Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മക്കള്ളി അഥവാ അമ്മള്ളി

amma2

ഓർമ്മകളുടെ ആദ്യകാലങ്ങളിലെ അമ്മ ചെറുപ്പമായിരുന്നു. സുന്ദരിയായിരുന്നു. കുളികഴിഞ്ഞു ഈറൻ മുടി ചീകുമ്പോൾ ഞാൻ ആ മുടിക്കുളിരിൽ മുഖം ചേർത്തു വയ്ക്കും. അകത്തും പുറത്തും തണുപ്പും സ്നേഹചൂടും കൂട്ടി വച്ച്‌. സ്കൂളിൽ പോകാൻ മടിയായിരുന്നു ആ കാലങ്ങളിൽ. അവിടെ അമ്മയില്ലല്ലോ.ആ തണുപ്പും ചൂടും സ്നേഹവും ഇല്ലല്ലോ. തിങ്കളാഴ്ച്ചകളെ ഞാൻ വെറുത്തു. രണ്ടു ദിവസത്തെ അവധിക്കു ശേഷം അമ്മയില്ലാത്ത സ്കൂളിലേക്ക് പോവാണ്..കരഞ്ഞു കരഞ്ഞു തളർന്നു ഒരു കോണിൽ കുഞ്ഞു ഞാൻ ഇരിക്കുന്നുണ്ടാവും. സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞു എനിക്ക് കിട്ടാൻ പോണ പലഹാരങ്ങളുടെ പേര് വിവര പട്ടിക അമ്മ അപ്പോഴാകും പുറത്തുവിടുക. തീറ്റകൊതിച്ചിയായിരുന്ന ഞാൻ അതൊക്കെ വിശ്വസിച്ചു കരഞ്ഞു നിലവിളിച്ചു അമ്മേടെ കൈപിടിച്ചു സ്ക്കൂളിലേക്ക്.സ്കൂൾ മുറ്റത്തെത്തി കഴിഞ്ഞുള്ള യാത്രപറച്ചിലിൽ ഞാൻ അലറിക്കരയുന്നുണ്ടാവും. അപ്പോൾ അമ്മ കണ്ടുപിടിച്ചിട്ടു പോലുമില്ലാത്ത കുറെ പലഹാരങ്ങളുടെ കൂടെ പേര് പറയും. മൂക്ക് ചീറ്റി ഞാൻ ക്ലാസിലേക്ക് .
തിരികെ വീട്ടിൽ വരുമ്പോ പേരിനു എന്തെങ്കിലും വസ്തു കാണും പലഹാരമായി. കലഹിച്ചു കൊണ്ട് ഒരു കൊച്ചു പുലിക്കുട്ടി ആയി മാറുന്ന എന്നെ വാരിയെടുത്ത് അമ്മ പുന്നാരിക്കും. കുറേക്കൂടി പലഹാര പേരുകൾ ലിസ്റ്റിലേക്ക് ചേർക്കും. പിന്നെ ഞാൻ തീറ്റ മത്സരമാണ്‌.

.പോകപോകെ ആ യാഥാർത്ഥ്യം എനിക്ക് മനസിലായി.അമ്മ കള്ളം പറയുകയാണ്. പുതുതായി ഒരു പലഹാരോം കിട്ടാൻ പോണില്ല.. അമ്മക്കള്ളി എന്ന് ഞാൻ കൊഞ്ചിച്ചു വിളിച്ചു.. വർഷങ്ങൾക്കപ്പുറത്തു അത് അമ്മള്ളിയായി. ഇപ്പോഴും അങ്ങനെ ആണ്..അമ്മ സ്ക്കൂളിലേക്കും കോളേജിലേക്കും തന്നുവിട്ടിരുന്ന പൊതിച്ചോറു കൾ ഇപ്പോഴും കൊതിയുണർത്തുന്ന ഗൃഹാതുരത്വ ഓർമയാണ്..ആ മണവും രുചിയും വാടിയ വാഴയിലയും.വാത്സല്യത്തിൽ പൊതിഞ്ഞ രുചിക്കൂട്ടങ്ങൾ..

അങ്ങനെ കളിയും ചിരിയും കുറുമ്പും വഴക്കുമൊക്കെയായി വർഷങ്ങൾ പാഞ്ഞു പോയി. ഞാൻ അമ്മയെ വിട്ടു ദൂരെ പഠിക്കാൻ പോയി. പിന്നെ നാലു വർഷങ്ങൾ..അമ്മയുടെ കത്തുകൾ മുടങ്ങാതെയെത്തി കൊണ്ടിരുന്നു. എല്ലാ വർഷവും കുറെ ആഴ്ചകൾ വീട്ടിൽ.. അമ്മയുടെ സ്നേഹം കടലായി പുണർന്നുകൊണ്ടേയിരുന്നു..ആ തിരകൾ എപ്പോഴും സൗമ്യവും സുന്ദരവുമാണ്.അവധിക്കു ശേഷം തിരികെ തനിയെ മുറിയിലെത്തുമ്പോൾ പണ്ടത്തെ തിങ്കളാഴ്ച്ചകളെ ഓർമ്മ വരും.ഫോണിൽ അമ്മയുടെ ശബ്ദം പതറുമ്പോൾ ഉള്ളു കിടുങ്ങും.ജോലിയായപ്പോൾ കുഞ്ഞു മോൾ അഭിമാനത്തോടെ കൊടുത്ത ആദ്യ ശമ്പളം അമ്മയുടെ മെല്ലിച്ച വിരലുകളിൽ സന്തോഷത്തോ യിരുന്നു.ആ കണ്ണുകളിൽ തിളക്കം കൂടി. ഇനി എനിക്ക് മരിക്കാൻ പേടിയില്ലന്നു ഇടയ്ക്കിടെ പറയാനും തുടങ്ങി അമ്മ..

കല്യാണം കഴിഞ്ഞ് അമേരിക്കയിലെത്തി അമ്മയെ കാണുന്നതു രണ്ടു വർഷത്തിലൊരിക്കൽ ആയി. ഒരു മാസം രണ്ടു വീടുകളിലായി വീതിച്ചു..അച്ഛൻ പെട്ടെന്നൊരു ദിവസം മരിച്ചപ്പോ അമ്മ തകർന്നു പോയി. പിരിയുമ്പോഴെല്ലാം സഹിക്കാനാവാത്ത വേദന ആ കണ്ണുകളിൽ ഞാൻ കണ്ടു. ഒറ്റപ്പെടലിന്റെയും വാർദ്ധക്യത്തിന്റെ അവശതകളുടെയും നടുവിൽ പെട്ട്‌ പോയ അമ്മയെ ഞാൻ രണ്ടു പ്രാവശ്യം ഈ നാട്ടിൽ കൊണ്ട് വന്നു. പൊരുത്തപ്പെടാൻ ആ പാവം കുറെ ശ്രമിച്ചെങ്കിലും തിരികെ പോകുന്നതാണ് ഇഷ്ടമെന്ന് എന്നോട് പറയാതെ പറഞ്ഞു. ഓരോ യാത്ര പറയലും തീയായി ഉള്ളു കത്തിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും.

അമ്മ ദൂരെ ഞങ്ങളുടെ കൊച്ചുവീട്ടിൽ ഓരോ ഫോൺ വിളികളെയും കാത്തു വിശേഷ കൂമ്പാരങ്ങളുമായി കാത്തിരിപ്പുണ്ട്‌..വീടിന്റെ തൊടി അമ്മ തനിയേ ആയിപോയ വർഷങ്ങൾ കൊണ്ട് തണുപ്പിന്റെയും പൂക്കളുടെയും കൂടാരമായിരിക്കുന്നു..ഓരോ അവധിക്കാലങ്ങളെയും കാത്തു ഞാനും എന്‍റെ കുഞ്ഞുങ്ങളും, ആ തണുപ്പിലും സ്നേഹത്തിലും തിമിർക്കാൻ കൊതിച്ചുകൊണ്ടേയിരിക്കുന്നു..അസമയത്ത് നാട്ടിൽ നിന്ന് വരുന്ന ഫോൺ വിളികളെ ഞാൻ വെറുക്കുന്നു. എന്‍റെ അമ്മ ആരോഗ്യത്തോടെ ഞങ്ങളുടെ വീട്ടിൽ ഉണ്ടെന്നത് ആണ് എന്‍റെ ഏറ്റവും വലിയ സന്തോഷം.. അത് അങ്ങനെതന്നെ ആവട്ടെ എപ്പോഴും .
 

Your Rating: