Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേണി സാൻഡേഴ്സ് ഹിലരിക്കുവേണ്ടി പ്രചരണം ആരംഭിക്കുന്നു

ന്യുയോർക്ക് ∙ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷനിൽ റണ്ണർ അപ്പായി പലരും വിശേഷിപ്പിക്കുന്ന വെർമോണ്ട് സെനറ്റർ ബേണി സാൻഡേഴ്സ് പ്രൈമറികളിൽ തന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റണ് വേണ്ടി പ്രചരണം നടത്തും. ലേബർ ഡേ (സെപ്റ്റംബർ 5)യുടെ അടുത്ത ദിവസം മുതൽ പ്രചരണം ആരംഭിക്കുമെന്ന് സാൻഡേഴ്സ് വെളിപ്പെടുത്തി.

തൊഴിലാളി സമൂഹത്തിലും യുവജനങ്ങളുടെ ഇടയിലും വലിയ സ്വാധീനമുളള സാൻഡേഴ്സ് പ്രചരണത്തിനെത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഹിലരിയുടെ അനുയായികൾ കരുതുന്നു. സെക്രട്ടറി ക്ലിന്റൺ വിജയിക്കുവാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുവാൻ ആഗ്രഹമുണ്ടെന്ന് സാൻഡേഴ്സ് പറഞ്ഞു. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ഹിലരിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതിനുശേഷം പൊതുവേദികളിൽ പ്രത്യേക്ഷപ്പെടാതിരിക്കുകയാണ് സാൻഡേഴ്സ്.

ചിന്താ കുഴപ്പത്തിലായ ധാരാളം സാൻഡേഴ്സ് അനുയായികളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അവർ വിശ്വാസം അർപ്പിച്ചിരുന്ന മിശിഹ ആയിരുന്നു സാൻഡേഴ്സ്. സാൻഡേഴ്സിന് നിലപാട് മാറ്റം ഉണ്ടാകും എന്നവർ കരുതിയിരുന്നില്ല. ഹിലരിയെ തോല്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നസനേതാവ് ഹിലരിക്ക് വോട്ടു ചെയ്യണം എന്ന് പറയുമ്പോൾ എന്ത് വേണം എന്നറിയാതെ വിഷമിക്കുന്നവരുണ്ട്.

സാൻഡേഴ്സ് പ്രൈമറികളിൽ വിജയിച്ച ന്യൂഹാംപ്ഷെയർ, മെയിൻ, മിഷിഗൺ, വിസ്കോൺസിൽ എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യം പ്രചരണം നടത്തുക. പിന്നീട് താൻ പിന്നോക്കം നിന്ന ഒഹായോ, പെൻസിൽവാനിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലും ശേഷിച്ച സംസ്ഥാനങ്ങളിലും സമയം ലഭിക്കുന്നതനുസരിച്ച് ഹിലരിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കും.

ക്ലിന്റൺ ഫൗണ്ടേഷനെക്കുറിച്ച് ദ ന്യുയോർക്ക് ടൈംസ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. സൗദി അറേബ്യ 10 മില്യൻ ഡോളറിലധികം നൽകി. ഒരു ഫൗണ്ടേഷൻ വഴി ഒരു മുൻ ഉക്രേനിയൻ പ്രസിഡന്റിന്റെ മരുമകനും 10 മില്യൻ ഡോളർ നൽകി. ഈ ഉക്രേനിയൻ പ്രസിഡന്റിനെതിരെ അഴിമതിയും പത്ര പ്രവർ‍ത്തകരുടെ കൊലപാതകങ്ങളും ആരോപിച്ചിരുന്ന. ഒരു ലെബനീസ്, നൈജീരിയൻ ഡെവലപ്പർ 5 മില്യൻ ഡോളർ നൽകി.

വർഷങ്ങളായി ബിൽ ക്ലിന്റന്റെയും ഹിലരിയുടെയും ചെൽസിയുടെയും ഭരണ സാരഥ്യത്തിലുളള ഫൗണ്ടേഷൻ വിദേശ ദാതാക്കളിൽ നിന്ന് ലഭിക്കുന്ന വലിയ സംഭാവനകൾ സ്വീകരിച്ചു എന്ന് ടൈംസ് പറയുന്നു. ഹിലരിയുടെ വൈറ്റ് ഹൗസിൽ എത്താനുളള ശ്രമം പുരോഗമിക്കുമ്പോൾ ഈ സംഭാവനകൾ പ്രശ്നമാവും. അവർ വിജയിച്ചാലും ഈ ദാതാക്കളുടെ താല്പര്യങ്ങൾ സംരക്ഷിച്ചിരുന്നുവോ എന്ന് ചോദ്യം ഉയരും. പ്രത്യേകിച്ച് സെനറ്റും ജനപ്രതിനിധി സഭയും ഇപ്പോഴുളളതുപോലെ നവംബറിനുശേഷവും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലാണെങ്കിൽ. ഹിലരി പ്രസിഡന്റായിരിക്കുമ്പോൾ ഭർത്താവ് ബിൽ ലോക രാഷ്ട്രങ്ങൾ സന്ദർശിച്ച് സംഭാവനകൾ അഭ്യർത്ഥിക്കുക എന്ന നാണക്കേട് ഒഴിവാക്കിയാൽ പോലും വൈരുദ്ധ്യ താല്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കും എന്ന് ചോദ്യം ഉയരുന്നുണ്ട്.

മനുഷ്യാവകാശ ധ്വംസനത്തിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിമർശിച്ച സൗദി അറേബ്യ, യുണൈറ്റഡ് ആരബ് എമിറേറ്റ്സ്, ഖത്തർ, കുവൈറ്റ്, ഒമാൻ, ബറൂണി, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്ന് മില്യനുകൾ സംഭാവനകളായി സ്വീകരിച്ചു എന്നും പത്രം ആരോപിച്ചു.

ഡോണാൾഡ് ട്രംപിനെക്കുറിച്ചും ടൈംസ് ആരോപണങ്ങൾ ഉന്നയിച്ചു. ട്രംപ് പ്രസിഡന്റായാൽ വിദേശ നിക്ഷേപങ്ങളെക്കുറിച്ചും പരശതം മില്യനുകളുടെ റിയൽ എസ്റ്റേറ്റ് കടത്തെക്കുറിച്ചും ചോദ്യം ഉയരും. കാമ്പയിൻ ചെയർമാൻ പോൾ മാനഫോർട്ട് രാജി വച്ചൊഴിഞ്ഞത് റഷ്യൻ, ഉക്രേനിയൻ രാഷ്ട്രീയക്കാർക്ക് വേണ്ടി വൻ പ്രതിഫലം വാങ്ങി കൺസൽട്ടിംഗ് ജോലി നടത്തുന്നു എന്ന ആരോപണത്തെ തുടർന്നാണെന്ന് പത്രം പറഞ്ഞു.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: