Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹം ചൊരിഞ്ഞ് 20 മെത്രാന്മാരും ആയിരക്കണക്കിന് വിശ്വാസികളും

mar-srambickal-consecration-2

പ്രിസ്റ്റൺ (ബ്രിട്ടൺ): ബ്രിട്ടണിലെ പുതിയ സീറോ മലബാർ രൂപതയുടെ മെത്രാനായി അഭിഷിക്തനായ മാർ ഡോ. ജോസഫ് സ്രാമ്പിക്കലിനെ ആശീർവദിച്ച് അനുഗ്രഹിക്കാനായി എത്തിയത് ഇരുപതു രൂപതാധ്യക്ഷന്മാരും ആയിരക്കണക്കിന് വിശ്വാസികളും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ആർച്ച് ബിഷപ്പുമാരും ഉൾപ്പെടെ ഒമ്പതു മെത്രാന്മാർ ഇന്ത്യയിൽ നിന്നും എത്തിയപ്പോൾ പതിനൊന്നുപേർ ബ്രിട്ടണിലെ വിവിധ ലത്തീൻ രൂപതകളിൽനിന്നും പുതിയ ബിഷപ്പിനെ അനുഗ്രഹിക്കാനെത്തി. മറ്റു മെത്രാന്മാർ പ്രതിനിധികളെ അയച്ചും ആശംസകൾ കൈമാറി.

Consecration-photos1

ബ്രിട്ടണിലെ വിവിധ സീറോ മലബാർ ചാപ്ലൈൻസികളുടെ കീഴിലുള്ള  മാസ് സെന്ററുകളിൽനിന്നും ചെറുസംഘങ്ങളായാണ് വിശ്വാസികൾ ഈ ചരിത്രമുഹൂർത്തത്തിനു സാക്ഷികളാകാനെത്തിയത്. പലർക്കും ഇത് വിശ്വാസജീവിതത്തിലെ ആദ്യാനുഭവവുമായിരുന്നു. മാർ സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യുവും സഹോദരങ്ങളുമുൾപ്പെടെയുള്ള കുടുംബാംഗങ്ങളും ചടങ്ങിനായി നാട്ടിൽനിന്നുമെത്തി.  

രാവിലെ 11.30 മുതൽ സ്റ്റേഡിയത്തിലെത്തിയവരെ ഗായകസംഘം പ്രാർഥനാഗീതങ്ങളോടെയാണ് വരവേറ്റത്. ഉച്ചയ്ക്ക് 1.30ന് മുഖ്യ കാർമികനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഹകാർമികരും നിയുക്ത മെത്രാനും മറ്റ് മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെത്തി. പുതിയ രൂപതയിലെ ഓരോ മാസ് സെന്ററിൽനിന്നും ഓരോ അൽമായ പ്രതിനിധികളും പ്രദക്ഷിണത്തിൽ പങ്കുചേർന്നു. പ്രത്യേക പ്രവേശനഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം.

പ്രദക്ഷിണത്തിനുശേഷം മാർ സ്രാമ്പിക്കലിനെ പുതുതായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ നിയമന പത്രം (ബൂള) വായിച്ചു. തുടർന്ന് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിച്ചശേഷം മാർ സ്രാമ്പിക്കൽ മുഖ്യ കാർമികനായ കർദിനാളിനു മുന്നിൽ മുട്ടുകുത്തിനിന്ന് വിശ്വാസ പ്രഖ്യാപനം നടത്തി. വലതുകരം സുവിശേഷത്തിൽവച്ച് സത്യപ്രതിജ്ഞയും ഏറ്റുചൊല്ലി.

mar-srambickal-consecration-6

ദിവ്യബലിക്കിടയിലെ സുവിശേഷവായനയ്ക്കു ശേഷമായിരുന്നു ശുശ്രൂഷയുടെ പ്രധാനഭാഗമായ കൈവയ്പു പ്രാർഥനകളും സ്ഥാനചിഹ്നങ്ങൾ അണിയിക്കലും. കൈവയ്പു പ്രാർഥനയോടെ മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ സ്രാമ്പിക്കലിനെ മുഖ്യ കാർമികൻ സ്ഥാനചിഹ്നങ്ങളായ മുടി (തൊപ്പി) അണിയിക്കുകയും  അംശവടി (അജപാലനദണ്ഡ്) കൈമാറുകയും ചെയ്തു.

episcopal2

വിശുദ്ധ കുർബാനയ്ക്കൊടുവിൽ. മുഖ്യ കാർമികനു മുന്നിൽ വീണ്ടും മുട്ടുകുത്തുന്ന നവാഭിഷിക്തനായ മെത്രാന്റെ ശിരസിൽ കൈവച്ചുകൊണ്ടുള്ള സ്ഥാനാരോഹണ പ്രാർഥനയോടെ ചടങ്ങുകൾ സമാപിച്ചു.  തിരുക്കർമങ്ങളിൽ പങ്കാളികളായ മറ്റു മെത്രാന്മാർ സ്നേഹാശ്ളേഷണങ്ങളോടെയാണ് പുതിയ മെത്രാനെ അനുമോദിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.