Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലീഷ്യയും ജെന്നിഫറും പൗളയും പിന്നെ മൊണീക്കയും

ഹെംപ് സ്റ്റെഡ്, ന്യൂയോർക്ക് ∙ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രത്യേകിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മത്സരങ്ങളിൽ എതിർസ്ഥാനാർത്ഥികളുടെ ചരിത്രം ചികഞ്ഞെടുത്ത് അപ്രിയ സത്യങ്ങൾ ആയുധമാക്കുക പതിവാണ്. ആദ്യ ഡിബേറ്റിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റൺ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന്റെ ഭൂതകാലത്തിൽ നിന്ന് ചില സംഭവങ്ങളിലൂന്നി ആരോപണങ്ങൾ ഉന്നയിച്ചു. അവയിലൊന്ന് 20 വർഷം മുൻപ് മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിച്ച അലീഷ്യ മച്ചാഡോയെ സെക് സിസ്റ്റ് കമന്റിലൂടെ അപഹസിച്ചു എന്നാണ്.

1996ൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിയായ ശേഷം അലീഷ്യാ വണ്ണം വച്ചപ്പോൾ അവരെ പിഗ്ഗി എന്ന് വിളിച്ച് ട്രംപ് കളിയാക്കിയിരുന്നത് അവർക്ക് അപമാനം ഉണ്ടാക്കി എന്ന് ട്രംപിന്റെ പ്രചരണം ചൂടു പിടിച്ചപ്പോൾ അവർ പറഞ്ഞു. ഹിലറിയുടെ പ്രചാരണ വിഭാഗം ഇത് ആയുധമാക്കി. ഡിബേറ്റിൽ ഹിലറി വെനീസുലേഷൻ വംശജയായ അലീഷ്യക്കുവേണ്ടി വീറോടെ വാദിച്ചു. ഡിബേറ്റിനുശേഷം ഇങ്ങനെ പറഞ്ഞു. : അലീഷ്യ ഇപ്പോൾ യുഎസ് സിറ്റിസണാണ്. അവൾ തീർച്ചയായും നവംബറിൽ വോട്ടു ചെയ്യും. ട്രംപിനെതിരെ ആയിരിക്കും ആ വോട്ട് എന്നായിരുന്നു സൂചന.

അലീഷ്യയെക്കുറിച്ച് (ഡിബേറ്റിനുശേഷം) ട്രംപ് പറഞ്ഞത് ഇങ്ങനെ : അന്നു മത്സരത്തിൽ ഉണ്ടായിരുന്നവരിൽ ഏറ്റവും മോശം അവൾ ആയിരുന്നു. അവൾ ഒരുപാട് തൂക്കം വർധിപ്പിച്ചു. അതു വളരെ യഥാർത്ഥ പ്രശ്നമായിരുന്നു. ശരിക്കും വലിയ പ്രശ്നം. 20 വർഷം മുൻപു നടന്ന സംഭവം പലരും മറന്നതാണ്. പക്ഷെ ഹിലറി വലിയ തോതിൽ ഇത് പ്രചാരണായുധമാക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ലറ്റിനോകളെയും സ്ത്രീകളെയും സംഘടിപ്പിച്ച് പ്രചാരണം ശക്തിപ്പെടുത്തുന്നു. ചൈതന്യം നശിപ്പിച്ചു കളഞ്ഞ ഒരു ബ്യൂട്ടി പാജന്റ് വിജയി ആയി ചിത്രീകരിച്ച് അലീഷ്യയുടെ കഥ പറയുന്ന വിഡിയോ വെബ് സൈറ്റിൽ നൽകിക്കഴിഞ്ഞു.

രംഗത്തെത്തിക്കുവാൻ സ്ത്രീ കഥാപാത്രങ്ങൾ ട്രംപിനും ഉണ്ടായിരുന്നെങ്കിലും ട്രംപ് അതു ചെയ്തില്ല. ഡിബേറ്റിന് മുൻപ് ജെന്നിഫർ ഫ്ലവേഴ്സിനെ ഹാജരാക്കും മുഖ്യാതിഥിയാക്കും എന്നൊക്കെ പറഞ്ഞിരുന്നു. ബിൽ ക്ലിന്റണുമായി 12 വർഷം ബന്ധം ഉണ്ടായിരുന്നു എന്നവകാശപ്പെട്ട സ്ത്രീയാണ് ജെന്നിഫർ. മൊണീക്ക ലെവിൻസ്കി ബന്ധം ഇംപീച്ച്മെന്റ് വരെയെത്തി. ഇതേ കഥയിലെ ഒരു ഉപകഥാ പാത്രമായിരുന്നു പൗളാ ജോൺസ്. ഇവരെ ആരെയുമോ മറ്റ് വിവാദകഥകളിലെ നായികമാരെ ആരെയുമോ കുറിച്ച് ട്രംപ് പരാമർശിച്ചില്ല. മുൻ നിരയിൽ ഉപവിഷ്ടമായിരുന്ന ചെൽസിയെ ഓർത്താണ് താൻ സംയമനം പാലിച്ചത് എന്നാണ് ട്രംപ് പിന്നീട് അവകാശപ്പെട്ടത്.

ട്രംപ് ഡിബേറ്റിലെ തന്റെ മൈക്കിനെ പാലിച്ചു. തന്റെ വാക്കുകൾ മുഴുവനായും വ്യക്തമായും മൈക്ക് പിടിച്ചെടുത്തില്ല എന്ന് പറഞ്ഞതിനൊപ്പം തന്നെ മൈക്ക് ഓവർ സെൻ സിറ്റിവ് ആയിരുന്നു എന്നു പരാതിപ്പെടുകയും ചെയ്തു. ഒന്നര നീണ്ട തന്റെ പ്രകടനത്തെക്കുറിച്ച് ട്രംപ് സംതൃപ്തനാണ്. പ്രൈമറികളിലെ പ്രചരണവും പ്രസംഗങ്ങളും തന്നെ പരുവപ്പെടുത്തിയെടുത്തു എന്നു ട്രംപ് പറഞ്ഞു.

ഡിബേറ്റിലെ പ്രകടനത്തെക്കുറിച്ച് ഹിലറിയും പ്രചാരണ സംഘവും അതീവ സന്തുഷ്ടരാണ്. ട്രംപ് ഒരു പുരുഷമേധാവിയാണ് എന്നു പ്രചരിപ്പിക്കാനാണ് പ്രചാരണ സംഘം കൂടുതൽ ഇഷ്ടപ്പെടുന്നത്. അവർ അലീഷ്യയുടേത് പോലെയുളള കൂടുതൽ കഥകൾ തേടുകയാണ്. ട്രംപിന്റെ സമീപനം തങ്ങൾക്ക് എതിരാണ് എന്ന സ്ത്രീകളെ ബോധ്യപ്പെടുത്തുവാനുളള ശ്രമത്തിലാണ് ഹിലറിയുടെ സംഘം. ട്രംപ് വേണ്ടത്ര തയാറെടുപ്പ് നടത്തിയില്ല എന്നു ഹിലറി ആരോപിച്ചപ്പോൾ ഹിലറി ആവശ്യത്തിലധികം തയാറെടുപ്പ് നടത്തിയാണു ഡിബേറ്റിൽ പങ്കെടുത്തതെന്നു ട്രംപ് പറഞ്ഞു.

ഡിബേറ്റുകളുടെ ജയപരാജയങ്ങൾ ആ വേദിയിലല്ല സംഭവിക്കുന്നത്. തുടർന്നുളള ദിനങ്ങളിലെ പ്രചാരണങ്ങളിൽ ഇവ പ്രതിഫലിക്കും. റാലികളിലും പൊതുവേദികളിലും ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. തുടർന്നുളള ഡിബേറ്റുകളിൽ ഈ പ്രതികരണം ഒരു ഘടകമാവേണ്ടതാണ്. പക്ഷെ പൊതുവെയുളള സമീപനം പൊടുന്നനെ മാറുക പ്രയാസമാണ്.

വാർത്ത ∙ഏബ്രഹാം തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.