Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമസോമ ജ്യോതിർഗമയ

ആവശ്യമുണ്ട്  ! എ. ബി. നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പിൽപ്പെട്ട വളരെ അത്യാസന്ന ആരോഗ്യനിലയുളള ഒരു രോഗിയ്ക്ക് അത്യാവശ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുവാൻ ; അതേ  ബ്ലഡ് ഗ്രൂപ്പുളള ഒരു ദാതാവിനെ തേടുന്നു. ദാതാവിന്റെ ആശുപത്രി ചെലവുകൾ തികച്ചും സൗജന്യം. ബന്ധപ്പെടേണ്ട വിലാസം : ഓർഗൻ ട്രാൻസ് പ്ലാന്റ് ഫൗണ്ടേഷൻ, മിഷൻ ഹോസ്പിറ്റൽ കൊച്ചി. ഫോൺ:0484 3697515.

പത്രത്തിലെ വലിയൊരു ചതുരത്തിൽ, മുഴുപ്പത്തിലുളള ഈ പരസ്യം  വായിച്ചുകൊണ്ടാണ് വിജയൻ നായരുടെ ആ ദിവസം തുടങ്ങിയത്. തൃശൂരിൽ  ഫാ. ചിറ്റിലപ്പളളി നേതൃത്വം നൽകുന്ന അവയവം മാറ്റിവക്കലിനെക്കുറിച്ചു അവബോധം വളർത്തുന്ന സന്നദ്ധ സംഘടനയുടെ വളരെ സജീവ പ്രവർത്തകനാണ് ഇദ്ദേഹം. ഒഴിവു സമയങ്ങളിൽ  സംഘടനയ്ക്കുവേണ്ടി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു, അവയവം അത്യാവശ്യമുളള രോഗികൾക്ക് അതിനുവേണ്ട ദാതാക്കളെ കണ്ടെത്തി കൊടുത്തും ഈ സംഘടന ഇന്ന് കേരളത്തിൽ മഹനീയമായൊരു നന്മയുടെ പാത തുറന്നിട്ടിരിക്കുന്നു. ഇവരുടെ മഹത്തരമായ പ്രവൃത്തി കൊണ്ട്, കൈവിട്ടു പോയ ജീവിതം തിരികെ പിടിച്ച പലരുടേയും പ്രാർഥനയും ഭാവുകങ്ങളും കൊണ്ടു വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു നൂറാം അവയവ മാറ്റൽ  ശസ്ത്രക്രിയയുടെ നിറവിലാണ് ഇന്നീ സംഘടന.

അതുവരെ ക്ലാസുകളും സെമിനാറുകളും മാത്രം നടത്തിപ്പോന്നിരുന്ന വിജയൻ  തന്റെ അവയവം ദാനം നൽകി. ഒരു മാതൃക കാണിക്കണമെന്നു നിശ്ചയിച്ചിരുന്നു. അതിനുളള ഒരു സന്ദർഭം ആഗതമായി എന്നയാൾ കരുതി. പരസ്യം കണ്ടയുടനെ ഫാ. ചിറ്റിലപ്പളളിയെ വിളിച്ചു തന്റെ സന്നദ്ധത അറിയിച്ചു. കൂടാതെ അവയവ ദാനത്തിനുളള ബാക്കി കാര്യങ്ങൾ  ശരിയാക്കുവാനും അതിനുളള മൂന്നൊരുക്കങ്ങൾക്കു വേണ്ടിയുളള ടെസ്റ്റുകൾ നടത്താനുളള തിയതികൾ  ആശുപത്രിയിലെ പ്രസ്തുത ഡോക്ടറെ ബന്ധപ്പെട്ടു തീരുമാനിച്ചു തന്നെ അറിയിക്കാനും അഭ്യർഥിച്ചു.

ഇനിയാണ് ഈ ദൗത്യത്തിന്റെ പ്രധാന പടി. തന്റെ ഭാര്യയുടേയും മകളുടേയും അനുവാദം വാങ്ങുക. വിദ്യാസമ്പന്നയെങ്കിലും തികച്ചും സാധാരണ വീട്ടമ്മയായ ഭാര്യയെ അവയവദാനത്തിന്റെ മഹത്വവും കൂടെ അതു കഴിഞ്ഞുളള ജീവിതം അപകടരഹിതമാവും എന്നൊക്കെ പറഞ്ഞു മനസിലാക്കണം. സേവന തല്പരരായ ആളുകൾ  അവയവം കൊടുത്തും അതു വേറെ ചിലർ  സ്വീകരിച്ചു വളരെ സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കഥകളൊക്കെ ഇടയ്ക്ക് വീട്ടുകാരോട് പറയുമെങ്കിലും  സ്വന്തം കരൾ ദാനം ചെയ്യുന്ന കാര്യം അവരെങ്ങനെ സ്വീകരിക്കുമെന്ന് അയാൾക്ക് ടെൻഷൻ  ഉണ്ടായിരുന്നു. മാധ്യമ പ്രവർത്തകയായ മകൾ ഈ കർമ്മത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് കൂടുതൽ  അറിവുളളവർ  ആകുമെന്നു അയാൾ ധരിച്ചിരുന്നു. കൊച്ചിയിൽ  നിന്നും മിക്കവാറും വീക്കെൻഡിലും മകൾ എത്തും, അതുകൊണ്ട് തന്നെ ഭാര്യയും മകളും ഒന്നിച്ചുളളപ്പോൾ കാര്യങ്ങൾ അവതരിപ്പിക്കാമെന്ന് കരുതി. മാത്രമല്ല ഹോസ്പിറ്റൽ  കാര്യങ്ങൾക്കു അവധികൾ ഒരു പ്രശ്നമാവാതെ അതിനുളള ഒരുക്കങ്ങളും നടത്തണം.

റവന്യു വകുപ്പിൽ  തഹസിൽദാർ ആണ് വിജയൻ നായർ. വർങ്ങളുടെ സർവീസ് ഉളള അയാൾ. സാധാരണ സർക്കാർ  ജോലിക്കാരെ പോലെ യൂണിയൻ  പ്രവർത്തനങ്ങളുടെ പുറകെ പോവാതെ സന്നദ്ധ പ്രവർത്തനങ്ങളിൽ  ആണ്  കൂടുതൽ  തല്പരൻ. തന്റെ ജോലി സമയം ഒട്ടും പാഴാക്കാതെ കർമ്മ നിരതനായ ഒരു അപൂർവ്വ സർക്കാർ  ഉദ്യോഗസ്ഥൻ. ബാഹ്യ പ്രേരണകൾക്കോ, കൈമടക്കുകൾക്കോ മറ്റു പലവിധം ബലഹീനതകൾക്കോ അടിമപ്പെടാത്ത നേർവഴി സഞ്ചാരിയായ അപൂർവ ജനുസിൽപ്പെട്ട ഒരു റവന്യു ഉദ്യോഗസ്ഥൻ. എന്നും സർവീസ് ഗുഡ് ബുക്സിൽ  സ്ഥാനമുളള വിജയൻ  നായർ, സ്വഭാവ ഗുണം കൊണ്ടു നാട്ടിലും വളരെ പ്രിയപ്പെട്ടവനായിരുന്നു.

ഭൂമി കൈയ്യേറ്റങ്ങളുടേയും പട്ടയത്തട്ടിപ്പുകളുടെയും വസന്തകാലം എന്നും റവന്യു വകുപ്പിലെ  ഇത്തിക്കണ്ണികൾക്ക് കൊയ്ത്തുകാലമാണ്. അതുകൊണ്ട് തന്നെ  അവർക്കെല്ലാം ഈ സത്യസന്ധനായ തഹസിൽദാർ മുകളിൽ ഇരിക്കുന്നത് ക്ഷീണമാണ്. യൂണിയനുകളും നേതാക്കളും രഹസ്യമായി ഒന്നു ചേർന്നു ഇദ്ദേഹത്തെ സ്ഥലം മാറ്റുവാനുളള അക്ഷീണ പരിശ്രമത്തിലാണ്. അതിലവർ വിജയിച്ചതാണോ എന്നറിയില്ല. വിജയൻ  നായരെ കൊച്ചിയിലേക്കു സ്ഥലം മാറ്റിക്കൊണ്ടു ഉത്തരവിറങ്ങി.

അങ്ങനെയിരിക്കെയാണ് തന്റെ കരൾ  ദാനം ചെയ്യുവാൻ അദ്ദേഹം തീരുമാനിക്കുന്നത്. വിവിധ പ്രീ–ഓപ്പറേഷൻ ടെസ്റ്റുകൾക്കും ഓപ്പറേഷനും പിന്നീടു റിക്കവറി സമയത്തിനുമായി ഏതാനും ആഴ്ചകളുടെ ലീവ് വേണം. കൊച്ചിയിലെ ഓഫീസിൽ  ജോയിൻ  ചെയ്യുവാൻ  അദ്ദേഹം അഞ്ച് ആഴ്ചത്തെ  ലീവിനു അപേക്ഷ നൽകുകയും അന്നു തന്നെ അതനുവദിച്ചു കിട്ടുകയും ചെയ്തു. കാരണം ബോധ്യപ്പെട്ടതു കൊണ്ടാവാം കൂടുതൽ  ചോദ്യങ്ങൾ  മുകളിൽ നിന്നുണ്ടായില്ല.

വൈകാതെ കൃത്യമായി തന്നെ ഫാദറുടെ ഫോൺ  വന്നു. ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു. നമുക്കു കാര്യങ്ങൾ നേരിട്ടു സംസാരിക്കണം എന്നു പറഞ്ഞു. പിറ്റേന്നു സെക്കന്റ് സാറ്റർഡേ ആയതിനാൽ  ഫാ. ഓഫീസിൽ വന്നു കാണാം എന്നും പറഞ്ഞു ആ ഫോൺ അവസാനിപ്പിച്ചു.

വൈകിട്ടുളള  ട്രെയിനിൽ  മകൾ കാവേരി കൊച്ചിയിൽ നിന്നും എത്തും. എറണാകുളത്തേയ്ക്കുളള ട്രാൻസ്ഫർ ഏറ്റവും കൂടുതൽ  സന്തോഷിപ്പിച്ചിരിക്കുന്നത് അവളെയാണ്. ഹോസ്റ്റൽ ജീവിതം അവളെ അത്രയ്ക്ക് മടുപ്പിച്ചിരിക്കുന്നു. ക്രമമല്ലാത്ത ജോലി സമയവും ഹോസ്റ്റലിൽ  എത്തേണ്ട സമയവും പലപ്പോഴും ഒത്തുപോകുമായിരുന്നില്ല. അച്ചനും അമ്മയും കൊച്ചിയിൽ വന്നാൽ ഇതിനെല്ലാം ഒരു പരിഹാരം ആവുമെന്നും അവൾക്കു നിശ്ചയമായിരുന്നു. മാത്രമല്ല ചുരുങ്ങിയ മാസങ്ങൾക്ക് അപ്പുറമുളള വിവാഹശേഷം  ഗൾഫിലേക്ക്  പോകുന്നവൾക്ക് അച്ഛനമ്മമാരുടെ കൂടെയുളള അന്നാളുകളിലെ താമസം വലിയൊരാഗ്രഹമായിരുന്നു.

പിറ്റേന്നു പ്രാതൽ കഴിയ്ക്കുന്ന വേളയിൽ തന്നെ വിജയൻ തന്റെ ആഗ്രഹം അവരോടു പറഞ്ഞു. ഒരൽപം ഞെട്ടലോടെയാണ് അവരത് കേട്ടതെങ്കിലും അമ്മയുടേയും മകളുടേയും ഭാഗത്തു നിന്നു പ്രതികൂല പ്രതികരണങ്ങൾ  ഒന്നും ഉണ്ടായില്ല. അവരുടെ സംശയം ലളിതവും കാര്യപ്രസക്തവും ആയിരുന്നു. കരൾ  ദാനത്തിനുശേഷം ഉണ്ടായേക്കാവുന്ന കോംപ്ലിക്കേഷൻസ്  ആയിരുന്നു പ്രധാനമായും അവർക്ക് അറിയേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ മുറിച്ചു മാറ്റുന്ന കരൾ  പൂർവ്വ സ്ഥിതിയിലേയ്ക്കു മടങ്ങുവാനുളള സാധ്യതയും സമയവും പിന്നെ സ്ഥിരമായി ചെയ്യുന്ന ജോലികൾക്ക് തടസ്സം വല്ലതും ഉണ്ടാകുമോ എന്നൊക്കെ.

വളരെ വിശദമായിത്തന്നെ അതൊക്കെ അദ്ദേഹം അവർക്ക് പറഞ്ഞു കൊടുത്തു. കരൾ എന്നത് നമ്മുടെ മറ്റു അവയവങ്ങളെ പോലെയല്ല. അത് മുറിച്ചു മാറ്റിക്കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങും. ഒരു ആരോഗ്യമുളള മനുഷ്യന്റെ കരൾ ദാനം ചെയ്യുവാനായി മുറിച്ചു മാറ്റിക്കഴിഞ്ഞാൽ, ഏകദേശം അഞ്ചോ ആറോ ആഴ്ച കൊണ്ടു അത് അതിന്റെ പഴയ വലുപ്പത്തിന്റെ എൺപത് ശതമാനം വളർച്ചയെത്തും കൂടാതെ ഒരു വർഷത്തിനുളളിൽ തൊണ്ണൂറു ശതമാനമായി വളരും. കരളിന്റെ പ്രവർത്തനങ്ങളിൽ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ല. ഓപറേഷൻ കഴിഞ്ഞു നാലോ അഞ്ചോ  ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും മടങ്ങാം. വീട്ടിലെത്തി കൂടുതൽ  ഭാരപ്പെട്ട ജോലികൾ  ചെയ്യാതെ കൃത്യമായി മരുന്നുകളും ഭക്ഷണ ചിട്ടകളും നോക്കിയാൽ ഏകദേശം നാല് ആഴ്ച ആകുമ്പോഴേക്കും ഓഫീസ് ജോലികൾ ഉൾപ്പെടെ പണ്ടു ചെയ്തിരുന്ന എല്ലാ ജോലികളും അതുപോലെ തന്നെ ചെയ്യുവാൻ  സാധിക്കും. ഇതിനെല്ലാം പുറമേ ഈ പ്രവർത്തിയിൽ ഉളളത് നമ്മൾ മറ്റുളളവരോട് ചെയ്യുന്ന നന്മയാണ്. എല്ലാ വഴികളും അടഞ്ഞു ജീവൻ പോകുന്നതും കാത്തു കഴിയുന്ന ഒരാൾക്ക് നമ്മളാൽ തിരികെ കൊടുക്കുന്ന ജീവിതം. ആ ഒരു ജീവനെ ചുറ്റിയും അതിനെ മാത്രം ആശ്രയിച്ചുമുളള മറ്റു പല ജീവിതങ്ങളും ഈയൊരു എളിയ കർമ്മത്തിലൂടെ പ്രകാശപൂരിതമാവും. ഈ ദാനകർമ്മത്തിലൂടെ കിട്ടുന്ന പുണ്യം ഏതു പ്രാർഥനയിൽ നിന്നോ വഴിപാടുകളിൽ  നിന്നോ കിട്ടുന്നതിനേക്കാൾ വളരെ വലുതായിരിക്കും.

