Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെന്ന കാണപ്പെട്ട ദൈവം

my-family-satheesh

അമ്മ. ആ വാക്കിനോരുപാട് അർഥമുണ്ട്. സ്നേഹം, കരുണ, ദയ, മനസ്സലിവ്, കാണപ്പെട്ട ദൈവം , അങ്ങനെ ഒരുപാട്.ഏതോ ഒരു മഹാൻ പറഞ്ഞതു പോലെ , അമ്മ ഇല്ലാതാകുമ്പോഴേ അതിന്റെ യഥാര്ഥ അർഥം മനസ്സിലാകൂ. എന്റെ അമ്മയുടെ പേര് പങ്കജാക്ഷി അമ്മ അതായത് പങ്കജം. താമരയോടു കൂടിയ നയനങ്ങൾ ഉള്ളവൾ.
എനിക്ക് ഓർമ വച്ചനാൾ മുതൽ ഞാൻ കാണുന്ന അമ്മ അങ്ങനെ ആയിരുന്നില്ല. നയനങ്ങളിൽ മകനു വേണ്ടി എപ്പോഴും കണ്ണീർ ഒഴുക്കുന്ന ഒരു അമ്മ . തന്റെ സുഖങ്ങളേക്കാൾ മകന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന അമ്മ.

മകൻ ചെയ്ത തെറ്റുകൾക്ക് അച്ഛന്റെ കയ്യിൽ നിന്നു വഴക്കും അടിയും വാങ്ങിയിരുന്ന അമ്മ. ഒന്നാം ക്ലാസ്സ്‌ മുതൽ ഉള്ള സംഭവങ്ങളെ എനിക്ക് ഓർമയുള്ളൂ.. രാവിലെ എണീറ്റ് എന്നെ കുളിപ്പിച്ച് ഡ്രസ്സ്‌ ഇടീപ്പിച്ചു നെറ്റിയിൽ ഒരു ഗോപി പൊട്ടും തൊടീപ്പിച്ചു എന്നെ സ്കൂളിൽ അയക്കുന്ന അമ്മ , നാലാം ക്ലാസ്സിൽ വച്ച് കുസൃതി കൂടി ബെഞ്ചിൽ സർക്കസ് കാണിച്ചു തലയടിച്ചു വീണപ്പോൾ ബോധം കേട്ട് വീണ അമ്മ . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ജയനെ കോമ്പസ് കൊണ്ട് കുത്തി വീട്ടിൽ വന്നതിനു അച്ഛൻ പത്മനാഭൻ പിള്ള എന്നെ നിക്കറൂരി കസേരയിൽ കെട്ടിയിട്ടു പുളികൊമ്പു കൊണ്ട് അടിച്ചപ്പോൾ വട്ടം നിന്ന് അവൻ കുഞ്ഞല്ലേ, അടിക്കല്ലേ ചേട്ടാ എന്ന് പറഞ്ഞു പാതിയിൽ കൂടുതൽ അടി തന്റെ ദേഹത്ത്  കൊണ്ട അമ്മ. പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ ചാരായത്തിന്റെ കൂടെ തൊട്ടു കൂട്ടാൻ കൊണ്ടുവന്ന കക്ക ഇറച്ചി ഞാൻ കട്ട് തിന്നു എന്നറിയാമായിരുന്നിട്ടും എന്നെ അച്ഛന്റെ കലിയിൽ നിന്നും രക്ഷിക്കാൻ വീട്ടിലെ പൂച്ചയെ കള്ളനാക്കി അതിന് അടിമേടിച്ചു കൊടുത്ത അമ്മ.

എസ്എസ്എൽസി പരീക്ഷയ്ക്ക്‌ മകന് ഫസ്റ്റ് ക്ലാസ്സ്‌ കിട്ടാൻ രാത്രി മുഴുവൻ ഉറക്കമളച്ചിരുന്നു മകന്റെ തലയിൽ പച്ചവെള്ളം കോരി ഒഴിച്ച്  മകനെ ഉണർത്തി പഠിപ്പിച്ച അമ്മ , സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നു വീട്ടിൽ കള്ളം പറഞ്ഞു തിരുവനന്തപുരം പാളയത്തു മാജിക്‌ പഠിക്കാൻ പോയി വരുമ്പോൾ കള്ളത്തരം കാണിച്ചതിന് ഭക്ഷണം കൊടുക്കരുതെന്ന അച്ഛന്റെ നിർദേശത്തിൽ ഭക്ഷണം കഴിക്കാതെ എന്റെ കൂടെ കിടന്നു കരഞ്ഞ് എന്നെ ഉപദേശിച്ച അമ്മ.

കോളജിൽ പഠിക്കുമ്പോൾ , പ്രൊഫസർ ഇന്ദിരയുടെ മകളെ ലൈൻ അടിച്ചത് കോളേജ് പ്രിൻസിപ്പലിനെ അറിയിക്കും എന്നു പ്രൊഫസർ ഇന്ദിര ഭീഷണി മുഴക്കിയപ്പോൾ മാവേലിക്കരയുള്ള അവരുടെ വീട് തേടി പോയി അവരുടെ കാലുപിടിച്ചു ക്ഷമ ചോദിച്ച അമ്മ. മകൻ ക്രിസ്തു വിശ്വാസം സ്വീകരിച്ചതിനു ആത്മഹത്യക്ക് ശ്രമിച്ചു നട്ടെല്ല് അകന്നു വേദനയിൽ കിടന്ന , അമ്മ , ക്രിസ്തു വിശ്വാസം കാരണം വീട്ടിൽ നിന്നും മകനെ അച്ഛൻ അടിച്ചിറക്കിയപ്പോൾ നിസ്സഹായയായി ഒന്നും ചെയ്യാൻ വയ്യാതെ വാവിട്ടു അലറി കരഞ്ഞ അമ്മ . അനേക വർഷങ്ങൾ മകൻ എവിടെ എന്ന് പോലും അറിയാതെ നീറി നീറി ജീവിച്ച അമ്മ . അവസാനം ഒരു നാൾ മകൻ ഡൽഹിയിൽ ഉണ്ടെന്നറിഞ്ഞ് ഡൽഹിയിൽ ഉള്ള സ്വോന്തക്കാരെ മുഴുവൻ മകനെ അന്വേഷിക്കാൻ അപേക്ഷിച്ച് മകനെ കണ്ടു പിടിച്ച അമ്മ. അനേക വർഷങ്ങൾക്ക് ശേഷം മകനെ കണ്ടപ്പോൾ സന്തോഷം താങ്ങാൻ വയ്യാതെ പോട്ടികരയുകയും പൊട്ടി ചിരിക്കുകയും ചെയ്ത അമ്മ അന്ന് മകനു ഇഷ്ടപ്പെട്ട സകല വിഭവങ്ങളും ഒരുക്കി ഊണു നൽകിയ അമ്മ. മകൻ വിവാഹിതനായതും ഫാമിലി ജീവിതം ലഭിച്ചതും ഓർത്തു ദിവസവും ദൈവത്തെ സ്തുതിക്കുന്ന , അമ്മ . മകൻ വിശ്വസിച്ച ദൈവത്തിൽ , മകനെ അനുഗ്രഹിച്ച ദൈവത്തിൽ വിശ്വസിച്ചു , വിശ്വാസ സ്നാനം സ്വീകരിച്ച അമ്മ , ഈ എഴുപതാം വയസ്സിലും  തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കാലും മകന്റെ ആരോഗ്യത്തിലും സുഖത്തിലും ശ്രദ്ധ വയ്ക്കുന്ന അമ്മ . രണ്ടു ദിവസം അമേരിക്കയിൽ നിന്നും മകന്റെ ഫോൺ വന്നില്ലെങ്കിൽ ആധിയോടെ നൂറു മിസ്സ്‌ കോളുകൾ വിടുന്ന അമ്മ. ഒരിക്കൽ പോലും തന്റെ ആവശ്യങ്ങൾ അവകാശം ഉണ്ടായിട്ടും മകനോടോ മരുമകളോടോ ചോദിക്കാത്ത അമ്മ ...എന്നിനി മകൻ നാട്ടിൽ വരും എന്ന് കണ്ണും  നട്ടിരിക്കുന്ന അമ്മ ...അതാണെന്റെ അമ്മ .. സ്നേഹ നിധിയായ അമ്മ .. പങ്കജാക്ഷി അമ്മ ....

Your Rating: