Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകലെ ഒരമ്മ

ഗുവാഹത്തിയിൽ തീവണ്ടിയിറങ്ങിയപ്പോൾ മുതലേ എന്തെന്നില്ലാത്തൊരു ഭയം എന്നെ പിടികൂടിയിരുന്നു. ഒരു പക്ഷേ അത് വാർത്താ മാധ്യമങ്ങളിൽ നിന്നും ആസാമിനെ പറ്റി ഞാനുണ്ടാക്കിയ മുൻ ധാരണകൊണ്ടാകാം.
ആസാമിലെ ഒരു വലിയ റയിൽവേ സ്റ്റേഷനാണ് ഗുവാഹത്തി. നിറയെ ജനക്കൂട്ടം. പോലീസും പട്ടാളവും യഥേഷ്ടം. തോക്ക്, പീരങ്കി. എല്ലാംകൂടെ ആകെ ഭീകരമായ അവസ്ഥ.

തിരിച്ചു പോയാലോ? പലതവണ ചിന്തിച്ചു. രണ്ടു പോലീസുകാർ എന്നെ ലക്ഷ്യം വെച്ചു വന്നു. ഏതോ ഭാഷയില്‍ എന്തോ ചോദിച്ചു. എനിക്ക് ഇംഗ്ലീഷും മലയാളവും മാത്രമേ അറിയൂവെന്ന് ഞാനവരെ
മനസ്സിലാക്കി കൊടുത്തു.വിശപ്പും ദാഹവും യാത്രാ ക്ഷീണവും ഭയവും എന്നെയപ്പോഴും അലട്ടുന്നുണ്ടായിരുന്നു.ഞാനെന്റെ തിരിച്ചറിയല്‍ കാർഡും അദ്ധ്യാപനത്തിന് അരുണാചല്‍ പ്രദേശില്‍ പോവുകയാണെന്ന കത്തും കാണിച്ചു. കുറേ നേരം അവിടെ നിറുത്തിയതിന് ശേഷം പോകുവാന്‍ പറഞ്ഞു.

ഭക്ഷണത്തിനു വേണ്ടി ഞാനലഞ്ഞു. എങ്ങും കടകളില്ല. പച്ചവെളളം പോലും കിട്ടാനില്ലാത്ത
സാഹചര്യം.അറിയുന്ന ഭാഷയില്‍ ചോദിച്ചു. നടന്നു നീങ്ങി. എങ്ങോട്ടോ? പിന്നെയാണ് മനസ്സിലായത്. അവിടെ ഹർത്താലാണ്. അതും അനിശ്ചിതകാലം. എന്തു ചെയ്യും.? അവിടെ നിന്നും ഏതാണ്ട് ആയിരം
കിലോമീറ്റർ യാത്ര ചെയ്യണം ജോലി സ്ഥലത്തെത്തുവാന്‍. ഇന്ത്യ ചൈന
ബോർഡറാണ്.

നെഞ്ചിടിപ്പ് കൂടുവാന് തുടങ്ങി.അപ്പോളൊരു പക്ഷേ നിങ്ങൾക്കു തോന്നിയേക്കാം ഇത്രയും പ്രയാസപ്പെട്ട് എന്തിനു പോയെന്ന്? ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറാവുന്ന മനുഷ്യരോട് എന്തു പറയാനാണ്?
കുറേ നടന്നു. ഇനി വയ്യ. ഭക്ഷണം ലഭിക്കാന്‍ ഒരു മാർഗ്ഗവുമില്ല.വഴിയരികില്‍ ദൂരേക്ക് കണ്ണും നട്ട്
എൺപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ നിൽക്കുന്നു. എന്നെ
കണ്ടപ്പോള്‍ അടുത്തേക്ക് വന്നു.കൈകളില്‍ ചേർത്തു പിടിച്ചു ചുംബിച്ചു.അകാരണമായി എന്റെ
കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ആരാണവർ? ഞാനാദ്യമായി കാണുകയാണ്.അവർക്കെങ്ങനെ എന്നെ അറിയാം.? എന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി പിടിച്ച് അവർ നടക്കുകയാണ്. ഞാനും മടിച്ച് നിന്നില്ല. നടന്നു നീങ്ങി. അമ്മയുടെ കൂടെ.

തകർന്ന ഒരു കുടിലിനരികിലെത്തിയപ്പോള്‍ അമ്മ നിന്നു. ബാഗ് തിണ്ണയില്‍
വെച്ചു. എന്നോടെന്തോ പറഞ്ഞു. ഞാന്‍ മുഖത്തേക്ക് നോക്കി നിന്നു. ആ വരികള്‍ ഞാന്‍ എന്റെ
ഹൃദയത്തില്‍ കുറിച്ചു വെച്ചു. വെളളിയില്‍ തീർത്ത ശില്പം പോലെ.

നാല് നാരങ്ങയും കുറേ കിവിയുമായി അമ്മ എന്റെയരികിലേക്കു വന്നു. അമ്മ അരികിലിരുന്നു
എന്നെ ഭക്ഷിപ്പിച്ചു. എനിക്ക് ഒരു സ്വപ്നം പോലെ തോന്നി. അവർ വീണ്ടും അകത്തേക്കു പോയി.
ഒരു പാത്രത്തില്‍ ചോറും മീൻകറിയും കൊണ്ടുവന്നു. എനിക്കു വേണ്ടി കാത്തു വെച്ചതാണെന്ന്
അമ്മയുടെ കണ്ണുകള്‍ ‌എന്നോടു പറഞ്ഞു.

ഞാന്‍ ചോറുകഴിക്കുമ്പോൾ അമ്മ തലയില്‍ തലോടി. അമ്മക്കാരുമില്ലേ? അറിയണമെന്നുണ്ട്.
ഏതു ഭാഷയില്‍ ചോദിക്കും? ഭക്ഷണം കഴിച്ച് കൈ കഴുകി ഞാന് അമ്മയുടെ അടുത്തിരുന്നു. അവരുടെ മുഖത്തപ്പോഴും ആഹ്ലാദത്തിന്റെ വേലിയേറ്റമായിരുന്നു. നഷ്ടപ്പെട്ടയെന്തോ തിരിച്ചു
കിട്ടിയതു പോലെ. കാലങ്ങളായി കാത്തിരിക്കുന്ന എന്തോ ലഭിച്ചതുപോലെ.

ഞാന്‍ ആരാണ്? എനിക്കപ്പോള്‍ മാത്രമല്ല, ഇപ്പോഴും അറിയില്ല. നേരം ഇരുട്ടി തുടങ്ങി. അമ്മ ആട്ടിനെ കറന്നു. എനിക്ക് പാലും റൊട്ടിയും തന്നു. തിണ്ണയില്‍ പായ വിരിച്ചു. ഞാനും അമ്മയും ഉറങ്ങാന്‍ കിടന്നു. അമ്മ പലതും
സംസാരിക്കുന്നുണ്ട്. ഞാന് കേട്ടു കിടന്നു. അടുത്ത ദിവസം ഉണരുന്നത് തന്നെ വാഹനങ്ങളുടെ ശബ്ദം
കേട്ടുകൊണ്ടാണ്. ഇറ്റാനഗറിലേക്കുള്ള ബസ്സില്‍ കയറ്റാന്‍ അമ്മ കൂടെ വന്നു. ഭക്ഷണപ്പൊതിയുമായി.

പോക്കറ്റിൽ നിന്നും ഒരു ചെറിയ തുകയെടുത്ത് ഞാന്‍ അമ്മക്ക് നീട്ടുന്നതിനു മുൻപേ
ഒരു പുതിയ പത്തുരൂപാ നോട്ടെടുത്ത് അമ്മ എന്റെ കയ്യില്‍ വെച്ചമർത്തി. അനുഗ്രഹത്തിന്റെയും
സ്നേഹത്തിന്റെയും ഭാഷ, ശാപത്തിന്റെയും വെറുപ്പിന്റെയും ഭാഷ ഈ ലോകത്തെവിടെയും
ഒരു പോലെയാണെന്ന് എന്നെ പഠിപ്പിച്ച് അമ്മ അൽപം മാറിനിന്ന് തേങ്ങുകയാണ്.

ബസ് അമ്മയെ വിട്ട് അകലുകയാണ്. ഞാന്‍ പുറത്തേക്ക് തലയിട്ട് നോക്കി. അമ്മ നോക്കുകയാണ്.
ഹൃദയത്തിലെന്തോ തേങ്ങുകയാണ്. ജീവിതം എത്രയോ അത്ഭുതം. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്
നമുക്ക് വേണ്ടി എപ്പോഴും കാത്തുവെയ്ക്കുന്ന പ്രതിഭാസമാണ് ജീവിതം. സ്നേഹം കൊടുക്കാനും വാങ്ങാനും നുകരാനും പകരാനുമുള്ളതാണ്.

ഹൃദയത്തില്‍ ‍ഞാന്‍ കൊത്തിവെച്ച ആ വാചകത്തിന്റെ അർത്ഥം പിന്നീട് ആസാമീസ് ഭാഷ
മനസ്സിലായി തുടരങ്ങിയപ്പോള്‍ എന്നെ ഞെട്ടിച്ചു. പത്തു കൊല്ലമായി അമ്മ കാത്തിരിക്കുന്ന
അമ്മയുടെ മകനാണ് ഞാന്‍. ജീവിതം എത്ര അത്ഭുതം.!

ഓർക്കുന്നതിനേക്കാളധികം മറക്കുന്നവരാണല്ലോ മനുഷ്യർ. ആ പത്തുരൂപയാണ് എന്റെ നിധി. ആ വലിയ
തുകയുമായി ഞാനൊരിക്കല്‍ അമ്മയെ കാണാന്‍ പുറപ്പെട്ടു. അടഞ്ഞു കിടക്കുന്ന കതക് ഞാന്‍ ഭാവനയില്‍
കണ്ടിരുന്നു. ഇല്ല! കതകില്ല. കുടിലില്ല. അമ്മയുമില്ല....

നിറഞ്ഞ കണ്ണുകളുമായി യാത്ര തിരിക്കുമ്പോൾ ആ പത്തുരൂപാ നോട്ടിലേക്കു നോക്കി.
ഗാന്ധിജിയോ അമ്മയോ? അമ്മ ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും? പത്തു കൊല്ലത്തിനു ശേഷം തിരിച്ചു
കിട്ടിയ മകനെ കണ്ട സന്തോഷം പങ്കിടാന്‍ അതുവരെ പ്രാർത്ഥനകൾക്കു കൂട്ടു നിന്ന ദൈവത്തെ
കാണാന്‍ പോയതാണോ? 

Your Rating: