Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാമത് കെസിസിഒ കൺവൻഷൻ, ഒരുക്കങ്ങൾ പൂർത്തിയാക്കി മെൽബൺ

paitrikam

മെൽബൺ∙ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയയുടെ കുടക്കീഴിൽ KCCVA യുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന മൂന്നാം കൺവൻഷനിലേക്ക് എല്ലാ ക്നാനായ മക്കളെയും സ്വാഗതം ചെയ്യുന്നതായി കെസിസിഒ പ്രസിഡന്റ് ബിനു തുരുത്തിയിൽ അറിയിച്ചു. വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന ആശയവുമായി മെൽബണിലെ ഫിലിപ്പ് ഐലന്റിൽ നടക്കുന്ന കൺവൻഷന്റെ റജിസ്ട്രേഷൻ പൂർത്തിയായതായി ജോംസി ജിനു കുടത്തിനാൽ പറഞ്ഞു.

KCCVA യുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റിയുടെ നിരന്തര ശ്രമഫലമായി കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യകരമായ കലാ പരിപാടികളാണ് ബഞ്ചമിൻ മേച്ചേരിയുടെ കീഴിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൺവൻഷൻ കമ്മിറ്റി ചെയർമാൻ സുനു സൈമണും വൈസ് ചെയർമാൻ സജീവ് കായിപ്പുറവും ഓഷ്യാനയുടെ കീഴിലുള്ള എല്ലാ യൂണിറ്റുകളും സന്ദർശിക്കുകയും അവരുടെ സഹകരണം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

ഈ വരുന്ന സെപ്റ്റംബർ 16 മുതൽ 19 വരെയുള്ള തീയതികളിൽ നടക്കുന്ന മഹാ സമ്മേളനത്തിന്റെ മുഖ്യാതിഥി ക്നാനായ സിറിയൻ ആർച്ച് ബിഷപ്പ് മാർ സേവേറിയോസ് കുര്യാക്കോസ് ആണ് KCCNA പ്രസിഡന്റ് സണ്ണി പൂഴിക്കാല KCC പ്രസിഡന്റ് പ്രഫ ജോയി മുപ്രാപ്പള്ളി എന്നീ സംഘടനാ നേതാക്കളും വരും ദിവസങ്ങളിൽ എത്തിച്ചേരുമെന്ന് സൈമൺ വെളൂപ്പറമ്പിൽ അറിയിച്ചു.

ചടങ്ങിൽ ദിവ്യബലി അർപ്പിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൈദികർ എത്തിച്ചേരും. ജോയ്‌സ് ജോസ് തട്ടിപ്പുഴയുടെ നേതൃത്വത്തിലാണ് ദിവ്യബലിക്കുള്ള 20ഓളം ആളുകളുടെ സംഘം പരിശീലനം നടത്തുന്നത്.

കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ ജനത ഓഷ്യാനയിലേക്ക് കുടിയേറ്റം ആരംഭിച്ചിട്ട് 25-30 വർഷമായെങ്കിലും ശക്തമായ കുടിയേറ്റം ആരംഭിച്ചത് 2005-06 കാലഘട്ടത്തിലാണെന്നും സമുദായത്തിന് ഏകദേശം 1500 ഓളം കുടുംബങ്ങളാണ് ഓസ്‌ട്രേലിയലുള്ളതെന്നും, IHNA CEO ബിജോ കുന്നുംപുറത്ത് പറഞ്ഞു. പൂർവിക പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും ഇതിന്റെ വിജയത്തിനായി പ്രാർഥിക്കുന്നുവെന്നും കോട്ടയം അതിരൂപതാ മെത്രാൻ മാർ മാത്യു മൂലക്കാടൻ അറിയിച്ചു.

വ്യത്യസ്തമായ കലാ കായിക പരിപാടികൾ, കായിക മത്സരങ്ങൾ, യൂണിറ്റ് തിരിച്ചുള്ള മത്സരങ്ങൾ ചെണ്ടമേളം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക സെമിനാറുകൾ മുതലായവ ഉണ്ടായിരിക്കുമെന്ന് വിവിധ കമ്മിറ്റി ഭാരവാഹികളായ തോമസുകുട്ടി, ജോബിൻ മാണി, ഷിനോ മഞ്ഞരാണ്ടൻ, സിനോ ബിജോ കരുപ്ലാക്കൻ തുടങ്ങിയവർ അറിയിച്ചു.

കൺവൻഷനുവേണ്ടി ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്നുണ്ട് എന്ന് KCCVA സെക്രട്ടറി തോമസ് ഓടപ്പള്ളി അറിയിച്ചു, കൺവൻഷനു വരുന്നവർക്കുള്ള താമസ സൗകര്യങ്ങളുടെ ചുമതല കോർഡിനേറ്റർ നൈസനാണ്.

ക്നാനായക്കാരുടെ ഈ സമ്മേളനം പരസ്‌പരമുള്ള പരിചയപ്പെടലുകൾക്കും ബന്ധങ്ങൾ ദൃഢമാക്കപ്പെടുന്നതിനും ഉപകരിക്കട്ടെ എന്ന് മെൽബൺ ബിഷപ് ബോസ്കോ പുത്തൂർ അറിയിച്ചു.

വാർത്ത ∙ ടിനു സൈമൺ മംഗലത്ത് 

Your Rating: