Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കണ്ടതും......... കാണാതെ പോയതും

sunny സണ്ണി മാളിയേക്കൽ

വലിയൊരു കോളാമ്പി മൈക്കും വച്ചുകെട്ടി സൈക്കിളിൽ വിളിച്ചു പറഞ്ഞു കൊണ്ടുപോയി........

‘‘പ്രീയമുളള നാട്ടുകാരെ തോട്ടയ്ക്കാട്ടുകര കുഴിക്കണ്ടം മൈതാനത്ത് സുപ്രസിദ്ധ സൈക്കിൾ യ‍‍ജ്ഞ വിദക്തൻ അബ്ദുൾ പാനായിക്കുളം 21 ദിവസം നിർത്താതെയുളള സൈക്കിൾ അഭ്യാസ പ്രകടനം നടത്തുന്നു. കൂടാതെ കുമാർ വിജയകാന്തിയുടെ റിക്കാർഡ് ഡാൻസും. സഹൃദയരായ എല്ലാ നാട്ടുകാരേയും ഞങ്ങൾ കുഴിക്കണ്ടം മൈതാനിയിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.’’

ഇതു കേട്ട ചേട്ടൻ പറഞ്ഞു. ‘‘ നമുക്കൊന്നു പോയാലോ..........? നീ വരുന്നുണ്ടോ........? ’’ അമ്മയുടെ അനുജത്തി മേരിക്കുട്ടി കൊച്ചമ്മ രാജസ്ഥാനിൽ നിന്നു കൊണ്ടുവന്ന മഫ്ലറും ചുറ്റി, നേരത്തേ അത്താഴവും കഴിച്ച് ഞങ്ങൾ മൈതാനിയിലേക്കു വച്ചു പിടിച്ചു. അയൽ വക്കത്തെ കാളിപ്പുലക്കളളി കക്ഷത്തിൽ പായും ചുരുട്ടിപ്പിടിച്ച് ഞങ്ങളുടെ മുൻപേ പോകുന്നുണ്ടായിരുന്നു. മൈതാനത്തു നിറയെ ആളുകൾ.

കച്ചവടം കിട്ടാൻ സാധ്യതയുണ്ടെന്നു തോന്നിയത് കൊണ്ടായിരിക്കാം കവലയിൽ ചായക്കട നടത്തിയിരുന്ന പൂക്കുഞ്ഞ് സമീപത്ത് താല്ക്കാലികമായൊരു ഷെഡുവച്ചു കെട്ടി ചായക്കട തുടങ്ങിയത്. ഈച്ചയിൽ പൊതിഞ്ഞ ഈന്തപ്പഴവും വാഴനാരിൽ കോർത്ത നാടൻ മുറുക്കും ഉണ്ടം പൊരിയും, ചില്ലിന്റെ അലമാരിയിൽ കൂടി ഞാൻ കണ്ടു. അപ്പുറത്ത് ചാരായം വിൽക്കുന്ന പാപ്പച്ചന്റെ കടയിൽ നിന്നും വലിയ ബഹളവും കേട്ടു.

കൂടി നിന്ന വരെ വകഞ്ഞു മാറ്റി ഞാനും ചേട്ടനും മുൻവശത്തു തന്നെ സ്ഥാനം പിടിച്ചു. പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ, പൊടിപടലങ്ങളുടെ ഇടയിൽ കൂടി ഈയാംപാറ്റകൾ കൂട്ടമായി പറക്കുന്നത് കാണാൻ നല്ല രസമായിരുന്നു. സൈക്കിൾ വാടകയ്ക്കു കൊടുക്കുന്ന പെരുച്ചാഴി ബാലന്റെ മാനസികരോഗിയായ അനുജൻ വാസു എന്റെ അടുത്തു വന്നിരുന്നു. അതുകണ്ട് ചേട്ടൻ ഒന്നു ഭയന്നു. എല്ലാവർക്കും വാസുവിനെ പേടിയാണെങ്കിലും എന്നോട് വാസുവിനു വലിയ സ്നേഹമാണ്. അബ്ദുൾ പാനായിക്കുളം തിളങ്ങുന്ന ഷർട്ടും ചുവന്ന നിറത്തിലുളള പാന്റും ധരിച്ച് സൈക്കിൾ അഭ്യാസങ്ങൾ നടത്തിക്കൊണ്ടിരുന്നു. തിളങ്ങുന്ന ഒരു മുറിപ്പാവാടയും വെൽവറ്റ് ബ്ലൗസും ധരിച്ച് വിജയ കാന്തിയുടെ റിക്കാർഡ് ഡാൻസും.

ചാരായം കുടിച്ച് ലക്കുകെട്ട പൂക്കോടം ഉണ്ണി ഈ സമയം വിജയകാന്തിയുടെ അടുത്തു ചെന്ന് പോക്കറ്റിൽ നിന്നു രണ്ടു മൂന്നു നോട്ടുകൾ ഇട്ടു കൊടുക്കുന്നതു കണ്ട ജനം കൂകി വിളിച്ചു. കൂടെ ഒരു കമന്റും. ‘‘ ആ വെളളം വാങ്ങി വച്ചേക്കൂ ഉണ്ണീ ’’ എന്ന്.

ആകെയൊരു രസമായിരുന്നു. കുറെ നേരം കഴിഞ്ഞ്, ഉറക്കം കൺപോളകളെ തഴുകാൻ തുടങ്ങിയപ്പോൾ ഞാനും ചേട്ടനും അവിടന്നു എണീറ്റു റോഡിലേക്കു നടന്നു.

പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്കു ജനങ്ങൾ ഓടിക്കൂടുന്നു. ഞങ്ങളും ചെന്നു നോക്കി.

ഞങ്ങളുടെ കടയിൽ ജോലി നോക്കുന്ന ഹരി രക്തത്തിൽ കുളിച്ചു കിടക്കുന്നു. ഏതോ ഒരു കാർ ഇടിച്ചു തെറിപ്പിച്ചതാണെന്നും കാർ നിർത്താതെ ഓടിച്ചു പോയെന്നും പലരും പറയുന്നുണ്ടായരുന്നു. ഉടൻ തന്നെ എല്ലാവരും കൂടി ഹരിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിറ്റേ ദിവസം അറിഞ്ഞു ഹരിയുടെ വലതുകാലും വലതു കൈയ്യും ഒടിഞ്ഞെന്നും പ്ലാസ്റ്റർ ഇട്ട് വീട്ടിലേക്ക് കൊണ്ടുവന്നു വെന്നും.

ഞാനും ചേട്ടനും കൂടി രാവിലെ കുളിയ്ക്കാൻ പുഴയിലേക്കു പോകുന്നവഴി ഹരിയുടെ വീട്ടിൽ കയറി. അന്നാണ് ഞാൻ ഹരിയുടെ വീട് ആദ്യമായി കാണുന്നത്. ചെറിയൊരു ഓലപ്പുര. ചാണകം മെഴുകിയ തറ. ഞങ്ങൾ വീടിനകത്തേക്കുകയറി. വളരെ ശാന്തതയുളള ഒരു അന്തരീക്ഷം. ഓരോന്നും വളരെ വൃത്തിയായി അടുക്കി വച്ചിരിക്കുന്നതു കണ്ട് ഞാൻ അതിശയിച്ചു പോയി. ഹരിയെ കണ്ടു സംസാരിച്ചു ഞങ്ങൾ വീട്ടിലേക്കു പോന്നു.

മലയാള മനോരമയുടെ ബാലരമ എന്ന മാസികയുമായി സഹകരിച്ച് ചേട്ടനും കൂട്ടുകാരും ചേർന്ന് അന്നൊരു കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ‘‘ഞാൻ കണ്ട അപകടം’’ എന്ന പേരിൽ ഒരു ലേഖനം എഴുതി. ഹരിയുടെ അപകടത്തെക്കുറിച്ച്. ഇതു വായിച്ച പലരും അന്ന് ചേട്ടനെ അഭിനന്ദിച്ചു.

വർഷങ്ങൾക്കുശേഷം അമേരിക്കയിൽ ഹൗസിങ്ങ് അതോറിറ്റിയിലെ ജോലിയിൽ നിന്നെല്ലാം വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന സമയം. ദിവസവും ചേട്ടൻ എന്നെ ഫോണിൽ വിളിക്കും. ഞങ്ങൾ രണ്ടു പേരും അമേരിക്കയിൽ രണ്ട് സ്ഥലത്തായിരുന്നെങ്കിലും ഫോണിൽ ബന്ധപ്പെടാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. സംസാരിക്കുമ്പോഴെല്ലാം റിട്ടയർമെന്റിലെ വിരസത സംസാരത്തിൽ പ്രകടമായിരുന്നു. സംസാരം കൂടുമ്പോൾ മരണത്തേക്കുറിച്ചും മരണാനന്തര കർമ്മത്തെക്കുറിച്ചൊക്കെ സംസാരിക്കും. ഒരു ദിവസം ചേട്ടൻ എന്നോടു ചോദിച്ചു.

‘‘ഞാൻ മരിച്ചാൽ എന്റെ യുണ്ണി നീ എന്തു പറയും ? അതിനുളള എന്റെ മറുപടി കേട്ട് ചേട്ടൻ ചിരിച്ചു പോയി. പിന്നെ ആ ചിരി കേൾക്കാനുളള ഭാഗ്യം എനിക്ക് ഇല്ലാതെ പോയി.

2015 ജൂൺ 16–ാം തിയതി ന്യൂവാർക്ക് എയർപോർട്ടിൽ വച്ച് അപകടത്തിൽ പെട്ടെന്നും നില വളരെ ഗുരുതരമാണെന്നും പറഞ്ഞ് മോളി ചേച്ചി ഫോൺ വിളിച്ചു പറഞ്ഞു. മനസ്സിനെ നിയന്ത്രിക്കാൻ എനിക്കു കഴിഞ്ഞില്ല. ഇളം മനസ്സിൽ അന്നു ഞാൻ കണ്ട അപകടം എന്റെ മനസ്സിൽ മായാതെ നിന്നിരുന്നു. ചേച്ചിയോടു ഞാൻ പറഞ്ഞു.

‘‘ഇല്ല ചേച്ചി ഞാൻ വരില്ല. അതെനിക്കു കാണാനുളള മനസാന്നിധ്യം ഇല്ല...’’

എന്നോടു മാത്രം ഒന്നും പറയാതെ ചേട്ടൻ പോയി. ഞാൻ കാണാതെ പോയി. ഞാൻ കാണാതെ പോയ അപകടം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.