Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപ്പെട്ട എന്റെ ഉമ്മാ...

അന്ന് വെള്ളിയാഴ്ച ജുമാ നമസ്ക്കാരം കഴിഞ്ഞു ഭക്ഷണം കഴിച്ചു റൂമില്‍ തനിച്ചിരിക്കുമ്പോള്‍ എന്റെ മൊബൈലിലേക്ക് ആ വിളി വന്നു. എന്റെ അനുജന്‍ കമറു കണ്ണൂര്‍ ഹോസ്പിറ്റലില്‍ നിന്നും വിളിച്ചതായിരുന്നു. റിയാ... നമ്മുടെ ഉമ്മാക്ക്... അവന്‍ ഫോണ്‍ കട്ട് ചെയ്തു. ഒരു അഞ്ചു മിനുട്ട് കഴിഞ്ഞ് അവന്‍ വീണ്ടും വിളിച്ചു. റിയാ നമ്മുടെ ഉമ്മ പോയി. എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല. ആ വാക്കുകൾ ഞാന്‍ കേട്ടത് എന്റെ ഹൃദയം കൊണ്ടായിരുന്നു. എന്റെ പൊന്നുമ്മ...ഞാന്‍ തളര്‍ന്നു തറയില്‍ ഇരുന്നു  ഉമ്മാന്നു വിളിച്ചു പോയി. അടുത്ത റൂമില്‍ നിന്നും സിദീക്ക  ഓടി വന്നു. എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഇക്കാക്കാനെയും നിസാറിനെയും വിളിച്ചു കരയാനേ എനിക്കു പറ്റിയുള്ളൂ. ഷാര്‍ജയില്‍ നിന്നും ഓടി വന്ന് എന്റെ പാസ്പോര്‍ട്ട്‌ തന്നു എന്റെ സുഹൃത്ത് സജ്ജാദ്. മനസ്സില്‍ ഉമ്മയുടെ ഓര്‍മ്മകള്‍ തിരമാലകള്‍ പോലെ ആഞ്ഞടിക്കുകയായിരുന്നു. ഉറക്കെ കരയാതെ പറ്റില്ലായിരുന്നു എനിക്ക്.

എന്റെ ഉമ്മ. എന്റെ ജീവന്‍. മദ്രാസില്‍ വര്‍ക്ക്‌ ചെയ്യുമ്പോള്‍ രാവിലെയും വൈകിട്ടും ഉമ്മാനെ വിളിച്ചു തമാശയോ കാര്യമോ ആയിട്ടു ഞാന്‍ ഉമ്മാനോട് പറയാറുണ്ട് എന്റെ ഉമ്മ ഇപ്പഴേ മരിക്കേണ്ട എന്ന്. വിവരം അറിഞ്ഞു ആരൊക്കെയോ എന്നെ വിളിച്ചു സമാധാനിപ്പിച്ചു. പക്ഷെ മനസ്സ് ഇവിടെയൊന്നും ആയിരുന്നില്ല. ഉമ്മയുടെ ഓര്‍മ്മകള്‍ മനസ്സില്‍ മാറി മാറി വന്നു. എന്നെ കൈപിടിച്ച് നടത്തിയത് മുതല്‍ എന്റെ ബാല്യം, കൗമാരം പിന്നെ ഞാന്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ എന്നെ വാരിപ്പുണര്‍ന്നു എന്റെ കവിളില്‍ ഉമ്മ തന്നു കരഞ്ഞ എന്റെ ഉമ്മ. ഉമ്മാന്റെ ഓര്‍മ്മകള്‍ നീര്‍കുമിളകള്‍ പോലെ മാറി മാറി വന്നു കൊണ്ടിരുന്നു. എന്റെ എല്ലാ നേട്ടങ്ങളും എന്നില്‍ നിന്നെടുത്ത് വീണ്ടും ആ ബാല്യവും ചെറിയ ചെറിയ സന്തോഷങ്ങളും എനിക്ക് തിരിച്ചു തരൂ എന്ന് മനസ്സ് മന്ത്രിച്ചു.

ടിക്കറ്റ്‌ റെഡി ആയിട്ടുണ്ട് പോവാന്‍ റെഡി ആവൂ എന്നൊക്കെ ആരോക്കയോ പറന്നു. തൊണ്ട വരണ്ടു. ഷാജഹാന്‍ വെള്ളവും ജൂസും ഒക്കെ കൊണ്ടുവന്നിട്ടുണ്ട് എനിക്ക് വെള്ളം വേണമായിരുന്നു. ഒരു യന്ത്ര മനുഷ്യനെ പോലെ കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നു. ചെക്കിന്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ മനസ്സില്‍ ഉമ്മാന്റെ ഓര്‍മ്മകള്‍ ഓടി ഓടി വന്നു. എന്റെ ഉമ്മ ഇപ്പോള്‍ ഈ ലോകത്തില്ല എന്ന് എന്റെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു. ഫ്ലൈറ്റില്‍ കയറി വിഷ് യു എ ഹാപ്പി ജേര്‍ണി എന്ന് പറഞ്ഞ എയര്‍ ഹോസ്റ്റസ്സിനോട് ഞാന്‍ എന്ത് പറയാന്‍. ഉറങ്ങാന്‍ ശ്രമിച്ചിട്ടും ആവുന്നില്ല. ഒടുവില്‍ മംഗലൂര്‍ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുന്നതും കാത്തിരുന്നു.

ഫ്ലൈറ്റ് റണ്‍ വെ തൊട്ട ഉടനെ ബെല്‍റ്റ്‌ ഊരി. പാസ്പോര്‍ട്ടും കൊണ്ട് കൗണ്ടഖിലേക്ക് ഓടി. പക്ഷേ പന്നിപ്പനി ടെസ്റ്റ്‌ വേറൊരു ക്യൂവില്‍ നില്‍ക്കണം . പടച്ചവനേ മനസ്സ് വേവലാതിപ്പെട്ടു. എന്റെ ഉമ്മ ഇപ്പൊ ഇൗ മണ്ണില്‍ ജീവനോടെ ഇല്ലല്ലോ. പുറത്തിറങ്ങി. ഡ്രൈവര്‍ വന്നിട്ടുണ്ട് വേറെ ആരും ഇല്ല. പുറത്തിറങ്ങിയപ്പോ മനസ്സ് പൊട്ടാന്‍ തുടങ്ങി. എത്രയും വേഗം ഉമ്മാന്റെ അടുത്ത് എത്തണം. വണ്ടി നല്ല വേഗത്തിലാണു വിടുന്നത്. മഴ കൊണ്ട് കുളമായി കിടക്കുന്ന റോഡിലൂടെ മരണ വേഗത്തില്‍ പായുന്ന നമ്മുടെ വണ്ടി. തണുത്ത കാറ്റ് മുറ്റത്ത് വീശിയടിക്കുന്നു. ഇടയ്ക്കു നല്ല കനത്ത മഴയും. ഈ മഴയത്ത് എന്റെ ഉമ്മ എങ്ങനെ കബറില്‍ കിടക്കും.

ഇടച്ചക്കൈ എത്തുന്നത്‌ വരെ ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് അടക്കിപ്പിടിച്ച സങ്കടം മുന്‍ സീറ്റിലിരിക്കുന്ന ഇക്കാന്റെ കരച്ചിലില്‍ പുറത്തേക്കു വന്നു. വീടിന്റെ മുന്നില്‍ താര്‍പായ കെട്ടി കുറെ കസേരകള്‍ ഇട്ടിട്ടുണ്ട്. വണ്ടി അവിടെ നിര്‍ത്തി അതേ എനിക്ക് ഓര്‍മയുള്ളൂ. ആരോക്കയോ ഓടി വന്നു എന്നെ പിടിച്ചു ഉള്ളിലേക്ക് കൊണ്ടു പോയി. എന്റെ കാലുകള്‍ തളര്‍ന്നു, ശരീരം മുഴുവന്‍ കുഴയുന്നു. ഹാളില്‍ എന്റെ ഉമ്മ തണുത്ത് മരവിച്ചു കിടക്കുന്നു. എന്റെ കരളു കത്തി. എന്നെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച എന്റെ ഉമ്മ.

ഞാന്‍ കിടന്നു ഞാന്‍ ആയി മാറിയ ആ ശരീരം ഇപ്പൊ ജീവനില്ലാതെ കിടക്കുന്നു. ഉമ്മന്റെ നെറ്റിയില്‍ ഞാന്‍ എന്റെ അവസാനത്തെ ചുംബനം കൊടുത്തു. എന്ടെ ശരീരം ആ സഗലം വിറ കൊണ്ടു. ഹനീഫ്ച്ച  കുവൈറ്റില്‍ നിന്നും എത്തണം. നാന്‍ മുസ്ഹഫ്  എടുത്തു യാസീന്‍ ഓതാന്‍ തുടങ്ങി. എന്റെ ഉമ്മാനെ വെളുത്ത തുണിയില്‍ പൊതിയുന്നത് കാണാന്‍ എനിക്കാവില്ലായിരുന്നു. എന്റെ ഉമ്മാന്റെ ആഗ്രഹമായിരുന്നു നാലു മക്കള്‍ ഉമ്മാന്റെ കട്ടിലിന്റെ നാലു കാലുകള്‍ പിടിച്ചു പള്ളിയിലേക്ക് കൊണ്ടു പോവണമെന്ന്. എന്റെ ഉമ്മാക്ക് എല്ലാം പൊറുത്തു കൊടുക്കണേ അള്ളാ.........

Your Rating: