Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെത്രാന്മാരുടെ തറവാട്ടിൽ നിന്നും ചരിത്ര നിയോഗവുമായി മാർ ജോസഫ് സ്രാമ്പിക്കൽ

srampickal02

ലണ്ടൻ∙ സിറോ മലബാർ സഭയിൽ 30 ഓളം മെത്രാന്മാർക്ക് ജന്മം നൽകാനായതിന്റെ വലിയ സന്തോഷത്തിലാണ് പാലാ രൂപത. അതിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ഗ്രേറ്റ് ബ്രിട്ടനിൽ സിറോ മലബാർ വിശ്വാസികൾക്കായി പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ച പാലാ രൂപതാംഗമായ മാർ ജോസഫ്  സ്രാമ്പിക്കൽ.

പാലാ രൂപതയിലെ  സ്രാമ്പിക്കൽ കുടുംബത്തിൽ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളിൽ നാലാമനായാണ് ഉരുളിക്കുന്നം ഇടവകാംഗമായ മാർ  സ്രാമ്പിക്കലിന്റെ ജനനം. കാർഷിക വൃത്തി തൊഴിലാക്കിയ ഇടത്തരം കുടുംബങ്ങളാണ് പാലാ രൂപതയിൽ ഏറെയും. സ്കൂൾ കോളേജ് വിദ്യാഭ്യാസങ്ങൾക്കുശേഷം വൈദിക പരിശീലനത്തിനായി സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം പൗരോഹിത്യ പഠന ബിരുദങ്ങൾ കൂടാതെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎഡും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നും പൗരസ്ത്യ ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിദുദവും കരസ്ഥമാക്കിയിട്ടുണ്ട്.

srampickal-01

2000 ഓഗസ്റ്റ് 12ന് മാർ ജോസഫ് പളളിക്കാപറമ്പിൽ പിതാവിൽ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. പ്രസ്റ്റൺ രൂപതയുടെ മെത്രാനായി നിയമിതനാകുമ്പോൾ റോമിലെ ‘കൊളേജിയോ ഉർബാനിയോ’യിൽ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കത്തോലിക്കാ സഭയിൽ ഏറ്റവും കൂടുതൽ വൈദികരെയും സന്യസ്തരെയും മെത്രാന്മാരെയും സംഭാവന ചെയ്തിട്ടുളളത് പാലാ രൂപതയാണ്. 1663ൽ മലബാറിന്റെ ‘വികാരി അപ്പസ്തോലിക്ക’ പദം അലങ്കരിച്ച പറമ്പിൽ ചാണ്ടി (മാർ അലക്സാണ്ടർ പറമ്പിൽ) മെത്രാൻ മുതൽ കൊടുങ്ങല്ലൂർ ആർച്ച് ബിഷപ്പ് ഗോവർണ്ണദോർ മാർ തോമസ് പാറേന്മാക്കൽ (1786– 1799) ദൈവദാസൻ മാർ മാത്യു കാവുക്കാട്ട്, മലബാർ കുടിയേറ്റ ജനതയുടെ വീരനായകൻ മാർ സെബാസ്റ്റ്യൻ വളോപ്പളളി തുടങ്ങി ഒട്ടേറെ മഹാരഥന്മാരാണ് പാലായുടെ മണ്ണിൽ നിന്ന് പിറവിയെടുത്തത്.

ദൈവ വിശ്വാസവും സഭാ പാരമ്പര്യങ്ങളും മുറുകെപ്പിടിക്കുന്ന ഈ രൂപതയെ ഇപ്പോൾ നയിക്കുന്നത് ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായ മാർ ജോസഫ് കല്ലറങ്ങാട്ടാണ്. സ്വന്തം കിഡ്നി മറ്റൊരാൾക്കു ദാനം ചെയ്തതിലൂടെ ഈ കാരുണ്യവർഷത്തിൽ സമാനതകളില്ലാത്ത മാതൃക ലോകത്തിനു മുഴുവൻ നൽകിയ മാർ ജേക്കബ് മുരിക്കൻ സഹായമെത്രാനായും സേവനം ചെയ്യുന്നു.

ഭാരതത്തിന്റെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയും പാലായുടെ സുകൃതമാണ്. വി. അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേയ്ക്ക് ദിവസവും നിരവധി തീർത്ഥാടകരാണ് എത്തിച്ചേരുന്നത്. 2016 ജൂലൈ 28ന് വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം തന്നെ പുതിയ രൂപതയുടെയും ഇടയന്റെയും പ്രഖ്യാപനം വന്നത് അൽഫോൻസാമ്മയുടെ വലിയ മധ്യസ്ഥത്തിന്റെ തെളിവായിക്കാണുകയാണ്. അൽഫോൻസാമ്മയെ തന്നെ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥയായി സ്വീകരിച്ച പ്രസ്റ്റൺ രൂപതയും ഗ്രേറ്റ് ബ്രിട്ടൻ മുഴുവനും വി. അൽഫോൻസാമ്മയെ കൂടാതെ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനും ദൈവദാസൻ കദളിക്കാട്ടിൽ മത്തായി അച്ചനും പാലാ രൂപതയിൽ നിന്നുളള വിശുദ്ധ പുഷ്പങ്ങൾ തന്നെ. മാർ ജോസഫ് കല്ലറങ്ങാട്ട്, സഹകാർമികനായി മാർ  സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിൽ പങ്കെടുക്കും.

വാർത്ത∙ ഫാ. ബിജു ജോസഫ്

Your Rating: