്ല, ഇടക്കു പാപ്പരായി പ്രഖ്യാപിക്കപ്പെട്ടെങ്കിൽ, ബിസിനസുകാരന്മാർക്ക് അത്തരം ഒരു ആനുകൂല്യം അനുവദിച്ച സന്ദർഭം ഉപയോഗപ്പെടുത്തി എന്നു മാത്രം'. അദ്ദേഹം നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞു.

സാധാരണ രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങൾ കേട്ടു മടുത്ത ജനത്തിന് ഇത്തരം ഒരു വേറിട്ട ശബ്ദത്തിൽ താല്പര്യം തോന്നിത്തുടങ്ങി. ഹിലരി ക്ലിന്റ്ണെ അത്ര വിശ്വാസത്തിനെടുക്കാൻ ഒരു വലിയ ഭാഗം മടിക്കുന്നു എന്ന തിരിച്ചറിവിൽ ഡെമോക്രാറ്റിക് പാർട്ടിയിലും പുതുമുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. റിപ്പബ്ലിക്കൻ പാർട്ടിയിലെ ബുഷ് കുടുംബത്തിലെ ജെബ് ബുഷ് ഇടതുചിന്താഗതിക്കാരനാണ്, മയക്കുമരുന്നു നിയമപരമാക്കണമെന്നു ആവശ്യപ്പെടുന്ന സ്കിപ്പ് ആന്ഡ്രൂസ്, അസുഖക്കാരനായ ജോർജ് ബെയ്ലി, ടെററിസ്റ്റുകളെ ആകാശത്തുനിന്നു പൊരിക്കാൻ തയ്യാറായ മൈക്കൾ ബിക്കൽ മെയർ, പ്രസിഡന്റിനു ഒരു പ്രാവശ്യമേ ഭരണം പാടുള്ളൂ എന്നു വാശി പിടിക്കുന്ന മാർക്ക് ഇവർസൺ, മദ്യപാനവും സ്വവര്ഗ്ഗഭോഗവും നിയമപരമായി തടയണമെന്ന ആവശ്യം ഉയർത്തുന്ന ജാക്ക് ഫെല്ലൂർ, പിഴക്കാത്ത നടക്കുന്ന ക്രിസ്ക്രിസ്റ്റി, സമർത്ഥരെന്നു വിശേഷിപ്പിക്കുന്ന ബോബി ജിണ്ഡാൽ, ട്രെഡ് ക്രൂസ്, മൈക്ക് ഹക്കബീ, റിക്ക് സാന്ഡ്രോം, സ്കോട്ട് വാൽക്കർ തുടങ്ങി വലിയ ഒരു നിരയിലാണ് റിയാലിറ്റി ഷോ ആയ 'The Apprentice' ലൂടെ 'You are fired' എന്ന ആപ്തവാക്യവുമായി ശ്രദ്ധേയനായി, നാക്കിനെല്ലില്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന ഡൊണാല്സ് ട്രംപ് കടന്നുവരുന്നത്.

To 'Call a spade a spade' എന്ന പ്രയോഗത്തിന്, യാഥാർത്ഥ്യബോധത്തോടെ, ആത്മാർത്ഥതയോടെ, നിർഭയമായി പറയുക എന്നാണ് അർത്ഥമാക്കുന്നത്. വിഷയങ്ങൾ നേരിടേണ്ടി വരുമ്പോൾ വച്ചു താമസിപ്പിക്കയും, കുഴഞ്ഞുമറിഞ്ഞ അഭിപ്രായം പറയുകയും, തിരിച്ചു മറുചോദ്യം ചോദിക്കയും, മാദ്ധ്യമത്തെ ഭയന്ന് അതും ഇതുമൊക്കെപറയാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. പരിധിക്കു പുറത്തു നിന്നു ചിന്തിക്കുവാനും, വിശാലമായി വീക്ഷിക്കുവാനും, വേദനിച്ചാലും കാര്യങ്ങൾ തുറന്നു പറയാനുമുള്ള ചങ്കൂറ്റമാണ് ഇന്ന് ഇല്ലാതെ പോകുന്നത്.

അധികാരത്തിന്റെ നിഴലിൽ കസേരയോട് ഒട്ടിനിന്ന് നിലപാടുകൾ ഇല്ലാതെ, കഴിവുള്ളവരെ കല്ലെറിഞ്ഞും അപമാനിച്ചും, ആത്മാർത്ഥതയില്ലാത്ത അധരവ്യായാമം ചെയ്യുന്ന പൊതുപ്രവർത്തകരെ മനുഷ്യർ എന്നും പുഛിച്ചിട്ടേയുള്ളൂ. ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു പക്ഷേ തൂമ്പയെ തുമ്പയെന്നു വിളിക്കുന്നവർ പുറംതള്ളപ്പെട്ടേക്കാം, തൂമ്പയെ എന്തും വിളിക്കാൻ തയ്യാറായവരാണ് എന്നും അധികാരത്തിന്റെ ഉത്തമ വക്താക്കൾ.

ആത്മാർത്ഥതയില്ലാത്ത സുഖിപ്പിക്കലിന് 'രാഷ്ട്രീയ പ്രേരിതം' എന്ന അർത്ഥലോപം മലയാളത്തിൽ സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയ സത്യം നല്കുന്ന തൃഷ്ണയും, ന്യായവും, ധൈര്യവുമുള്ള ഒരു ശബ്ദത്തിനായി മലയാളി കിനാവും കാണുന്നു.    

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.