അവരുടെ സംശയങ്ങൾ എല്ലാം ദൂരീകരിച്ച് ഏറെ വൈകാതെ തന്നെ അദ്ദേഹം ഫാ. ചിറ്റിലപ്പളളിയെ കാണുവാനായി തിരിച്ചു. അവിടെ വിജയന്റെ വരവും കാത്തിരിക്കുകയായിരുന്നു ഫാദർ. കണ്ടപാടെ ഓഫീസിലേക്ക് വിളിച്ചു കൊണ്ടുപോയി ഡോക്ടറുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളിലേക്ക് കടന്നു.

മിഷൻ  ഹോസ്പിറ്റലിലെ ലിവർ  ട്രാൻസ് പ്ലാന്റ് വിദഗ്ദനായ ഡോ. ചെറിയാൻ  പറഞ്ഞ പ്രകാരം പ്രീ ഓപറേഷൻ ടെസ്റ്റുകൾ  എല്ലാം തന്നെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുളളിൽ  തീർക്കാം. രോഗിയുടെ ആരോഗ്യനില ക്രിട്ടിക്കലാണ് നമ്മൾ  എല്ലാം വളരെ വേഗം തന്നെ ചെയ്യണം. അല്ലെങ്കിൽ ഈ ഓപ്പറേഷൻ കൊണ്ടു പ്രയോജനമില്ലാതെ വരും. മാത്രമല്ല, റെയർ ബ്ലഡ് ഗ്രൂപ്പ് ആണ് അതിനു ആവശ്യമുളള രക്തവും ഒരുക്കി വയ്ക്കണം.  ലൈവ് ഡോണർ ട്രാൻസ് പ്ലാന്റ് ആയതുകൊണ്ട് ഡോണറിൽ നിന്നും വളരെ പെട്ടെന്നു തന്നെ രോഗിയിലേക്ക് കരൾ മാറ്റിവയ്ക്കണം. അതുകൊണ്ടു രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ തന്നെ വേണം രണ്ടു ഓപറേഷനുകളും നടത്തുവാൻ. പിന്നെ ഹോസ്പിറ്റൽ  ചിലവുകൾ കൂടാതെ കരൾ ദാതാവിന്, പ്രതിഫലമായിട്ടല്ലെങ്കിലും എന്തു വേണമെങ്കിലും തരാൻ  ആ രോഗിയുടെ ബന്ധുക്കൾ  തയ്യാറാണ്.

ചെറുപുഞ്ചിരിയോടെ വിജയൻ നായർ എല്ലാം കേട്ടുകൊണ്ട് പറഞ്ഞു.

‘ഫാദർ, ടെസ്റ്റുകൾക്കു ഞാൻ നാളെ തന്നെ റെഡിയാണ്. എനിക്കാകെ ഒരു ടെൻഷൻ  ഉണ്ടായിരുന്നത് ഭാര്യയും മകളും സമ്മതിക്കുമോ എന്നായിരുന്നു. അവരിപ്പോൾ പൂർണ്ണമനസ്സോടെ ഇതിനു സമ്മതം തന്നിരിക്കുന്നു. അതുകൊണ്ടു കാര്യങ്ങൾ  വച്ചു താമസിപ്പിക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും പെട്ടെന്നു തന്നെ നടക്കട്ടെ. ഫാദർ ദയവ് ചെയ്തു ബാക്കിയുളള പ്രീ ഓപറേഷൻ ഫോർമാലിറ്റീസ് എല്ലാം ചെയ്തു തന്നാൽ  വളരെ ഉപകാരം ആയിരിക്കും. ആ സമയം കൊണ്ടു എനിക്കു സ്ഥലം മാറ്റത്തിനു മുന്നേ ഇപ്പോഴത്തെ ഓഫീസിലെ ബാക്കിയുളള കാര്യങ്ങൾ തീർക്കാം. മാത്രമല്ല ഓപ്പറേഷനുശേഷമുളള  റെസ്റ്റൊക്കെ കഴിഞ്ഞു നേരെ കൊച്ചിയിൽ  പോയി ചാർജും ഏറ്റെടുക്കാം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി, ദയവുചെയ്ത് ഈ ഓപറേഷനെക്കുറിച്ച് ഒരുവിധ വാർത്തകൾ പത്രങ്ങളിലോ മറ്റു മാധ്യമങ്ങളിലോ വരാതെ നോക്കണം. കാര്യം വളരെ ലളിതമാണ്. ഞാനീ ചെയ്യുന്നത് ഒരു നന്മ പ്രവർത്തിയാണ്. അതൊരു വാർത്തയാക്കി അതിലൂടെ ഒരു പ്രശസ്തി എനിക്കു വേണ്ട. കാര്യങ്ങളൊക്കെ നിയമാനുസൃതം ആയിരിക്കണം. പക്ഷേ ഈ ഓപ്പറേഷൻ ഒരു പരസ്യം പോലെ സെൻസേഷൻ വാർത്തയാക്കി ലോകമറിയരുത്. ചെയ്യുന്ന സൽക്കർമ്മത്തിനു പ്രതിഫലം പറ്റിയാൽ പിന്നെ ആ കർമ്മം കൊണ്ടെന്തു പ്രയോജനം ? അതുകൊണ്ടു രോഗിയാരെന്നു പോലും എനിക്കറിയണമെന്നില്ല. ഓപ്പറേഷനുശേഷം ആ രോഗി സുഖമായി  ജീവിക്കുന്നു എന്നു മാത്രം എന്നെയറിയിച്ചാൽ മതി. മറ്റൊന്നും എനിക്കുവേണ്ട’.

ഏറെ നാളായി വിജയൻ നായരെ വളരെ അടുത്തറിയാവുന്ന ഫാദർ ആ വാക്കുകൾ കേട്ടു അത്ഭുതം കൂറിയില്ല. അച്ചൻ പ്രതീക്ഷിച്ചിരുന്നതു തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്. സെമിനാറുകളിൽ  അവയവദാനത്തിന്റെ മെഡിക്കൽ  വശവും അതിലേറെ മാനുഷിക നന്മയുടെ വശവും വളരെ വൈകാരികവും വ്യക്തവുമായി അവതരിപ്പിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകൾ  മാത്രമായിരുന്നു അത്.

വൈകാതെ തന്നെ എല്ലാ വിദഗ്ധ ടെസ്റ്റുകളും കഴിഞ്ഞ് ട്രാൻസ് പ്ലാന്റ് ഓപറേഷൻ തിയതിയും തീരുമാനിച്ചു. വിജയന്റെ  വീട്ടുകാർ വളരെ സംഭമത്തോടെയും ആകുലതയോടെയും ആണ് ഓരോ ദിവസങ്ങളും തളളി നീക്കിയിരുന്നത്. പക്ഷേ  അദ്ദേഹത്തിന്റെ വളരെ ശാന്തഭാവം  അവരിലും ആ വികാരം കുറച്ചെങ്കിലും പ്രകടിപ്പിക്കാൻ  പ്രേരിപ്പിച്ചു. ഓപറേഷന്റെ റിസ്ക് ഫാക്ടർ നന്നായറിയാമെങ്കിലും എല്ലാം ഡോക്ടർമാരിലും അതിലേറെ ഈശ്വരനിലും അർപ്പിച്ചു ; പക്ഷേ അയാൾക്കറിയാമായിരുന്നു ചെയ്യുന്ന പ്രവർത്തിയുടെ ഉദ്ദേശശുദ്ധി കർമ്മഫലവും തരുമെന്ന്.

യാതൊരു വിധ കോംപ്ലിക്കേഷനുമില്ലാതെ എല്ലാ വളരെ മംഗളകരമായി നടന്നു. ചില്ലറ ദിവസത്തെ ഹോസ്പിറ്റൽ  ജീവിതവും അതുകഴിഞ്ഞുളള ഹൗസ് െറസ്റ്റും മരുന്നുകളും വീട്ടിലെ പൊടി വ്യായാമങ്ങളുമായിക്കഴി ഞ്ഞിരുന്ന വിജയൻ നായർ ; ഹോസ്പിറ്റലിലെ അവസാനവട്ട ഒബ്സർവേഷൻ ടെസ്റ്റുകൾ  കഴിഞ്ഞു ആശ്വാസത്തോടെ പുറത്തേയ്ക്കിറങ്ങി. ഓപറേഷനെക്കുറിച്ച് രഹസ്യമാക്കി വച്ചതിനു നന്ദിയും കൂടെ പറഞ്ഞു മടങ്ങുമ്പോൾ ഡോക്ടർ  ചെറിയാന്റെ വാക്കുകൾ  ആയിരുന്നു  അപ്പോളാ മനസ്സിൽ.

‘യു ആർ നൗ പെർഫെക്ടലി ഓൾറൈറ്റ്, മിസ്റ്റർ  നായർ. ജസ്റ്റ് ഗോ ബാക്ക് ടു യുവർ   ഓൾഡ് ഡെയിലി ജോബ്സ്. ബട്ട് ഹാവ് ദാറ്റ് മെഡിസിൻസ് ബിറ്റ് ലോങ്ങർ. പിന്നെ ഇടയ്ക്ക് വന്നു ചില സ്കാൻ ടെസ്റ്റ് ചെയ്യുന്നതും നന്നായിരിക്കും. ഇനിയിപ്പോൾ  കൊച്ചിയിൽ  അല്ലെ പോസ്റ്റിങ്ങ്. അതുകൊണ്ടു അത് ചെയ്യാൻ മറക്കണ്ട. സോ ഓൾ  ദ ബെസ്റ്റ് … ഗോഡ് ബ്ലെസ് യു.’

ആ വാക്കുകൾ കൂടുതൽ  പ്രകാശം പരത്തിയത് അദ്ദേഹത്തിന്റെ മുഖത്തിനേക്കാൾ ഭാര്യയുടേയും മകളുടേയും മുഖത്തായിരുന്നു. അവർക്കതു ആശ്വാസ വചനങ്ങൾ  ആയിരുന്നു. അതു കേട്ടു കൊണ്ടവർ സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചു.

കൊച്ചി ഇന്ന് എന്നത്തേക്കാളും ചടുലമാണ്. ഇന്ത്യയിലെ മറ്റേതു മെട്രോ നഗരത്തിനേയും വെല്ലുവിളിക്കാൻ പോന്ന സൗകര്യങ്ങളും  ഐടിയും മറ്റിതര വ്യവസായങ്ങളും കൈ നിറയെ കാശുളള യുവതയും നിശാ ജീവിതവും ഒക്കെ കൊച്ചിക്ക് പുതിയൊരു മുഖം നൽകിയിരിക്കുന്നു. പല നാടുകളിൽ നിന്നും ഈ നഗരത്തിലേയ്ക്ക് കൂട് മാറുന്നവരുടെ എണ്ണം ദിവസേനെയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. നഗരത്തിന്റെ ഈ വളർച്ച സമീപ ഗ്രാമങ്ങളിലേക്കും പടരുകയാണ് വളരെ വേഗത്തിൽ. പച്ചപ്പ് നിറഞ്ഞ പാടങ്ങളും പുഴയോരങ്ങളു മെല്ലാം അംബര ചുംബികളാൽ  നിറഞ്ഞിരിക്കുന്നു.

നഗരത്തിലെ ഏറെ ലാഭകരമായ ഒന്നായി മാറിക്കഴിഞ്ഞു. റിയൽ  എസ്റ്റേറ്റ് ബിസിനസും ഫ്ലാറ്റ് സമുച്ചയങ്ങളും. ലക്ഷങ്ങൾ മുതൽ ശതകോടികൾ വരെ വിലയുളള ഫ്ലാറ്റുകൾ  ഇന്ന് കൊച്ചിയിൽ ലഭ്യമാണ്. അതിലേറെ രസകരമായ വസ്തുത. ഈ ഫ്ലാറ്റുകളിൽ ബഹുഭൂരിപക്ഷവും കാലിയാണ് എന്നതാണ്. ഏറെയും വിൽക്കാച്ചരക്കുകൾ പിന്നെ കുറെയെണ്ണം പ്രവാസികളുടേയും. എന്നിട്ടും പുതിയ വമ്പൻ സമുച്ചയങ്ങൾ കെട്ടിപ്പൊക്കുന്നു. അതും പുത്തൻ  ആഡംബരങ്ങളോടെയും. കറുപ്പും വെളുപ്പുമായി കോടികൾ മുടക്കി ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്ന അനേകം ബിൽഡർമാർ ഇന്നിവിടെയുണ്ട്. അവർ  വാശിയോടെ ഓടിനടന്നു  കണ്ണായ സ്ഥലങ്ങൾ  വാങ്ങുകയും കിട്ടാത്തവ വെട്ടിപ്പിടിക്കുകയും ചെയ്യുന്നു. ചെറുതും വലുതുമായ പല പല കണ്ണികൾ  പെടുന്ന ഒരു വമ്പൻ ബിസിനസ് ആയി മാറിക്കഴിഞ്ഞു ഇന്നിത്. മന്ത്രിമാരുടേയും കളളപ്പണക്കാരുടെയുമൊക്കെ ബിനാമികളാണ് ഇവരിൽ   ഭൂരിഭാഗവും. അതുകൊണ്ടു തന്നെ ഇവർ  യഥേഷ്ടം വേണ്ടതെല്ലാം സുഖമായി നേടിയെടുക്കുന്നു.

എപെക്സ് ബിൽഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.  അഥവാ എബിസി ; ഇന്ന് കൊച്ചിയിലെയും കേരളത്തിലെ തന്നെയും പ്രധാനപ്പെട്ട ബിൽഡർമാരിൽ ഒന്നാണ്. അതിമനോഹരമായ കെട്ടിട സമുച്ചയങ്ങൾ വളരെ വിശാലമായ സ്ഥലങ്ങളിൽ വിവിധതരം സൗകര്യങ്ങളോടെ അവർ നിർമ്മിച്ചിട്ടുണ്ട്. കേരളത്തിൽ കമ്മ്യൂണിറ്റി ലിവിംഗ് എന്ന ആശയം ആദ്യം അവതരിപ്പിച്ച ഈ കമ്പനി, തങ്ങളുടെ അൻപതാമത് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽ കൈമാറ്റ വേളയിലാണ്. എംഡിയും യുവ ബിസിനസുകാരനുമായ എബി ഫിലിപ്പ് തന്റെ അച്ഛന്റെ മരണശേഷം ഈ കമ്പനിയിലെത്തിശേഷം അതിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. അച്ഛന്റെ പഴയ ശൈലിയിലുളള രീതികളൊക്കെ അപ്പാടെ പൊളിച്ചെഴുതി. താൻ പഠിച്ച അമേരിക്കൻ മാനേജ്മെന്റ് രീതികളും കൂടെ കുറെ പ്രായോഗിക പൊടിക്കൈകളും ചേർത്തു. അതോടെ  എബിസിയുടെ വളർച്ചയുടെ വേഗം കൂടി.

ആഘോഷങ്ങൾ നിറഞ്ഞു കവിഞ്ഞ സദസിൽ വച്ച് മുഖ്യമന്ത്രി നിലവിളക്കു കൊളുത്തിയ താക്കോൽകൈമാറ്റ ചടങ്ങിൽ  വച്ചു ഫ്ലാറ്റുകൾ ഉടമകൾക്ക് കൈമാറിയത് പ്രതിപക്ഷ നേതാവാണ്. സിനിമാ ലോകത്തെ പ്രമുഖ താരങ്ങളൊക്കെ നിരന്ന വളരെ പ്രൗഡമായൊരു ചടങ്ങായിരുന്നു അത്. ഈ ചടങ്ങ് മറ്റു ബിൽഡർമാർക്കു മുന്നിൽ  എബിസിയുടെ ഒരു ശക്തിപ്രകടനം പോലെയായിരുന്നു ; മാത്രവുമല്ല ഏതൊരു പുതിയ കസ്റ്റമറിനേയും അവരിലേയ്ക്ക് അടുപ്പിക്കുവാനുളള ഒരു പരസ്യം കൂടിയായിരുന്നു.

പ്രമുഖർ ഉൾക്കൊണ്ട ചടങ്ങുകൾ  മുഴുവൻ  ലൈവ് ആയി പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്യുകയും കൂടെ കമ്പനിയുടെ എം.ഡിയുമായി ഇന്റർവ്യൂവും. ഇതു വഴി ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് ഇതെത്തിക്കുക, എബിയുടെ ബിസിനസ് കൂർമ്മ ബുദ്ധിയായിരുന്നു ഇതിനു പിന്നിൽ. ബിസിനസ് കറസ്പോണ്ടന്റസ് കാവേരിയും അവൾ  ജോലി ചെയ്തിരുന്ന വേൾഡ് മിഷൻ ചാനലും ആയിരുന്നു ഇതു മുഴുവൻ സംപ്രേക്ഷണം ചെയ്തത്.

ആ ചടങ്ങിൽ എബിയുടെ അമ്മയ്ക്കൊപ്പം അവന്റെ അച്ഛന്റെ വളരെ അടുത്ത സുഹൃത്തുമായ ഡോക്ടർ ചെറിയാനുമുണ്ടായിരുന്നു. കുഞ്ഞുന്നാൾ മുതൽ  എബിയുടെ ഓരോ ഘട്ടങ്ങളും കണ്ട അവർക്ക്  അവന്റെ ഈ ബിസിനസ് വളർച്ച വളരെ അഭിമാനം നൽകുന്ന ഒന്നാണ്.

ഡോക്ടറും എബിയും സമപ്രായക്കാരായ കൂട്ടുകാരെപ്പോലെയാണ് ഇടപഴകാറുളളത്. ആഴ്ചയിലൊരിക്കലുളള ക്ലബിലെ സ്നൂക്കർ ഗെയിം അവർ ഇരുവരും മുടക്കാറില്ല. അവർക്കതൊരു പഴകിയ ശീലമായിക്കഴിഞ്ഞിരുന്നു. കളിയിൽ മിടുക്കനായ ഡോക്ടർ കഴിക്കുന്ന പെഗ്ഗിന്റെ എണ്ണം കൂടും തോറും തോൽവിയുടെ ശക്തിയും കൂടുമായിരുന്നു. അങ്ങനെയാണ് എബി മിക്കവാറും ജയിക്കാറുളളത്. എല്ലാത്തിലുമുപരി ടെൻഷനും ജോലിഭാരവും കൂടുതലുളള അവരുടെ ജോലികൾക്കിടയിൽ അവർക്കത് റിലാക്സ് ചെയ്യാനുളള ഒരു മാർഗ്ഗമായിരുന്നു.

ഇവർ  തമ്മിൽ ഒരു ബന്ധവും കൂടെ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ചെറുതിലെ മുതൽ  ഒന്നിച്ചു കളിച്ചു വളർന്ന  എബിയും ഡോക്ടറുടെ മകൾ സേറയും മുതിർന്നപ്പോൾ മുളയിട്ടു പ്രണയം. അവരതു അങ്ങനെ തന്നെ വീട്ടുകാരെ അറിയിച്ചു. എല്ലാവരും സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ലണ്ടനിൽ മെഡിസിനു പഠിക്കുന്ന സേറ, അത് പൂർത്തിയാക്കി വന്നു കഴിയുമ്പോൾ നിശ്ചയിച്ചിരിക്കുകയാണ് മറ്റു ചടങ്ങുകളും വിവാഹവും.

മറ്റേതു ബിസിനസും പോലെ ഈ രംഗത്തും മത്സരം കടുത്തതാണ്. മണി പവറും മസ്സിൽ പവറുമൊക്കെ വളരെ അത്യാവശ്യമായ ഒരു കച്ചവട രീതിയാണ് ഇതിലേറെയും. വളരുന്ന എബിസിയ്ക്ക് എതിരാളികളും ദിനം പ്രത്രി കൂടിക്കൊണ്ടിരുന്നു. പക്ഷേ എബി എന്ന ഒരാളിൽ തട്ടി എല്ലാ പാരവയ്പ്പുകളും അവസാനിച്ചു. അവന്റെ ആൾബലവും പിന്നിലുളള രാഷ്ട്രീയ ശക്തി കേന്ദ്രങ്ങളും മണി പവറും പിന്നെ മാർക്കറ്റിൽ  എബിസിയ്ക്കുളള സൽപ്പേരും  ആരേയും ഭയപ്പെടുത്തുന്നതായിരുന്നു. എങ്കിൽപ്പോലും മറ്റുളളവർ  അവനെ തളയ്ക്കാനുളള അവസരവും വഴിയും നോക്കുകയായിരുന്നു.

ബിസിനസിൽ എബി എന്നും അങ്ങനെയായിരുന്നു. ആർക്കും വഴങ്ങാത്ത ഒരു പ്രകൃതക്കാരൻ. എടുക്കുന്ന എല്ലാ തീരുമാനങ്ങളും നടപ്പിലാക്കാൻ എന്തു വഴിയും സ്വീകരിക്കുന്ന ഒരാൾ. സ്വയം ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ അവനെ വല്ലാതെ സഹായിച്ചിരുന്നു. കാര്യങ്ങൾ കാണാൻ കണക്കു നോക്കാതെ കാശ് വലിച്ചെറിയുന്ന സ്വഭാവം അവനെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുളള എല്ലാവർക്കും പ്രിയങ്കരനാക്കി. ഒഴുകുന്ന കാശിനേക്കാൾ  വേഗത്തിൽ കാര്യങ്ങൾ നടന്നു. കൂടെ അവന്റെ ബിസിനസും ബന്ധങ്ങളും വലുതായി.
എബിസിയുടെ പ്രധാന ബിസിനസ് എതിരാളി ഇന്ന് ഫാൽക്കൻ  ഗ്രൂപ്പ് ആണ്. കൺസ്ട്രക്ഷൻ രംഗത്ത് തുടക്കക്കാരെങ്കിലും മറ്റ് പല മേഖലകളിലും നിറ സാന്നിധ്യമായ വർഷങ്ങളുടെ പാരമ്പര്യമുളള ഒരു ഗ്രൂപ്പാണിത്. സാദിഖ് അലിയാണ് ഫാൽക്കൻ  കൺസ്ട്രക്ഷൻ എംഡി, ഈ ബിസിനസ് കുടുംബത്തിലെ ഇളമുറക്കാരൻ. പുതിയ മേഖലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ  യുവത്വത്തിന്റെ കരുത്താണ് നല്ലതെന്ന് തിരിച്ചറിഞ്ഞു സാദിഖിനെ ചുമതല ഏൽപ്പിച്ചത് അയാളുടെ പിതാവും ഗ്രൂപ്പ് ചെയർമാനുമായ അലി മുഹമ്മദാണ്.

അതിവേഗം വളരുന്ന കൊച്ചിയാണ് ഫാൽക്കൻ തങ്ങളുടെ കൺസ്ട്രക്ഷൻ ബിസിനസിനായി തിരഞ്ഞെടുത്തത്. കൊച്ചിയിലെത്തി അവർ  ആദ്യം ചെയ്തത്  പ്രധാനപ്പെട്ടയിടങ്ങളിൽ സ്ഥലങ്ങൾ വാങ്ങുക എന്നതായിരുന്നു. ഈ കച്ചവടത്തിൽ  ആളുകളെ ആകർഷിക്കാൻ  പ്രൊജക്ട് ലൊക്കേഷൻ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് കൊണ്ടാണ് മറ്റേതു കാര്യത്തിനും മുന്നേ അവർ ഈ ദൗത്യത്തിൽ ഏർപ്പെട്ടത്.

വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല അവർക്ക് സ്ഥലം വാങ്ങൽ  ഇടപാടുകൾ. ഒട്ടുമിക്ക കണ്ണായ പ്ലോട്ടുകളും അവർ   കാണുവാൻ   എത്തുമ്പോഴേക്കും എബിസിക്കാർ ടോക്കൻ അഡ് വാൻസ് കൊടുത്തിരിക്കും. അവർ  എവിടേയ്ക്ക് തിരിഞ്ഞാലും എബിസി അവർക്ക് മുന്നിൽ  ഒരു മഹാവേരു പോലെയുണ്ടാവും. എബിയുടെ ഒരു തന്ത്രമായിരുന്നു അത് മാർക്കറ്റിലെ പുതുമക്കാരാണെങ്കിലും അവരുടെ സാമ്പത്തിക പിൻബലം അവർ നന്നായി മനസ്സിലാക്കിയിരുന്നു. പെട്ടെന്നു വളരാൻ അനുവദിച്ചാൽ മറ്റാരേക്കാളും കൂടുതൽ നഷ്ടപ്പെടുക എബിസിയുടെ സ്പേസ് ആവും.

വഴിമുടക്കുവാൻ എബിസിയും അതെല്ലാം കടന്നു നേടിയെടുക്കാൻ  ഫാൽക്കനും തുനിഞ്ഞിറങ്ങിയപ്പോൾ, മത്സരത്തിൽ  മറ്റു പലരും പിന്നാക്കം പോയി. നേർക്കുനേരെ അല്ലെങ്കിലും ഈ രണ്ടു ഗ്രൂപ്പുകളും തമ്മിലുളള മത്സരം വളരെ പെട്ടെന്നു തന്നെ ശത്രുതയായി മാറി. ഇരുപക്ഷവും തങ്ങളുടെ എതിരാളിക്കെതിരെ ചെയ്യാൻ  പറ്റുന്ന ഒന്നും നഷ്ടപെടുത്താറില്ല. ഇതിനിടയിലും ഫാൽക്കൻ  കൊച്ചിയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ചില പ്രോജെക്ടുകൾ  വിജയകരമായി പൂർത്തിയാക്കിയിരുന്നു.

സാദിഖ് അലി എബിസിയെ പ്രഹരമേൽപ്പിച്ചത് അവരുടെ കൊച്ചിയിലെ മാർക്കറ്റിംഗ് ചുമതലക്കാരെ മുഴുവൻ  തങ്ങളുടെ പാളയത്തിൽ എത്തിച്ചുകൊണ്ടായിരുന്നു. അവർക്കെല്ലാം ഉയർന്ന  ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൊടുത്തു തങ്ങളുടെ കീഴിലാക്കിയത്. എബിസിയുടെ മാർക്കറ്റിലേയ്ക്കു കയറാനുളള എളുപ്പവഴി തുറക്കുവാനായിരുന്നു. ഒരു പരിധി വരെ അതൊരു വിജയമായിരുന്നെങ്കിലും അവർക്ക് എബിസിയുടെ ഗുഡ് വിൽ  തകർക്കുവാനായില്ല. അതു കൂടെ തകർത്താൽ ഫാൽക്കൻ കൊച്ചിയിൽ  ഒന്നാംസ്ഥാനം ലഭിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു.

ഇതിനു എബി മറുപടി കൊടുത്തത് ഫാൽക്കന്റെ പ്ലാനിംഗ് ആൻഡ് പ്രോജക്ട് വിഭാഗത്തിലെ ജനറൽ  മാനേജർമാരെ തന്റെ ഓഫീസിൽ നിയമിച്ചു കൊണ്ടായിരുന്നു. അവർക്ക് ഫാൽക്കന്റെ മുഴുവൻ പ്രൊജക്റ്റ് വിശദാംശങ്ങളും സമീപ ഭാവിയിലെ എല്ലാ ബിസിനസ് പ്ലാനുകളും ഹൃദ്യസ്ഥമായിരുന്നു. എബി അതെല്ലാം ഉപയോഗിച്ചു കൊണ്ടു തന്റെ പ്ലാനുകളും ബിസിനസ് താല്പര്യങ്ങൾ  സംരക്ഷിക്കാനും ഫാൽക്കന്റെ പ്രോജ്ക്ടുകൾ  പരമാവധി താമസിപ്പിക്കുവാനും ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു.

മാമാങ്കമായി കൊണ്ടാടിയ താക്കോൽദാന ചടങ്ങിനുശേഷം എബിസിക്ക് എതിരെ കോപ്പു കൂട്ടുന്നവർക്ക് കൈയ്യിൽ കിട്ടിയത് ഒരു വജ്രായുധമായിരുന്നു. ഉദ്ഘാടനം െചയ്ത ഫ്ലാറ്റ് സമുച്ചയവും അവരുടെ മറ്റു രണ്ടു സമുച്ചയങ്ങളും സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ട് !

ആർക്കോ കിട്ടിയ രേഖാപ്രകാരം ഈ മൂന്നു കെട്ടിടങ്ങളും പണിതിരിക്കുന്നത് അവരുടെ ഭൂമിയിലും പിന്നെ കോടിക്കണക്കിനു രൂപ വിലയുളള സർക്കാർ ഭൂമി കൈയ്യേറിയുമാണ്. ഏറെ വൈകാതെ തന്നെ ഈ തുണ്ട് വാർത്തയെ ഒരു വമ്പൻ  വാർത്തയാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു. എബിസിയ്ക്കു എതിരെ ആയതുകൊണ്ട് എതിരാളികൾ  അവരുടെ മുഖം പുറത്ത് കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

പട്ടിണിയിൽ അകപ്പെട്ട ആളുകൾക്ക് ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നു ചാനലുകാർക്ക്. ചുവപ്പിലും, പച്ചയിലും മഞ്ഞയിലുമൊക്കെ ഫ്ലാഷ് ന്യൂസുകൾ മിന്നിമറഞ്ഞു. ഇൻവെസ്റ്റിഗേഷൻ, എക്സ്ക്യൂസീവ്, ഇംപാക്റ്റ്, ബ്രേകിംഗ് സ്റ്റോറി എന്നിങ്ങനെ പെട്ടിയിലായ പരിപാടികളൊക്കെ പൊടിതട്ടിയെടുത്തു അവരെല്ലാം ഷേർലക് ഹോംസിനെ വെല്ലുന്ന ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റുകൾ നാടെങ്ങും പറന്നു നടന്നു. പുതിയ വാർത്തകളും മറ്റു ത്രസിപ്പിക്കുന്ന കഥകളും തേടി. ചാകര കാലത്ത്, കൂടുതൽ  സ്വന്തം കൊട്ടയിലാക്കുവാൻ ചാനലുകൾ  പരസ്പരം മത്സരിച്ചു. ഇതേ പോലുളള സന്ദർഭങ്ങളാണ് ചാനലുകൾക്ക് ലാഭകരം. കോടിക്കണക്കിനു രൂപ  പലിശക്ക് വാങ്ങി തുടങ്ങിയ സംരംഭം ഏറെ വൈകാതെ നഷ്ടത്തിൽ  അകപ്പെട്ടു നിലനിൽക്കാനാവാത്ത അവസ്ഥയിലാണ് പലരും. അങ്ങനെയുളള പലർക്കും പണത്തൂക്കം ഉളളിടത്തെക്കൊരു ചായ് വ് വാർത്തകളിൽ നിറയും. ചായ് വ് കൂടുംതോറും ബാലൻസ് ഷീറ്റിലെ നഷ്ടത്തിന്റെ ഫിഗറുകൾ  കുറയുകയും ചെയ്യും. പുതുയുഗ മാധ്യമങ്ങളുടെ ന്യുജെൻ കച്ചവട രീതികളിൽ  ഒന്നാണിത്.

വാർത്തകൾ  പ്രതികൂലമായി കത്തിക്കയറിക്കൊണ്ടിരുന്നു നിമിഷം പ്രതി. നിയമ ലംഘനത്തിന്റെ ആഴവും  പരപ്പും വ്യാപ്തിയും വിസ്തീർണ്ണവുമൊക്കെ നിറഞ്ഞു നിന്നു ഓരോ ചാനലുകളിലും. എബി പുറമേയ്ക്കെങ്കിലും ശാന്തനായിരുന്നു. അവൻ  ഒന്നിൽ നിന്നും ഒളിച്ചോടാതെ എല്ലാം കണ്ടു കൊണ്ടിരുന്നു. അവനിലെ പക്വതയുളള ബിസിനസുകാരനൻ   ഒന്നിലും പരസ്യമായി പ്രതികരിക്കേണ്ട എന്നൊരു തീരുമാനത്തിലായിരുന്നു. ചാനൽ  ചോദ്യോത്തരങ്ങളും സ്റ്റുഡിയോ കസർത്തുകളും  മനഃപൂർവ്വം ഒഴിവാക്കി. അവനറിയാമായിരുന്നു അതെല്ലാം കുരുക്കുകൾ മുറുക്കുമെന്നു, മാത്രവുമല്ല അതെല്ലാം തന്റെ കമ്പനിയുടെ ഗുഡ് വില്ലിനെ ബാധിക്കുകയും ചെയ്യും. തന്റെ എതിരാളികൾക്ക് വേണ്ടതും അത് തന്നെയാണ്. അതുകൊണ്ട് അവൻ എല്ലാത്തിന്റെയും പിന്നിൽ  നിന്നുകൊണ്ട്  കുരുക്കുകൾ  അഴിക്കുവാനുളള ശ്രമത്തിലായിരുന്നു. ശാന്തതയോടെ.


ക്ലബിലേക്ക് പോകും  വഴി അസ്വസ്ഥനായി കാണപ്പെട്ട എബിയോടു ഡോക്ടർ കാര്യം തിരക്കി. എങ്ങും തൊടാത്ത മട്ടിൽ വിവരങ്ങൾ  പറഞ്ഞു അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി. എങ്കിലും അവന്റെ ഉളളിലെ സംഭ്രമങ്ങൾ പതിവിൽ  വിപരീതമായി  അവനെ മദ്യത്തിലേയ്ക്ക് ആകർഷിച്ചു.  സ്നൂകർ  കളിയ്ക്കിടയിൽ അവൻ  ഒരു പെഗ്ഗ് ഓർഡർ  ചെയ്തു. തെല്ലു അത്ഭുതത്തോടെയെങ്കിലും ഡോക്ടർ  അത് കണ്ടു നിന്നു.

കരൾ കാക്കുന്ന ഡോക്ടറെ ഫാദർ  ഇൻ ലോ ആയിക്കിട്ടിയാൽ എല്ലാവർക്കും  എത്ര വേണേലും പെഗ് അടിക്കാം’ എന്നതായിരുന്നു മറ്റുളളവരുടെ കമ്മന്റ്. വേറെ ചിലർ പറഞ്ഞു വീണ്ടും പൂക്കാലമെത്തി, ഇനി മധു നുകരാം എബിയ്ക്കൊപ്പം. എല്ലാം കേട്ടു ചിരിച്ചു കൊണ്ടു കളി തുടർന്നു എബിയും ഡോക്ടറും. അവന്റെ പെഗ്ഗുകളുടെ എണ്ണം രണ്ടിൽ കൂടുവാൻ തുടങ്ങിയപ്പോൾ ഡോക്ടർ അത് വിലക്കി. ‘എബി വാട്സ് ഹാപ്പെനിംഗ് ? ഐ നോ യു ആർ ഇൻ സ്ട്രെസ്, ബട്ട് ലിക്കർ ഈസ് നോട്ട് ദെ സൊലൂഷൻ. യു ആർ നോട്ട് സപ്പോസ്ട് ടു ഹാവ് ദിസ്. ഗോ ത്രൂ യുവർ  യോഗ പ്രാക്ടീസസ്, യു വിൽ ഗെറ്റ് എ ക്ലിയർ  ആൻഡ് പീസ് ഫുൾ മൈൻഡ്. ആൾസോ യു ഡോണ്ട് ലുക്ക് ഫൈൻ ; കുറച്ചു നാളായില്ലേ ചെക്ക് ഒക്കെ ചെയ്തിട്ട്, സോ മേക്ക് ഇറ്റ് സൂൺ ആൻഡ് ലെറ്റ് മി സി ഇറ്റ്’

ഡോക്ടറുടെ വാത്സല്യത്തോടെയും കർക്കശവുമായ വാക്കുകൾക്കു മറുപടി പറയാൻ അവനാകുമായിരുന്നില്ല. പതിവിലും നേരം അന്നു കളി നീണ്ടു പോയി. ശരിക്കും ഒരു സ്ട്രെസ് റിലീവിംഗ് ഗെയിം ആയിരുന്നു അത്. തിരികെ ഡോക്ടറെ ഡ്രോപ്പ് ചെയ്തപ്പോഴും ചെക്കപ്പിനെ ക്കുറിച്ചു ഓർപ്പിച്ചു. അവൻ അപ്പോഴും വേറെ   പല ചിന്തകളിലുമായിരുന്നു.

റിലീവിംഗ് ഓർഡർ  കൈപ്പറ്റി വിജയൻ നായർ കൊച്ചിയിലേക്കുളള യാത്രയ്ക്കുളള തയ്യാറെടുപ്പുകളിലാണ്. കാവേരി കൊച്ചിയിൽ ഒരു വാടക വീട് തരപ്പെടുത്തിയിട്ടുണ്ട്. ഫർണിഷഡ് വീടായത് കൊണ്ടു ഒന്നും കെട്ടിചുമന്നു കൊണ്ടു പോവണ്ട എന്നതു തന്നെ വലിയൊരു കാര്യമാണ്. തൽക്കാലം ഇപ്പോഴത്തെ വീട് വെറുതെ പൂട്ടിയിടുന്നതായിരിക്കും നല്ലതെന്ന് കരുതി മകളുടെ വിവാഹശേഷം മറ്റെന്തെങ്കിലും തീരുമാനിക്കാം.   പോവുന്നതിനു മുൻപ് അദ്ദേഹം വീടിന്റെ സൂക്ഷിപ്പിനും, പറമ്പ് ഇടയ്ക്കിടെ വൃത്തിയാക്കുന്നതിനും ‘ഗുണ്ട് ഗംഗാധരനെ’ ഏൽപ്പിക്കണം എന്നും തീരുമാനിച്ചു. നായരുടെ ഒരു അകന്ന ബന്ധു കൂടിയാണ് ഈ ഗുണ്ട്.

‘ഗുണ്ട് ഗംഗാധരൻ ’ തൃശൂർ പാലക്കാട് ജില്ലകളിലെ എല്ലാ പൂരപറമ്പുകളിലേയും നിറ സാന്നിധ്യമാണ് ഇയാൾ. ആനപ്രേമി കൂടിയായ ഇയാൾക്ക് ഏറെയിഷ്ടം വെടിക്കെട്ടും, കരിമരുന്നു കലാ പ്രകടനങ്ങളുമാണ്. ഓരോ പൂരവും കഴിഞ്ഞു നാട്ടിലെത്തി കാണുന്നവരോടെല്ലാം വിളമ്പുന്ന പൂര വിശേഷങ്ങൾക്ക് യഥാർത്ഥ പൂരത്തെക്കാൾ പൊലിമ കൂടാറുണ്ട്. വെടിക്കെട്ടിനെ കുറിച്ചു പറയുമ്പോൾ വളരെ വാചാലമാകുന്ന ഇയാൾ ഭാവ പ്രകടനങ്ങളിലൂടെയും വാക് ചാരുതയോടെയും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ കേൾവിക്കാരിലെത്തിക്കും. ഈ സ്വഭാവം ഗുണം കൊണ്ടു നാട്ടുകാർ സ്നേഹ പൂർവ്വം നൽകിയ പേരാണ് ‘ഗുണ്ട് ’ എന്നത്. അയാൾ  ആ പേര് ആസ്വദിക്കുന്നുണ്ട്. നാട്ടിൽ  നടക്കുന്ന സ്ഥലക്കച്ചവടത്തിന്റെ മാത്രമല്ല മറ്റേതു ആക്രിക്കച്ചവടം വന്നാലും ഇയാളായിരിക്കും അതിന്റെ ബ്രോക്കർ. ഇത്തിരി ബ്രോക്കർ  കാശ് കൂടുതൽ കിട്ടിയിരുന്നെങ്കിലെന്നു എപ്പോഴും കരുതുന്ന തൃശൂരിലെ ഒരു നാടൻ ‘ഗടി’യണീ ഗുണ്ട്.

മകളുടെ വിവാഹാവശ്യങ്ങൾക്കായി തനിക്ക് ഭാഗമായി കിട്ടിയ സ്ഥലം വിൽക്കുവാനായി വിജയൻ നായർ ഏൽപ്പിച്ചിരിക്കുന്നത് ഗുണിനെയാണ്. വൈകാതെ തന്നെ ഗുണ്ട് ഒരാവശ്യക്കാരനെ സംഘടിപ്പിച്ചു. അഡ്വാൻസ് തുക നൽകി  വിൽപ്പനക്കരാറും എഴുതി. ആറ് മാസത്തിനുളളിൽ  രജിസ്ട്രേഷനും ബാക്കി കാര്യങ്ങളും എന്ന വ്യവസ്ഥയിൽ കാര്യങ്ങൾ  തീരുമാനിച്ചു. മകളുടെ വിവാഹത്തിനു കഷ്ടിച്ച് ഒരു മാസം പിന്നിൽ മാത്രമുളള കച്ചവടം കുറച്ചു കൂടി പിന്നിലേക്ക് മാറ്റാൻ ശ്രമിക്കണമെന്ന് ഗുണ്ടിനെ കാണുമ്പോഴെല്ലാം നായർ ഓർമ്മിപ്പിക്കും.

ഗുണ്ടിനെ താക്കോലും മറ്റും ഏൽപ്പിച്ച കാര്യങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തി അവർ കൊച്ചിയിലേയ്ക്ക് തിരിച്ചു. തെല്ലു വിഷമത്തോടെ.

എബിസിയ്ക്കു എതിരെ വാർത്ത വരുന്ന ചാനലുകളുടെ ശൗര്യം വിചാരിച്ച പോലെ പെട്ടെന്നു കുറഞ്ഞില്ല. വാർത്തകളുടെ ഉറവിടം അന്വേഷിക്കാൻ എബി ഏൽപ്പിച്ച ആളുകൾ  വളരെ കൃത്യമായി തന്നെ അത് കണ്ടു പിടിച്ചു. ഫാൽക്കൻ ഗ്രൂപ്പാണ് ഇതിന് പിന്നിൽ. പിന്നിൽ നിന്നു എതിരാളിയെ പിന്നിലേയ്ക്ക് രണ്ടടി വലിച്ചിട്ടു, നമ്മൾ  മുന്നിലേയ്ക്ക് നാലടി കയറുക എന്ന പഴയ തന്ത്രം.

രാഷ്ട്രീയക്കാരുടെ പേരുകൾ  അഭ്യൂഹങ്ങളായി ഇതിൽ  പരക്കുവാൻ  തുടങ്ങി. പലരുടേയും ഒത്താശകളുടെയും ചെയ്തു കൊടുത്ത സൗകര്യങ്ങളുടെയും കഥകൾ  പതുക്കെ മറ നീക്കി പുറത്തു വരാൻ  തുടങ്ങിയപ്പോഴേക്കും നിറയെപ്പേർക്ക് ഇരിക്കപ്പൊറുതി നഷ്ടപ്പെടുവാൻ  തുടങ്ങി. ആദർശത്തിന്റെ പൊയ്മുഖം വച്ച ഭരണ പ്രതി പക്ഷങ്ങൾക്ക് നീറിത്തുടങ്ങി.

മുളളിനെ മുളളു കൊണ്ടു തന്നെയെടുക്കു. ഫാൽക്കൻ ഗ്രൂപ്പിന്റെ ഇതുവരെയുളള എല്ലാ നിർമ്മിതികളുടെയും ചരിത്രങ്ങളും സ്കെച്ചും, ബ്ലൂ പ്രിന്റുകളും എല്ലാം എബിയുടെ മേശപ്പുറത്തെത്താൻ വലിയ താമസമുണ്ടായില്ല. മറ്റേതൊരു ബിൽഡർമാരെയും പോലെ തന്നെ ചട്ടലംഘനങ്ങളുടെ  ഒരു നീണ്ട ലിസ്റ്റായിരുന്നു അത്. ആശ്വാസത്തോടെ അത് മാറ്റിവച്ചു.

പ്രധാന ചാനൽ മുതലാളിമാരുമായി ചില ചർച്ചകൾ, അതായിരുന്നു അവന്റെ അടുത്ത പടി. ഒന്നു രണ്ടു  ചർച്ചകൾ കൊണ്ടു തന്നെ കാര്യങ്ങൾ  പതുക്കെ അവന്റെ  പരിധിയിലേയ്ക്കു എത്തിത്തുടങ്ങി. ഓഫറുകൾ സ്വീകരിച്ച അവർ, പതിയെ കയ്യേറ്റ വാർത്തകളുടെ അക്ഷരങ്ങളുടെ വലുപ്പം ചെറുതാക്കാൻ തുടങ്ങി. അപ്പോഴും ശക്തിയായി പ്രചരണം നടത്തിക്കൊണ്ടിരുന്ന ഫാൽക്കൻ ചാനൽ, അവരുടെ കൈയ്യേറ്റം മറ്റു ചാനലുകളിൽ  തെളിവു സഹിതം വരുന്ന വാർത്തകൾ കണ്ടു ഞെട്ടി. അതെല്ലാം ചാനലുകാർ  ഊതിപ്പെരുപ്പിച്ച വളരെ ഭീമാകാരമായ നിലയിലേയ്ക്കെത്തിച്ചു.

നില്ക്ക വയ്യാതെ എല്ലാം ഒരു കോംപ്രമൈസ് എന്ന നിലയിൽ ഫാൽക്കൻ  ഗ്രൂപ്പ് എത്തി. ചാനലുകളിലെ വാർത്തകൾ പതുകെ പിറകിലേയ്ക്കു പോയെങ്കിലും ജനങ്ങൾക്കിടയിൽ അതൊരു വലിയ സംസാര വിഷയം തന്നെയായിരുന്നു. പല നേതാക്കളുടെയും പേരുകൾ ഒളിഞ്ഞ‍ു തെളിഞ്ഞും ഇതുമായി ബന്ധപ്പെട്ട് കേരള മനസിൽ നിന്നു കഴിഞ്ഞിരുന്നു അതു കൊണ്ടു തന്നെ ഈ വാർത്തകൾ പെട്ടെന്നു മാറ്റിവയ്ക്കൽ എളുപ്പമല്ല. എല്ലാവരും പേരിനായി മാത്രം ഇതിനെ ഒതുക്കി നിർത്താൻ ശ്രമിച്ചു.

നടുത്തെരുവിൽ പരസ്പരം ആരോപണ ശരങ്ങളെയ്യുന്ന ആദർശം മറയായി പിടിച്ച രാഷ്ട്രീയ മുതലാളിമാർക്ക്. തങ്ങളുടെ പേര് പുക മറയത്ത് തന്നെ നിർത്തുവാനുളള തത്രപ്പാടായിരുന്നു. പരസ്യക്കസർത്തു നടത്തുന്നതിനിടയിൽ അവർ രഹസ്യമായി ഇതെല്ലാം  കുഴിച്ചു മൂടുവാനുളള തന്ത്രങ്ങൾ മെനയുകയായിരുന്നു. ഇക്കാര്യത്തിൽ കൊടി വ്യത്യാസമോ, നയ വ്യത്യാസമോ ഇസങ്ങളോ ഒരു തടസ്സമായിരുന്നില്ല. കണ്ടാൽ പരസ്പരം കടിച്ചു  കീറുന്നവർ കാശെന്ന ഒരൊറ്റ ഉലക്കയിൽ  ഒരുമയോടെ സുഖിച്ചു കിടുന്നു.

കൊച്ചിയിൽ ചാർജ്ജെടുത്ത വിജയൻ നായർ. ജോലി ഭാരത്താൽ ശരിക്കും ബുദ്ധിമുട്ടി. തൃശൂരിലെ സാധാരണ ജോലിത്തിരക്കിൽ നിന്നും പുതിയ സ്ഥലത്തെ അഭൂതപൂർവ്വമായ തിരക്കുമായി പൊരുത്തപ്പെടാൻ ഇത്തിരി പാടായിരുന്നു. പക്ഷേ അദ്ദേഹം അതിനായി കൂടുതൽ പ്രയത്നിച്ച ഒപ്പമെത്താൻ  ശ്രമിച്ചു. ഓഫിസ് ജോലികൾ  ചിലതു വീട്ടിലേയ്ക്ക് മാറിത്തുടങ്ങിയപ്പോഴേക്കും മകളും ഭാര്യയും നീരസം കാട്ടുവാൻ  തുടങ്ങി. വീട്ടിലെ സന്തോഷകരമായ അന്തരീക്ഷം നഷ്ടപ്പെടുന്നു എന്ന പരിഭവമായിരുന്നു കാവേരിയ്ക്ക്.

‘മാറാലയിൽ പൊതിഞ്ഞ ചുവന്ന കെട്ടുമായ്, മുലയ്ക്കിരിപ്പതെന്നച്ഛൻ ;
വീട്ടിലിരിയ്ക്കുന്ന പാവം അമ്മയ്ക്കും കുഞ്ഞിനും കൂട്ടില്ലയാ നായരച്ഛൻ’

ഇങ്ങനെ മുറിക്കവിതയും പാടി കാവേരി  അദ്ദേഹത്തെ കളിയാക്കുമായിരുന്നു. അമ്മയും അവൾക്കൊപ്പം ഇടയ്ക്ക് കൂടും.

നായർ വീട്ടിലെത്തും മുൻപേ തന്നെ ഓഫീസിലെ പ്യൂൺ ഫ്രാൻസിസ് ചേട്ടൻ ഫയൽ  കെട്ടുകളുമായി എത്തും. രാവിലെ ഓഫീസിലേയ്ക്ക് പോകും വഴി അതെല്ലാം തിരികെ കൊണ്ടു പോകും. ഫ്രാൻസിസ് ചേട്ടൻ അണ് ആ ഓഫീസിലെ എല്ലാം. അയാൾ വിചാരിച്ചാൽ അവിടെ എല്ലാം വളരെ പെട്ടെന്നു നടക്കും. അങ്ങേരെ വകവയ്ക്കാതെ പോയാൽ  ഏതു ചെറിയ കാര്യം വളരെ നീണ്ടു പോകും. എല്ലാ സീനിയർ ഓഫീസർമാർക്കും പ്രിയപ്പെട്ടവൻ ആണ് കക്ഷി. അവരെ മണിയടിച്ചു പോക്കെറ്റിലാക്കി വയ്ക്കാൻ മിടുക്കനാണ്. ഓഫീസർമാരുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി അതൊക്കെ ചെയ്തു കൊടുക്കും. എക്സ്പീരിയൻസ് കൊണ്ടു അയാൾക്ക് ഓഫീസുമായി  ബന്ധപ്പെട്ട നിയമങ്ങളും നടപടി ക്രമങ്ങളും അതിലെ ഊടുവഴികളും മറ്റു നൂലാമാലകളും ഒക്കെ ഹൃദ്യസ്ഥമാണ്. അതുകൊണ്ടു തന്നെ അവിടെ എന്തു കാര്യം നടക്കണമെങ്കിലും ഇയാളുടെ നേർച്ചപ്പെട്ടിയിൽ  കാണിക്ക വീഴാതെ ഒന്നും സാധ്യമല്ല.

അങ്ങനെയിരിക്കെയാണ് കൊച്ചിയിലെ കൈയ്യേറ്റ് വിഷയം ഒരു കൊടുങ്കാറ്റ്പോലെ കേരളത്തിൽ ഉയർന്നു വന്നത്. തൽക്കാലം അതൊന്നു തണുത്തെങ്കിലും അതിപ്പോഴും ആളുകളുടെ മനസ്സിൽ നിന്നു പോയിട്ടില്ല. പ്രതിപക്ഷ കക്ഷികൾ  സിബിഐയ്ക്ക് ഈ കൈയ്യേറ്റ വിഷയം കൈമാറണമെന്ന് അലമുറയിട്ടു കൊണ്ടിരിക്കുന്നു. ഭരണപക്ഷം ഇതിൽ  ക്രമക്കേട് ഒന്നും നടന്നിട്ടില്ല അതുകൊണ്ടു അന്വേഷണം ഒന്നും‌‌‌ ആവശ്യമില്ല എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു.

സമര വേലിയേറ്റങ്ങൾക്കിടയിലും ഭരണ– പ്രതിപക്ഷങ്ങൾ  ധാരണയിൽ എത്തിയിരുന്നു. നാട് വിറപ്പിച്ച സമര കോലാഹലത്തിന്റെ ക്ലൈമാക്സ് ആകുമ്പോൾ സർക്കാർ  ഒരു അന്വേഷണം പ്രഖ്യാപിക്കും. അതോടെ സമര‌ങ്ങൾ അവസാനിപ്പിക്കും. പിന്നെയെല്ലാം നേതാക്കളുടെ കൈകളിൽ ഭദ്രം. അവർ തീരുമാനിക്കും പോലെ കാര്യങ്ങൾ നടക്കും. കണ്ണിൽ പൊടി വീണ പൊതുജനം സ്വയം കണ്ണടച്ച് ഇരുട്ടാക്കിക്കൊളളും.

പ്രതീക്ഷി‌ച്ച  പോലെ തന്നെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളം കലക്ടർ മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തെ തഹസിൽദാർ വിജയൻ നായർ  നയിക്കും. സർവ്വേയും റവന്യൂവും ഉൾപ്പെടെയുളള വകുപ്പുകൾ ഈ സംഘത്തിൽ  ഭാഗമാകും. മൂന്നു മാസം കൊണ്ടു ഇവർ  പരാതി ലഭിച്ച മുഴുവൻ  കൈയ്യേറ്റ സ്ഥലങ്ങളും സന്ദർശിച്ചു. വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കണം. ഇവർ  കണ്ടെത്തുന്ന അപാകതകൾക്കു അനുസൃതമായി സർക്കാർ നടപടിയെടുക്കും.

അതോടൊ എല്ലാ കോലാഹലങ്ങൾക്കും ഒരു താൽക്കാലിക വിരാമമായി. ഭരണ–പ്രതിപക്ഷങ്ങൾ നേരെ ചൊവ്വേ ശ്വാസമെടുക്കാൻ തുടങ്ങി. ഇനി തങ്ങളുടെ ചൊൽപ്പടിക്കു നിക്കുന്ന ആളുകളെ ഈ സംഘത്തിൽ തിരുകിക്കയറ്റണം. എന്നിട്ട് വേണം എല്ലാ കാര്യങ്ങളും അനുകൂലമാക്കിയെടുക്കാൻ. റിപ്പോർട്ടിൽ ഒരു വരിയെങ്കിലും പ്രതികൂലമായി വന്നാൽ ഈ വിഷയം നിയമ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നും, അങ്ങനെ വന്നാൽ എല്ലാ കൈവിട്ടു പോകുമെന്നും അവർക്ക് നന്നായറിയാം. അത് കൊണ്ടു എല്ലാം വളരെ ആസൂത്രിതമായി ചെയ്തു.

വാർത്തകൾ  കണ്ടു എബിസിയുടെ ഫ്ലാറ്റ്  ഉടമകൾ പരിഭ്രാന്തരായി. ഏറെ നാൾ ഉളളിൽ ഒതുക്കി പിടിച്ച വിഷമങ്ങളെല്ലാം മറനീക്കി പുറത്തുവന്നു. പലരും നുളളിപ്പെറുക്കിയും ലോണെടുത്തുമൊക്കെ ഒരായുസിൽ സമ്പാദിച്ചതെല്ലാം കൈവിട്ടു പോകുമെന്ന ആശയങ്കയിലായിരുന്നു. അവരെല്ലാം ഒത്തുകൂടി. വാർത്തകൾ പുറത്തു വരാത്ത വിധം എബി അവരെ ഫ്ലാറ്റുകളിൽ തന്നെ ചെന്നു കണ്ടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അവന്റെ‌ ഉറപ്പു ഒന്നു മാത്രമായിരുന്നു ; ഒരാളുടെയും ഫ്ലാറ്റ് നഷ്ടപെടില്ല. അങ്ങനെ ഒരു സന്ദർഭം വന്നാൽ  എല്ലാവർക്കും അവർ  മുടക്കിയ കാശും അതിന്റെ പലിശയും ചേർത്തു മടക്കി നൽകും. സാമ്പത്തികമായി എബിസിയുടെ ശക്തി അറിയുന്നവർ ആ മറുപടിയിൽ തൃപ്തരായിരുന്നു.

വിജയൻ പ്രത്യേക സംഘത്തിന്റെ തലവനായ വാർത്ത കാവേരിയ്ക്കും അമ്മയ്ക്കും അത്രയ്ക്കു സുഖമുളളതായിരുന്നില്ല. ഇപ്പോഴുളളതിനേക്കാൾ  ജോലിഭാരം കൂടുന്നത് മാത്രമല്ല അവർക്ക് അദ്ദേഹത്തെ ഫ്രീയായി കിട്ടില്ലെന്നും ഭയപ്പെട്ടു. വിവാഹ ദിവസം അടുക്കുന്തോറും നായർ കൂടുതൽ തിരക്കിലായാൽ  എല്ലാ കാര്യങ്ങളും അവതാളത്തിലാവും. പക്ഷേ ഒന്നും ചെയ്യുക സാധ്യമല്ല. ആകെ ചെയ്യാവുന്നത് ഏൽപ്പിച്ച ജോലി പെട്ടെന്നു ചെയ്തു തീർക്കുക എന്നത് മാത്രമാണ്.

കലക്ടർ  ഈ ദൗത്യ സംഘത്തിന്റെ ആദ്യ യോഗം വിളിച്ചു കർമ്മ  പരിപാടികൾ  വിശദീകരിച്ചു. കൂടെ ചെയ്യേണ്ട കാര്യങ്ങൾ  അക്കമിട്ടു നിരത്തി. വിജയൻ നായർ, തങ്ങൾ ചെയ്യേണ്ട കാര്യങ്ങളുടെ മുൻഗണന ക്രമം ബാക്കിയുളളവർക്ക് വിശദീകരിച്ചു നൽകി. പരാതി ആദ്യം ഉയർന്ന എബിസിയുടെ രണ്ടു സമുച്ചയങ്ങൾ  പരിശോധിക്കണം. കോർപറേഷനിൽ  അവർ സമർപ്പിച്ച സ്ഥലത്തിന്റെ  സ്കെച്ചും മാപ്പും ഇപ്പോഴുളളതും തമ്മിലുളള വ്യത്യാസങ്ങൾ റി– സർവ്വേ നടത്തി കണ്ടെത്തണം. സർക്കാർഭൂമി കൈയ്യേറ്റവും മറ്റേതെങ്കിലും ലംഘനങ്ങൾ  ഉണ്ടോയെന്നും കൂടെ പരിശോധിക്കണം. ജനകീയ ശ്രദ്ധയുളള കേസ് ആയതിനാൽ കൂടുതൽ  ജാഗ്രത വേണമെന്നു മറ്റുളളവരെ ഓർമ്മപ്പെടുത്തുകയും ചെയ്തു. മാത്രമല്ല സംഘത്തിന്റെ പ്രവർത്തനത്തിന്റെ യാതൊരു വിശദാംശങ്ങളും ചോരാതെ രഹസ്യമായിരിക്കണമെന്നു പ്രത്യേകം നിഷ്കർഷിച്ചു.

ആദ്യ റി– സർവ്വേയിൽ  തന്നെ വ്യക്തമായ കൈയ്യേറ്റം കണ്ടെത്തി. പക്ഷേ അതെല്ലാം സർവ്വേ റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ  തൽകാലം മാറ്റിവച്ചു. വ്യക്തമായ നിർദേശം ലഭിച്ചിരുന്നത് കൊണ്ടു റി–സർവ്വേ അതിന്റേതായ പഴുതുകൾ ബാക്കി വച്ചുകൊണ്ടാണ് നടക്കുന്നത്. കൈയ്യേറ്റക്കാരനു അനുകൂലമായി എങ്ങും തൊടാത്ത രീതിയിലുളള റിപ്പോർട്ട്  ആണ് ആവശ്യം.

സംഘത്തിലെ ആളുകളുടെ ഇത്തരം പ്രവർത്തനം വിജയൻ നായരെ വല്ലാതെ ചൊടിപ്പിച്ചു. അദ്ദേഹം എല്ലാവരോടും കൃത്യമായ റിപ്പോർട്ട് നൽകാൻ കർശന നിർദേശം നൽകി. ആരുടേയും പേരോ പെരുമയോ നോക്കാതെ കാര്യങ്ങൾ  വ്യക്തമായി അവതരിപ്പിച്ചു റിപ്പോർട്ട് നൽകണം. സത്യസന്ധതയോടെ മാത്രമേ താൻ അന്തിമ റിപ്പോർട്ട്  സർക്കാരിനു സമർപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു വച്ചു.


ഈ നിലപാട് സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളിലും അസ്വസ്തത ഉണ്ടാക്കി. അവരെ ഇതിൽ ഉൾപ്പെടുത്തിയിരുന്ന രാഷ്ട്രീയ മേലാളന്മാരുടെ നിർദേശത്തിന്റെ നേർ വിപരീതമാണ് ഇപ്പോൾ  ആവശ്യപ്പെടുന്നത്. ഇതു ആർക്കും സ്വീകാര്യമല്ല. പക്ഷേ അത് നായരോട് പറയാനുളള ധൈര്യവുമില്ല.

ഓരോ ദിവസത്തെയും പരിശോധനകളുടെ റിപ്പോർട്ട് നായർക്കു കിട്ടുന്നതിനു മുൻപേ തന്നെ പുറത്തുളള പലർക്കും ലഭിച്ചു കൊണ്ടിരുന്നു. അവരുടെ നിർദേശങ്ങൾ പലതും അതിലുൾപ്പെടുത്തി മാത്രമേ നായർക്കു സമർപ്പിക്കാറുണ്ടായിരുന്നത്. അതിലെ പിഴവുകൾ മിക്കതും നായർ, സമർപ്പിക്കുന്നവരുടെ മുന്നിൽ  വച്ചു തന്നെ തിരുത്തുമായിരുന്നു. അത് നായരോടുളള നീരസം വർധിപ്പിച്ചു. അവരതു തങ്ങളുടെ യജമാനന്മാരോട് ബോധിപ്പിച്ചു. തങ്ങൾ  അനുകൂലമായി ചെയ്യുന്നതെല്ലാം  തിരുത്തിക്കൊണ്ടാണ് വിജയൻ സ്വീകരിക്കുന്നതെന്നും അങ്ങനെ ഒരു അന്തിമ റിപ്പോർട്ട് വന്നാലത്  ദോഷകരമായി മാറുമെന്നും. കീഴുദ്യോഗസ്ഥർ  എന്ന നിലയിൽ  അവർക്ക് എന്തെങ്കിലും നായരോട് പറയാൻ സാധിക്കുകയുമില്ല.

പ്യൂൺ ഫ്രാൻസിസിനെ വരുത്തി എബിസിക്കാർ  നായരെ വരുതിയിലാക്കാനുളള വഴികൾ  അന്വേഷിച്ചു. ഒന്നിനും അടിമപ്പെടുന്ന ആളല്ല നായർ  എന്നു അയാൾ പറഞ്ഞെങ്കിലും ഒന്നു കൂടെ ശ്രമിച്ചു നോക്കാം എന്നും പറഞ്ഞു. ലഭിച്ചേക്കാവുന്ന കൈമണി സംഖ്യ ഓർത്തു അയാൾക്ക് ശ്രമിക്കാതിരിക്കാൻ  ആവില്ലായിരുന്നു.

നേർവഴിക്കു കാര്യം പറഞ്ഞാൽ  നായരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നു ഏകദേശ ധാരണയുളളത് കൊണ്ടു വളഞ്ഞ വഴിക്ക് ഒന്നു രണ്ടു തവണ സൂചിപ്പിച്ചു നോക്കി.  അതിലൊന്നും നടക്കില്ല എന്നു തോന്നിയത് കൊണ്ടു ഫ്രാൻസിസ് രണ്ടും കൽപ്പിച്ചു നേരിട്ടു കാര്യം പറഞ്ഞു. അതിനു നായരുടെ ലഘുമറുപടിയും അപ്പോൾ  തന്നെ കിട്ടി.

‘‘എനിക്കറിയാം ഇതിൽ  പലർക്കും പല താല്പര്യങ്ങളും ഉണ്ടെന്നു, അതിൽ ഏറെ പേരും ഉന്നതരുമാണ്. പക്ഷേ ഞാൻ  ചെയ്യുന്നത് വളരെ സത്യസന്ധമായി മാത്രമേ ചെയ്യുകയുളളൂ. ഒരാളുടെയും ശുപാർശകളോ മറ്റോ ഞാൻ സ്വീകരിക്കില്ല. എന്നെ ഏൽപ്പിച്ച ജോലി വളരെ  കൃത്യമായി തന്നെ ചെയ്തു തീർക്കും. ഏറെ നാൾ ഇനി ജോലി ചെയ്യണം എന്ന താൽപര്യവും ഇല്ല, മോളുടെ കല്യാണശേഷം ജോലിയൊക്കെ മതിയാക്കി മുഴുവൻ  സമയം ഓർഗൻ ഫൗണ്ടേഷൻ പ്രവർത്തനങ്ങളൊക്കെയായി നടക്കണം എന്നാണു ആഗ്രഹം. അതിനു മുൻപ് ഇതു വളരെ മാന്യമായി ചെയ്തു തീർക്കണം.’’

ഈ വിവരം കൃത്യമായി തന്നെ എബിയുടെ ചെവിയിലെത്തി. റവന്യൂ മന്ത്രിയുമായി അവൻ  ബന്ധപ്പെട്ടു കാര്യങ്ങളുടെ ഗൗരവം പറഞ്ഞു. ഇക്കണക്കിനു പോയാൽ  കാര്യങ്ങൾ  ഉദ്ദേശിച്ച പോലെ നടക്കില്ല. മാത്രമല്ല എല്ലാം കൈവിട്ടു  പോവാനും സാധ്യത ഉണ്ടെന്നും മനസ്സിലാക്കി.

ആർക്കും ഇതിൽ ഒരു ഡയറക്റ്റ് ഇൻവോൾമെന്റ് പറ്റില്ല. അങ്ങനെയായാൽ അതൊരു വാർത്തയാകും. നായരെ സാധാരണമായ പരിതസ്ഥിതിയിൽ  നേതൃത്വത്തിൽ  നിന്നും മാറ്റുവാനും സാധ്യമല്ല. മാത്രമല്ല അദ്ദേഹത്തിന്റെ‌ ദേഹത്ത് ഒരു കൊതുക് കടിച്ചാൽ പോലും അതും സംശയദൃഷ്ടിയോടെയെ ജനങ്ങൾ  കാണൂ.

കക്ഷിഭേദമന്യേ എല്ലാ യൂണിയൻ നേതാക്കൾക്കും കർശന നിർദേശം  പോയി. വിജയൻ നായരുമായി സഹകരിക്കാതിരിക്കുക അങ്ങനെ അദ്ദേഹത്തെ ഒറ്റപ്പെടുത്തുക. കൂടാതെ അദ്ദേഹത്തിനെ കഴിയുന്നത്ര ഒഫിഷ്യൽ  കാര്യങ്ങളിൽ നിന്നും ഒഴിവാക്കുക. അദ്ദേഹവുമായി സഹകരിക്കുന്ന എല്ലാവർക്കും എതിരെ കർശന നടപടിയെടുക്കു.

നായരുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ വളരെ ബുദ്ധിമുട്ടേറിയ ഒരവസ്ഥയിൽ  എത്തിച്ചേർന്നും. തന്റെ ഓഫിസിലെ പലരും കണ്ടാൽ മിണ്ടാത്ത അവസ്ഥ വരെയെത്തി. ആരും ഒന്നിനും സഹകരിക്കാതെ എല്ലാം തന്നെത്താൻ ചെയ്യേണ്ട കാര്യങ്ങളായി മാറി. സ്വഭാവികമായി കാര്യങ്ങൾക്കൊക്കെ ഒരു മന്ദത വരുവാൻ  തുടങ്ങി. ഇഴയുവാൻ തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങി. കൂടാതെ മേലുദ്യോഗസ്ഥർ മുതൽ മന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുളളവരിൽ  നിന്നുമുളള ശക്തമായ സമ്മർദവും. ജീവിതതാളം തെറ്റുവാൻ  തുടങ്ങി. അത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും സ്വഭാവത്തിലും പ്രകടമായി. പതിവിലും വിപരീതമായി. കോപം കൂടുതലായി മാറി ആ മനുഷ്യനിൽ. എല്ലാത്തിനെയും ചെറുത്തു നിൽക്കുക എന്ന ദൃഢനിശ്ചയം, പതുക്കെ ഇളക്കം തട്ടുവാൻ  തുടങ്ങി. പക്ഷേ പെട്ടെന്നു തോറ്റു കൊടുക്കാനുളള മനസ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഇളകുന്നുണ്ടെങ്കിലും പെട്ടെന്നു വീഴില്ല. അതാണ് എബിയുടെ ഓഫീസിലെത്തിയ ഫ്രാൻസിസ് പറഞ്ഞതും. വർത്തമാനങ്ങൾക്കിടയിൽ  മറ്റൊന്നു കൂടെ അയാൾ  പറഞ്ഞു. മകളുടെ കല്യാണ ആവശ്യങ്ങൾക്കായി നായരുടെ ഒരു സ്ഥലം വില്പന നടക്കാനുണ്ട്. നായരിൽ നിന്നും മനസ്സിലാക്കിയ ബ്രോക്കറുടെയും മറ്റും വിവരങ്ങൾ  അയാൾ  പറഞ്ഞു. വിവാഹം അടുത്തെത്തിയതു കൊണ്ടു നായർ  വളരെ പ്രതീക്ഷയോടെ നോക്കുന്ന ഒന്നാണീ കച്ചവടം.

എബിയെ പോലൊരു കച്ചവട– കുശാഗ്ര ബുദ്ധിക്കാരന് ഇത്രയും വിവരങ്ങൾ  ധാരാളമായിരുന്നു. അകപ്പെട്ട കുടുക്കിൽ  നിന്നും രക്ഷപ്പെടാൻ എന്തു മാർഗ്ഗവും സ്വീകാര്യമായിരുന്നു.

ഗുണ്ട് ഗംഗാധരന്റെ അപ്രതീക്ഷിത സന്ദർശനം നായർക്ക് ഒരത്ഭുതമായിരുന്നു. ചായ കൊടുക്കുന്നതിനിടയിൽ  ഭാര്യ തമാശയായി ചോദിക്കുകയും ചെയ്തു. ‘എന്താ ഗംഗേട്ടാ പെട്ടെന്നു എറണാകുളത്തിന്, ഇവിടെ വല്ല പൂരോം കാണാൻ  വന്നതാണോ ? ’

ചിരിച്ചുകൊണ്ട് ഗുണ്ട് പറഞ്ഞു ‘പൂരം കാണാൻ  മാത്രമേ  ഇങ്ങോട്ടു വരാൻ  പാടുളളൂ എന്നുണ്ടോ ? ഞാൻ മെട്രോ റെയിലിന്റെ പണികൾ   എന്തോരം ആയിന്നു നോക്കാൻ വന്നതാ, ഈയിടെയായി ശ്രീധരന് ഒന്നിലും ഒരു ശ്രദ്ധയില്ല. നമുക്കങ്ങനെ ആവാൻ പറ്റൂലാല്ലോ’

വന്ന കാര്യം ഗംഗാധരൻ  വിശദീകരിച്ചു. പറഞ്ഞുറപ്പിച്ച സ്ഥലക്കച്ചവടത്തിൽ നിന്നും അഡ്വാൻസസ്  തന്നവർ  പിന്മാറി. അവർക്ക് പ്രതീക്ഷിച്ച പോലെ കാശു തരപ്പെടുത്താൻ  പറ്റുന്നില്ല. ബിസിനസിൽ എന്തൊക്കയോ പ്രശ്നങ്ങൾ  വന്ന കാരണം അവരാകെ സാമ്പത്തിക പ്രശ്നത്തിലാണ്. കരാർ പ്രകാരം തന്നെ അഡ്വാൻസ് തുക രണ്ടു ലക്ഷം രൂപ മടക്കി വേണ്ട.

എല്ലാം നിർവികാരതയോടെ കേട്ടു നിന്ന നായർ  കുറച്ചു നേരം മൗനത്തിലായി. അടുത്തു നിന്നിരുന്ന ഭാര്യ അദ്ദേഹത്തിന്റെ മുഖത്തു നിന്നും രക്തം വാർന്നു പോയി വിളറി വെളുക്കുന്നത് ശ്രദ്ധിച്ചു. അവർ  ഗുണ്ടിനോട് മറ്റൊരു ആവശ്യക്കാരനെ വേഗത്തിൽ ലഭിക്കാനുളള സാധ്യത ആരാഞ്ഞു.

‘ഞാൻ നോക്കണ്ട് പലോടത്തുന്നും, കിട്ടുന്ന് തന്യാ പ്രതീക്ഷ …. ഇവിടെ എറണാകുളത്തെ രണ്ടൂന്ന് ആളോടും പറഞ്ഞിട്ടുണ്ട്. അവർക്ക് നല്ല കണക്ഷൻസാണ് ഇവിടെ, ഞാൻ രണ്ടുസം നിന്ന് ചില്ലറ ആളോളെ കാണാന്നു വച്ചേക്കുവാണ്. ഇതിപ്പോ അർജന്റ് അല്ലെ, നിക്കാണ്ട് പറ്റില്ല്യ.’’
ഇതെല്ലാം കേട്ടു നിന്നിരുന്ന നായർ  പറഞ്ഞു.

‘ഗംഗാ, ആളെ നീ നോക്ക് പക്ഷേ ഈ അവസാന നിമിഷത്തിൽ എല്ലാം എടിപിടീന്നു നടക്ക്വോ ? ആ അഡ്വാൻസ് മടക്കിക്കൊടുക്കണം. അതിനു ഈ കച്ചോടം നടന്നാലേ പറ്റൂ. നമുക്കെന്തിനാ വല്ലോരുടെം കാശ്, അതുണ്ടാക്കിയ അവരുടെ കഷ്ടപാട് അവർക്കറിയാം. എന്തായാലും നമ്മുടെ അത്യാവശ്യം അറിഞ്ഞു. വരുന്നവർ വില വല്ലാതെ കുറയ്ക്കാതെ നോക്കണം നീ.’’

എല്ലാം നോക്കിയും കണ്ടും ചെയ്തോളാം എന്നും പറഞ്ഞു ഗുണ്ട്  പോകുവാൻ തുടങ്ങി. യാത്രയാക്കാൻ എഴുന്നേറ്റ നായർ  വേച്ചു കൊണ്ടു മുന്നോട്ടെക്കാഞ്ഞു ഭിത്തിയിൽ പിടിച്ചു. ബോധരഹിതനായി വീഴുന്നതു കണ്ടു ഭാര്യ കരഞ്ഞു കൊണ്ടു ഓടിയടുത്തു പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും അദ്ദേഹം താഴെ വീണിരുന്നു. ശ്വാസമെടുക്കാൻ  കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ദേഹമാസകലം വിയർത്തു കുളിച്ചിരുന്നു.  അമ്മയുടെ നിലവിളി കേട്ടു ഓടിവന്ന കാവേരി വെളളം മുഖത്തു തളിച്ചെങ്കിലും അദ്ദേഹം കണ്ണ് തുറന്നില്ല. അവർ പരിഭ്രമിച്ചു നിന്നിരുന്ന സമയം കൊണ്ടു ഗംഗാധരൻ ഒരു കാർ സംഘടിപ്പിച്ചു കൊണ്ടു വന്നു. അവരതിലേയ്ക്ക് നായരെ താങ്ങിക്കയറ്റി.

കാർഡിയാക് അറസ്റ്റ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ നായരെ പെട്ടെന്നു തന്നെ എമർജൻസി ഐസിയു–വിലെയ്ക്ക് പ്രവേശിപ്പിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഐസിയുവിൽ  നിന്നു പുറത്തേയ്ക്ക് വന്ന ഡോക്ടർ പറഞ്ഞു. തൽക്കാലം അദ്ദേഹത്തിന്റെ നില സ്റ്റേബിൾ ആണെന്നും പക്ഷേ ഏതാനും ദിവസത്തെ ഇന്റൻസീവ് കെയറിങ്ങ് വേണമെന്നും. ക്ലോസ് മോണിട്ടെറിങ്ങ് നടത്തിയില്ലെങ്കിൽ ചിലപ്പോൾ  ഒരു ഹാർട്ട് അറ്റാക്കിനുളള സാധ്യതയുമുണ്ട്. അത് വരാതെ നോക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം, വന്നു കഴിഞ്ഞാൽ ഒന്നും പ്രവചിക്കാൻ എളുപ്പമല്ല. അത് കൊണ്ടു എല്ലാ കാര്യങ്ങളും വളരെ കൃത്യമായി നോക്കുന്നുണ്ട്. മറ്റു കോംപ്ലികേഷൻസ് ഒഴിവാക്കാൻ ഐസിയു തന്നെയാണ് ഇപ്പോൾ  നല്ലത്.

തല്ക്കാലത്തെക്കെങ്കിലും കാവേരിയുടെയും അമ്മയുടെയും ശ്വാസം പതുക്കെ സാധാരണ നിലയിലേക്ക് മാറുവാൻ തുടങ്ങി. എങ്കിലും അവർ ഇതിന്റെ ആഘാതത്തിൽ നിന്നും പൂർണ്ണ മുക്തി നേടിയില്ല. നിറ കണ്ണുകളോടെ പരസ്പരം ആശ്വസിപ്പിച്ചു അവർ ഐസിയുവിന്റെ പുറത്തു കാത്തുനിന്നു.

കൗതുകത്തോടെയാണ് ഹോസ്പിറ്റൽ റിസപ്ഷനിൽ  ഡോക്ടർ ചെറിയാനെ കാത്തു നിന്നിരുന്ന എബി അദ്ദേഹത്തെയും കൂടെ സംസാരിച്ചു കൊണ്ടു നടന്നു വന്നിരുന്ന കാവേരിയും കണ്ടത്. അകലെ എബിയെ കണ്ട ഡോക്ടർ  ആഗ്യത്തിൽ ഇപ്പൊ വരാമെന്നു സൂചിപ്പിച്ചു കുറച്ചു നേരം കൂടെ കാര്യമായി അവളോടു സംസാരിച്ചു നിന്നു.

ഇരുവരും ക്ലബിലേക്ക് പോകും വഴി എബി ചോദിച്ചു. ‘അങ്കിൾ സംസാരിച്ചു കൊണ്ട് നിന്നിരുന്നത് വേൾഡ് വിഷൻ ടിവിയിലെ കുട്ടിയല്ലേ, കാവേരി ? അവൾക്കെന്താ അസുഖം, കൈയ്യിൽ  മരുന്നുകളും എന്തൊക്കെയോ റിപ്പോർട്ട്സുമെല്ലാം കണ്ടല്ലോ ? ’

ഡോക്ടറുടെ മറുപടി ; ‘ഓ നിന്റെ ലൈവ് ഇന്റർ  വ്യൂ ആ കുട്ടിയാണല്ലോ ആങ്കർ  ചെയ്തത്. ആ കുട്ടിക്കല്ല അസുഖം അവളുടെ അച്ഛൻ ഇവിടെ ഐസിയുവിൽ അഡ്മിറ്റാണ്. ഹി ഹാഡ് എ കാർഡിയാക് അറസ്റ്റ്. സ്റ്റിൽ  ഇൻ എ സെൻസിറ്റീവ് സിറ്റ് വേഷൻ. മിസ്റ്റർ വിജയൻ  നായർ… സച്ച്  എ ജെം ഓഫ് എ പെർസൺ. വളരെ നല്ലൊരു മനുഷ്യൻ, അങ്ങേർക്കു നല്ലതു മാത്രം വരട്ടെ.

ഡോക്ടർ  വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എബി എല്ലാം കേട്ടു കൊണ്ടിരുന്നു.

ക്ലബിൽ  നിന്നും വീട്ടിലെത്തിയ എബി ഏറെ നേരം ചിന്തയിലായിരുന്നു. മമ്മ കൊടുത്ത ജ്യൂസും കുടിച്ചു തീർത്തു അവൻ  ഫോണെടുത്തു ആരെയോ ഡയൽ  ചെയ്തു. റവന്യൂ മന്ത്രിയുടെ പിഎസ് ആയിരുന്നു  മറുതലയ്ക്കൽ.

‘രഘു സാറേ, എനിക്കു അത്യാവശ്യമായി മിനിസ്റ്ററോടൊന്നു സംസാരിക്കണം. ലേറ്റ് ആണെന്നറിയാം എങ്കിലും ഇപ്പൊ സാധിക്കുമോ ?’

വെയിറ്റ് ചെയ്യൂ എന്നുളള മറുപടി കേട്ടു അവൻ ഫോൺ ഹോൾഡ് ചെയ്തു. കുറച്ചു നേരം കഴിഞ്ഞു. അപ്പുറത്ത് മന്ത്രിയുടെ ശബ്ദം മുഴങ്ങി.

‘എന്താടോ ഈ പാതിരാത്രി അത്രയ്ക്കു അർജന്റ്, താൻ പറയു.’

അവൻ  കാര്യം അവതരിപ്പിച്ചു.

സാറെ, തഹസിൽദാർ വിജയൻ  നായർ  ഐസിയുവിൽ അഡ്മിറ്റ് ആണ്. ഹാർട്ട് അറ്റാക്ക്. ഈയൊരു  ചാൻസിൽ നമുക്ക് അങ്ങേരെ ട്രാൻസ്ഫർ  ചെയ്യാൻ പറ്റില്ലേ ? ഇപ്പോൾ  ആണെങ്കിൽ അങ്ങേരുടെ ‘ക്രിട്ടിക്കൽ  ഹെൽത്ത്’ ട്രാൻസ്ഫെറിനു ഒരു റീസൺ ആക്കാൻ പറ്റില്ലേ ?

ടൈം ഫ്രെയിം ഉളള ജോലിയായതു കൊണ്ടു ഇതിന്റെ റിപ്പോർട്ട്  വൈകാൻ പാടില്ല. അതുകൊണ്ടു ഈ ആരോഗ്യ സ്ഥിതി മോശമായ അവസ്ഥയിൽ  മറ്റൊരാളെ വച്ചു തീർക്കാനുളള സാധ്യത നോക്കാമെന്നും പറഞ്ഞു ആ സംഭാഷണം അവസാനിച്ചു.

ഏതാനും ദിവസങ്ങൾക്കുശേഷം നായരെ മുറിയിലേയ്ക്ക് മാറ്റിയെങ്കിലും കൂടുതൽ  സംസാരവും ആയാസപ്പെട്ടുളള ഒന്നും പാടില്ല എന്ന കർശന നിഷ്കർഷയുമുണ്ട്. ആദ്യം വന്ന സന്ദർശകൻ ഫ്രാൻസിസ് ആയിരുന്നു. അതിനു മുൻപ് അയാൾ വന്നിരുന്നെങ്കിലും നായരെ കാണാൻ  സാധിച്ചിരുന്നില്ല.  ലീവ് അനുവദിച്ച കാര്യം പറയുന്നതിനിടെ അയാൾ  നായരെ അന്വേഷണ സംഘത്തിന്റെ ചുമതലയിൽ നിന്നും മാറ്റിയ കാര്യം പറഞ്ഞു. കൂടാതെ അദ്ദേഹത്തെ തിരിച്ചു തൃശൂർക്ക് സ്ഥലം മാറ്റിയതായും പറഞ്ഞു. മൂച്വൽ  ട്രാൻസ്ഫർ ആണുപോലും. ഓർഡർ  കൈയ്യിൽ  കിട്ടുമ്പോൾ എത്തിച്ചു തരാമെന്നും പറഞ്ഞു.

ഫ്രാൻസിസ് പറഞ്ഞത് ശരിക്കും നായർക്ക് വലിയ ആശ്വാസകരമായ വാർത്തയായിരുന്നു. വൻ  സമ്മർദത്തിൽ നിന്നുളള ഒരു രക്ഷപെടൽ ആയിരുന്നു അത്. അദ്ദേഹത്തെക്കാൾ  ആശ്വാസം ഭാര്യയ്ക്കും കാവേരിക്കുമായിരുന്നു. തിരിച്ചുപോക്ക് അവരെയെല്ലാവരെയും പഴയ പോലെയാക്കുമെന്നു അവർ വിശ്വസിച്ചു.

റൗണ്ട്സിനു വന്ന കാർഡിയോളജിസ്റ്റ് എല്ലാ നോർമൽ  ആയിക്കൊണ്ടിരിക്കുന്നു. എങ്കിലും രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്നും പറഞ്ഞു. പുറകെ തന്നെ ഡോക്ടർ  ചെറിയാനും വന്നു അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയാൻ. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം പോകുന്ന വേളയിൽ കാവേരിയുടെ കല്യാണം ക്ഷണിക്കാൻ മറക്കരുതെന്നും അവളെ ഓർമ്മപ്പെടുത്തി. ചിരിച്ചു കൊണ്ടു അവളും സമ്മതിച്ചു.

ഡിസ്ചാർജ് ദിവസം രാവിലെ ഗംഗാധരൻ  ആവേശത്തോടെ ഒരു സ്ഥലവില്പന കരാറുമായി വന്നു. നായരെ കൊണ്ടു ഒപ്പിടുവിക്കുവാൻ. അയാൾ  മറ്റൊരു ആവശ്യക്കാരനെ കണ്ടുപിടിച്ചിരിക്കുന്നു. അന്നു തന്നെ കരാർ  ഒപ്പിട്ട് പകുതി തുക അഡ്വാൻസ് വാങ്ങണം. ബാക്കി തുകയും എഴുത്തുകുത്തുകളും എല്ലാം ഒരാഴ്ചകകമോ അതിനു മുൻപോ ; അതാണ് കരാർ. ഒപ്പിട്ട മുദ്രപത്രവുമായി പോയി അയാൾ അവരുടെ മടക്കയാത്രയ്ക്ക് മുൻപേ തന്നെ മടങ്ങിയെത്തി കൈയ്യിൽ  പറഞ്ഞുറപ്പിച്ച അഡ്വാൻസ് തുകയുമുണ്ടായിരുന്നു.

അങ്ങനെ മനസ്സിൽ നൊമ്പരപ്പെടുത്തുന്ന കൊച്ചി ഓർമ്മകളുമായി അവർ തിരിച്ചു, അവരുടെ മണ്ണിലേയ്ക്ക് ഉദ്യോഗവും സമ്മർദ്ദവും നിറഞ്ഞ വൻ നഗര ജീവിതം എല്ലാവരെയും വല്ലാതെ ഉലച്ചിരുന്നു. മനസ്സു തുറന്നു ചിരിക്കാൻ  പോലും മറന്ന നശിച്ച ദിവസങ്ങൾ. ഒരേ കൂരക്കുളളിലെങ്കിലും അദൃശ്യമായ ചിട്ടവട്ടങ്ങൾക്കുളളിലെ ജീവിതം, അവരുടെ മനം മടുപ്പിച്ചിരുന്നു. ഉലകിനെ കാക്കുന്ന ദേവന്മാർക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടു കൊച്ചിയോടവർ  മംഗളം ചൊല്ലി യാത്രയായി.

കൊച്ചിയിലും പല മനസ്സുകളിലും സന്തോഷം തിരതല്ലുകയായിരുന്നു. പലർക്കും പിരിമുറുക്കങ്ങളിൽ നിന്നും അയവു വന്ന അവസ്ഥ. മുന്നിലുണ്ടായിരുന്ന ഒരേയൊരു തടസ്സം മാറി തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന‌‌ ആളെ ലഭിച്ചതവർ കൊച്ചു കൊച്ചു ആഘോഷങ്ങളാക്കി മാറ്റി. കൈവിട്ടു പോവുമെന്ന് കരുതിയ പലതും തിരികെ കൈയ്യിലെത്തിയ സന്തോഷം.

മമ്മയ്ക്കുളള സമ്മാനം എന്നു പറഞ്ഞു എബി ഒരു കവർ  കൈയ്യിൽ  വച്ചു കൊടുത്തു. അത്ഭുതത്തോടെ അവരതു തുറന്നു നോക്കിയ ശേഷം ചോദിച്ചു,

‘ഇതെന്താ എബി ഇതിനു എന്റെ പേരിൽ  നീ അഡ് വാൻസ് കൊടുത്തത് ? കമ്പനി ആവശ്യത്തിനുളള സ്ഥലം സാധാരണ അതിന്റെ പേരിലല്ലേ വാങ്ങുന്നത്, ഇതെന്താ ഇപ്പൊ പുതിയ രീതി ?’

ചെറു പുഞ്ചിരിയോടെ എബി പറഞ്ഞു ..’ മമ്മാ, ഈ സ്ഥലം ഞാൻ എന്റെ പേരിലോ കമ്പനിയുടെ  പേരിലോ വാങ്ങാൻ പോയിരുന്നെങ്കിൽ ഇതു കിട്ടുമായിരുന്നില്ല. അത് കൊണ്ടാണ് ഞാൻ  മമ്മയുടെ പേരിൽ  വാങ്ങിയത്. തൽകാലം നമ്മുടെ കമ്പനിക്ക്  ഈ സ്ഥലം ആവശ്യമില്ല.’’

ഒന്നും മനസ്സിലാവാതെ മമ്മ വീണ്ടും ചോദിച്ചു, ‘അതെന്താ അങ്ങനെ ; എനിക്കൊന്നും മനസ്സിലായില്ല. ആവശ്യമില്ലാത്ത സ്ഥലം എന്തിനാ വെറുതെ  വാങ്ങിയത്. അത്രയും കാശ് ബ്ലോക്ക്  ആയില്ലേ വെറുതെ. ’’

ഇത്രയുമായപ്പോൾ എബി മമ്മയുടെ തോളിൽ  സ്നേഹ പൂർവ്വം പിടിച്ചു തന്റെ അടുത്തിരുത്തി. എന്നിട്ടു പറഞ്ഞു.

‘‘മമ്മാ ഇതു വാങ്ങിയതിനുളള കാരണം വളരെ പ്രധാനപ്പെട്ട ഒന്നാണ്, ഇതുവരെ ഞാൻ  വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതാണ്.’’

ഏതാനും ദിവസം മുൻപ് ഹോസ്പിറ്റലിൽ നിന്നും  ക്ലബിലേയ്ക്കു പോകും വഴി ഡോക്ടർ ചെറിയാൻ പറഞ്ഞ കാര്യങ്ങൾ  അവൻ മമ്മയോട് പറഞ്ഞു.

ലിവർ സിറോസിസ് വന്നു അത്യാസന്ന നിലയിലായ താൻ  ഡയാലിസിസ് വഴിയും ഭേദമാകില്ല എന്നറി‍ഞ്ഞു. അവസാന മാർഗ്ഗമായി ലിവർ  ട്രാൻസ് പ്ലാന്റ് സജ്ജസ്റ്റ് ചെയ്യുമ്പോൾ ഡോക്ടർ അങ്കിളിനു പോലും പ്രതീക്ഷയുണ്ടായി രുന്നില്ല അതിനു പറ്റിയ ഒരു ഡോണറിനെ കിട്ടുമോ എന്നത്. പക്ഷേ എനിക്കു വേണ്ടിയെന്ന പോലെ ഒരാൾ എവിടെയോ കാത്തിരുന്നിരുന്നു. അയാളുടെ കരൾ  പകത്തു നൽകുവാൻ. നിറഞ്ഞ മനസ്സോടെ അയാൾ  അതു പകുത്തു നൽകുകയും ഡോക്ടർ  അങ്കിൾ ഓഫർ ചെയ്തതെല്ലാം സ്നേഹ പൂർവ്വം നിരസിക്കുകയും ചെയ്തു. ഒരിക്കലും തന്റെ കരൾ  സ്വീകരിച്ചയാൾ ആരെന്നു പോലും അറിയേണ്ട എന്നു പറഞ്ഞ ആ മഹാനായ മനുഷ്യസ്നേഹി. തന്റെ പ്രൊഫഷണൽ സീക്രട്ട് ആ മനുഷ്യന്റെ അവസ്ഥ കണ്ടു ഡോക്ടർ അങ്കിൾ തന്നോടു പറഞ്ഞപ്പോൾ, മറിച്ചൊന്നും ചിന്തിക്കാനുളള സാധ്യത തന്നെ തനിക്കുണ്ടാവാൻ പാടില്ല. വിജയൻ നായർ  പകത്തു തന്ന അയാളുടെ കൂടെ ജീവിതമാണ് എബി ഇപ്പോൾ നിന്റേതു എന്നു അങ്കിൾ പറയുമ്പോൾ, ആ വാക്കുകൾ മുറിയുന്നതും ശ്വാസമിടിപ്പു കൂടുന്നതും ശ്രദ്ധിച്ചിരുന്നു.

ഇതെല്ലാം കേൾക്കുംമ്പോഴും പറയുമ്പോഴും ഇരുവരുടേയും മനസിലൂടെ ഓപ്പറേഷനും അനുബന്ധ കാര്യങ്ങളും ഒരു സിനിമയെന്ന പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാം കേട്ടു നിറഞ്ഞ കണ്ണുകളോടെ മമ്മ അവനോടു ചോദിച്ചു.

‘എന്നിട്ടാണോ നീ അദ്ദേഹത്തെ ഇവിടെ നിന്നും ട്രാൻസ്ഫർ  ചെയ്യാൻ മിനിസ്റ്ററോടു പറഞ്ഞത്. ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാ നീ അത് ചെയ്തത് ? ’’

അവനു അതിനു കൃത്യമായ മറുപടിയുണ്ടായിരുന്നു. ‘മമ്മാ, അദ്ദേഹം ഇവിടെ തന്നെയുണ്ടായിരുന്നെങ്കിൽ ഞാനല്ലാതെ മറ്റാരെങ്കിലും എന്തെങ്കിലും ചെയ്തേനെ. ഒരു പക്ഷേ ജീവനു പോലും എന്തെങ്കിലും സംഭവിച്ചേക്കാം. കട്ടും പറ്റിച്ചും ഉണ്ടാക്കിയ കോടികൾ നഷ്ടപെടുന്ന രാഷ്ട്രീയക്കാരും ഞങ്ങൾ ബിസിനെസുകാരും ഒരു ഭാഗത്ത് വളരെ സ്ട്രോങ്ങ് ആയിട്ടു നിൽക്കുമ്പോൾ, നായരെ പോലൊരു സത്യസന്ധനും സാധുവുമായ ഒരാൾക്ക് ഒന്നും ഒറ്റയ്ക്ക് െചയ്യാൻ സാധിക്കില്ല. ആഴ്ന്നിറങ്ങിയ േവരു മുതൽ മുകളിലെ കിരീടം എണ്ണിയെണ്ണി കാശ് വാങ്ങി  കൂട്ടുനിൽക്കുന്ന ഈ കച്ചവടത്തിൽ എന്തും എപ്പോഴും സംഭവിച്ചേക്കാം. എനിക്ക് അദ്ദേഹം രഹസ്യമായി ദാനം തന്ന ഈ ജീവിതം ! ദാനം തന്നയാളുടെ ജീവന് ഒന്നും സംഭവിക്കാതെ ഞാനല്ലേ നോക്കേണ്ടത്. സത്യസന്ധതയിൽ മാത്രം വിശ്വസിക്കുന്ന ആ നല്ല മനുഷ്യനെ ഈ ചതിക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്താൻ ട്രാൻസ്ഫർ മാത്രമായിരുന്നു ഒരേയൊരു മാർഗ്ഗം. ഇതോടെ എല്ലാം ശുഭം. അവർക്കാർക്കും പരാതിയോ മറ്റോ ഇല്ല. എല്ലാവരും ഹാപ്പി.’’

ദുഃഖം തെല്ലു വിട്ടൊഴിഞ്ഞ് മമ്മയും ; എല്ലാം ശുഭ പരിസമാപ്തിയായി എന്ന സമാധാനത്തോടെയും സംതൃപ്തിയോടെയും എബിയുടെ രാത്രിയുടെ കറുപ്പിലേയ്ക്ക് ആശ്വാസ നിദ്രയുമായ് അലിഞ്ഞു ചേർന്നു.

കർമ്മ–
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നേ വരു.

ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ ഫലങ്ങൾ അവരവർ തന്നെ അനുഭവിക്കും. നല്ല കർമ്മങ്ങളുടെയും ദുഷ്ട കർമ്മങ്ങളുടെയും അതാതു ഗുണ ഫലങ്ങൾ ഈ ജീവിതത്തിൽ തന്നെ അനുഭവിച്ചു തീർക്കണം.

എബിസിയും ഫാൽക്കൻ ഗ്രൂപ്പും ഒരു ധാരണയിൽ  എത്തിച്ചേർന്നു, പരസ്പരം കുതന്ത്രങ്ങളും  കുതികാൽ  വെട്ടുകളും അവസാനിപ്പിച്ചു നേരായ രീതിയയിൽ ബിസിനസ് ചെയ്യുക. പരസ്പരമുളള പോരുകൾ അവരുടെ ബിസിനസുകളെ താഴ്ത്തുക മാത്രമല്ല. മറ്റു ചിലർക്ക് വളരെ എളുപ്പത്തിൽ അവരെ കടന്നു മുന്നേറാൻ അവസരം നൽകുകയും ചെയ്തു.

തന്റെ ബിസിനസിൽ പുതിയ ഉയരങ്ങൾ  കണ്ട സാദിഖ് അലിയെ തങ്ങളുടെ ഗ്രൂപ്പിന്റെ ചെയർമാൻ ആയി സ്ഥാനം നൽകി അലി മുഹമ്മദ് പൂർണ്ണ വിശ്രമ ജീവിത്തിലേയ്ക്ക് മാറി. സസന്തോഷം വഴി മാറി കൊടുത്തപ്പോൾ  തന്റെ മകന്റെ കഴിവുകളിൽ പരിപൂർണ്ണ തൃപ്തനായിരുന്നു ആ പിതാവ്.

തിരിച്ചു കിട്ടിയ ജീവിതത്തിൽ കൂടുതൽ വെട്ടിപിടിക്കുക. എബി പുത്തൻ ഉന്മേഷത്തോടെ പുതിയ സ്ഥലങ്ങളിലേയ്ക്കും കൂടുതൽ  വമ്പൻ സമുച്ചയങ്ങളിലേയ്ക്കും തന്റെ കച്ചവട സാമ്രാജ്യം വികസിപ്പിച്ചു. കൂടാതെ ബിസിനസ് പുതിയ മേഖലകളിലേയ്ക്കു വ്യാപിപ്പിച്ചു. സേറ പഠിപ്പെല്ലാം കഴിഞ്ഞു വരികയാണ്  തിരികെ നാട്ടിലേയ്ക്ക്, പപ്പയുടെ കീഴിൽ  ബുക്കുകളിൽ കിട്ടാത്ത ചികിത്സയുടെ യഥാർത്ഥ പാഠങ്ങൾ പഠിക്കുവാൻ. കൂടെ തന്റെ പ്രണയ വഴികളിൽ നിന്നും മാറി എബിയുടെ വധുവായി പുതിയ കുടുംബ ബന്ധത്തിലേയ്ക്കു ഇഴുകി ചേരുവാൻ.


മകളുടെ വിവാഹം സസന്തോഷം നടത്തി. ഇത്രയും നാൾ  കൂടെയുണ്ടായിരുന്ന മകളുടെ വേർപിരിയലിൽ  ദുഃഖിച്ചിരുന്ന വിജയൻ നായരും ഭാര്യയും ; അവളുടെ സുഖ– സന്തോഷങ്ങൾ അറിഞ്ഞു ആനന്ദ ചിത്തരായ് തങ്ങളുടെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. നായർ ഇപ്പോൾ കൂടുതൽ  സമയം ഫൗണ്ടേഷൻ  പ്രവർത്തനങ്ങളിൽ ആണ് ശ്രദ്ധിക്കുന്നത്. ജീവിതം ഇരുളിൽ വഴിമുട്ടിയ ജീവനുകൾക്ക് നന്മയുടെ പുതു പ്രകാശം ചൊരിഞ്ഞു വഴി നടത്തീടുവാൻ ; അയാൾ  ഓടി നടക്കുകയാണ് വെയിലും, മഴയും രാവും, പകലും നോക്കാതെ.

Your Rating: