Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതൃദിനത്തിൽ

saroja

മാതൃദിനം പ്രതിവർഷം കൊണ്ടാടുന്നു. അമ്മയെന്ന സത്യത്തെ, ദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും ജീവിതത്തിൽ നിന്നും ഒരു ദിവസം നീക്കിവച്ചിരിക്കുന്ന മക്കളോട് അമ്മമ്മാർക്ക് എന്തായിരിക്കും പറയാനുണ്ടാകുക. അവരെ സംബന്ധിച്ചിടത്തോളം മക്കൾക്ക് വേണ്ടി അവർ 365 ദിവസവും നീക്കി വച്ചിരിക്കുന്നു. ഒരു വ്യക്തിയിൽ നിന്നും “അമ്മ” എന്ന അവരുടെ സ്ഥാനം വേറിട്ട് നിൽക്കുന്നു. വ്യത്യസ്ത സ്വഭാവ വിശേഷങ്ങളുള്ളവരിൽ പോലും അമ്മ എന്ന ദിവ്യമായ ആ പദവി അവർ കാത്ത് സൂക്ഷിക്കുന്നു. എല്ലാ ജീവജാലങ്ങളിലും അമ്മ എന്ന രണ്ടക്ഷരം ദൈവത്തോട് അടുത്ത് നിൽക്കുന്നു. ജന്മം നൽകുന്നു, പോറ്റി വളർത്തുന്നു, എല്ലാം ത്യജിക്കാൻ തയ്യാറാകുന്നു. പത്ത് മാസം ചുമന്നു നൊന്ത് പ്രസവിക്കുന്ന അമ്മയാണു ഇത്രയും വലിയ പ്രപഞ്ചം നില നിർത്തുന്നത്. ജീവൻ മാത്രമല്ലേ ദൈവം തരുന്നുള്ളു. ബാക്കിയെല്ലാം ഒരമ്മയിൽ ദൈവം ഏൽപ്പിച്വിരിക്കുന്നു. അമ്മയുടെ ദൈവീകത്വം മറക്കാതിരിക്കാൻ എല്ലാ മക്കൾക്കും ദൈവം ഒരു അടയാളം കൊടുത്തിട്ടുണ്ട്. പുക്കിൾകൊടി. അത് പ്ലാസ്റ്റിക്ക് സർജറി ചെയ്തു കളയാനൊന്നും പറ്റില്ല. അങ്ങനെ ചെയ്യുന്ന മക്കൾ ഒരു പക്ഷെ ഈ കലി കാലത്ത് പിറക്കുമായിരിക്കും.

ഓരോ പെൺക്കുട്ടിയും ഒരമ്മയാകുമ്പോൾ അവളിൽ ഒരു ദൈവീകത്വം വന്നു നിറയുന്നുവെന്ന് ഞാൻ കരുതുന്നു. ഒരധ്യാപികയായിരുന്ന എന്റെ അമ്മ പറയാറുള്ളത് ഞാൻ ഓർക്കുന്നു. ഭവനമാണു ഒരു ജീവിതത്തിന്റെ പ്രഥമ വിദ്യാലയം. അവിടെ മാതാവാണു അധ്യാപിക. എന്റെ അമ്മച്ചിയെപ്പറ്റിയുള്ള വിശേഷങ്ങൾ മാതൃദിനത്തിൽ മാത്രമല്ല ജീവിതത്തിന്റെ ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഒരു സാധാരണ സ്ര്തീക്ക് എങ്ങനെ ഇത്ര ഹൃദയ നൈർമ്മല്യമുളവാക്കാൻ കഴിഞ്ഞു. ജാതിമത ഭേദമെന്യേ എല്ലാവരോടും കരുണയും സ്നേഹവും പ്രകടിപ്പിച്ചു കൊണ്ട് ദീപ്തമായിരുന്നു അവരുടെ ജീവിതം.

എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ സുന്ദരിയായ എന്റെ അമ്മച്ചിയുടെ രൂപം പതിഞ്ഞത് ഇപ്പോഴും മാറ്റമില്ലാതെ ഇരിക്കുന്നു. കാലത്തിനു സ്നേഹബന്ധങ്ങളെ മങ്ങിപ്പിക്കാൻ കഴിയുമായിരിക്കും. എന്നാൽ ഒരു അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധം എന്നും തെളിഞ്ഞ് കത്തികൊണ്ടേയിരിക്കുന്നു. അപ്പച്ചൻ ബിസിനസ്സ് കാര്യങ്ങളുമായി നടന്ന് വൈകുന്നേരം വീട്ടിൽ വരാൻ വൈകുമ്പോൾ വീടിന്റെ ഉമ്മറവാതിൽക്കൽ ഒരു ദേവിയെപോലെ അമ്മ സ്വയം പ്രതിഷ്ഠിച്ചിരുന്നു. അപ്പച്ചന്റെ വരവ് അക്ഷമയോടെ കാത്തിരിക്കും.

അപ്പോൾ കുട്ടികൾ ഞങ്ങൾ ചുറ്റും കൂടുന്നു. കുട്ടിക്കാലം മുതൽ ആകാശവും, ചന്ദ്രനും, നക്ഷത്രങ്ങളുമൊക്കെ ഇഷ്ടമായിരുന്ന എനിക്ക് അമ്മച്ചി പറയുന്ന കഥകൾ കേൾക്കാനിഷ്ടമായിരുന്നു. ഈയിടെ എന്റെ സഹോദരി ഭവനത്തിൽ ഞങ്ങൾ ഒത്തു കൂടിയപ്പോൾ ജനൽ വഴി കണ്ട ആകാശവും, ചന്ദ്രനും എന്നെ വീണ്ടും ബാല്യകാലത്തിലേക്ക് കൊണ്ട് പോയി. ആകാശവും നിറയെ നക്ഷത്രങ്ങളും പൂനിലാവുമൊക്കെ വഴിഞ്ഞൊഴുക്കുന്ന ഒരു രാത്രി ചന്ദ്രന്റെ അടുത്ത് പ്രകാശിച്ചു നിൽക്കുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി കാണിച്ച് അമ്മച്ചി ചോദിച്ചു. ആ നക്ഷത്രത്തിന്റെ പേരെന്തന്നറിയാമോ. അമ്മ തന്നെ മറുപടി പറഞ്ഞു. അതാണു രോഹിണി നക്ഷത്രം. അത് അമ്മയുടെ ജന്മ നക്ഷത്രം കൂടിയായിരുന്നു. ഇവിടെ ന്യൂയോർക്കിൽ നക്ഷത്രങ്ങളെ കാണുക പ്രയാസം തന്നെ. എങ്കിലും ചന്ദ്രന്റെ അടുത്ത് പ്രകാശിച്ചു നിൽക്കുന്ന ഇപ്പോൾ കാണാൻ പറ്റാത്ത ആ നക്ഷത്രം എന്റെ അമ്മയാണെന്ന് ഞാൻ വെറുതെ സങ്കൽപ്പിച്ചു. കണ്ണട വച്ചിട്ടും കാണാൻ കഴിയാത്ത അ താര പ്രകാശം അത് എന്നിൽ വന്നു വീണു കൊണ്ടിരിക്കുന്നു.

അതെ എന്റെ അമ്മയ്ക്ക് എന്നെ കാണാൻ കഴിയും. അമ്മ എവിടെയായാലും മക്കളെ ഉൾക്കണ്ണു കൊണ്ട് കാണുന്നു. എന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ അറിഞ്ഞില്ല. എന്താ കരയുന്നത് എന്ന് എന്റെ കൊച്ചനിയത്തി ചോദിച്ചപ്പോഴാണു എനിക്ക് പരിസര ബോധം വന്നത്. ഞാൻ കണ്ണുകൾ തുടച്ച അവളോട് ചോദിച്ച. നിനക്ക് അമ്മയെ കാണണോ? അമ്മ മരിച്ചിട്ട് എത്രയോ കൊല്ലങ്ങൾ കഴിഞ്ഞു. അവൾ കരുതി ഞാൻ എന്റെ എഫോണിൽ അമ്മച്ചിയുടെ പടം കാണിക്കാൻ പോവുകയാണെന്ന്. അതാ, ആകാശത്തേയ്ക്ക് നോക്കൂ അവിടെ നമ്മുടെ അമ്മ നമ്മെ നോക്കികൊണ്ടിരിക്കുന്നു. അവളും ആഗ്രഹത്തോടെ നോക്കി. അമ്മയെ കാണാൻ ആർക്കാണു ഇഷ്ടമില്ലാത്തത്. ഈ മാതൃദിനത്തിൽ അമ്മ മരിച്ച പോയ മക്കളും, അമ്മ കൂടെയുള്ള മക്കളുമെല്ലാം അമ്മയ്ക്ക് ചുറ്റും ഒരു വട്ടം കൂടി കുഞ്ഞുങ്ങളെ പോലെ ഒത്ത്കൂടാൻ മോഹിക്കുന്നു. അമ്മ കൂടെയുള്ളവർ ഭാഗ്യമുള്ളവർ. അമ്മയില്ലാത്തവരും അമ്മയെ കാണുന്നു, അവരുടെ കണ്ണുകളിൽ നിന്നും ആ രൂപം മറയുവതെങ്ങിനെ?

എല്ലാ അമ്മമാർക്കും മാത്രുദിനാശംസകൾ !

Your Rating: