Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മി

Mother and Child /photo/James Arpookara Representative Image


മുറ്റത്തെ ചെത്തിയിൽ നിറയെ ചുവന്നപൂക്കൾ. അതിനിടയിലായി ഇരട്ടത്തലച്ചിയുടെ ഒരു കൊച്ചു കൂടും. അമ്മക്കിളി കുഞ്ഞുങ്ങൾക്ക്‌ തീറ്റ കൊടുക്കുന്നതിനിടയിലാണ് ഒരനക്കം കേട്ടത്.  കുഞ്ഞുങ്ങൾ വല്ലാതെ പേടിച്ചുപോയി. അമ്മക്കിളി ഒന്ന് പറന്നു നിരീക്ഷണം നടത്തി തിരിച്ചുവന്നു. പിന്നീട് പറഞ്ഞു. " പേടിക്കണ്ട മക്കളെ അത് നമ്മുടെ ടീച്ചർ ആണ്" കുഞ്ഞുങ്ങൾക്ക്‌ സമാധാനമായി. ഇരട്ടത്തലച്ചി മാത്രമല്ല വേറെയും ധാരാളം അതിഥികൾ ഞങ്ങളുടെ 30 സെൻറ് പ്ലോട്ടിൽ സന്തോഷത്തോടെ ജീവിച്ചിരുന്നു.

മഞ്ഞക്കിളി, കാക്കച്ചി, കുട്ടുറുവൻ, പൊന്മ, എന്നിവ അവയിൽ ചിലത് മാത്രം. അവരെല്ലാം ടീച്ചർ എന്ന  എന്റെ മമ്മിയുടെ സംരക്ഷണത്തിൽ തൃപ്തരുമായിരുന്നു. പക്ഷികൾ മാത്രമല്ല ചെടികളും. ബോഗൈൻ വില്ലയുടെ നാമ്പുകളാണ് ആദ്യം ഞങ്ങളുടെ വീട്ടിലേക്കു സ്വാഗതമോതിയിരുന്നത്. പിന്നെ ഗന്ധരാജൻ, അശോകം, മുസന്ത, കനകാംബരം, പട്ടത്തി കനകാംബരം, ചെത്തി, മന്ദാരം, വിവിധ നിറങ്ങളിലുള്ള പനിനീർപൂക്കൾ, ഡാലിയ, ചൈനീസ് ബോൽസുകൾ  എന്നിങ്ങനെ  വൈവിധ്യം നിറഞ്ഞതായിരുന്നു ഞങ്ങളുടെ കൊച്ചു പൂന്തോട്ടം.

ഫലവർഗ്ഗങ്ങളുടെ കാര്യമെടുത്താൽ ചാമ്പ, സപ്പോർട്ട, ബട്ടർ ഫ്രൂട്ട്,ചെറി,കമ്പിളി നാരങ്ങ എന്നുവേണ്ട കിട്ടാവുന്ന പഴവർഗ്ഗങ്ങളെല്ലാം ഏറ്റുമാനൂരിൽ പോയി മടങ്ങുമ്പോൾ പാലായിലെ കൃഷി ഓഫിസിൽ നിന്ന് മമ്മി സംഘടിപ്പിച്ചിരുന്നു. തെങ്ങുകൾ മമ്മിക്ക് മക്കളെ പോലെയായിരുന്നു. ഓരോദിവസവും പല്ല് തേക്കുമ്പോൾ എല്ലാ തെങ്ങിന്റെ ചുവട്ടിലും പോയി നോക്കുമായിരുന്നു. മമ്മി ഉണ്ടായിരുന്നപ്പോൾ ഒരിക്കലും വാഴപ്പഴം കടയിൽ നിന്ന് മേടിച്ചതായി എനിക്കോർമ്മയില്ല.

ചെറുപ്പത്തിൽ തന്നെ മമ്മിക്കു സ്വന്തം അമ്മയെ നഷ്ട്ടപ്പെട്ടു. ഒരുപാടു നാൾ ആരോരുമില്ലാത്തവളെപ്പോലെ  ഹോസ്റ്റലിൽ കഴിയേണ്ടി വന്ന എന്റെ മമ്മി ജീവിതത്തെ ഒരു വാശിയോടെ ആയിരുന്നു സമീപിച്ചത്. മക്കളായ ഞങ്ങളെ നിർബന്ധിച്ചു പഠിപ്പിച്ചപ്പോഴും, മത്സരങ്ങൾക്ക് പങ്കെടുപ്പിച്ചപ്പോളും മമ്മിയോട് വഴക്ക് തോന്നിയിരുന്നെങ്കിലും  പിന്നീട് ആതമവിശ്വാസത്തോടെ മിടുക്കരായി വളർന്നപ്പോൾ മമ്മിയുടെ  വില മനസ്സിലായി. പിന്നീടിന്നുവരെ  മമ്മിയുടെ  ഉപദേശങ്ങളാണ് ഓരോ വിഷമഘട്ടതിലും മനസ്സിന് ശക്തിയേകിയതും.  

പ്രമേഹവും അതിന്റെ അനുബന്ധ രോഗങ്ങളും ചേർന്ന് ആ ജീവിതം കവർന്നെടുത്തിട്ടു വർഷങ്ങളായെങ്കിലും ചില സങ്കടങ്ങൾ ഇപ്പോളും മനസ്സിൽ കിടന്നു പിടയ്ക്കുന്നു.  കുഞ്ഞുങ്ങളെ ഒരുപാടിഷ്ടപ്പെട്ടിരുന്ന അവർക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകളെടുത്തിരുന്ന, പ്രത്യേക പലഹാരങ്ങളുണ്ടാക്കിയിരുന്ന എന്റെ മമ്മിക്കെന്താണ്  ഞങ്ങളുടെ കുടുംബത്തിലെ അഞ്ചു പേരക്കുട്ടികളിൽ ഒരാളെ പോലും കാണാൻ പോലും  ഭാഗ്യം കിട്ടാതിരുന്നത്? ഉറുമ്പുകൾ  അരി മണികൾ കൂട്ടിവയ്ക്കുന്നത് പോലെ കിട്ടുന്ന ഓരോപൈസയും കൂട്ടിവച്ചു , കിട്ടാവുന്നിടത്തു നിന്നെല്ലാം ലോണെടുത്ത് ഏഴു വര്ഷം കൊണ്ട് പണി പൂർത്തീകരിച്ച വീട്ടിൽ ഒരു വര്ഷം പോലും തികച്ചു കഴിയാൻ  സാധിക്കാതിരുന്നത്?   മമ്മിയുടെ  അസാന്നിധ്യത്തിൽ  കൂട്ടുകാരി പിടിച്ച നിലവിളക്കിന്റെ തണലിൽ കല്യാണ പന്തലിലെക്കിറങ്ങിയ  എന്റെ ചേച്ചി  പൊട്ടിക്കരഞ്ഞുപോയത്,  പ്രസവ രക്ഷയ്ക്കായ്‌ ഏജൻസികൾ  തോറും  വാടക അമ്മമാരേ തേടി അലഞ്ഞപ്പോൾ പ്രാർത്ഥിച്ചു പോയത്  , സർവശക്തനായെ തമ്പുരാനെ നിന്റെ  പ്രതിനിധിയായി ഭൂമിയിലേക്കയച്ച ഞങ്ങളുടെ മമ്മിയെ പെട്ടെന്ന് തിരിച്ചെടുത്തത്തിൽ പരിഭവമുണ്ടെങ്കിലും, ആ ഓർമ്മകൾ ഞങ്ങൾക്കു കരുത്തായിരിക്കേണമേ ,  ഞങ്ങളുടെ കുഞ്ഞുങ്ങളെ പറക്കമുറ്റുന്നതു  വരെയെങ്കിലും സംരക്ഷിക്കാൻ  ഞങ്ങൾക്ക് ആയുസ്സ്  തരേണമേ. 

Your Rating: