Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായി

srampickal-2

പ്രിസ്റ്റൺ (ബ്രിട്ടൺ):  മെക്സിക്കൻ തിരമാലകൾപോലെ പ്രാർഥനാഗീതങ്ങളുയർന്ന ശീതളസന്ധ്യയിൽ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ബ്രിട്ടണിലെ പുതിയ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയൻ മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായി. രൂപതാസ്ഥാനമായ പ്രിസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിനു സമീപമുള്ള നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയത്തിലായിരുന്നു ബ്രിട്ടണിലെ സഭാ വിശ്വാസികളുടെ ആത്മീയ സമ്മേളനമായി മാറിയ മെത്രാഭിഷേക ചടങ്ങ്.

പ്രത്യേകം തയാറാക്കിയ വേദിയിൽ ദിവ്യബലിക്കിടെ സഭാധ്യക്ഷനായ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൈവയ്പു ശുശ്രൂഷയ്ക്കുശേഷം നിയുക്ത ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ച് സ്ലൈഹികാധികാരത്തിന്റെ അംശവടി കൈമാറി. പതിനായിരങ്ങൾ പങ്കെടുത്ത ഭക്തിനിർഭരമായ ചടങ്ങിൽ ആതിഥേയ രൂപതയായ ലങ്കാസ്റ്റർ ബിഷപ് റവ. ഡോ. മൈക്കിൾ കാംബെലും മാർ സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലായുടെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും സഹകാർമികരായി.

episcopal-1

ബ്രിട്ടണിലെ സഭാവിശ്വാസികളുടെ ആത്മീയഗുരുവായി നിയമിതനായ മാർ സ്രാമ്പിക്കൽ സ്വർഗീയ പിതാവിനും സഭാ നേതൃത്വത്തിനും വിശ്വാസികൾക്കും നന്ദിപറഞ്ഞ് പുതിയ ദൌത്യം ഏറ്റെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നും കേരളത്തിൽനിന്നുമുള്ള നിരവധി പേർ ഈ ചരിത്രമുഹൂർത്തത്തിനു സാക്ഷികളാകാനെത്തി. രാവിലെ മുതൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ അൻപതുപേരടങ്ങിയ  ഗായകസംഘം പ്രാർഥനാഗീതങ്ങളോടെയാണ് വരവേറ്റത്.

ഉച്ചയ്ക്ക് 1.30ന് ദിവ്യബലിയോടെ ആരംഭിച്ച ചടങ്ങുകൾക്കായി വിവിധ സീറോ മലബാർ ചാപ്ലൈൻസികളിൽനിന്നും  സംഘങ്ങളായാണ് വിശ്വാസികളെത്തിയത്. സീറോ മലബാർ സഭാ കോ-ഓർഡിനേറ്റർകൂടിയായ ഫാ തോമസ് പാറയടി ജനറൽ കൺവീനറും പ്രിസ്റ്റൺ പള്ളി വികാരി ഫാ. ഡോ. മാത്യു ചൂരപൊയ്കയിൽ ജോയിന്റ് കൺവീനറുമായുള്ള വിവിധ കമ്മിറ്റികളാണ് മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. വിവിധ വൈദികരുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം കമ്മിറ്റികൾക്കായിരുന്നു വ്യത്യസ്ത ചുമതലകൾ.

ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഉജ്ജൈൻ രൂപതാ ബിഷപും സഭയുടെ പ്രവാസികാര്യ കമ്മിഷൻ ചെയർമാനുമായ മാർ സെബാസ്റ്റ്യൻ വടക്കേൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഓർത്തഡോക്സ് മെത്രാപ്പൊലീത്തൻ ആർച്ച്ബിഷപ് മാത്യൂസ് മാർ തിമോത്തിയോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.  

ബ്രിട്ടണിലെ വിവിധ ലത്തീൻ രൂപതകളിൽനിന്നും പത്തു ബിഷപ്പുമാർ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷികളായി.
സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ. ഡാനിയേൽ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ബ്രിട്ടണിലെ അപ്പസ്തോലിക് നുൺഷ്യോ റവ.ഡോ. അന്റോണിയോ മെന്നീനിയുടെ പ്രത്യേക പ്രതിനിധികളായി മോൺ. മാറ്റിഡി മോറി, മോൺ. വിൻസന്റ് ബ്രാഡി, ഫാ. മാത്യു കമ്മിംങ്, തുടങ്ങിയവരും പ്രിസ്റ്റൺ സിറ്റി കൌൺസിൽ മേയർ ജോൺ കോളിൻസും ചടങ്ങിനെത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.