Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി മാറോടണച്ച കായിക വിനോദം- വോളിബോൾ !!!

25 volleyball

മലയാളി മാറോടണച്ച, മനസ്സിലേറ്റി നിർവൃതിയടഞ്ഞ കായിക വിനോദങ്ങളിൽ അഗ്രഗണ്യസ്ഥാനം വോളിബോളിനാണ് എന്നതിൽ രണ്ടു പക്ഷമില്ല. വട്ടകളിയും പുളിങ്കുരുക്കളിയും, ചടുകുടുവും, തലപ്പന്തുമൊക്കെ നമ്മുടെ സൃഷ്ടിയെങ്കിലും ഈ വിദേശിയെ നാം മനസ്സാ സ്വീകരിച്ച്, പുൽകി, വാനോളം പുകഴ്ത്തി. മലയാളിയുടെ മഹാമനസ്കതയും ശാരീരിക ഘടനയും കാലാവസ്ഥയും ഒത്തൊരുമയുമൊക്കെയാവാം ഇതിനെ ആളിക്കത്തിച്ച ഇന്ധനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വോളിബാളിനെ മാനസപുത്രിയാക്കുവാൻ മലയാളിക്ക് ഊർജ്ജവും ഉൾപ്രേരണയും പ്രചോദനവുമായി. അനേക കായിക പ്രകടനങ്ങൾക്കും മത്സരങ്ങൾക്കും ഭൂമിമലയാളം അരങ്ങൊരുക്കുമ്പോഴും അഗ്രഗണ്യസ്ഥാനം വോളിബാളിനു തന്നെ.വോളിബാൾ എന്ന കായിക വിസ്മയത്തിന്റെ വളർച്ചയാകട്ടെ ഈ തിരിഞ്ഞു നോട്ടത്തിൽ.

1895-ൽ മാസച്ചുസെച്ചസിലെ ഹോൾയോക്ക് എന്ന സ്ഥലത്താണ് വോളിബാൾ പിറവിയെടുത്തത്. അവിടുത്തെ വൈഎംസിഎയുടെ കായികവിഭാഗം മേധാവിയായിരുന്ന വില്യം മോർഗൺ, വൈഎംസിഎ അംഗങ്ങളുടെ കായികവും മാനസികവുമായ അലസതയിൽ ഉത്കണ്ഠാകുലനായിരുന്നു. വൈഎംസിഎ അംഗങ്ങൾക്ക് ഉണർവ്വും ഉത്തേജനവും പകരുവാൻ അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് വോളിബോൾ. ആദ്യകാലങ്ങളിൽ ഇതിന്റെ പേര് മിന്റോനെറ്റ് എന്നായിരുന്നു. അനേകവർഷങ്ങളുടെ പരിഷ്കാരത്തിന്റെയും പരിണാമത്തിന്റെയും പരിണിതഫലമാണ് ഇന്നത്തെ വോളിബോൾ.

1896-ൽ ആണ് സംഘടിതമായ ആദ്യമത്സരം നടന്നത്. മോർഗൻ പ്രതീക്ഷിച്ചിരുന്നതിലും നൂറിരട്ടി സ്വീകരണവും സ്വീകാര്യതയും വോളിബോളിനു ലഭിച്ചു. വളരെ ചടുലമായ ഈ കായിക വിനോദത്തെ അമേരിയ്ക്കൻ സൈന്യവും സഖ്യകക്ഷികളും ഏറ്റെടുത്തു. 1919-ൽ 16000 ബോളുകളാണ് ലോകമാസകലം വിതരണം ചെയ്യപ്പെട്ടത്. വൈഎംസിഎ ഈ കായിക സൃഷ്ടിയെ ആഗോളവൽക്കരിച്ചു. 1924-ൽ പാരീസിൽ നടന്ന ഒളിംപിക്സിൽ വോളിബോൾ ആദ്യമായി അവതരിയ്ക്കപ്പെട്ടു. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ കളിയ്ക്കുന്ന കളികളിൽ രണ്ടാം സ്ഥാനം വോളിബോളിനു തന്നെ. അമേരിയ്ക്കയിൽ മാത്രം നാന്നൂറ് ദശലക്ഷം ആൾക്കാർ ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ വോളിബോൾ കളിയ്ക്കുന്നു.ലോകമെമ്പാടും ഈ സംഖ്യ എണ്ണൂറോളം ദശലക്ഷത്തിൽ കൂടുതലാണ്.

അമേരിയ്ക്കൻ മലയാളിയുടെ യൗവ്വനകാലം വോളീബോളുമായി ഇഴചേർന്നു കിടക്കുന്നു. യൗവ്വനകാലസ്മൃതികളെ പൊടിതട്ടിയുണർത്തുവാനും ഗൃഹാതുരത്വത്തിന്റെ മുറിവുകളിൽ ആടലോടകത്തിന്റെ എണ്ണ പുരട്ടി സാന്ത്വനിപ്പിയ്ക്കാനുമായി ബാൽട്ടിമോറിലെ ഭാരതീയവംശജർ രൂപീകരിച്ച സംഘമാണ് ക്ലാപ് (കെഎൽഎപി) വോളിബോൾ. ക്ലാപ്പിന്റെ നാലാം വർഷ മത്സരങ്ങൾ നവംബർ 14ന് നടത്തപ്പെടും. എല്ലാ കായികപ്രേമികളേയും ചരിത്രമുറങ്ങുന്ന ബാൽട്ടിമോറിന്റെ മണ്ണിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.