Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടിയ കൊന്നപ്പൂക്കൾമാധവി അമ്മക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.  ഇടക്കൊക്കെ കളിയ്ക്കാൻ വരാറുള്ള മകന്റെ കൂട്ടുകാരൻ എന്നതു മാത്രമല്ല, അവരുടെ മകനെപ്പോലെ തന്നെ അച്ഛനില്ലാത്ത കുട്ടി, ദരിദ്രമായ കുടുംബം, അമ്മ വലിയവരുടെ വീടുകളിൽ ജോലിക്കു പോകുന്നു, കഷ്ടപാടുകൾക്കിടയിലും  അവരുടെ മകനെക്കാൾ പഠിക്കാൻ മിടുക്കൻ ഇതെല്ലാം ആയിരിക്കാം അവരുടെ വാൽസല്യത്തിനു കാരണം. എന്നാൽ ഏറെ അടുത്തെത്തിയ വിഷുവിനു പടക്കം വാങ്ങാൻ കാശ് എങ്ങനെ ഉണ്ടാക്കും എന്ന വേവലാതി ഞാനെന്ന എട്ടാം ക്ലാസ്സുകാരന്റെ വിവേകബുദ്ധി ഇല്ലാതാക്കിയിരിക്കാം. മാധവി  അമ്മയുടെ വിശാലമായ തെങ്ങിന്തോപ്പിന് അതിരിട്ടു നിൽക്കുന്ന പറങ്കി മാവുകളിൽ വിളഞ്ഞ് ഇടതൂർന്നു നിന്നിരുന്ന പറങ്കി മാങ്ങകൾ ഇടവഴിയിലേക്ക് ചാഞ്ഞു നിന്നിരുന്നു. എറിയുന്നതിന് മുൻപ് അടുത്തെങ്ങും ആരും ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. എറിഞ്ഞു വീഴ്ത്തിയവ കീശയിലാക്കി നിവർന്നു നോക്കിയത് മാധവി അമ്മയുടെ മുഖത്തേക്ക്. കുറ്റബോധവും നാണക്കേടും കാരണം തിരിഞ്ഞു നോക്കാതെ ഓടി. പിന്നെ കണ്ടപ്പോഴും മാധവി അമ്മയുടെ  ഇഷ്ടത്തിന് കുറവൊന്നും  തോന്നിയിരുന്നില്ല. എന്നാലും അവരുടെ മുഖത്ത് നോക്കാൻ മടിയായിരുന്നു.

ഒരു തകര ടിന്നിൽ നിറച്ചു വച്ചിരുന്ന പറങ്കി അണ്ടികൾ ഓരോ ദിവസവും എണ്ണിനോക്കി. അടുത്ത വീടുകളിൽ തിമർത്തു പൊട്ടുന്ന പടക്കങ്ങൾക്കിടയിൽ അതിനു കിട്ടുന്നത് ഒന്നുമുണ്ടാകില്ല എന്നറിയാം. അമ്മയുടെ കയ്യിൽ പടക്കത്തിനൊന്നും  പണമുണ്ടാകില്ല. ഉണ്ടെങ്കിൽ ചോദിക്കാതെ തന്നെ തന്നിരിക്കും. വല്ലപ്പോഴുമേ അമ്മ വീട്ടിൽ വരാറുള്ളു. സ്വന്തം വീട്ടിൽ മകന് എന്തെങ്കിലും വച്ചുണ്ടാക്കി കൊടുത്ത് കൂടെ നിൽക്കാൻ ആഗ്രഹം ഇല്ലാഞ്ഞല്ല. വീട്ടിൽ നിൽക്കുമ്പോൾ  പൊട്ടി പുറപ്പെടാവുന്ന കലാപം ഓർത്തു ജോലിക്കു നിൽക്കുന്ന വീട്ടിൽ തന്നെ  താമസിക്കാം എന്ന് അവരോടു പറയുകയായിരുന്നു. സ്വന്തക്കാരിൽ  നിന്നുള്ള വാക്കുകൊണ്ടുള്ള  ആക്രമണം ഒഴിവാക്കാൻ അതേ ഒരു മാർഗം ഉണ്ടായിരുന്നുള്ളു. വിഷുവിനെങ്കിലും മകനോടൊപ്പം ഇല്ലാതിരിക്കുന്നത് എങ്ങിനെ എന്ന് ഓർത്തായിരിക്കും പാവം വന്നിട്ടുണ്ടാവുക. രാത്രി എട്ടെട്ടര വരെ എല്ലാം ശാന്തമായിരുന്നു.  പിന്നെ സാവധാനത്തിൽ ആരംഭിച്ചു അടുത്ത വീടുകളിൽ പോലും കേൾക്കുന്ന ബഹളമായി മാറുകയായിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ പുറത്തിറങ്ങി തൊട്ടടുത്ത ഗോപാലാൻ നായരുടെ  പറമ്പിലേക്ക് ഓടി മറയുന്നത്  കണ്ടു.  അച്ഛൻ ഏതായാലും ജീവിച്ചിരിപ്പില്ല ഇനി അമ്മകൂടി ഇല്ലാതാകുമോ എന്ന ഒരാന്തൽ മനസ്സിലുണ്ടായപ്പോൾ അമ്മയുടെ പിന്നാലെ ഞാനും ഓടി.

പുലർച്ചക്കെപ്പോഴോ മഴ ചാറാൻ തുടങ്ങുന്നത് വരെ ഇരുട്ടിൽ കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്ത് ഞാനും  ഇരുന്നു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എല്ലാവരും  ഉറങ്ങിയ നിശ്ശബ്ദത. എഴുന്നേൽക്കുമ്പോൾ പത്തു-പതിനൊന്നു മണി ആയിട്ടുണ്ടാകും. അമ്മ നേരത്തെ  തിരിച്ചു പോയിരുന്നു. കണി വക്കുകയോ  പടക്കം  പൊട്ടിക്കുകയൊ കൈനീട്ടം വാങ്ങുകയോ ഒന്നും ഉണ്ടായില്ല.  തലേ ദിവസം ഗോവിന്ദ പണിക്കരുടെ പറമ്പിലെ വലിയ കൊന്നമരത്തിൽ കയറി പറിച്ചുകൊണ്ടുവന്ന കൊന്നപ്പൂക്കൾ വാടി തുടങ്ങിയിരുന്നു. സിമന്റിട്ട കോലായുടെ ഒരു മൂലക്ക് അവ അനാഥമായി കിടന്നു.

പ്രവാസിയുടെ ഗൃഹാതുരതയുടെ വിഷു ആഘോഷത്തിനു മാറ്റുകൂട്ടാൻ കടൽകടന്നു കാനഡയിലെ എഡ്മിന്റൻ എന്ന നഗരത്തിലെ ഇന്ത്യൻ കടയിലെത്തിയ കൊന്നപ്പൂക്കളും അൽപം വാടിയിരുന്നു. വിഷു തലേന്ന് അവയെ കണ്ടപ്പോൾ കണിയുടെ ഭാഗമാവാൻ കഴിയാതെ പോയ ആ പഴയ കൊന്നപ്പൂക്കളെ ഓർത്തുപോയി. എന്റെ അമ്മയെയും.
 

Your Rating: