Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ..എന്റെ പാഠപുസ്തകം

amma-pada-pusthakam

അമ്മ. ഈ ലോകത്തെ ഏറ്റവും മനോഹരമായ പദം. മമ്മ, ഉമ്മ എങ്ങനെ വിളിച്ചാലും വിളിക്കുന്ന ആളിനും കേൾക്കുന്ന ആളിനും ഇത്ര ഏറെ സംതൃപ്തി തരുന്ന ഒരു വാക്ക് ഒരു ഭാഷയിലും കാണില്ല. നമ്മൾ മലയാളികൾക്ക് അമ്മയോടുള്ള അടുപ്പം കൂടുതലാണെന്നായിരുന്നു എന്റെ ധാരണ . ഇവിടെ വച്ച് നൈജീരിയക്കാരി സബാസിയെ കാണും വരെ. അവളുടെ അമ്മയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഓഫിസിൽ ആർക്കും നിയന്ത്രിക്കാൻ ആകാതെ അലമുറ ഇടുന്ന സബാസി ഏതു നാടായാലും ഭാഷ ആയാലും അമ്മ എന്താണ് എന്ന് നമുക്ക് പറഞ്ഞു തരുന്നു. പിറന്നു വീണ അന്ന് മുതൽ എന്നും എപ്പോഴും ആ തുണ അല്ലെങ്കിൽ തണൽ ഇല്ലാതെ പറ്റില്ല.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിലാണ് എന്റെ ജനനം. ഞങ്ങൾ നാലു പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന വീട്. എന്റെ അച്ഛൻ ഒരു സാധാരണക്കാരൻ ആണ്. ചെറിയ ഒരു ചായക്കകട ആയിരുന്നു ഞങ്ങളുടെ വരുമാന മാർഗം. അമ്മയുടെ ആഗ്രഹങ്ങൾ അല്ലെങ്കിൽ ലക്ഷ്യങ്ങൾ വലുതായിരുന്നു. അതിനായി അവർ കഠിനമായി അധ്വാനിച്ചു.

കടക്ക് പുറമേ പശുവിനെ വളർത്തലും ഒരു ഭാരിച്ച ജോലി ആയിരുന്നു. എന്റെ ഗ്രാമത്തിൽ എല്ലാവർക്കും എന്റെ അമ്മയെ അറിയാം. അമ്മ നന്നായി പാടും . അമ്മക്ക് ഒരു പാട് പഠിക്കണം എന്ന് മോഹം ഉണ്ടായിരുന്നു. അന്നത്തെ സാഹചര്യം അനുകൂലം അല്ലാതിരുന്നു. പക്ഷേ അതൊന്നും മക്കളെ ബാധിക്കരുത് എന്ന് അവർക്കു നിർബന്ധം ആയിരുന്നു. ഏഴാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉള്ള അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഞങ്ങൾ പഠിപ്പിൽ മികവുള്ളവർ ആകണം എന്നായിരുന്നു.

ഞങ്ങൾ എഴുതിയ ഓരോ പരീക്ഷയും അമ്മ കൂടി എഴുതിയ പോലെയാണ്. അമ്മയുടെ ജീവിത ലക്ഷ്യം തന്നെ മികച്ച വിദ്യാഭ്യാസം മക്കൾക്ക്‌ നൽകുക എന്നതായിരുന്നു. അതിന്റെ ഫലമായി എന്റെ ചേച്ചി എംഎസ് സി ബിഎ‍ഡ് എടുത്തു മുംബൈ കാർമൽ സ്കൂൾ അധ്യാപികയായി, ഞാൻ ബികോം ജെഡിഡി. ഇപ്പോൾ ഒരു പ്രവാസി ആയി അക്കൗണ്ടന്റ് ആയി ജോലിനോക്കുന്നു. ,എന്റെ അനുജത്തിമാർ രണ്ടു പേരും ഉന്നത വിഭ്യാഭ്യാസത്തിനു ശേഷം ന്യൂഡൽഹിയിൽ ജോലി ചെയ്യുന്നു. ഞങ്ങൾ വെറും സാധാരണ പെൺകുട്ടികൾ ആയി മാത്രം ഒതുങ്ങരുതെന്നും അമ്മ ആഗ്രഹിച്ചിരുന്നു. ചേച്ചിയെ സംഗീതം പഠിപ്പിച്ചു. ഞങ്ങളെ നൃത്തം പരിശീലിപ്പിച്ചു. ഞങ്ങളിൽ വായനാ ശീലം ഉണ്ടാക്കി എടുത്തതും അമ്മ തന്നെ. ഏതു ബുക്ക്‌ കണ്ടാലും അത് വാങ്ങി വരും. ഇതിനെല്ലാമുപരി ഞങ്ങൾ എല്ലാവരും സ്കൗട്ട് ആൻഡ്‌ ഗൈഡിൽ ചേർന്ന് പ്രസിഡന്റ്‌ അവാർഡ്‌ വരെ നേടി. എന്റെ അമ്മയുടെ ആഗ്രഹത്തിനു മുന്നിൽ എല്ലാ തടസ്സങ്ങളും മറികടന്നു . ഞങ്ങൾ ഒരിക്കലും പെൺകുട്ടികൾ എന്നാ വേർതിരിവിൽ അല്ല വളർന്നത്‌. ജീവിതത്തിൽ മൂല്യങ്ങൾക്ക് മാത്രമേ വില ഉള്ളൂ എന്ന് അമ്മ പറഞ്ഞിരുന്നു. അമ്മ പഠിപ്പിച്ചു തന്നത് മാത്രം മതി ഏതു പ്രതിസന്ധിയിലും ഞങ്ങൾക്ക് വിജയിക്കാൻ.

ഇന്ന് ഞാനും ഒരമ്മയാണ്.എന്റെ മക്കൾക്ക്‌ മികച്ച ജീവിത സാഹചര്യങ്ങൾ കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരമ്മ. കാലഘട്ടം മാറി ജീവിത രീതികൾ മാറി. അമ്മമാരുടെ ഉത്തരവാദിത്തങ്ങൾ കൂടി . ഓരോ ചുവടു വയ്പുകളും വളരെ കരുതലോടെ സ്വന്തം മക്കളെ സൂക്ഷിക്കാൻ ഇന്നത്തെ കാലത്ത് അവർ കഷ്ടപ്പെടുന്നു . അനുദിനം ഉണ്ടായി കൊണ്ടിരിക്കുന്ന വിപത്തുകൾ അവരെ ആശങ്കാകുലർ ആക്കുന്നു.അമ്മ എന്നും ചിറകിൻ കീഴിൽ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. അവർ എത്ര വലുതായാലും . ഓരോ ഫോൺ വിളികളിലും ഞാൻ ഇന്നും അത് അറിയുന്നു. ഇപ്പോളും വീട്ടിൽ ചെന്ന് കയറുമ്പോൾ ഉമ്മറത്ത്‌ അമ്മ വേണം. എന്റെയും നിങ്ങളുടെയും എല്ലാം സ്വാർത്ഥമായ മോഹം . ഓരോ അമ്മമാരും ഓരോ പാഠപുസ്തകങ്ങൾ ആണ്. നമുക്കു മാത്രമായി ദൈവം എഴുതിയ പാഠ പുസ്തകങ്ങൾ.
ഇനിയും ജന്മം ഉണ്ടെങ്കിൽ എനിക്ക് എന്റെ അമ്മ, പൊന്നമ്മയുടെ മകൾ ആയി തന്നെ ജനിക്കാൻ ആണ് ഇഷ്ടം. ആ ഇല്ലായ്മയിലും ഒരു സ്ത്രീ എന്ത് ആകണം എന്ന് കാണിച്ചു തന്ന എന്റെ അമ്മ ,,,,,,,,,,,
അമ്മക്ക് ആയിരം ഉമ്മകൾ. 

Your Rating: