Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്ക് തുല്യം അമ്മ മാത്രം

ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു. കലങ്ങിയ വെള്ളത്തിന്റെ മുകളിലൂടെ ചെറു മരങ്ങളും തേങ്ങയുടെ പുറം തോടും ഒഴുകി പോവുന്നു. മഴ താൽകാലികമായി പിൻമാറിയെന്നു തോന്നുന്നു. ആകാശം തെളിഞ്ഞു വരുന്നുണ്ട്. മഴയും വെള്ളവും കണ്ണിനു കുളിർമയാണ് എങ്കിലും, ചിലപ്പോൾ അതൊരു ഭീതി പരത്തുന്ന പിശാചാണോ എന്ന് തോന്നിയേക്കാം. ആ പേടി എന്റെ ഉമ്മയുടെ മനസിലും ഉണ്ടായിരിന്നു. താഴേക്ക്‌ നോക്കുമ്പോ തല കറങ്ങുമോ എന്ന ഭയം.

എലി കുഞ്ഞനെ പോലെ ഞാൻ എന്റെ ഉമ്മയുടെ ഒക്കത്ത് ഇരിന്നു. എന്റെ ചുറ്റും വിശാലമായി കിടക്കുന്ന പുഴയുടെ അഴകറിയാത്ത പ്രായത്തിൽ കലക്ക വെള്ളത്തിന്റെ ഭയാനകത എന്നെ ഉമ്മയെ മുറുക്കി പിടിപ്പിച്ചു. എന്റെ ഭയപ്പാടുകൾ തിരിച്ചറിഞ്ഞ ഉമ്മ എന്നോട് പറഞ്ഞു "എന്തിനാ മോൻ പേടിക്കുന്നത് ഉമ്മയില്ലെ കൂടെ നീ കണ്ണ് തുറന്നു നോക്കിക്കേ എന്ത് രസമാണ് ഈ പുഴ"  പുഴയെ കുറിച്ചു ഉമ്മ എന്നോട് സംസാരിച്ചു കൊണ്ടിരിന്നു. "ഇതിൽ വലിയ മീനുണ്ടാവും, ഞമ്മൾ ഇന്നലെ ചോറിന്റെ കൂടെ കഴിച്ചില്ലേ? അതിനേക്കാൾ വലിയ മീനുകൾ".

പട്ടാമ്പി പാലം കടന്നാൽ ആശുപത്രിയാണ്. എന്നെ അവിടുത്തെ ഡോക്റ്ററെ കാണിക്കാൻ പോവുകയാണ്. വർഷം തുടങ്ങിയപ്പോൾ കൂടെ പനിയും ചുമയും ഇന്നലെ രാത്രി ഉമ്മയെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല.  ഞങ്ങളിപ്പോ ഏകദേശം പാലത്തിന്റെ പാതി പിന്നിട്ടു കഴിഞ്ഞു. എതിരെ ഒരു വലിയ ജീവി വരുന്നുണ്ട്. കറുത്ത നിറമുള്ള, വെളുത്ത രണ്ടു കൊമ്പുള്ള ഒരു ഭീകര ജീവി. കണ്ട മാത്രയിൽ ഞാൻ അലറി കരഞ്ഞു, കണ്ണടച്ച് ഉമ്മയെ ഇറുക്കി പിടിച്ചു. മരണ വെപ്രാളം പോലെ ഒരു പിടുത്തം. താഴെ കുത്തിയൊലിച്ചു വരുന്ന മലവെള്ളം പോലെ പുഴ അതിന്റെ വന്യത പുറത്തു കാണിക്കുകയായിരിന്നു. പാതി ഭയന്ന എന്റെ ഉമ്മ പാലത്തിന്റെ കൈവരിയിൽ  പിടിച്ചു നിന്നു. കുറച്ചു നേരത്തേക്ക് നടന്നില്ല. "മോനെ കണ്ണ് തുറക്ക്. ഒരു പേടി തൊണ്ടൻ. ആണ്‍ കുട്ടികൾ ഇങ്ങനെ പേടിക്കാൻ പാടില്ല ഛെ മോശം. മോശം. നീ കണ്ണ് തുറക്ക് അത് ഒരു ആനയല്ലേ കൂടെ പാപ്പാനും  ഉണ്ടല്ലോ  പപ്പാൻ കൂടെ ഉണ്ടെങ്കിൽ അത് ആരെയും ഒന്നും കാട്ടില്ല. മോനൂന് അതിന്റെ മുകളിൽ  കയറണോ? അത് നമ്മളേം കൊണ്ട് കുറേ ദൂരം പോവും". പേടിച്ചു വിറച്ചു പതിയെ കണ്ണ് തുറന്നു ആ വികൃതി കുട്ടൻ ഞങ്ങളെ പുറകിലാക്കി നടന്നു നീങ്ങി.

ഇതെല്ലാം കുഞ്ഞു നാളിൽ കഴിഞ്ഞ ഒരു മങ്ങിയ ഓർമകളാണ്. അന്ന് ഞാൻ പിടിച്ച സമയത്ത് പുഴയിൽ വീണേക്കുമോ എന്ന് പേടിച്ചു പോയിത്രേ.പാവം എന്റെ ഉമ്മ. ഇന്നെന്റെ ഉമ്മയ്ക്ക് പ്രായമായി, മുടിയിഴയിൽ വെള്ള വരകൾ കറുത്ത ഇഴകളെ പരാജയപ്പെടുത്തി മുന്നോട്ടു നീങ്ങുന്നു. ആരോഗ്യവും നശിച്ചു തുടങ്ങിയിരിക്കുന്നു. തോലികളിൽ ചുളിവുണർന്നു. കണ്ണെത്താ ദൂരത്ത്, അറബിക്കടലിനിക്കരെ ജോലി തിരക്കിനിടയിൽ ഫോണ്‍ വിളിക്കാൻ വൈകിയാൽ ആദ്യം കരഞ്ഞു തുടങ്ങും "എന്തേ മോനെ നിനക്ക് പറ്റിയത് വയ്യായ്ക ഒന്നും ഇല്ലല്ലോ എന്ന്"  എല്ലാ വെള്ളിയും കാത്തിരിക്കും പറയാനൊന്നും ഉണ്ടാവില്ല എന്നാലും ശബ്ദം കേൾക്കണം. കുറച്ചു സംസാരിച്ചു കഴിഞ്ഞാ പറയും "ശെരിക്കു കേൾക്കുന്നില്ല ഞാൻ താത്താക്ക് കൊടുക്കാം" എന്തെങ്കിലും തമാശ പറഞ്ഞു ചിരിപ്പിക്കും അത് വരെ വിളിക്കാത്ത പരിഭവം ഇല്ലാതാവും.

പുകയില കൂട്ടി മുറുക്കുന്ന കാര്യത്തിൽ വഴക്കാവും. ആകെപ്പാടെ ഒരു ഉമ്മയല്ലേ ഉള്ളു ഓടി നടക്കേണ്ടേ? കുഞ്ഞാക്കാടെ വീട് കാണേണ്ടേ ?? എന്നൊക്കെ പറഞ്ഞു നോക്കും. "പിന്നെ ഇങ്ങക്ക് വേറെ ഉമ്മയില്ലല്ലൊ ആകെപാടെ ഒരു ഉമ്മന്നെ ഉള്ളു. എല്ലാം കാണണം" കണ്ണിൽ  വെള്ളം നിറയ്ക്കും. ഒരു രക്ഷയും ഇല്ല പിന്നെയും മുറുക്കും "പല്ല് വേദനിച്ചിട്ടാ ഇന്നത്തോടെ നിർത്തി കോല് മുറിച്ചിട്ടു" എന്നും പറയും. പാവം എന്റെ ഉമ്മ.....അമ്മയ്ക്ക് തുല്യം അമ്മ മാത്രം. 

Your Rating: