Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ മധുരം

mothersdayy

ഏറ്റവും പ്രിയപ്പെട്ട അമ്മേ,

ഇതു വായിക്കുമ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടരുമെന്നും കണ്ണുകൾ നിറഞ്ഞൊഴുകുമെന്നും എനിക്കറിയാം. ആഴ്ചയിലൊരിക്കൽ മാത്രമുള്ള ‘സ്കൈപ്‌ കോളിന് അപ്പുറം അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചുറങ്ങാനും അമ്മയുടെ കൈയിൽ നിന്ന് ഞാനും ചേച്ചിയും 'അമ്മമധുരം' എന്ന് വിളിക്കുന്ന തൈരുരുള ഉണ്ണാനും തെരുതെരെ ഉമ്മ തരാനും ഞാനിങ്ങനെ കാത്തു കാത്തിരിയ്ക്കുകയാണെന്ന് അമ്മയ്ക്കറിയാമല്ലോ.

അമ്മയായപ്പോഴാണ് ഞാനെന്റെ അമ്മയെ ശരിക്കും അറിഞ്ഞത്. പ്രസവത്തോടെ അത്ഭുതകരവും അനിർവചനീയവുമായ ഒരു പരിണാമം ഉണ്ടാവുമെന്നും അമ്മയെപ്പോലെ നിസ്വാർത്ഥമതിയായി ഞാൻ പുനർജനിയ്ക്കുമെന്നും കരുതി. ഹാ! വിഡ്ഢിത്തം. വേദനയുടെ വേലിയേറ്റങ്ങൾ... ഇരിക്കാനും നിൽക്കാനും കിടക്കാനും വയ്യാത്ത ചുവന്ന തുന്നലുകൾ. നോവുകളുടെ ഒരു ശരീരമായി മാത്രമായി ഞാൻ തിരിച്ചു വന്നു. ഉണരാതെ ഉറങ്ങാൻ കൊതിച്ചു. ഊഷ്മളമായ സകലതും വറ്റി വരണ്ട് ബോധാബോധങ്ങളുടെ നടുവിൽ ഞാൻ കഴിഞ്ഞു. അമ്മയുടെ പ്രാർത്ഥനകളും കണ്ണിലെ കാത്തിരിപ്പും എനിക്ക് കൂട്ടിരുന്നു. അമ്മയുടെ സ്പർശം, എല്ലാമറിയുന്ന ആ തലോടൽ എന്നെ മരണത്തിൽ നിന്നും തിരികെ വിളിച്ചു.

എത്ര പെട്ടെന്നാണ് മരുഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയത്. പുൽനാമ്പുകളും കുഞ്ഞുചെടികളും പൂക്കളും ചിത്രശലഭങ്ങളും എന്റെ ചുറ്റും നിറഞ്ഞു. പതിയെ പതിയെ മകളോടൊപ്പം എന്റെ മനസ്സും വളർന്നു. പച്ചപ്പു നിറഞ്ഞു. അമ്മയാവുകയാണ്. ഹൃദയം പുഞ്ചിരിച്ചു.ആദ്യത്തെ കുഞ്ഞു ജനിക്കുമ്പോൾ അമ്മയും പിറന്നു വീഴുന്നു. പുതിയ ലോകം കണ്ടു പകയ്ക്കുന്നു. ശ്വാസം കിട്ടാതെ കരയുന്നു. കുഞ്ഞിനോടൊപ്പം പിച്ച വയ്ക്കുന്നു. പലതും പഠിക്കുന്നു. മാതൃത്വം ഒരു പാൽക്കടലായി മാറിലൂടൊഴുകുന്നു. പിന്നെ അവൾക്ക് ഓരോ നിമിഷവും അമ്മയാവാതെ വയ്യ!

ഇന്നു നമ്മൾ രണ്ടുപേരും അമ്മമാരാണ്.സ്വന്തം മക്കളെപ്പറ്റി ആകാംക്ഷയും ആശങ്കയും അഹങ്കാരവും ഉള്ള അമ്മമാർ. മകളെപ്പറ്റിയുള്ള ഓരോ പരാതിയിലും എന്റെ കുട്ടിക്കാലത്തിന്റെ ഒരേട്‌ അമ്മ പങ്കു വയ്ക്കുന്നു. ഫോൺ വച്ചു കഴിയുമ്പോൾ അവിടെയും ഇവിടെയും കണ്ണുനീരുറവ പൊട്ടുന്നു. നാളെ ഞാനും എന്റെ മകളും ഇങ്ങനെ കരയുമായിരിക്കും.അവളുടെ ഓരോ കുസൃതിയും കുറുമ്പും ഞാനവളുടെ മക്കൾക്കുവേണ്ടി എന്റെ ഓർമ്മച്ചെപ്പിലേക്ക് പെറുക്കിയിടുന്നു. ജീവിതം തലമുറകളിലൂടെ ആവർത്തിക്കപ്പെടട്ടെ.

ഇനി അമ്മയോട് ഒന്ന് പറയട്ടെ. ഒരിയ്ക്കലെങ്കിലും "ഇതെനിയ്ക്കു വേണം" എന്ന് പറഞ്ഞു കൂടെ. കരിഞ്ഞുപോയ ചപ്പാത്തിയും കറുത്തുപോയ പഴവും മാറ്റി വച്ചു കൂടെ. മൂന്ന് ആപ്പിളും നാലാളും ഉണ്ടെങ്കിൽ ഓരോന്നും നാലു കഷണങ്ങളായി മുറിക്കാൻ നമുക്ക് മക്കളെ പഠിപ്പിക്കാം. അമ്മമാരുടെ വിശപ്പും മോഹങ്ങളും സൗകര്യം പോലെ മരിക്കേണ്ടവയല്ല. ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് കഴിക്കാൻ ഒരമ്മയ്ക്കും കുറ്റബോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ട് ഇനി നമുക്ക് "എനിക്കും വേണം" എന്ന് പറഞ്ഞു ശീലിക്കാം . എന്റെ മകൾക്കുവേണ്ടി. അവളുടെ മകൾക്കുവേണ്ടി.

വേറെ ഒന്നുമില്ല. ഉടനെ നേരിൽ കാണാം. ഏറ്റവും സന്തോഷം നിറഞ്ഞ ഒരു മാതൃദിനം ആശംസിക്കുന്നു.

ഒരുപാടിഷ്ടത്തോടെ ദിവ്യ

Your Rating: