Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്റ്റംബർ ദുരന്തത്തിന്റെ ഭയാനകമായ ഓർമ്മകൾ

ഇന്ന് സെപ്റ്റംബർ പതിനൊന്ന് ലോക മനഃസാക്ഷിയെ ഞെട്ടിച്ച ആ മഹാ ദുരന്തം നടന്നിട്ട് ഇന്ന് പതിനാല് വർഷം തികയുന്നു. ആ ദാരുണ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ നമുക്ക് ഈ അവസരത്തിൽ ഓർക്കാം. അവരെ ഓർത്ത് വേദനിക്കുന്നവർക്കായി നമുക്ക് പ്രാർഥിക്കാം.

ദൈവാനുഗ്രഹം കൊണ്ട് ആ അപകടത്തിൽ അകപ്പെടാതെ രക്ഷപ്പെട്ടവരിൽ മലയാളികളുമുണ്ടായിരുന്നു. അവരിൽ ഒരാളും എന്റെ സുഹൃത്തുമായ പ്രിൻസ് മാർക്കോസിനെ വീണ്ടും കാണുവാൻ ഈയിടെ ഒരവസരമുണ്ടായി.

സംസാരമധ്യേ ഈ വിഷയവും കടന്നു വന്നു. ഓരോ വർഷവും ഈ ദിനം കടന്നുവരുമ്പോൾ മനസിൽ ഭീതി കടന്നുവരുന്നു എന്നദ്ദേഹം പറഞ്ഞു. അതോടൊപ്പം ആയുസ് നീട്ടിത്തന്ന ദൈവത്തോടുളള നന്ദിയും മനസ്സിൽ സ്ഥാനം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണദ്ദേഹം. ഫൊക്കാനയുടെ സ്ഥപക നേതാക്കളിലൊരാളും സജീവമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനുമായ അദ്ദേഹം. അക്ഷരം മാസികയുടെ മുഖ്യസാരഥികളിലൊരാളായി സേവനം ചെയ്യുന്നു.

സെപ്റ്റംബർ ദുരന്തം നടന്ന കാലഘട്ടത്തിൽ വേൾഡ് ട്രെയിഡ് സെന്ററിൽ ഉളള ഓഫീസിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഓരോ ദിവസവും വ്യത്യസ്ത സമയത്ത് വന്നാൽ മതിയായിരുന്നു. അന്നേ ദിവസം വൈകിയാണ് ജോലിക്കെത്തിയിരുന്നത്. സബ് േവയിലെ ട്രെയിൻ സംഭവ സ്ഥലത്തിനടുത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ സർവ്വീസ് നിർത്തി വയ്ക്കുന്നതായ അനൗൺസ്മെന്റ് അവിടത്തെ സ്പീക്കർ വഴി എല്ലാവരും അറിഞ്ഞു.

സബ് വേയിൽ പുറത്തിറങ്ങിയപ്പോൾ അപ്രതീക്ഷിതമായ എന്തോ സംഭവിച്ചു എന്നദ്ദേഹത്തിന് മനസ്സിലായി. എങ്ങും പുകപടലം. അതിനിടയിലൂടെ വാവിട്ടു നിലവിളിച്ചുകൊണ്ട് എതിർ ദിശയിലേക്ക് ഓടുന്ന വരെ അദ്ദേഹം കണ്ടു. അവരിൽ വെളുത്തവരും കറുത്തവരും ഏഷ്യാക്കാരും നാനാജാതി മതസ്ഥരും ഉണ്ടായിരുന്നു. മരണത്തിന്റെ മുന്നിൽ വലിപ്പ ചെറുപ്പ വ്യത്യാസങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് നമുക്കറിയാം.

പ്രിൻസ് മാർക്കോസും ആ ജനാവലിയോടൊപ്പം ചേർന്ന് ബ്രൂക്ക് ലിൻ ബ്രിഡ്ജിന്റെ ഭാഗത്തേക്ക് അതിവേഗം കുതിച്ചു നീങ്ങി. ബ്രിഡ്ജ് കടന്നപ്പോൾ മൂന്നാല് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. പിന്നെയും രണ്ടു മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് അപ്പനെ തിരഞ്ഞെത്തിയ മകനെ കാണാൻ കഴിഞ്ഞത്.

സെൽഫോൺ സിഗ്നലുകൾ പ്രവർത്തിക്കാത്തതുകൊണ്ട് വീട്ടിൽ വിളിക്കാൻ സാധിച്ചില്ല. എങ്കിലും ടിവിയിലൂടെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ കൂട്ടികൊണ്ടു പോകാൻ എത്തുകയായിരുന്നു.

ഇനിയും ഇങ്ങനെയുളള ദുരന്തങ്ങൾ ഭൂമിയിൽ ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ പ്രാർഥന. പ്രകൃതി ക്ഷോഭങ്ങൾ, യുദ്ധം, ഭീകര വാദം, മതവിദ്വേഷം, വർഗ്ഗീയത, വർണ്ണ വിവേചനം എന്നീ തിന്മകളിൽ നിന്നും വിമുക്തമായ ഒരു സുന്ദരലോകം നിലവിൽ വരുന്നതിനായി അദ്ദേഹം ആഗ്രഹിക്കുന്നു. അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.