Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

“എന്റെ അമ്മ“ അമ്മയായോരമ്മ


അപ്പുക്കുട്ടന് ഒന്നും ചെയ്യാൻ മനസ്സ് വന്നില്ല. കാറ്റിലാടുന്ന മരച്ചില്ലകൾ മൃദുവായി ഏതോ സംഗീതം പൊഴിക്കുകയാണെന്ന് തോന്നി. പല പല താളത്തിൽ. മേമ്പൊടി സംഗീതത്തിനായി അണ്ണാറക്കണ്ണനെപ്പോൽ അപൂർവം ചില ജീവികളും പക്ഷികളും തങ്ങളുടെ ഒച്ചകളുമായി അതിൽ പങ്ക് ചേരുന്നു. അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കാൻ.
കാലത്ത് കുടിക്കാൻ കലത്തിൽ കുളുത്തുണ്ട്. പഴം കഞ്ഞി. കൂട്ടാനൊന്നുമില്ല. അപ്പു തെയ്യം കാണാൻ പോയല്ലോ എന്ന് നിനച്ച് അമ്മ തലേന്ന് കറിയൊന്നും ഉണ്ടാക്കി കാണില്ല. വിരുന്നുകാരൊന്നും കടന്നു വരാനില്ല ഇവിടേക്ക് . അതിനാൽ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കഴിച്ചാൽ കഴിച്ചു. ഇല്ലെങ്കിൽ ഇല്ല. കൂടി വന്നാൽ കാക്കയും പൂച്ചയും വരും വിരുന്നിന്.അല്ലെങ്കിൽ വഴി തെറ്റി വരുന്ന ഒരു നീർന്നായ. കുളക്കോഴി.കൊക്ക്.

ക്ഷീണിച്ച് പരവശയായാണ് അമ്മ പണി കഴിഞ്ഞു വരിക. ഈർച്ചമില്ലിലെ സ്ഥിരം പണിക്കാരനായിരുന്നു അച്ഛൻ. ഓണത്തിനും വിഷുവിനും അപ്പുവിനും അമ്മയ്ക്കും പുത്തനുടുപ്പുകൾ കൊണ്ട് വരിക പതിവുണ്ടായിരുന്നു. പടക്കം പൊതിഞ്ഞ് കെട്ടി കൊണ്ട് വരുമായിരുന്നു. കുളുത്ത് കഴിക്കാൻ തോന്നിയില്ല. ലേശം കഴിച്ചതിന്റെ ബാക്കി പശുവിന് കൊടുക്കാൻ വെച്ച വെള്ളത്തിൽ നിക്ഷേപിച്ചു. അമ്മ മുൻശുണ്ഠിക്കാരിയാണ്. വഴക്ക് പറയില്ലെങ്കിലും അപ്പുക്കുട്ടന് വല്ലാത്ത പേടിയാണ് അമ്മയെ. ഒന്നും തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമല്ല. എന്തായാലും തന്റെ കൺകണ്ട ദൈവം. ഈ ഒരു മകന് വേണ്ടിയാണ് അമ്മ ജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നത്. പോറ്റി വളർത്തി അവനെ എങ്ങനെയെങ്കിലും വല്യ ആളാക്കാനാണ് അവർ രാപ്പകൽ അദ്ധ്വാനിക്കുന്നത്. അവനമ്മയും. അമ്മയ്ക്ക് അവനും മാത്രം. അപ്പു വിചാരങ്ങളിൽ നിന്നും അടർന്നു മാറി. എഴുന്നേറ്റ് പശുക്കൾക്ക് പുല്ലും വെള്ളവും നൽകി.

അപ്പോഴാണ് വേലിയ്ക്കൽ കൈതച്ചക്ക കാക്ക കൊത്തിത്തിന്നുന്നത് കണ്ടത്. കാക്കയെ ആട്ടിയോടിച്ച് അത് പറിച്ചെടുത്ത് തൊലി ചെത്തി മിനുക്കി. ഒരു കഷ്ണം നാവിൽ വച്ചപ്പോൾ വല്ലാത്ത പുളി. തുല്യമായി അത് വീതിച്ച് പശുക്കൾക്ക് നേരെ നീട്ടി. കറുമ്പി ആർത്തിയോടെ നാവിലേക്ക് എടുത്തെങ്കിലും നൊട്ടി നുണഞ്ഞ് സോപ്പ് പത പോലുള്ള തുപ്പലൊലിപ്പിച്ച് ഒരു വിധത്തിൽ പാതി അകത്താക്കി. പകുതി കഷ്ണം മൂത്രവും ചാണകവുമുള്ള തറയിലേക്ക് അബദ്ധത്തിൽ വീണു പോയല്ലൊ എന്ന മട്ടിൽ അപ്പുവിന് നേരെ മുഖമുയർത്തി. മോറ ഇഷ്ടമില്ലാതെ അത് മണപ്പിച്ച് നോക്കി. ‘പുളിക്കുന്നു’ എന്ന മട്ടിൽ.

വീട്ടിലേക്ക് നടന്നു. അടുപ്പ് കത്തിച്ച് കഞ്ഞിക്കുള്ള വെള്ളം വച്ചു. ചെലപ്പം അമ്മക്ക് ഉച്ചപ്പണി മാത്രമേ കാണൂ. ഉച്ചയ്ക്കും വൈകീട്ടേക്കുമുള്ള ചോറ് ഒരുമിച്ചാണ് വയ്ക്കാറ് പതിവ്. വേണമെങ്കിൽ ഉച്ചയ്ക്കത്തെ ചോറ് സന്ധ്യക്ക് ഒന്നൂടി തിളപ്പിച്ച് വാർക്കുന്ന പതിവുണ്ട്. കറിയാണ് പ്രധാന പ്രശ്നം. ഇതു വരെയും അപ്പുവിന് കറിയുടെ കാര്യത്തിൽ കൈപ്പുണ്യം കൈ വരിക്കാൻ കഴിഞ്ഞിട്ടില്ല. അത് അമ്മയുടെ ചുമതല. മുറ്റം അടിച്ചു വാരി. നേരം മെല്ലെ ഇരുട്ടാൻ തുടങ്ങി. പശുക്കളെ അഴിച്ച് തൊഴുത്തിലേക്ക് മാറ്റി കെട്ടി.
കുടിക്കാനുള്ള വെള്ളം കിണറിലുണ്ടെങ്കിലും കുളിക്കാൻ പോവുക മുണ്ടപ്പറമ്പിലാണ്. നാട്ടിലെ മുഴുവൻ വെള്ളവും വറ്റി വരണ്ടാലും അവിടുത്തെ വെള്ളം ബാക്കി വരും. പണ്ടാരൊ കുഴിച്ച ഒരു ചെറിയ മണിക്കിണർ. വിശാലമായ മൂന്നു പറമ്പുകൾക്കപ്പുറം ഒരു വളവ് തിരിഞ്ഞാൽ മുണ്ടപ്പറമ്പായി. പേരു കേട്ട ഒരു പുരാതന തറവാട് അവിടെയുണ്ടായിരുന്നു. ഇന്നത് മണ്ണടിഞ്ഞ് പോയി. തനിയെ പൊളിഞ്ഞ് വീണ് നശിച്ചു. പൂതലിച്ച കഴുക്കോൽ നാട്ടുകാർ ഊരിക്കൊണ്ട് പോയി വിറക് കത്തിച്ചു. ആ വീടിന്റെ അസ്ഥിവാരം വരെ തോണ്ടി ചിലർ. ക്രമേണ എല്ലാം കാലഹരണപ്പെട്ടു. ആണ്ടിലൊരിക്കലോ മറ്റോ ആരെങ്കിലും വളപ്പ് നോക്കാൻ വന്നാലായി. ആ സ്ഥലം പത്തമ്പത് ഏക്കറെങ്കിലും കാണുമെന്നാണ് അമ്മ പറഞ്ഞത്. ക്രമേണ, ഈ കാട് വെട്ടിത്തെളിച്ച് സാധാരണ ഈ പ്രദേശത്ത് അധികം കണ്ടു വരാത്ത റബ്ബർ മരങ്ങൾ ഉടനെ കയ്യേറുമെന്ന് അപ്പുവിനും അറിയാം. കശുവണ്ടിയും തെങ്ങും കവുങ്ങുമെല്ലാം ക്രമേണ നാടു നീങ്ങും. ഈ സമീപ പ്രദേശങ്ങളൊക്കെ മുണ്ടപ്പറമ്പ് എന്ന പേരിൽ പ്രസിദ്ധമായത് ആ പഴയ തറവാടിന്റെ പേരിലാണ്.

വേനൽക്കാലങ്ങളിൽ വളരെ ദൂരത്ത് നിന്നും അവിടേക്കു ആളുകൾ കുളിക്കാനും അലക്കാനും വെള്ളം കോരാനും വരും. മൂവന്തിയായാൽ അവിടെ പെൺപടയായിരിക്കും. കുളിയും നനയും നുണയും. നല്ല അരങ്ങ്. ചൂട്ടും ടോർച്ചും തുരു തുരെ വരും. മനുഷ്യന്റെ ചൂരേറ്റ് അവിടുത്തെ മണൽത്തരികൾ കോരിത്തരിക്കും.എല്ലാരും കുളിച്ചു കഴിയുമ്പോഴേക്കും വെള്ളം അങ്ങ് അടിയിലെത്തും. എന്നാൽ പിറ്റേന്ന് രാവിലെ ചെന്നു നോക്കുമ്പോൾ കൈ കൊണ്ട് തൊടാവുന്ന പാകത്തിൽ വെള്ളം വീണ്ടും കയറി വന്നിരിക്കും. അപ്പുക്കുട്ടൻ കണ്ട മഹാത്ഭുതങ്ങളിലൊന്നായിരുന്നു ആ മണിക്കിണർ !

മണ്ണടിഞ്ഞു പോയ ആ തറവാട് നിന്നിടത്ത് അപ്പുക്കുട്ടൻ ചെന്ന് വല്ലപ്പോഴും കുത്തിയിരിക്കും. വലിയ സ്വത്തുകാരായ അവരുടെ താവഴിയിപ്പം കോയമ്പത്തൂരിലാണ്. ഇതുവഴി ഒരു ഗുഹ തുരന്നാണോ അവർ കോയമ്പത്തൂരിലേക്ക് കുടിയേറിപ്പോയത് ? അപ്പു വെറുതെ ഓർക്കും. അമ്മ പറയാറുള്ള അവരുടെ കുടുംബ മാഹാത്മ്യം കൗതുകത്തോടെ അയവിറക്കും. അതൊക്കെ ഓർക്കാൻ അപ്പുവിന് വല്യ ഇഷ്ടമാണ്. കുളി കഴിഞ്ഞ് വന്ന് അപ്പു വേഗം വിളക്ക് കൊളുത്തി. അച്ഛന്റെ ഫോട്ടൊയ്ക്ക് മുന്നിൽ ചന്ദനത്തിരി കത്തിച്ചു.
അമ്മ വരുമ്പം നന്നായി ഇരുട്ടിയിരുന്നു. അമ്മയെയും കാത്ത് അപ്പു വാതിൽക്കൽ തന്നെ നിന്നു. അങ്ങ് ദൂരെ നിന്ന് ചൂട്ടിന്റെ വെളിച്ചം കാണാം. പശുക്കൾക്കായി കണ്ടത്തിൽ നിന്നും ശേഖരിച്ച പച്ചപ്പുല്ലും ഓലമടലും അമ്മ കൂരയുടെ അരികിൽ ഒതുക്കി വച്ചു.

അപ്പു അപ്പോഴേക്കും അമ്മയ്ക്ക് കുടിക്കാൻ ചൂടുള്ള കഞ്ഞി വെള്ളം കോപ്പയിലേക്ക് പകർന്നു. ഒറ്റ വലിക്ക് അത് കുടിച്ച് കപ്പ് അപ്പുവിനെ ഏൽപ്പിക്കുമ്പോഴാണ് അമ്മ പറഞ്ഞത് :
‘കാവിലിന്നലെ തല്ലുണ്ടായല്ലെ.. കണ്ടത്തിൽ പണിയെടുക്കുന്ന പെണ്ണുങ്ങൾ പറഞ്ഞു..‘അപ്പുവിന്റെ നെഞ്ചിലൂടെ ഒരാന്തൽ പാഞ്ഞു പോയി . ‘നീയെന്തിനാ തെയ്യം കാണാൻ നിക്കാതെ പാതിരാക്ക് ഓടി വന്നിന്.. അടി പേടിച്ചിട്ടാ..‘

ഒന്നും മിണ്ടിയില്ല. മിണ്ടാൻ കഴിഞ്ഞില്ല എന്ന് പറയുന്നതായിരിക്കും ശരി. ‘ഓ.. ഒറക്കം വന്നു..‘മനസ്സിൽ അങ്ങനെ ആലോചിച്ചെങ്കിലും. പറഞ്ഞില്ല.
തന്റെ കള്ളം കണ്ടു പിടിക്കുമോ എന്നു ഭയന്നു. സംഗതി അമ്മയോട് തുറന്ന് പറഞ്ഞാലോ ? തല്ലത്തൊന്നുമില്ല. ചെലപ്പം ക്രൂരമായി ഒന്ന് നോക്കും. അതിൽ എല്ലാം അടങ്ങിയിരിക്കും. കുറെ നേരം മിണ്ടാതിരിക്കും. അല്ലെങ്കിൽ നിശബ്ദമായി കരയും. വളരെക്കഴിഞ്ഞ് അമ്മ പറയുമായിരിക്കും :‘എന്റെ മോൻ കള്ളമൊന്നും കാണിക്കരുത്..തല്ലിനും കൂട്ടത്തിനൊന്നും കൂടരുത്..‘‘‘ആ വാസ്വേട്ടൻ ആള് തെമ്മാടിയാണെങ്കിലും നമ്മളെപ്പോലെ പാവപ്പെട്ടവർക്ക് നല്ലോനാ..‘

മീൻ മുറിക്കുന്നതിനിടയിൽ അമ്മ വിചാരപ്പെട്ടു. ഒരു നീണ്ട നെടുവീർപ്പയച്ചു.‘നിന്റെ അച്ഛനെ വിഷം തീണ്ടിയപ്പം റോഡും വഴിയുമില്ലാത്ത ഈ കൊടും കാട്ടിലേക്ക് ആദ്യം പാഞ്ഞെത്തി തോളിലെടുത്ത് ആശുപത്രിയിലേക്ക് ഓടിയത് ഓറാ.. നമ്മക്ക് അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയി. അല്ലെങ്കിൽ എന്റെ കുട്ടിയും പഠിച്ച് ഒരു നല്ല നെലയിലായിപ്പോയേനെ..‘അമ്മ മൂക്ക് ചീറ്റുന്നത് കണ്ടു. കരയുകയാണ്. ശരിയാണ്. അനുഭവ ഭാഗ്യം എന്നൊന്നുണ്ട്. അതിന് എല്ലാവർക്കും യോഗം കാണില്ല.

‘എന്നാലും നാട്ടാരുടെ ഇടയിൽ തെമ്മാടീന്നാ ഓന് പേര്.. ഓരോ ജന്മസുകൃതം..‘വാസ്വേട്ടന്റെ രൂപം അപ്പുക്കുട്ടന്റെ മുന്നിൽ ഒരു മരം പോലെ വളർന്നു. അമ്മ പറഞ്ഞതെത്ര ശരി.
സദാ ഗൗരവം വിളയാടുന്ന ആ വലിയ മനുഷ്യന്റെ മനസ്സ് പതമുള്ളതാണ്. ഇത്രേം തണ്ടും തടിയുമുള്ള ഒരു മനുഷ്യൻ ഈ അടുത്ത നാട്ടിലൊന്നുമുണ്ടായിരിക്കില്ല. ഏത് ആപത്തിലും ആദ്യം പാഞ്ഞെത്തുക ആ മഹാമനുഷ്യനാണ്. അയാൾക്ക് പതിച്ച് കിട്ടിയ ആ കായബലം തന്നെയാണോ അയാളെ ഒരു തെമ്മാടി ആക്കി മാറ്റിയിട്ടുണ്ടാവുക ? കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നല്ലേ ചൊല്ല്.

വാസ്വേട്ടനെ പ്രതി ഒരു പാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ വിചാരങ്ങളിലൂടെ കുത്തിയൊലിച്ച് പോയി.മീൻ മുറിച്ച് കഴിഞ്ഞിട്ടും അമ്മ കുത്തിയിരുന്ന് ഇപ്പോഴും ഏതൊക്കെയോ വികാര വിചാരങ്ങളിൽ മുങ്ങിത്തപ്പുകയാണെന്നു തോന്നി. തന്റെ കാര്യം അമ്മ അറിഞ്ഞു കാണുമോ ? മകൻ തുറന്ന് പറയട്ടെ എന്ന് മനസ്സിൽ കലമ്പൽ കൂട്ടുകയായിരിക്കും.
അടുത്ത് പോയി തൊട്ട് വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അമ്മ കുത്തിയിരുന്ന് ഉറങ്ങിപ്പോയിരുന്നു ! മീനെന്ന് വിചാരിച്ച് കൈ വിരൽ മുറിക്കാഞ്ഞത് ഭാഗ്യം.
ആലസ്യത്തോടെ അമ്മ എഴുന്നേറ്റ് വേഗം മീൻ കഴുകി അരച്ച മുളകും ഉപ്പും ചേർത്ത് അടുപ്പത്ത് വച്ചു. പായിലേക്ക് വീണാൽ അപ്പുവും വേഗം ഉറങ്ങിപ്പോകും. നല്ല വിശപ്പുമുണ്ട്. കറി ആവുന്നത് വരെ എങ്ങനെയെങ്കിലും സമയം തള്ളിനീക്കണം. സാധനങ്ങളും മറ്റും കെട്ടി കൊണ്ട് വന്ന പത്രക്കടലാസുകളുടെ ചീളുകൾ നെല്ലുചാക്കിന്റെ ഇടയിൽ തിരുകി വയ്ക്കുമായിരുന്നു.

അത് കയ്യിലെടുത്ത് മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ കണ്ണിനടുത്ത് പിടിച്ച് വായിക്കാൻ ശ്രമിച്ചു. ക്ലാസിൽ നിന്നും പണ്ട് ഒളിച്ചോടി കിളയിൽ കുത്തിയിരുന്നതും വായനശാലയിൽ കയറി അക്ഷരം വായിക്കാനാവാതെ വലഞ്ഞതും അപ്പു ഓർത്തെടുത്തു. ഒന്നാം ക്ലാസ്സിൽ മടിയനായ കുട്ടി രണ്ടാം ക്ലാസിലേക്ക് പാസായപ്പോൾ ആ മടി മാറി. അച്ഛന്റെ അടി. രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്ന കല്യാണി ടീച്ചറുടെ പരിലാളനം. അത് പഠിത്തത്തിൽ ശ്രദ്ധയും താൽപ്പര്യവും കൈ വരുത്തി. നാലാം ക്ലാസ്സിലെത്തിയപ്പോഴേക്കും വളരെ നല്ല കുട്ടി എന്ന പേര് കിട്ടിയിരുന്നു, തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും.

മങ്ങിയ അക്ഷരങ്ങൾ നിരനിരയായി നീങ്ങുന്ന ചെറിയ ഉറുമ്പുകളാണെന്ന് തോന്നിച്ചു.അമ്മയ്ക്ക് നല്ല ക്ഷീണം കാണും. നട്ടപ്പൊരിയുന്ന വെയിലാണ് വയലിലെ പണി .
‘‘അപ്പൂ.. ഇതാ ചോറ്..തിന്നിട്ട് കെടന്നോ..‘അപ്പു ഓർമകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ച് വന്നു.

അമ്മ ഒരു യന്ത്രം കണക്കെ പലകമേൽ കുത്തിയിരുന്ന് കിണ്ണത്തിൽ നിന്നും ചോറ് വാരി തിന്നുന്നു. ഏതോ വിചാരങ്ങളിൽ ഇപ്പോഴും കുത്തിയൊലിക്കുകയാണ് അമ്മ. അപ്പുവിന് അങ്ങനെ തോന്നി. ശരിയാണ്. ഒരു മകൻ വളർന്ന് വലുതാവുന്നു. അവനെ എങ്ങനെ തുടർന്ന് പഠിപ്പിക്കും ? എങ്ങനെ അവനെ പോറ്റി വലുതാക്കും ?
ഇതൊക്കെയായിരിക്കുമോ ഇപ്പം അമ്മയെ അലട്ടുന്ന പ്രശ്നം. അതോ മറ്റ് വല്ലതുമാവുമോ അമ്മയുടെ മങ്ങിയ മുഖത്തിന് ഹേതു ?
തീ പോലുള്ള വെയിലത്ത് പണിയെടുത്ത് കരുവാളിച്ചു പോയ അമ്മയെ അപ്പു സാകൂതം നോക്കി നിന്നു.
 

Your Rating: